Friday 09 February 2018 11:16 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങളുടെ ഉറക്ക പ്രശ്നങ്ങൾ; കാരണങ്ങളും പരിഹാരങ്ങളും

sleep-baby

രാവിലെ ഉറക്കം തൂങ്ങിയ കണ്ണുകളുമായി ഒാഫിസിലെത്തുമ്പോഴേ കൂട്ടുകാർ ചോദിക്കാൻ തുടങ്ങും മകൾ  രാത്രി ഉറങ്ങാൻ സമ്മതിച്ചില്ലേ എന്ന്. കുഞ്ഞുവാവയുടെ രാത്രിക്കരച്ചിലുകൾക്ക് പലപ്പോഴും കാരണം തിരിച്ചറിയാൻ കഴി‍യാതെ വരാം. ഞെട്ടിയുണർന്നും നിലവിളിച്ചും രാത്രി മുഴുവൻ ഉണർന്നിരിക്കുന്ന കുഞ്ഞ് അമ്മമാർക്കാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുക. 

കുഞ്ഞുവാവ സുഖമായുറങ്ങുന്നില്ലെങ്കിൽ അതിനു കാരണം രാത്രിപ്പേടി മാത്രമാകില്ല. ആരോഗ്യപ്രശ്നങ്ങൾ മുതൽ ഹൈപ്പർ ആക്ടിവിറ്റി വരെ കുട്ടിയുടെ ഉറക്കം നഷ്ടപ്പെടുത്താം. ഉറക്കക്കുറവിന്റെ കാരണങ്ങൾ മനസ്സിലാക്കാം. ഇനി കുട്ടി സ്വസ്ഥമായി ഉറങ്ങിക്കോളും, ഉറപ്പ്.

അകാരണമായ പേടി

∙ രാത്രിയിൽ സ്വപ്നം കണ്ട് മക്കൾ ഉണർന്ന് കരയാറുണ്ടോ? ഉണർന്നാലും ഒരു സ്ഥലത്തു തന്നെ ദൃഷ്ടിയുറപ്പിച്ച് പേടിച്ചിരിക്കാറുണ്ടോ? അമിതമായി വിയർക്കുകയും ശ്വാസഗതി വേഗത്തിലാവുകയും ചെയ്യുന്നുണ്ടോ? ഭയംകൊണ്ടുള്ള ഉറക്കപ്രശ്നത്തിന്റെ ലക്ഷണങ്ങളാണ് ഇതൊക്കെ.

∙ ദുഃസ്വപ്നങ്ങളും (നൈറ്റ്മേർ), രാത്രി ഭീതികളും (നൈറ്റ് ടെറർ) ആണ് കുട്ടികളുടെ ഉറക്കം കെടുത്തുന്ന രണ്ടു വില്ലന്മാർ. കൺമുന്നിൽ കണ്ട പേടിപ്പെടുത്തുന്ന കാര്യങ്ങളുടെ ഓർമകളോ ഇരുട്ടിനോടുള്ള പേടിയോ ആകാം കുട്ടിയുടെ ഉറക്കം കെടുത്തുന്നത്. നൈറ്റ് ടെറർ കുട്ടി ഓർത്തിരിക്കാറില്ല. പക്ഷേ, ദുഃസ്വപ്നങ്ങൾ അടുത്ത ദിവസവും മനസ്സിൽ നിൽക്കും.

∙ ഭീകരസ്വപ്നങ്ങൾ കുട്ടികളെയും രക്ഷിതാക്കളെയും ഒരു പോലെ വിഷമിപ്പിക്കും. അലറിക്കരഞ്ഞ് ഉണർന്ന കുട്ടി അസ്വസ്ഥനാകും. കണ്ണുമിഴിച്ച് ഭയന്നു കിടക്കും. ചിലർ എണീറ്റിരുന്ന് കരയും. കണ്ണുകൾ തുറന്നാലും സ്വപ്നം വിട്ട് ഉണര‍്‍ന്നിട്ടുണ്ടാകില്ല. പല തവണ കുലുക്കി വിളിച്ചാലേ കുട്ടിയെ ഉണർത്താൻ സാധിക്കൂ.

∙ പേക്കിനാവുകൾ ഉറക്കിത്തിനിടയിൽ വന്നുപോകുന്നത് രക്ഷിതാക്കൾക്ക് തന്നെ നിരീക്ഷിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ. കൺപോളയ്ക്കുള്ളിലൂടെ കൃഷ്ണമണി വേഗത്തിൽ അനങ്ങും. ഉറക്കത്തിൽ കരയുകയോ അരുത്, വേണ്ട, എനിക്ക് പേടിയാ എന്നൊക്കെ പറയുകയോ ചെയ്യും. 

∙ ഗാഢനിദ്രയിലേക്കു കടക്കുന്നതിനു മുമ്പുള്ള സമയത്താണ് പേടികൾ അലട്ടുക. ഉറങ്ങിയ ശേഷമുള്ള ഏതാണ്ട് നാലു മ ണിക്കൂറിനുള്ളിൽ. മിക്കപ്പോഴും ഉണർന്നാൽ അൽപ സമത്തിനകം തനിയേ കുട്ടി ഉറങ്ങിക്കോളും. 

∙ ഉറങ്ങുന്നതിനു മുമ്പ് നല്ല കഥകളോ പോസിറ്റീവ് കാര്യങ്ങളോ പറഞ്ഞുകൊടുക്കാം. നിറയേ താമരപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന പുഴയുടെ തീരത്ത് മരങ്ങൾ തണൽ വിടർത്തിയ സുന്ദര നാടുണ്ടായിരുന്നു എന്നു കഥ പറയാം. ഈ കാഴ്ചകൾ മനസ്സിൽ കണ്ടുറങ്ങുമ്പോൾ പതിയെ പേടി സ്വപ്നങ്ങളൾ അകന്നു കൊള്ളും. 

∙ കുട്ടിക്ക് എന്തിനോടെങ്കിലും ഭയമുണ്ടെങ്കിൽ അത് മാറ്റിയെ ടുക്കണം. കടലിനോട് പേടിയാണെങ്കിൽ ഇടയ്ക്കിടെ ബീച്ചിൽ കൊണ്ടുപോകാം. നിങ്ങളുടെ കാലിൽ കുട്ടിയെ നിർത്തി രണ്ടു കൈയിലും പിടിച്ച് മെല്ലെ തിരയിൽ ഇറങ്ങണം. അപകടമോ പേടിപ്പെടുത്തുന്ന കാഴ്ചകളോ കണ്ടിട്ടുണ്ടെങ്കിൽ അവ മെല്ലെ മനസ്സിൽ നിന്നു മായ്ചുകളയാൻ നല്ല കാഴ്ചകൾ മനസ്സിൽ നിറയ്ക്കുക.  

∙ പേടിസ്വപ്നം കണ്ട് കുട്ടി ഉണർന്നാൽ, ‘മോൻ എന്തുകണ്ടാ പേടിച്ചേ?’ എന്നു ചോദിക്കാതെ ശ്രദ്ധ മാറ്റുന്ന തരത്തിൽ സംസാരിക്കുക. വീണ്ടും ഉറക്കും മുമ്പ് ബാത്റൂമിലോ മറ്റോ കൊണ്ടുപോകുന്നത് നല്ലതാണ്. ബോധപൂർവമായ ഒരു പ്രവൃത്തിക്കു ശേഷം വീണ്ടും ഉറങ്ങുമ്പോൾ പേടി പൂർണമായി മാറിയിട്ടുണ്ടാകും. 

∙ മൂന്നുമുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികളില്‍ ഇത്തരം പ്രശ്നങ്ങൾ സാധാരണയായി കാണാറുണ്ട്. സ്ഥിരമായി ദുഃസ്വപ്നങ്ങൾ അസ്വസ്ഥരാക്കുന്നുവെങ്കിൽ ഡോക്ടറുടെ നിർദേശം തേടണം. കൗൺസലിങ്ങിലൂടെ മാറ്റി എടുക്കാം.

ശ്വാസതടസ്സം

∙ മൂക്കടപ്പും ജലദോഷവുമുള്ളപ്പോൾ കുട്ടികൾ വാ തുറന്നുറങ്ങുന്നതു കണ്ടിട്ടിട്ടില്ലേ? ശരിയായി ശ്വാസം എടുക്കാൻ കഴിയാത്തതാണിതിനു കാരണം. ശ്വാസം കിട്ടാതെ ഇവർ ഉറക്കത്തിൽ നിന്ന് ഇടയ്ക്ക് ഞെട്ടിയുണരുകയും. സമാനമായ അ വസ്ഥ തന്നെയാണ് ശ്വസന പ്രശ്നങ്ങളുള്ള കുട്ടികൾക്കും ഉ ണ്ടാകുന്നത്.

∙ വാ തുറന്ന് ഉറങ്ങുക, കൂർക്കം വലിക്കുക, ശ്വാസം എടുക്കുന്നത് ഇടയ്ക്കിടെ നിർത്തുക, തൊണ്ടയിൽ എന്തോ തടഞ്ഞതുപോലെ ചുമച്ചുകൊണ്ട് എഴുന്നേൽക്കുക, തല പല ദിശയിൽ വച്ചുറങ്ങുക ഇവയാണ് ലക്ഷണങ്ങൾ.

∙ തൊണ്ടയിലെ തടസ്സങ്ങൾ ശ്വാസഗതിയെ ബാധിക്കുകയും അതുവഴി ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന അവസ്ഥയാണിത്. 

∙ ടോൺസിൽസിനും മൂക്കിന് തൊട്ടുപിന്നിലായുള്ള അഡിനോയിഡ് ഗ്രന്ഥിക്കും വീക്കമുള്ള കുട്ടികളിലാണ് ഈ ഉറക്കപ്രശ്നം കണ്ടുവരുന്നത്. അലർജിക് റൈനിറ്റിസ് പോലുള്ള അ ലർജി രോഗങ്ങളുള്ളവരിലും ഈ പ്രശ്നം കാണാറുണ്ട്. 

∙ സ്ലീപ് അപ്നിയയുടെ കാരണം കണ്ടെത്തി ചികിത്സിക്കുക. അപ്പോൾ ഉറക്കവും തിരികെയത്തും. 

∙ തണുത്ത വെള്ളത്തിലെ വൈകിയുള്ള കുളിയും തണുത്ത ഭക്ഷണങ്ങളും ഫാൻ നല്ല സ്പീഡിലിട്ട് ഉറങ്ങുന്നതും അലർജി കൂട്ടാം.  

∙ രാത്രിസമയത്ത് ശരീരത്തിലെ എല്ലാ പേശികളും അയയും. അപ്പോൾ ശ്വാസനാളത്തിന്റെ ഭാഗത്തെ പേശികൾക്കും അയവ് സംഭവിച്ച് ശ്വസനത്തെ ബാധിക്കാം. അമിതഭാരമുള്ള കുട്ടികളിലാണ് അപ്പർ എയർവേ റെസിസ്റ്റൻസ് സിൻഡ്രോം എന്ന ഈ പ്രശ്നം കൂടുതലായും കാണുന്നത്.

∙ കുട്ടിയുടെ പകൽ സമയത്തെ ഉറക്കം നിരീക്ഷിച്ചാൽ ശ്വസനഗതി മനസ്സിലാക്കാം. ഉറങ്ങാൻ കിടക്കുമ്പോൾ വേഗത്തിലാകും കുട്ടികൾ ശ്വസിക്കുക. ഉറങ്ങിക്കഴിഞ്ഞാൽ വേഗം കുറഞ്ഞ് താളത്തിലാകും. ശ്വസനപ്രശ്നമുള്ളവർ ഇടയ്ക്ക് നിർത്തി കുറച്ചു സെക്കൻഡിനുശേഷം വീണ്ടും ശ്വാസമെടുക്കും. 

∙ മൂന്നു മുതൽ പത്തു വയസ്സുള്ള കുട്ടികളിൽ ഈ പ്രശ്നങ്ങൾ കാണാറുണ്ടെങ്കിലും ഇത് കൂടുതൽ കണ്ടുവരുന്നത് ആറു മുതൽ പത്തു വയസ്സുവരെ ഉള്ളവരിലാണ്.

∙ തുടർച്ചയായി രാത്രി ശ്വാസം മുട്ടലുണ്ടെങ്കിലും കൂർക്കംവലി പതിവാണെങ്കിലും ഡോക്ടറെ കാണണം. തലച്ചോറിലേക്കുള്ള ഓക്സിജൻ തടസ്സപ്പെട്ട് കുട്ടിക്ക് മറ്റു പ്രശ്നങ്ങൾ ഉ ണ്ടായേക്കാം.

മറ്റു പ്രശ്നങ്ങൾ

∙ ചില കുട്ടികൾ രാത്രിയിൽ എണീറ്റ് നടക്കും. ചിലർ പിച്ചും പേയും പറയും. നമ്മൾ ചോദിക്കുന്നതിന് ഉത്തരം നൽകുമെങ്കിലും ഒന്നും അറിഞ്ഞുകൊണ്ടായിരിക്കില്ല. അസ്വസ്ഥമായ ഉറക്കമാണ് ഇവയ്ക്കു പിന്നിൽ. വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ മിക്കവരിലും ഈ പ്രശ്നങ്ങൾ ത നിയെ മാറിക്കോളും. 

∙ ചെറിയ പനി വന്നാൽ പോലും കുട്ടിക്ക് ഉറക്കം നഷ്ടപ്പെടാം. ഉണർന്ന് കരയുന്നുണ്ടെങ്കിലോ വളരെ അസ്വസ്ഥനായി ഉറങ്ങുകയാണെങ്കിലോ മൂത്രത്തിൽ പഴുപ്പ്, ചെവി പഴുപ്പ് പോലുള്ള അസുഖങ്ങൾ ഉണ്ടോ എന്നു സംശയിക്കാം. 

∙ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടീവ് ഡിസോർഡർ ഉള്ള കുട്ടികളിലും ഉറക്കപ്രശ്നം കാണാറുണ്ട്. ഏകാഗ്രത ക്കുറവാണ് ഈ കുട്ടികളുടെ പ്രശ്നം. ഉറക്കവും ഏകാഗ്രതയും നിയന്ത്രിക്കുന്നത് തലച്ചോറിലെ ഒരേ ഭാഗമാണ്. 

∙ ഒന്നോ രണ്ടോ ദിവസം ഉറക്കം കിട്ടിയില്ലെങ്കിലും കുട്ടികൾ പകൽ ഉറങ്ങണമെന്നില്ല. ഉറക്കക്കുറവ് വികൃതിയായാകും കുട്ടി പുറത്തുകാട്ടുക. ദേഷ്യവും വാശിയും കടുംപിടുത്തവും കൂടെയുണ്ടാകും.

∙ രാത്രി വൈകിയിരുത്തി പഠിപ്പിക്കുക, വെളുപ്പിനെ വിളിച്ചുണർത്തി ട്യൂഷൻ എന്നിവ കുട്ടിയുടെ നല്ല ഉറക്കത്തെ ബാ ധിക്കും. എന്ന ഈ അവസ്ഥ വന്നാൽ കുട്ടിക്ക് നന്നായി ഉറ ക്കം കിട്ടാതെ പഠനത്തിൽ പിന്നോട്ട് പോവുകയേ ഉള്ളൂ.

∙ രണ്ടുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾ 10 മുതൽ 19 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് കണക്ക്. രണ്ടു മുതൽ 12 മാസം വരെയുള്ള കുഞ്ഞുങ്ങൾ 12– 14 മണിക്കൂറും ഒന്നു മുതൽ മൂന്നു വയസ്സുള്ള കുട്ടികൾ 11– 13 മണിക്കൂറും മൂന്നു മുതൽ പത്ത് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾ 9– 10 മണിക്കൂറും ഉറങ്ങണം.

ദഹന പ്രശ്നങ്ങൾ

∙ തിരി‍ഞ്ഞും മറിഞ്ഞും കിടന്നുറങ്ങുന്നതും ഉറങ്ങാൻ മടി കാണിക്കുന്നതു ദഹന പ്രശ്നങ്ങൾ കൊണ്ടാകാം.

∙ അമിത കാലറിയുളള ഭക്ഷണം കുട്ടികളിൽ ഉറക്കക്കുറവുണ്ടാക്കും. ബർഗർ, ഇറച്ചി വിഭവങ്ങൾ, വറുത്തതും പൊരിച്ചതും, ബേക്കറി പലഹാരങ്ങൾ എന്നിവ കുറയ്ക്കുക. സ്കൂൾ ബ്രേക് ടൈമിൽ കഴിക്കാൻ സ്നാക്ക് ബോക്സുകളിൽ പഴങ്ങൾ കരുതുക.

∙ ഉറക്ക സമയത്തിന് ഒരു മണിക്കൂർ മുമ്പ് മക്കളെ ഭക്ഷണം കഴിപ്പിച്ച് ശീലിപ്പിക്കുക. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ഭക്ഷണം നൽകരുത്. 

∙ എരിവും പുളിയും എണ്ണമയവുമുള്ള ഭക്ഷണം കഴിവതും കുറയ്ക്കുക. ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണവും അത്താഴത്തിൽ ഒ ഴിവാക്കണം. ഇവ നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവയുണ്ടാക്കും.

∙ അത്താഴത്തിൽ അമിത മസാലയും എണ്ണമയവും കുറയ്ക്കുക. കാപ്പി, ചായ ഉപയോഗവും രാത്രി വേണ്ട.

∙ പാസീവ് ഫീഡിങും തീരെ ചെറിയ കുഞ്ഞുങ്ങളിൽ പ്രശ്നമാകും. രണ്ടു മണിക്കൂർ കൂടുമ്പോൾ പാൽ കൊടുക്കണമെന്നാണ് രീതിയെങ്കിലും മിക്ക അമ്മമാരും കുഞ്ഞുങ്ങൾ കരയുമ്പോഴെല്ലാം പാൽ കൊടുക്കും. ഇത് പാൽ തികട്ടി വരാനിടയാക്കും. 

∙  കുഞ്ഞുങ്ങൾക്ക് എപ്പോൾ പാൽ കൊടുത്താലും കിടത്തും മുമ്പ് ഗ്യാസ് തട്ടികളയണം. രാത്രി ഉറക്കത്തിനിടെ എഴുന്നേറ്റ് കുഞ്ഞിനെ തോളിൽ കിടത്തി ഗ്യാസ് തട്ടിക്കളയാൻ വിട്ടുപോയാൽ കുഞ്ഞിന് അസ്വസ്ഥതയുണ്ടാകും. കുടലിൽ വായു വിലങ്ങിയുണ്ടാകുന്ന ‘കോളിക്’ എന്ന അവസ്ഥ മൂലമാണ് മിക്ക നവജാത ശിശുക്കളും ഉറക്കമില്ലാതെ കരയുന്നത്. 

∙ അയൺ കുറവുള്ള കുട്ടികളിലും കാൽസ്യം കുറവുള്ള കുട്ടികളിലും ‘റെസ്റ്റ്‌ലെസ് ലെഗ് സിൻഡ്രോം’ എന്ന ഉറക്കപ്രശ്നം കാണാം. ഉറക്കത്തിനിടയിൽ കാലുകൾ ചലിപ്പിക്കുക, ഇടയ്ക്കിടെ കാലിടറുന്നതു പോലെ തോന്നുക എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. 

∙ ജങ്ക് ഫൂഡ് ശീലവും ഉറക്ക പ്രശ്നവുമുള്ള കുട്ടികൾക്ക് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.

ഉറക്കം കളയുന്ന മൊബൈൽ

∙ ‘അമ്മേ, ഒരു ഗെയിം കൂടി കഴിഞ്ഞിട്ട് ഉറങ്ങാ’മെന്നു പറഞ്ഞുകുട്ടി രാത്രി മുഴുവൻ ഫോണുമായി ഇരിക്കും. ഒരുപാടുസമയം ഇങ്ങനെ ചെയ്യുമ്പോൾ ഉറക്കം പതുക്കെ അകലും. ഉറക്കാൻ കിടത്തിയാലും പ്ലേ മോഡിൽ തന്നെയായിരിക്കും കുട്ടികൾ. വളരെ ശ്രദ്ധയോടെ ഒരു പ്രവൃത്തി ചെയ്തു കൊണ്ടിരുന്നതിനാൽ വേഗം റിലാക്സ് ചെയ്യാൻ കഴിയില്ല.  

∙ ടിവി, കംപ്യൂട്ടർ, മൊബൈൽ സ്ക്രീനുകൾ ഇവ പുറപ്പെടുവിക്കുന്ന വെളിച്ചം തലച്ചോറിനെ ഉറങ്ങാൻ പ്രചോദിപ്പിക്കുന്ന മെലാടോണിൻ എന്ന ഹോര്‍മോണിന്റെ ഉൽപാദനത്തെ മന്ദഗതിയിലാക്കും. 

∙ ഡിജിറ്റൽ ഗെയിം കളിക്കുമ്പോഴും കാർട്ടൂൺ കാണുമ്പോഴും കുട്ടി ആസ്വദിക്കുകയാണെന്ന് കരുതരുത്. താങ്ങാവുന്നതിലുമപ്പുറം സമ്മർദം നൽകിയാകും ഓരോ കളിയും അവസാനിക്കുന്നത്. ജയിക്കുമോ എന്ന ടെൻഷനും സങ്കടവുമൊക്കെ ഉറക്കത്തെ ദോഷകരമായി ബാധിക്കും.  

∙ ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പ് ഡിജിറ്റൽ ഗെയിമും ടിവിയും ഓഫ് ചെയ്യണം. പകൽ ഇവ ഉപയോഗിക്കുന്നതിന് നിയന്ത്രണം വയ്ക്കുകയും വേണം.

∙ ഇലക്ട്രോണിക് മാധ്യമങ്ങൾ കുട്ടിയുടെ മുറിയിൽ വയ്ക്കാതിരിക്കുക. കിടപ്പുമുറി ഉറങ്ങാനുള്ള ഇടമാണെന്ന് ചെറുപ്പത്തിലേ പഠിപ്പിക്കുക.

ഉറങ്ങേണ്ടതിന്റെ ആവശ്യം

∙ ഉറക്കം പ്രധാനമായും രണ്ടു ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുക. റാപ്പിഡ് ഐ മൂവ്മെന്റ് (REM) സ്ലീപ്, നോൺ റാപ്പിഡ് ഐ മൂവ്മെന്റ് (NREM) സ്ലീപ്.

∙ ആദ്യത്തെ ഘട്ടത്തിലാണ് തലച്ചോർ നമ്മൾ കണ്ട കാഴ്ചകളെല്ലാം തരംതിരിച്ച് സൂക്ഷിക്കുന്നത്. ഈ സമയത്താണ് സ്വപ്നം കാണുന്നതും. ശരീരം പൂർണമായി റിലാക്സ് ചെയ്യുന്നത് രണ്ടാമത്തെ ഘട്ടത്തിലാണ്. ആന്റിഓക്സിഡൻസ് രക്തത്തെ ശുദ്ധീകരിക്കുന്ന സമയമാണിത്.

∙ ഈ രണ്ടു ഘട്ടവും ചേർന്നാലേ ഉറക്കം പൂർണമാകൂ. പ ഠിക്കുന്ന കുട്ടികൾക്ക് ഒന്നാം ഘട്ടത്തിലെ ഉറക്കം അസ്വസ്ഥമായാൽ പഠിച്ച കാര്യങ്ങൾ വേണ്ട വിധത്തിൽ തലച്ചോറിൽ സൂക്ഷിക്കാൻ കഴിയാതെ വരും. 

∙ പ്രായമേറിയവരേക്കാൾ ഉന്മേഷം കൂടുതൽ വേണ്ടവരാണ് കുട്ടികൾ. നല്ല വിശ്രമം കിട്ടിയില്ലെങ്കിൽ ഉന്മേഷവും ഉണ്ടാകില്ല. 

∙ ഉറക്കം ശരിയല്ലാത്ത കുട്ടികൾക്ക് സ്വഭാവ വൈകല്യങ്ങൾ, ഏകാഗ്രത കുറവ്, പഠന വൈകല്യം, അമിത ക്ഷീണം എന്നിവയും ഉണ്ടാകാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. മുരാരി കെ. എസ്, ഹെഡ് ഓഫ് ദി ഡിപാർട്മെന്റ് പീഡിയാട്രിക്സ്,  ജനറൽ ഹോസ്പിറ്റൽ

കോട്ടയം