Thursday 14 June 2018 05:24 PM IST : By സ്വന്തം ലേഖകൻ

വീട്ടിലെ കുസൃതിക്ക് മധുരത്തോട് പ്രിയം കൂടുതലാണോ? എങ്കിൽ അവരെ പാട്ടിലാക്കാൻ ഈ വഴികൾ പരീക്ഷിക്കാം

sweet-cover

‘‘രാഹുലിനെ എല്ലാവർക്കും വലിയ ഇഷ്ടമാണ്... പക്ഷേ, വീണ്ടും വീണ്ടും ചോക്കലേറ്റ്..’’ ടൂത്ത് പേസ്റ്റ് കമ്പനി ഇങ്ങനെ പരസ്യം ചെയ്തതിൽ ഒരു സംശയവും വേണ്ട. കുട്ടികുസൃതികളെ പാട്ടിലാക്കാൻ ഏറ്റവും നല്ല വഴിയാണ് മിഠായി. അത് ചോക്കലേറ്റാണെങ്കിൽ പിന്നെ പറയുകയും വേണ്ട. സ്നേഹം കൂടാനെത്തുന്നവരെല്ലാം മക്കൾക്ക് ചോക്കലേറ്റ് കൊടുക്കുമ്പോൾ അമ്മമാരുടെ ടെൻഷൻ പലതാണ്. അധിക കാലറിയും മധുരവും ഉള്ളിലെത്തുന്നതു മുതൽ വണ്ണവും പല്ലിലെ കാവിറ്റിയുമൊക്കെയായി അതങ്ങനെ തലയ്ക്കു മുകളിൽ നിൽക്കും. മധുരപ്രിയരെ വരുതിയിലാക്കാൻ വഴിയുണ്ട്.

∙ മധുരം കഴിക്കുന്നതിനു വേണ്ടി ആഴ്ചയിൽ ഒരു ദിവസം തിരഞ്ഞെടുക്കാം. ആ ദിവസമൊഴികെ മധുരപലഹാരം കഴിക്കില്ലെന്ന് കുട്ടിയിൽ നിന്ന് ഉറപ്പ് വാങ്ങാം.

∙ കുട്ടിയ്ക്ക് പ്രലോഭനമുണ്ടാകുന്ന തരത്തിൽ വീട്ടിലെ മറ്റുള്ളവരും ഇത്തരം ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

∙ അച്ഛനമ്മമമാർ വിലക്കിയാലും കൊച്ചുമക്കൾക്കായി മിഠായിയും ചോക്കലേറ്റും ഒളിപ്പിച്ച് വാങ്ങിക്കൊടുക്കുന്ന ഗ്രാന്റ് പേരന്റ്സിനെ വിഷയത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കുക. ‘അച്ഛനും അമ്മയും അറിയേണ്ട, കഴിച്ചോളൂ’ എന്ന മട്ടിലുള്ള രഹസ്യ ഇടപാടുകൾ കുട്ടിയെ കള്ളത്തരങ്ങൾ കൂടി പഠിപ്പിക്കും.

∙ ചോക്കലേറ്റിനും മിഠായിക്കും പകരം പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും കൊടുക്കാം. ജ്യൂസും സ്മൂത്തിയും തയാറാക്കുമ്പോൾ പഞ്ചസാരയ്ക്കു പകരം തേൻ ചേർക്കാം.

∙ മധുരപലഹാരം വാങ്ങുന്നതിനു പകരം കഥാപുസ്തകമോ കളറിങ് ബുക്കോ വാങ്ങാം. ഇത് കുട്ടിയുടെ ഭാവന വളർത്തും.