Saturday 13 October 2018 02:59 PM IST : By സ്വന്തം ലേഖകൻ

‘ഗുഡ് ടച്ചും ബാഡ് ടച്ചും’ പറഞ്ഞു പഠിപ്പിക്കുന്നവർ പോലും ചിലപ്പോൾ കുട്ടിയോട് ‘മ്യൂട്ട്’ ആയിരിക്കാൻ ആവശ്യപ്പെടുന്നു?

101496953

ഗാർഹികപ്രശ്നങ്ങളിൽ സ്ത്രീകളെപ്പോലെ തന്നെ കുട്ടികളും സമ്മർദം അനുഭവിക്കുന്നുണ്ട്. പലപ്പോഴും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രശ്നങ്ങൾ മറ്റൊരാളോട് പറയാം. സുഹൃത്തുക്കൾ, സഹപ്രവർത്തകർ... അങ്ങനെ.

എന്നാൽ കുട്ടിയെ സംബന്ധിച്ച് ഇത്തരം കാര്യങ്ങൾ പുറത്തു പറയുകയേ ചെയ്യരുതെന്നാണ് വീട്ടിൽ നിന്ന് പഠിപ്പിക്കുന്നത്. ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ പറഞ്ഞു പഠിപ്പിക്കുന്നവർ പോലും കുട്ടിയോട് വീട്ടിലുണ്ടാകുന്ന പ്രശ്നത്തോട് ‘മ്യൂട്ട്’ ആയിരിക്കാൻ ആണ് ആവശ്യപ്പെടുന്നത്. ഇക്കാരണം കൊണ്ട് തന്നെ ചെറുപ്രായത്തിൽ താങ്ങാവുന്നതിലധികം വിഷമം ഉള്ളിൽ ചുമന്ന് നടക്കേണ്ടി വരികയും ചെയ്യും. പല സ്കൂളുകളിലും കൗൺസലർമാർ ഉണ്ടെങ്കിലും വീട്ടിലെ വഴക്കിന്റെ കാര്യം പറയാൻ കുട്ടി മടിക്കും.

∙ ഗാർഹിക പീ‍ഡനങ്ങൾ കുട്ടിയെ ശാരീരികമായും മാനസികമായും ബാധിക്കും. ഒരു കുട്ടിക്ക് കിട്ടേണ്ട പരിചരണം കിട്ടാതിരുന്നാൽ, കുട്ടിയെ ഉപേക്ഷിച്ചു പോയാൽ, കുട്ടിയുടെ പ്രാഥമിക ആവശ്യങ്ങൾ പോലും സാധിച്ചുകൊടുക്കാതിരുന്നാൽ ബാലാവകാശ നിയമ പ്രകാരം മൂന്നു വർഷം തടവും പിഴയും കിട്ടാം.

∙ സ്വന്തം വീട്ടിൽ കുട്ടിക്ക് സുരക്ഷിതത്വമില്ലെങ്കില്‍ ‘സ്റ്റേറ്റി’നു കുട്ടിയെ ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള അധികാരമുണ്ട്.

∙ കുട്ടിക്കു നേരെയുള്ള ശാരീരിക അതിക്രമങ്ങൾ തടയാൻ ബാലാവകാശ നിയമത്തിലെ സെക്‌ഷൻ 75 അനുസരിച്ച് മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കും.

∙ വേർപിരിഞ്ഞു കഴിയുന്ന മാതാപിതാക്കളിൽ ഒരാൾക്കൊപ്പം കുട്ടി നിൽക്കുമ്പോൾ അവിടെ നിന്ന് മോശം പെരുമാറ്റമുണ്ടായാലും മറ്റേയാൾ സ്കൂളിലോ മറ്റോ വന്ന് അസ്വസ്ഥതയുണ്ടാക്കിയാലോ നിയമ സഹായം തേടാം.

∙ വീട്ടിനുള്ളിലെ പീ‍ഡനങ്ങൾ തടയാനുള്ള ഗാർഹിക നിയമത്തിലും അമ്മയ്ക്കൊപ്പം കുട്ടിക്കും സംരക്ഷണം നൽകുന്ന നിയമങ്ങളുണ്ട്.

സഹായം ഏതു സമയത്തും

∙ 1098 എന്ന ചൈൽഡ് ലൈനിന്റെ ഹെൽപ് ലൈൻ നമ്പറിൽ ഏതു സമയത്തും കുട്ടികൾക്കു വിളിക്കാം. കുട്ടികളുടെ സംരക്ഷണത്തിനായി മുതിർന്നവർക്കും വിളിക്കാം. പ്രശ്നത്തിന്റെ ഗൗരവം അനുസരിച്ച് കൗൺസലിങ്, പൊലിസ് ഇടപെടൽ പോലുള്ള തുടർ നടപടിയുണ്ടാകും.

∙ 1517 എന്ന ‘തണൽ’ പദ്ധതിയുടെ നമ്പറിലേക്കും കുട്ടികൾക്കു വിളിക്കാം. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ ശിശുസംരക്ഷണ പദ്ധതിയാണ് തണൽ.

∙ ഏതു സമയത്തും കുട്ടികൾക്ക് അടുത്തുള്ള പൊലിസ് സ്റ്റേഷനിൽ പോയി പ്രശ്നങ്ങൾ പറയാം.

∙ സ്കൂളിലെ കംപ്ലെയ്ന്റ് ബോക്സിൽ പ്രശ്നങ്ങള‍്‍ എഴുതി ഇടാം. സ്കൂൾ കൗൺസലറോട് അല്ലെങ്കിൽ അധ്യാപകരോട് പ്രശ്നങ്ങൾ തുറന്നു പറയാനുള്ള ധൈര്യം കുട്ടികൾ കാണിക്കുക. ഇത്തരം കാര്യങ്ങൾ പറയുന്നതിന് മടി വിചാരിക്കരുതെന്ന് കുട്ടിയെ അധ്യാപകര്‍ പറഞ്ഞു മനസ്സിലാക്കുക.

∙ വെള്ളപേപ്പറിൽ പരാതി എഴുതി കുട്ടിക്കു തന്ന ബാ ലാവകാശ കമ്മിഷനിലേക്ക് അയക്കാം. ഇതിനായി പ്രത്യേക സ്റ്റാംപ് പോലും വേണ്ട.