Saturday 29 January 2022 09:52 AM IST : By സ്വന്തം ലേഖകൻ

ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് പേരക്കുട്ടികൾ: കുഞ്ഞുങ്ങളുടെ കളിചിരികളുമായി ലക്ഷ്മി: ആദ്യമായി വിഡിയോ

triplets-lekshmi

പാചക പരീക്ഷണങ്ങളിലൂടെയും ബ്യൂട്ടി ടിപ്സുകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മി നായര്‍. ഉപയോഗപ്രദവും വേറിട്ടതുമായ ലക്ഷ്മിയുടെ വിഡിയോകളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇക്കുറി അൽപം കുടുംബ കാര്യവുമായാണ് ലക്ഷ്മി എത്തുന്നത്. തന്റെ പേരക്കുട്ടികളെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തികൊണ്ടുള്ള വിഡിയോയാണ് ലക്ഷ്മിനായർ പുതുതായി പങ്കുവെച്ചിരിക്കുന്നത്. മകൾ പാർവ്വതിക്ക് ഒറ്റപ്രസവത്തിൽ ജനിച്ച  മൂന്ന് കൺമണികളുടെയും ചിത്രങ്ങളും വിഡിയോകളും ഇതാദ്യമായാണ് ലക്ഷ്മിനായർ പുറത്തുവിടുന്നത്. 

അഞ്ചു മാസമാണ് മൂവർ സംഘത്തിന്റെ പ്രായം. യുവാൻ, വിഹാൻ, ലയ എന്നിങ്ങനെയാണ്  ഇവർക്ക് പേര് നൽകിയിരിക്കുന്നത്. ഇവരെ കൂടാതെ നാലു വയസ്സുകാരനായ ആയുഷ് എന്ന ഒരു മകനും പാർവ്വതിക്ക് ഉണ്ട്.  കുഞ്ഞുങ്ങളുടെ ജനനശേഷം മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം മാഞ്ചസ്റ്ററിലാണ് ലക്ഷ്മി നായർ ഉള്ളത്. കുട്ടികളുടെ വിശേഷങ്ങളും  അവർക്കായി ഒരുക്കിയിരിക്കുന്ന മുറിയുടെ ചിത്രങ്ങളും പേരക്കുട്ടികളുമായി പങ്കിടുന്ന സന്തോഷകരമായ നിമിഷങ്ങളുടെ വിഡിയോയും എല്ലാം വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘എല്ലാവരുടെയും പ്രാർഥനയാണ് ഞങ്ങളുടെ ഈ കൺമണികൾ. 35 ആഴ്ചകൾക്ക് ശേഷമാണ് പാർവതി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. സിസേറിയനായിരുന്നു. ആ സമയങ്ങളൊക്കെ പ്രാർഥനയോടെയാണ് ഇരുന്നത്. റിസ്ക് ഫാക്ടറുകളൊക്കെ ഭയന്നിരുന്നു. പക്ഷേ എല്ലാം ഭംഗിയായി. കുഞ്ഞുങ്ങളെ ഐസിയുവിലേക്ക് മാറ്റേണ്ടി വന്നില്ല എന്നത് അനുഗ്രഹമായി. ആദ്യത്തെ ദിവസങ്ങളൊക്കെ ഉറങ്ങാനേ പറ്റിയില്ല എന്ന് മകൾ പറഞ്ഞു. 2 കിലോ വെയിറ്റായിരുന്നു ബേബീസിന് ഉണ്ടായിരുന്നത്.’– ലക്ഷ്മി പറയുന്നു.

ക്രിസ്മസ് കാലത്തും ദീപാവലി സമയത്തുമെല്ലാം കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കിയതിന്റെ ചിത്രങ്ങളും വിഡിയോയിൽ കാണാം. പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ ആറു ലക്ഷത്തോളം ആളുകളാണ്  വിഡിയോ കണ്ടത്. കുഞ്ഞുമക്കളെ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ.