Thursday 16 September 2021 11:46 AM IST : By സ്വന്തം ലേഖകൻ

‘രണ്ടു വയസ്സു വരെയുള്ള കുട്ടികൾ സ്ക്രീനിനു മുന്നിൽ ‌ഒരു നിമിഷം പോലും ചെലവഴിക്കാൻ പാടില്ല’; കണ്ണിന്റെ കരുതലിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

kids-mioiubb

ലോക്ഡൗണും നിയന്ത്രണങ്ങളും മൂലം ഓൺലൈൻ ക്ലാസിലേക്കും വർക് അറ്റ് ഹോമിലേക്കും മാറിയതോടെ ‘കണ്ണു കാണിക്കുന്നവരുടെ’ എണ്ണത്തിൽ വർധന. ജോലി ആവശ്യങ്ങൾക്കും പഠനത്തിനുമായി മണിക്കൂറുകളോളം സ്ക്രീനിനു മുന്നിൽ ചെലവഴിക്കേണ്ടി വരുന്നു. ഇതിനാൽ നേത്ര സംരക്ഷണത്തിനു പ്രത്യേക ശ്രദ്ധ വേണമെന്നു കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസ് നിർദേശിക്കുന്നു.

സ്ക്രീൻ ടൈം

കണ്ണുകൾക്ക് ആയാസം ഉണ്ടാകാതെ ഒരു ദിവസം കാണാവുന്ന സമയത്തെക്കുറിച്ച് വിദഗ്ധർ പറയുന്നു;

2 വയസ്സു വരെയുള്ള കുട്ടികൾ സ്ക്രീനിനു മുന്നിൽ ‌ഒരു നിമിഷം പോലും ചെലവഴിക്കാൻ പാടില്ല. 2 മുതൽ 6 വയസ്സു വരെയുള്ളവർക്ക് ദിവസത്തിൽ 1 മണിക്കൂർ മാത്രം സ്ക്രീനിനു മുന്നിൽ ചെലവഴിക്കാമെന്നും 7 വയസ്സിനു മുകളിലേക്കുള്ള കുട്ടികൾക്ക് ഒരു ദിവസം 2 മണിക്കൂർ സ്ക്രീൻ ടൈം അനുവദിക്കാമെന്നുമാണ് നേത്ര വിദഗ്ധരുടെ നിർദേശം.

ഡിജിറ്റൽ സ്ക്രീൻ ഉപയോഗിക്കുമ്പോൾ നേത്ര സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ എല്ലാ വർഷവും രണ്ടു കണ്ണുകളുടെയും കാഴ്ച പരിശോധിക്കണം.

∙ കണ്ണട ഉപയോഗിക്കുന്നവർ പവർ മാറ്റം ഉണ്ടോയെന്നു നോക്കണം. ആവശ്യമെങ്കിൽ മാറ്റണം

∙ കംപ്യൂട്ടർ, മൊബൈൽ സ്ക്രീൻ എന്നിവ ഉപയോഗിക്കുമ്പോൾ സ്ക്രീനിന്റെ മധ്യഭാഗം നേർദൃഷ്ടിയിൽ നിന്ന് 15–20 ഡിഗ്രി താഴെയായിരിക്കണം.

∙ മുറിയിലെ ലൈറ്റുകൾ കംപ്യൂട്ടർ സ്ക്രീനിലേക്കോ കണ്ണുകളിലേക്കോ നേരിട്ട് പ്രകാശം തരുന്ന തരത്തിൽ ആകരുത്.

∙ മറ്റുള്ളവർ ഉപയോഗിച്ച ടവ്വൽ, കിടക്കവിരി, ഹാൻഡ് കർച്ചീഫ് എന്നിവ ഉപയോഗിക്കരുത്.

∙ കടുത്ത സൂര്യപ്രകാശം എൽക്കേണ്ടി വരുമ്പോൾ അൾട്രാ വയലറ്റ് സംരക്ഷണമുള്ള സൺഗ്ലാസ് ധരിക്കുക

∙ കണ്ണുകളുടെ ആരോഗ്യത്തിന് ധാരാളം വൈറ്റമിൻ എ അടങ്ങിയ ക്യാരറ്റ്, തക്കാളി, മറ്റു പച്ചക്കറികൾ, ഇലക്കറികൾ മീൻ തുടങ്ങിയവ കഴിക്കുക.

∙ കണ്ണിന് മുറിവ്, ക്ഷതം എന്നിവ ഉണ്ടായാൽ പ്രത്യേകം ശ്രദ്ധിക്കുക. കൃഷ്ണമണിയിൽ പാടുകൾ കണ്ടാൽ നേത്രരോഗ വിദഗ്ധനെ ഉടൻ സമീപിക്കുക.

∙ കണ്ണിൽ പൊടിയോ കരടോ പോയാൽ ധാരാളം ശുദ്ധജലം ഉപയോഗിച്ച് കഴുകുക. ഒരിക്കലും കണ്ണിലേക്ക് ഊതരുത്. സ്വയം കരടുമാറ്റാൻ ശ്രമിക്കരുത്.

∙ സ്ക്രീനിൽ നിന്നുള്ള വെളിച്ചം ചുറ്റുപാടുമുള്ള വെളിച്ചത്തിനു തുല്യമായിരിക്കണം.

∙ സ്ക്രീനിൽ നിന്നുള്ള പ്രകാശത്തിന്റെ പ്രതിഫലനം വഴി കണ്ണിലുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാൻ മൂന്നു വഴികൾ. 1. സ്ക്രീനിൽ ആന്റിഗ്ലെയർ ഫിൽറ്റർ ഘടിപ്പിക്കാം. 2. ആന്റിഗ്ലെയർ ആവരണമുള്ള ലെൻസുകൾ കണ്ണടയിൽ ഉപയോഗിക്കാം. 3.എൽഇഡി, എൽസിഡി സ്ക്രീൻ ഉപയോഗിക്കാം.

∙ കുട്ടികളിൽ കാഴ്ച തകരാറുകൾ എത്ര ചെറുതാണെങ്കിലും അവഗണിക്കരുത്.

∙ കൈകൾ വൃത്തിയാക്കിയ ശേഷം മാത്രം കണ്ണിൽ സ്പർശിക്കുക.

∙ രാസവസ്തുക്കൾ, കീടനാശിനികൾ, പെർഫ്യൂമുകൾ എന്നിവ ഉപയോഗിക്കുമ്പോൾ മുഖത്തിന് നേരെ പിടിക്കാതിരിക്കുക.

20–20–20 നിയമം

തുടർച്ചയായി സ്ക്രീനിൽ നോക്കേണ്ടി വരുമ്പോൾ കണ്ണിന്റെ പേശികൾക്ക് വിശ്രമം കൊടുക്കാൻ 20 മിനിറ്റ് സ്ക്രീൻ ടൈമിനു ശേഷം 20 അടി അകലെയുള്ള വസ്തുവിൽ 20 സെക്കൻഡ് നോക്കുക.

കണ്ണിമ ചിമ്മാതെ കാത്തിരിക്കരുത്.

ആവേശത്തിൽ കണ്ണിമ ചിമ്മാതെ കാത്തിരിക്കണം എന്നൊക്കെ പറയാറുണ്ട്. എന്നാൽ നേത്ര സംരക്ഷണത്തിന്റെ ഒന്നാമത്തെ നിയമമാണു കണ്ണിമ ചിമ്മണമെന്നത്. തുടർച്ചയായി കംപ്യൂട്ടർ, ഫോൺ എന്നിവ ഉപയോഗിക്കുമ്പോൾ ആവർത്തിച്ച് കണ്ണ് ചിമ്മാൻ ശ്രദ്ധിക്കണം. തുടർച്ചയായി സ്ക്രീനിൽതന്നെ ശ്രദ്ധിക്കുമ്പോൾ കണ്ണുകൾ ചിമ്മുന്നത് 3–5 മടങ്ങ് വരെ കുറയുന്നു. സാധാരണ ഒരു വ്യക്തി ഒരു മിനിറ്റിൽ 15 തവണ വരെ കണ്ണു ചിമ്മുന്നു. എന്നാൽ സ്ക്രീനിൽ നോക്കിയിരിക്കുമ്പോൾ ഇത് 5 ആയി കുറയും. ഇതു കണ്ണിന്റെ വരൾച്ചയ്ക്കും അനുബന്ധ പ്രശ്നങ്ങൾക്കും കാരണമാകും.

നിയമം പാലിക്കാം കണ്ണിൽ നിന്ന് സ്ക്രീനിലേക്കുള്ള ദൂരം

∙ മൊബൈൽ ഫോൺ– 1 അടി

∙ കംപ്യൂട്ടർ സ്ക്രീൻ–2 അടി

∙ ടിവി സ്ക്രീൻ– 10 അടി

വിവരങ്ങൾക്ക് കടപ്പാട് : ഡോ. ജേക്കബ് വർഗീസ്, ജില്ലാ മെഡിക്കൽ ഓഫിസർ, കോട്ടയം

Tags:
  • Spotlight