Saturday 10 October 2020 04:26 PM IST

കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന നെഗറ്റീവ് പേരന്റിങ് 7 തരമുണ്ട്; ഇവയിലേതിലെങ്കിലും പെടുമോ നമ്മളും?

Roopa Thayabji

Sub Editor

BG54566

അമ്മ ഒന്ന്...

(ചൂരലു പിടിച്ച് കിന്റർഗാർടൻ കുട്ടിയെ വിരട്ടിയുള്ള ഡയലോഗ്)

‘ഡിക്ടേഷനു ഫുൾ മാർക് വാങ്ങിയില്ലെങ്കിൽ ടിവിയിൽ ബാലവീർ കാണാൻ സമ്മതിക്കുകയേയില്ല...’

അമ്മ രണ്ട്...

(കാർട്ടൂൺ ശ്രദ്ധിച്ചിരിക്കുന്ന കുട്ടിയോട് ശോകഭാവത്തിൽ ഡയലോഗ്)

‘പൊന്നുമോൻ ഈ സ്പെല്ലിങ് പഠിച്ചാൽ നാളെ പുതിയ കളിപ്പാട്ടം വാങ്ങി തരാം...’

മിക്ക വീടുകളിലും പലപ്പോഴും ആവർത്തിക്കുന്നതാണ് ഈ രണ്ടു രംഗങ്ങളും. പക്ഷേ, ഇതു രണ്ടും ‘അത്ര നല്ല സീൻ’ അല്ലെന്ന് എത്ര പേർക്കറിയാം. നിർബന്ധിച്ചും ശാസിച്ചും വരച്ച വരയിൽ നിർത്തിയും കുട്ടികളെ ശ്വാസം മുട്ടിക്കുന്നതിനെക്കാൾ പ്രശ്നമാണ് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് പഠിക്കാനും മറ്റും പ്രേരിപ്പിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ഇതു രണ്ടും കുന്നോളം നെഗറ്റീവ് മാർക്ക് നേടിത്തരുന്ന ‘നെഗറ്റീവ് പേരന്റിങ്’ ഗണത്തിൽ പെടുമത്രേ. ഇത്തരം രീതികൾ കുട്ടികളുടെ മാനസിക– സാമൂഹിക വളർച്ചയെ സാരമായി ബാധിക്കും മുൻപുതന്നെ തിരുത്താം.

1. വരച്ച വരയൊന്നും വേണ്ടേ വേണ്ട

പാഠഭാഗങ്ങളുടെ കാര്യത്തിൽ അധ്യാപകരേക്കാൾ ശ്രദ്ധ, കൂട്ടുകാരോടൊത്തു കളിക്കുന്നതിനും ടിവി കാണുന്നതിനുമൊക്കെ പ്രത്യേക ടൈംടേബിൾ... ഇതിൽ നിന്ന് അണുവിട തെറ്റിയാലോ, കഠിന ശിക്ഷയും.

ഓരോ നിമിഷവും കുട്ടിയെ വരച്ച വരയിൽ നിർത്തി അച്ചടക്കം പഠിപ്പിക്കുന്ന രക്ഷിതാക്കളെ ഏകാധിപത്യ രക്ഷാകർതൃത്വ (അഥോറിറ്റേറിയൻ പേരന്റിങ്) വിഭാഗത്തിൽ പെടുത്താം.

തിരിച്ചറിയാം : സമ്പൂർണമായ നിയന്ത്രണവും അച്ചടക്കവും മാത്രമേ ഇതിലുള്ളൂ. സ്നേഹം ഒട്ടുമില്ല. കുട്ടികൾ എന്തൊക്കെ ചെയ്യണമെന്ന് രക്ഷിതാക്കൾ തന്നെ വ്യക്തമായി നിർവചി ക്കുന്നു. അത് അണുവിട തെറ്റാതെ ചെയ്യുക എന്നതു മാത്രമേ കുട്ടികൾ ചിന്തിക്കേണ്ടതുള്ളൂ.

ഗുണമുണ്ടോ : കർശനമായ അച്ചടക്കത്തിലും നിയന്ത്രണത്തിലും വളർത്തുന്നതു കൊണ്ട് കുട്ടികൾ ദുശ്ശീലങ്ങളിലും ചീത്ത കൂട്ടുകെട്ടുകളിലും പെട്ടുപോകാനുള്ള സാധ്യത ഇല്ല. പക്ഷേ, ഒട്ടും സ്വാതന്ത്ര്യം ലഭിക്കാത്തതുമൂലം അനുഭവങ്ങളിൽ നിന്ന് പഠിക്കാനുള്ള അവസരം ഇല്ലാതെ പോകും. സ്വാതന്ത്ര്യം എങ്ങനെ യുക്തിപൂർവം ഉപയോഗിക്കണമെന്ന ധാരണ ഇല്ലാതെ പോകുന്നു.

ദോഷമുണ്ടോ : കൗമാരത്തിലേക്ക് എത്തിച്ചേരുമ്പോൾ മാതാപിതാക്കളുടെ ഏകാധിപത്യ സ്വഭാവത്തോട് കുട്ടികൾ രൂക്ഷമായി പ്രതികരിക്കാൻ സാധ്യത കൂടുതലാണ്. ഇത് വഴക്കുകളിലേക്കു നയിക്കും. ചില കുട്ടികളെയെങ്കിലും ലഹരി വസ്തുക്കളും മറ്റും ഉപയോഗിക്കുന്നതിലേക്കും കൊണ്ടെത്തിക്കും.

മറ്റൊരു ദോഷവശം കൂടിയുണ്ട്. ജീവിതത്തിൽ ഇതുവരെ ലഭിക്കാതിരുന്ന സ്വാതന്ത്ര്യം പെട്ടെന്ന് ലഭിക്കുമ്പോൾ ആഘോഷിക്കാൻ തീരുമാനിച്ചേക്കാം. നിയന്ത്രണങ്ങളൊന്നും ഇല്ലാത്ത അവസ്ഥയിൽ ലഹരി, അമിതവേഗതയിലുള്ള ഡ്രൈവിങ്, അക്രമസ്വഭാവം, അപക്വ ലൈംഗികത തുടങ്ങി എല്ലാത്തരം പ്രശ്നങ്ങളിലേക്കും ചെന്നു ചാടാം. ഇത് ഭാവി ജീവിതത്തെ സാരമായി ബാധിക്കും.

2. മക്കളെ അവഗണിക്കല്ലേ

അച്ഛനും അമ്മയും ജോലിയുടെ തിരക്കിൽ. വീട്ടിലുള്ള മ ക്കൾ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും തണലിലും. കുട്ടിക ളുടെ കാര്യം ഒട്ടും ശ്രദ്ധിക്കാന്‍ മാതാപിതാക്കൾക്ക് സമയം കിട്ടാതെ വരുന്നുണ്ടെങ്കിൽ ഓർക്കുക, നിങ്ങൾ ചെയ്യുന്നത് അവഗണനാത്മക രക്ഷാകർതൃത്വം (നെഗ്ലക്ടഡ് പേരന്റിങ്) ആണ്.

തിരിച്ചറിയാം : സ്നേഹവുമില്ല, അച്ചടക്കവുമില്ല എന്നതാണ് ഇവിടുത്തെ സാഹചര്യം. കുട്ടികൾ എന്തു ചെയ്യുന്നു, എങ്ങനെ വളരുന്നു എന്നതിനെ പറ്റി അച്ഛനോ അമ്മയ്ക്കോ ധാരണയുണ്ടാകില്ലെന്നു മാത്രമല്ല, അറിയാൻ മിക്കപ്പോഴും താൽപര്യവും കാണില്ല.

ഗുണമുണ്ടോ : കൊച്ചുമക്കളുടെ വാശിയും ഇഷ്ടങ്ങളും മുത്തച്ഛനോ മുത്തശ്ശിയോ സാധിച്ചു കൊടുക്കുന്നതു കൊണ്ട് അവർക്ക് സന്തോഷത്തിനു കുറവൊന്നും ഉണ്ടാകില്ല. കുട്ടിയുടെ ഭാവി ജീവിതത്തിനു വേണ്ട സമ്പാദ്യമുണ്ടാക്കാനാണ് രക്ഷിതാക്കൾ ജോലി ചെയ്യുന്നത് എന്ന ധാരണ മുതിർന്നവർക്കും ഉണ്ടാകും.

ദോഷമുണ്ടോ: വീട്ടിൽ ചെറിയ വാശി കൊണ്ടു പോലും എല്ലാ കാര്യങ്ങളും നേടിയെടുക്കുന്ന കുട്ടികൾ ക്രമേണ കടുത്ത വാശിക്കാരായും മാറും.

രക്ഷാകർത്താവിന്റെ പെരുമാറ്റത്തിൽ നിന്ന് കുട്ടികൾ പഠിക്കേണ്ട ചിലതുണ്ട്. ഈ സാമൂഹിക പഠനത്തിനുള്ള അവസരം കുട്ടിക്ക് ഇല്ലാതെ വരും. സ്വാഭാവികമായും ജീവിതവുമായി ബന്ധപ്പെട്ട മൂല്യങ്ങൾ, അടിസ്ഥാനപരമായ അച്ചടക്കത്തിന്റെ പാഠങ്ങൾ ഇതൊന്നും പഠിക്കാതെ പോകുന്നു.

മിക്ക കുട്ടികളെയും സുഹൃത്തുക്കളുടെ സ്വഭാവം സ്വാധീനിക്കാൻ തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. ഭാഗ്യമുണ്ടെങ്കിൽ നല്ല സുഹൃത്തിന്റെ സ്വാധീനം ലഭിച്ചേക്കും. പക്ഷേ, മറിച്ചായാൽ മോഷണം, ലഹരി ഉപയോഗം, അനാരോഗ്യകരമായ ലൈംഗിക പരീക്ഷങ്ങൾ തുടങ്ങിയ ദോഷകരമായ സംഗതികളിലേക്കു ചെന്നുവീഴാനും സാധ്യതയുണ്ട്.

3. അധികമായാൽ അമൃതും

പഠിക്കണമെങ്കിൽ ചോക്‌ലെറ്റ് വാങ്ങി കൊടുക്കണമെന്ന് കു ട്ടി പറഞ്ഞാൽ മിക്കവാറും രക്ഷിതാക്കളും അതു സാധിച്ചു   കൊടുക്കും. എന്നാൽ പഠിക്കാനും പരീക്ഷയെഴുതാനുമൊക്കെ വേണ്ടി കുട്ടികളുടെ ആഗ്രഹങ്ങളും ദുർവാശികളും സാധിച്ചു കൊടുക്കുന്നത് അമിതലാളന രക്ഷാകർതൃത്വം (പെർമിസീവ് പേരന്റിങ്) എന്നാണ് അറിയപ്പെടുന്നത്.

തിരിച്ചറിയാം : പരീക്ഷയെഴുതണമെങ്കിൽ പുതിയ ഷൂസ് വേ ണം എന്നതു പോലെയുള്ള ഡിമാൻഡുകളാണ് ഇതു തിരിച്ചറിയാനുള്ള എളുപ്പവഴി. കുട്ടികൾ ചെയ്യേണ്ട ചെറിയ കാര്യ ങ്ങൾക്കു വരെ സമ്മാനം നൽകും. ഉദ്യോഗസ്ഥനെ കൈക്കൂലി കൊടുത്ത് ജോലി ചെയ്യിക്കുന്നതിനു തുല്യമാണ് ഇതും.

ഗുണമുണ്ടോ : അമിതമായി സ്നേഹിക്കുകയും ലാളിക്കുക യും ചെയ്യുന്ന മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം പരീക്ഷയിലും പഠനത്തിലും മുന്നിലായ കുട്ടി ആശ്വാസം നൽകാം.

ദോഷമുണ്ടോ : കാര്യങ്ങളെല്ലാം കുട്ടിയുടെ നിയന്ത്രണത്തി  ലാകുമ്പോൾ പഠിക്കുന്നതും പരീക്ഷയെഴുതുന്നതും തനിക്കു വേണ്ടിയാണെന്ന ഉത്തരവാദിത്ത ബോധം ഇല്ലാതെ പോകുന്നു. പഠിക്കുമ്പോഴും പരീക്ഷയെഴുതുമ്പോഴും കിട്ടുന്ന പ്രതിഫലങ്ങൾക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നു വരുമ്പോൾ അവർ ആവശ്യപെടുന്ന പ്രതിഫലം വലുതായി വരും. ഒരു ഘട്ടം കഴിയുമ്പോൾ ഇത് സാധിച്ചുകൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയണമെന്നില്ല. ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ പ്രവൃത്തികളും അവസാനിപ്പിക്കുകയും മാതാപിതാക്കളോട് നിസ്സഹകരണവും വഴക്കും പതിവാക്കുകയും ചെയ്യുന്ന ആ ഘട്ടത്തിലേ പലരും തെറ്റു തിരിച്ചറിയാറുള്ളൂ.

_REE1507

4. ചുറ്റിപ്പറ്റി നടക്കല്ലേ

മകനോ മകളോ സുഹൃത്തുക്കളോടു സംസാരിക്കുമ്പോൾ ഒളിഞ്ഞു നിന്നു കേൾക്കുക, ബാഗ്, മൊബൈൽ ഫോൺ തുടങ്ങിയവ പരിശോധിക്കുക എന്നിങ്ങനെ സകല കാര്യങ്ങളും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന രക്ഷിതാവാണോ? ഈ രീതിയാണ് ഹെലികോപ്റ്റർ പേരന്റിങ്.

തിരിച്ചറിയാം : കുട്ടിയെ ഒരു കാര്യത്തിലും വിശ്വാസത്തിലെടുക്കില്ല ഇവർ. എപ്പോഴും കുട്ടിക്കു ചുറ്റും നീരീക്ഷണ ഹെലികോപ്റ്റർ പോലെ റോന്തു ചുറ്റുകയാണ് ഇതിന്റെ ലക്ഷണം.

ഗുണമുണ്ടോ : എല്ലാ കാര്യത്തിലും രക്ഷിതാക്കളുടെ നിരീക്ഷണവും ശ്രദ്ധയും  ഉള്ളതിനാൽ പഠിത്തത്തിലോ കൂട്ടുകെട്ടിലോ ഒന്നും കുട്ടിക്ക് യാതൊരു പ്രശ്നവും ഉണ്ടാകുകയില്ല.

ദോഷമുണ്ടോ : അച്ഛനും അമ്മയും ഒരിക്കലും വിശ്വാസത്തിലെടുക്കാതെ വളർന്ന കുട്ടിക്ക് പരസ്പര വിശ്വാസത്തിൽ അ ധിഷ്ഠിതമായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കാൻ ഭാവിയിൽ പ്രയാസമാകും. മാതാപിതാക്കളുടെ പെരുമാറ്റരീതി മാതൃകയാക്കിയാകും കുട്ടിയും മറ്റുള്ളവരോട് ഇടപെടുക. അപ്പോൾ പരസ്പര വിശ്വാസത്തിലും സഹകരണത്തിലും അധിഷ്ഠിതമായി സ്നേഹം കൊടുക്കാനും വാങ്ങാനും പറ്റുന്ന മനോഭാവം അവർക്ക് വികസിക്കാതെ വരും. ഭാവിയിൽ സുഹൃത്ബന്ധത്തിലും പ്രണയബന്ധത്തിലും വിവാഹജീവിതത്തിലുമൊക്കെ ഈ പരസ്പര വിശ്വാസമില്ലായ്മ വിള്ളലുകളുണ്ടാക്കാ ൻ സാധ്യതയുണ്ട്.

5. ഞാൻ ഞാൻ എന്നു പറയല്ലേ

‘പഠിക്കുന്ന കാലത്ത് ഞാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ വച്ചു നോക്കിയാൽ മക്കൾക്കൊക്കെ എന്തു സുഖസൗകര്യങ്ങളാ...’ എന്തു പറഞ്ഞു തുടങ്ങിയാലും ‘ഞാൻ, ഞാൻ...’ എന്നു ചേർത്താണോ സംസാരിക്കുന്നത്. മറ്റെന്തിനെക്കാളും അവനവനെ തന്നെ സ്നേഹിക്കുന്ന ഇത്തരക്കാരെ പിടികൂടിയിരിക്കുന്നത് ആത്മാനുരാഗ വ്യക്തിത്വ വൈകല്യം (നാർസിസിസ്റ്റിക് പേഴ്സനാലിറ്റി ഡിസോർഡർ) ആണ്.

തിരിച്ചറിയാം : ഞാൻ നേടിയ നേട്ടങ്ങൾ, ഞാൻ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ, അതിനെ അതിജീവിച്ച വഴികൾ എ ന്നീ വാചകങ്ങൾ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ ആത്മാനുരാഗം പരിധി കവിഞ്ഞുണ്ട് എന്നുറപ്പിക്കാം.

ഗുണമുണ്ടോ : ഞാൻ ഇടപെട്ടാൽ എല്ലാം നടക്കുമെന്ന ചിന്തയുള്ളതിനാൽ എല്ലാ കാര്യവും എന്തു പ്രയാസപ്പെട്ടും സാധിച്ചെടുക്കാനാകും.

ദോഷമുണ്ടോ : പേരന്റ്സിന് അവരവരെ തന്നെയാണ് കൂടുതൽ സ്നേഹം എന്നു കുട്ടികൾക്ക് തോന്നും. ഒട്ടും യാഥാർഥ്യ ബോധമില്ലാത്ത, മക്കളുടെ പ്രശ്നങ്ങൾ ശരിയായി മനസ്സിലാക്കാനാകാത്ത ഇവർ വളർത്തിയ മക്കൾക്ക് മറ്റുള്ളവരുടെ വൈകാരിക അവസ്ഥ മനസ്സിലാക്കാനുള്ള അനുതാപം ഉണ്ടാകില്ല. ക്രമേണ കുട്ടികൾക്ക് രക്ഷാകർത്താക്കളോട് കടുത്ത വെറുപ്പുണ്ടാകുകയും അവരിൽ നിന്ന് അകലുകയും ചെയ്യും.

6. കിട്ടിയത് തിരിച്ചു കൊടുക്കണോ

‘തെറ്റു ചെയ്താൽ എന്റെ അച്ഛൻ തെങ്ങിൽ കെട്ടിയിട്ട് അ ടിക്കുമായിരുന്നു. അതുകൊണ്ട് ഞാൻ നന്നായി. അതുപോലെ തന്നെ ചെയ്താലേ നീയും നന്നാകൂ...’ മിക്ക വീടുകളിലും ഈ ഡയലോഗ് കേൾക്കാറുണ്ട്. സ്വന്തം രക്ഷാകർത്താക്കൾ എങ്ങനെയാണോ വളർത്തിയത്, അതുപോലെ സ്വന്തം കുട്ടികളെ വളർത്തണമെന്ന ചിന്തയാണ് ചോദനാത്മക രക്ഷാകർതൃത്വം അഥവാ ഇൻസ്റ്റിങ്ടീവ് പേരന്റിങ്.

തിരിച്ചറിയാം : എന്നെ അടിച്ചതു കൊണ്ടാണ് ഞാൻ നന്നാ യത് എന്ന് വിശ്വസിക്കുന്ന വ്യക്തി ചെറിയ തെറ്റുകൾക്കു പോ ലും കുട്ടിക്ക് വലിയ ശിക്ഷ നൽകും. കാലഘട്ടത്തിൽ വരുന്ന വ്യത്യാസം ഇവിടെ പരിഗണിക്കപ്പെടുന്നില്ല.

ഗുണമുണ്ടോ : തലമുറയായി കൈമാറി വന്ന ജീവിതമൂല്യങ്ങ ൾ അടുത്ത തലമുറയ്ക്കു പകർന്നു കൊടുക്കാൻ ഈ പേരന്റിങ്ങിലൂടെ സാധിക്കുമെങ്കിലും ജീവിതസാഹചര്യങ്ങിൽ വന്ന മാറ്റങ്ങളെ ഉൾക്കൊള്ളാതിരിക്കുന്നത് പ്രശ്നമാണ്.

ദോഷമുണ്ടോ : കൂട്ടുകുടുംബകാലത്ത് സമപ്രായക്കാരായ ഒ രുപാടു പേർ കൂട്ടിനുണ്ടാകും. കിട്ടുന്ന ഒരു അടിയുടെ വേദന മിനിറ്റുകൾക്കുള്ളിൽ കളിചിരിയിലൂടെ അലിഞ്ഞുപോകും.

അണുകുടുംബങ്ങളിലെ സാഹചര്യം ഇതല്ല. അടി കിട്ടിയ കുട്ടിക്ക് ഒരു ചിന്തയേ ഉണ്ടാകൂ, അച്ഛന് ഇഷ്ടമില്ലാത്തു കൊണ്ടാണ് എന്നെ അടിച്ചത്. എങ്കിൽ പിന്നെ, ഇനി ജീവിച്ചിരിക്കേണ്ട. ഇത് വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും.

7. കണ്ണൊന്നു നിറഞ്ഞാൽ

കുഞ്ഞിന്റെ കണ്ണു നിറയുന്നത് സഹിക്കാനാകാത്ത രക്ഷിതാക്കളുണ്ട്. കുട്ടിയിൽ നിന്ന് അകന്നു കഴിയുകയും വർഷത്തിൽ കുറച്ചു ദിവസമോ മാസത്തിലൊരിക്കലോ ഒക്കെ അവരോ ടൊപ്പം ചെലവഴിക്കാൻ സമയം കിട്ടുകയും ചെയ്യുന്ന രക്ഷിതാക്കളിലാണ് ഇത് കൂടുതൽ കാണുക. കുട്ടികളെ അമിതമായി സംരക്ഷിച്ച്, ഒരു തരത്തിലുള്ള സമ്മർദവും അവർക്ക് ഏൽക്കേണ്ടാത്ത തരത്തിൽ വളർത്തുന്ന രീതിയാണ് ബന്ധനാത്മക രക്ഷാകർതൃത്വം അഥവാ അറ്റാച്ച്മെന്റ് പേരന്റിങ്.

തിരിച്ചറിയാം : കുഞ്ഞിന്റെ ആഗ്രഹങ്ങൾ ഞാൻ സാധിച്ചു  കൊടുത്തില്ലെങ്കിൽ പിന്നെ ആരാ എന്ന ചിന്തയുണ്ടെങ്കിൽ നിങ്ങൾ ഇതിന്റെ ഇരയാണെന്ന് ഉറപ്പിക്കാം.

ഗുണമുണ്ടോ : കുട്ടിയുടെ ആവശ്യങ്ങൾ ചെറിയ കാലയളവിലേക്കെങ്കിലും നടക്കും എന്നതാണ് ഇതിന്റെ ഏക ഗുണം.

ദോഷമുണ്ടോ : ബന്ധം ബന്ധനമായി മാറുകയും കുട്ടിയുടെ സ്വാതന്ത്ര്യത്തെയും സ്വാഭാവിക വികാസത്തെയും തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് പോകുകയും ചെയ്യും. കുട്ടികൾ എതിർപ്പുകളെയോ സമ്മർദ സാഹചര്യങ്ങളെയോ നേരിട്ടിട്ടുണ്ടാകില്ല. പിൽക്കാലത്ത് സ്വതന്ത്രമായി പ്രതിസന്ധി ഘട്ടത്തെ നേരിടേണ്ടി വരുമ്പോൾ വാടി തളർന്നു പോകും.

കുഞ്ഞിനോടൊപ്പം ചെലവഴിക്കുന്ന കുറച്ചു കാലം അവ രുടെ അഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കുന്നു എന്നു കരുതൂ. പിന്നീട് നമ്മൾ തിരികെ പോകുമ്പോൾ വീട്ടിലുള്ളവരിൽ നിന്ന്  കുട്ടി അതൊക്കെ പ്രതീക്ഷിക്കും. അതു നടക്കാതെ വരുമ്പോഴാണ് രൂക്ഷമായി പ്രതികരിക്കുക.

Website-Stock-Photo-Images-13

നമുക്കും കിട്ടും ബ്ലാക് സ്റ്റാർ

കുട്ടികളുടെ മുന്നിൽ വച്ച് മദ്യപിക്കുമ്പോൾ അച്ഛൻ വല്യ മിടുക്കനാണെന്ന് മക്കൾ കരുതുമെന്നാണ് പലരുടെയും ധാരണ. ചീത്ത വാക്കുകൾ പറയുക, പരസ്പരം മർദിക്കുക, കലഹിക്കുക... ഇതൊക്കെ മുന്നും പിന്നും നോക്കാതെ ചെയ്യാറുണ്ടോ?

തീരെ ചെറിയ കുട്ടികൾ (12 വയസ്സു വരെ) കൺമുന്നിൽ കാണുന്ന കാര്യങ്ങൾ അതുപോലെ അനുകരിക്കാൻ സാധ്യത കൂടുതലാണ്. കുട്ടികളുടെ മുന്നിൽ വച്ച് ചീത്ത വാക്കുകൾ പറയുകയോ കലഹിക്കുകയോ ചെയ്താൽ അവരും മറ്റുള്ളവരോട് ഇതൊക്കെ പ്രയോഗിക്കും.

വീട്ടിൽ മദ്യപിക്കുന്നതും, കുട്ടികളുടെ മുന്നിൽ വച്ച് ലൈംഗികതയിൽ ഏർപ്പെടുന്നതും ടിവിയിലോ ഫോണിലോ ലൈംഗിക സ്വഭാവമുള്ള ദൃശ്യങ്ങൾ കാണുന്നതുമൊക്കെ കണ്ട് അതെല്ലാം കുട്ടി പരീക്ഷിച്ചു തുടങ്ങുന്നത് ഒന്നു ചിന്തിച്ചു നോക്കൂ. അതുകൊണ്ട് പേരന്റിങ്ങിൽ ബ്ലാക് സ്റ്റാർ കിട്ടുന്ന ശീലങ്ങൾ ഇന്നേ അവസാനിപ്പിച്ചോളൂ...

TIPS to SOLVE

∙ കുട്ടികളോട് ഇടപെടുമ്പോൾ എല്ലാ കാര്യങ്ങളിലും വിലക്കുകൾ പാടില്ല. ഓടരുത്, ബഹളം വയ്ക്കരുത് തുടങ്ങിയ അരുതുകൾക്ക് പകരം പൊസിറ്റീവായ നിർദേശങ്ങൾ ന ൽകണം. ‘നടന്നു പോകണേ...’, ‘സമാധാനമായി ഇരിക്കണം...’ എന്നിവയാണ് ഉചിതം. എപ്പോഴും ‘അരുത്...’ എന്നു കേട്ടാൽ എന്താണ് ചെയ്യേണ്ടത് എന്ന ധാരണ കിട്ടില്ല. അതുകൊണ്ടുതന്നെ എങ്ങനെ നല്ല പെരുമാറ്റം കാഴ്ച വയ്ക്കാമെന്ന ധാരണ ലഭിക്കാതെ വരും.

∙ വളരെ നീണ്ട വാചകങ്ങളോ പൊതുസ്വഭാവമുള്ളതോ അവ്യക്തമായതോ ആയ നിർദേശങ്ങൾ ഒഴിവാക്കണം. ‘മുറി വൃത്തിയായി സൂക്ഷിക്കണം’ എന്നു പറഞ്ഞാൽ കുട്ടിക്ക് മനസ്സിലാകണമെന്നില്ല. പുസ്തകങ്ങൾ അടുക്കി വ യ്ക്കണം, കിടക്കവിരി നിവർത്തിയിടണം എന്നൊക്കെ പറഞ്ഞാൽ കുറച്ചുകൂടി വ്യക്തത കിട്ടും. പൂർണമായ വാചകങ്ങളിൽ സംസാരിക്കുന്നത് കുട്ടികളുടെ പൊതുവായ ആ ശയ വിനിമയശേഷി മെച്ചപ്പെടുത്തും. ഇത് ഭാവിയിൽ ഗു ണം ചെയ്യും.

∙ ഉണ്ട് എന്നോ ഇല്ല എന്നോ പറയുന്നതിനു പകരം തല കൊണ്ടോ ചുണ്ടു കൊണ്ടോ ആംഗ്യം കാട്ടുന്നത് മോശമായ പ്രതിഛായ സൃഷ്ടിക്കുമെന്ന് പറയുക. കുട്ടികളുടെ മുന്നിൽ വച്ച് ഇത്തരം ചേഷ്ടകളും ആംഗ്യങ്ങളും മാതാപി     താക്കളും ഒഴിവാക്കണം. അറിഞ്ഞു കൂടാത്ത കാര്യത്തിന് അറിയില്ല എന്നു വ്യക്തമായി പറയണം.  

∙ 18 വയസ്സുവരെ പൂർണമായ അനുസരണയുള്ള ആളായിരിക്കണം. 18 തികഞ്ഞാലോ, എല്ലാ കാര്യത്തിലും പൂർണമായ ഉത്തരവാദിത്ത ബോധവും വേണം. പലരും മക്കളെ കുറിച്ച് ചിന്തിക്കുന്നത് ഇങ്ങനെയാണ്. കുട്ടിയെ ഉത്തരവാദിത്തമുള്ള വ്യക്തിയാക്കുക എന്നത് ഘട്ടം ഘട്ടമായി മുന്നോട്ടു പോകേണ്ട, ദീർഘനാളത്തെ പ്രക്രിയയാണ്.

ചെറുപ്രായത്തിൽ തന്നെ ചെറിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുകയും അതു നന്നായി ചെയ്യുമ്പോൾ അഭിനന്ദിക്കുകയും വേണം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുക, അലക്കിയ തുണികൾ മടക്കി വയ്പ്പിക്കുക എന്നിങ്ങനെ    ചെറിയ ജോലികൾ ചെറുപ്പത്തിലേ ചെയ്യിച്ചു തുടങ്ങാം.  മുത്തച്ഛനെയോ മുത്തശ്ശിയെയോ ചെക്കപ്പിനു കൊണ്ടുപോകുക, അത്യാവശ്യ ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കാ ൻ ശീലിപ്പിക്കുക ഇങ്ങനെ പ്രായം കൂടും തോറും ആൺ – പെൺ വ്യത്യാസമില്ലാതെ ഉത്തരവാദിത്തങ്ങൾ നൽകാം. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ.അരുൺ ബി. നായർ, അസോഷ്യേറ്റ് പ്രഫസർ ഇൻ സൈക്യാട്രി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.

Tags:
  • Mummy and Me