Saturday 04 August 2018 03:52 PM IST

വീട്ടിലെ കുഞ്ഞുതാരത്തിനായി ‘അറിഞ്ഞൊരുക്കാം’ കുട്ടിമുറി

Roopa Thayabji

Sub Editor

baby-room21

ആദ്യത്തെ കൺമണിയുമായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്കെത്തുമ്പോൾ നൂ റു സംശയങ്ങളാകും അച്ഛനമ്മമാർക്ക്. മുറിക്കുള്ളിൽ ചൂടു കൂടുതലാണോ, ജനാല തുറന്നിട്ടാൽ കുഞ്ഞിന് അലർജിയുണ്ടാകുമോ എന്നുതുടങ്ങി കർട്ടനും ബെഡ് സ്പ്രെഡും മാറ്റുന്നതു വരെയുണ്ടാകും ഈ സംശയങ്ങൾ. കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുവരും  മുൻപേ തന്നെ പ്ലാനിങ് തുടങ്ങിയാൽ ഈ ടെൻഷൻ ഒഴിവാക്കാം.

കുഞ്ഞുമുറി ശ്രദ്ധാപൂർവം

∙ കുഞ്ഞിനായി പ്രത്യേകം മുറി  എന്നതിനേക്കാൾ ശ്രദ്ധിക്കേണ്ടത് അമ്മയുടെ മുറിയിൽ കുഞ്ഞിനു കൂടി ഇണങ്ങുന്ന തരത്തിൽ മാറ്റങ്ങൾ വരുത്താനാണ്. ഉണരുമ്പോഴോ ക രയുമ്പോഴോ അമ്മയ്ക്ക് തലോടിയുറക്കാവുന്ന അകലത്തിലാകണം കുഞ്ഞിനെ കിടത്തേണ്ടത്.

∙ വളരുന്നതിനനുസരിച്ച് ഓരോ ഘട്ടത്തിലും വേണ്ട തരത്തിൽ ക്രമീകരണങ്ങൾ മാറ്റേണ്ടി വരുമെന്നതിനാല്‍ ഘടനയിലും രൂപകൽപനയിലും എളുപ്പം മാറ്റം വരുത്താനാകുന്ന തരത്തിലാകണം കുട്ടികളുടെ മുറി ഒരുക്കാൻ.

∙ അധികം ശബ്ദകോലാഹലങ്ങൾ എത്താത്ത മുറിയാണ് കുഞ്ഞിനു വേണ്ടി തിരഞ്ഞെടുക്കേണ്ടത്. ടിവിയുടെ ശബ്ദമോ പാട്ടോ ഒക്കെ ശല്യപ്പെടുത്തിയാൽ കുഞ്ഞിന് വേണ്ട ഉറക്കം കിട്ടില്ല.

∙ കുഞ്ഞുമായി എത്തുന്നതിനു രണ്ടാഴ്ച മുൻപെങ്കിലും മുറി നന്നായി വൃത്തിയാക്കി പുതിയ പെയിന്റടിക്കണം. മുറിയിലെ ജനാലകളും വാതിലും തുറന്നിട്ട് പെയിന്റിന്റെ പുത്തൻ മണം കളയുകയും വേണം. അലർജി ഉണ്ടാക്കുന്ന ഘടകങ്ങളടങ്ങിയ പെയിന്റ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

∙ നവജാത ശിശുവിന് അധികം നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ല. പതിയെപ്പതിയെ കുഞ്ഞ് നിറങ്ങൾ തിരിച്ചറിഞ്ഞുവരും. ആദ്യമേ തന്നെ കടും നിറങ്ങൾ കാണു ന്നത് കുഞ്ഞിന്റെ കണ്ണിന് സ്ട്രെയ്ൻ നൽകും. അ തിനാൽ കുട്ടിമുറിയിൽ ഇളം നിറങ്ങളാണ്  ന ല്ലത്. ബേബി പിങ്ക്, ഇളം പ ച്ച, ലെമൺ െയല്ലോ നിറങ്ങളിലുള്ള പെയിന്റ് തിരഞ്ഞെടുക്കാം.

∙ അധികം അലങ്കാരങ്ങളും ആർഭാടവും വേണ്ട. വൃത്തിയും സിംപ്ലിസിറ്റിയുമാണ് കുഞ്ഞിന്റെ മുറിക്ക് അ ഴകു കൂട്ടുന്നത്. കുഞ്ഞുമായി വീട്ടിലേക്ക് ആദ്യചുവട് വയ്ക്കുന്ന നിമിഷം ഫോട്ടോയാക്കൂ. ബേബി റൂം അലങ്കരിക്കാൻ ഇതിലും നല്ലൊരു ഷോ പീസ് ഉണ്ടാകില്ല.

∙ ഇളം നിറങ്ങളിൽ തന്നെയുള്ള കർട്ടനുകളും  ബെഡ്ഷീറ്റുകളും  കുഞ്ഞിന്റെ മുറിയിലേക്കു വാങ്ങാം. ആഴ്ചയിലൊരിക്കൽ കർട്ടനുകളും ദിവസവും ബെഡ്ഷീറ്റും മാറണം.
വെളിച്ചം വേണ്ടുവോളം

∙ കൃത്രിമ വെളിച്ചം ഇല്ലാതെ തന്നെ ധാരാളം പ്രകാശം എത്തുന്ന മുറിയാകണം കുഞ്ഞിനു വേണ്ടി തിരഞ്ഞെടുക്കേണ്ടത്. എന്നാൽ വെളിച്ചവും വായുവും കടക്കാനായി ജനാലകൾ തുറന്നിടുന്നത് വൃത്തിഹീനമായ ചുറ്റുപാടിലേക്ക് ആകരുത്.

∙ അധികം തിളങ്ങുന്ന ലൈറ്റ് കുഞ്ഞിന്റെ കണ്ണുകൾക്ക് ദോഷമാകും എന്നതിനാൽ എൽഇഡി ലൈറ്റുകൾ പിടിപ്പിക്കുന്നതാണു നല്ലത്. രാത്രിയിൽ മുറിയിൽ ചെറി യ വെളിച്ചം വേണമെന്നുണ്ടെങ്കിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപത്തിലും മറ്റുമുള്ള സീറോ വാട്ട് ൈലറ്റുകൾ പിടിപ്പിക്കാം.

∙ കുഞ്ഞിനെ കിടത്തുന്നതിന്റെ തൊട്ടുമുകളിലായി ലൈറ്റുകൾ ഘടിപ്പിക്കരുത്.

∙ കുഞ്ഞിന്റെ കൗതുക കാഴ്ചയ്ക്കായി മുറിയുടെ ഭിത്തികളിൽ മൃഗങ്ങളുടെയോ പക്ഷികളുടെയോ ചിത്രങ്ങളോ വയ്ക്കാം. കുറച്ചു മുതിരുമ്പോൾ ഇവ മാറ്റി അക്ഷരങ്ങളോ നമ്പരുകളോ ആക്കാം.

∙ കുട്ടി മുറികളിലെ വെളിച്ചം നിയന്ത്രിക്കാൻ എളുപ്പവഴിയുണ്ട്. കനം കൂടിയ മെറ്റീരിയലിലും കനം കുറഞ്ഞ മെറ്റീരിയലിലുമുള്ള രണ്ടു ലെയർ കർട്ടൻ ഇടാം. കുഞ്ഞ് ഉറങ്ങുമ്പോഴോ മുറിയിൽ വെളിച്ചം കുറവ് വേണ്ടപ്പോഴോ കനം കൂടിയ കർട്ടനിടാം.

∙ വേണ്ടവിധം വൃത്തിയാക്കിയില്ലെങ്കിൽ ബ്ലൈൻഡുകൾക്കിടയിൽ പൊടി പിടിച്ചിരുന്ന് അലർജിയുണ്ടാകാമെന്നതിനാൽ അവ ഒഴിവാക്കാം.

∙ പുറത്തു നിന്ന് കൊതുകോ മറ്റ് പ്രാണികളോ കടക്കാതിരിക്കാൻ ജ നലിൽ നെറ്റ് ഘടിപ്പിക്കാൻ മറക്കരുത്. ഈ നെറ്റിലെ പൊടിയും അഴുക്കും  ആഴ്ചയിലൊരിക്കൽ നനഞ്ഞ തുണി കൊണ്ട് തുടച്ച് വൃത്തിയാക്കണം.

∙ മുറിയുടെ ജനാലകൾ എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും തുറന്നിടണം.

∙ വീട്ടിലുള്ളവർ പുറത്തുപോയി വന്നാലും  കുഞ്ഞിന്റെ മുറിയിലേക്കു പ്രവേശിക്കും മുൻപ് നന്നായി കൈയും  കാലും കഴുകണം. പുറത്തിടുന്ന ചെരുപ്പിട്ട്  യാതൊരു  കാരണവശാലും കുഞ്ഞിന്റെ മുറിയിൽ കയറരുത്.

ഫർണിച്ചർ കരുതലോടെ

∙ കുഞ്ഞിന്റെ മുറിയിൽ നല്ല ഉറപ്പുള്ള ഫർണിച്ചർ മാത്രം ഇടുക. വീലുകളുള്ള ചെയറുകളും  വേണ്ടേ വേണ്ട. കട്ടിലിനു അരികിലുള്ള ചുവരിലോ ടേബിളിനു മുകളിലോ ഭാരമുള്ള പെയിന്റിങ്ങുകൾ, കണ്ണാടി എന്നിവ വയ്ക്കരുത്. പെട്ടെന്നു മറിഞ്ഞുവീഴുന്ന ഫ്ലവർ വേസുകളും ഷോ പീസുകളും ഒഴിവാക്കാം.

∙ പെട്ടെന്നു തെന്നിവീഴുന്ന തരത്തിൽ മിനുസമുള്ളതോ മുട്ടിലിഴയുമ്പോൾ വേദനിക്കുന്ന തരത്തിൽ പരുപരുത്തതോ ആ കരുത് മുറിയുടെ ഫ്ലോറിങ്. മുട്ടിലിഴഞ്ഞ തുടങ്ങുന്ന കുഞ്ഞിനായി ഫ്ലോർ കവറുകൾ കരുതിവയ്ക്കാം. െതന്നിനീങ്ങാത്ത ഇവ വൃത്തിയാക്കാനും  എളുപ്പമാണ്.  ദിവസവും മാറി മാറി ഉ പയോഗിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം.

∙ വീട്ടിലുള്ളവർ പുറത്തുപോയി വന്നാലും  കുഞ്ഞിന്റെ മുറിയിലേക്കു പ്രവേശിക്കും മുൻപ് നന്നായി കൈയും കാലും കഴുകണം. പുറത്തിടുന്ന ചെരുപ്പിട്ട്  യാതൊരു കാരണവശാലും കുഞ്ഞിന്റെ മുറിയിൽ കയറരുത്.  

∙ കുഞ്ഞിന്റെ മുറിയിലെ ഫർണിച്ചറുകൾക്ക് കൂർത്ത വക്കുകളും  മുനയുള്ള വശങ്ങളും പരമാവധി ഒഴിവാക്കണം. വൃത്താകൃതിയിലോ ഓവൽ ഷേപ്പിലോ ഉള്ള മേശയും സ്റ്റൂളുമൊക്കെയാണ് നല്ലത്. ഇവയ്ക്കു മുകളിൽ കുഷ്യനും പിടിപ്പിക്കാം.

∙ അമ്മയുടെയും കുഞ്ഞിന്റെയും മുറിയിൽ അധികം ഉയരമുള്ള കട്ടിൽ വേണ്ട. ഇടയ്ക്കിടെ എഴുന്നേൽക്കേണ്ടി വരുന്നതിനാൽ അമ്മമാർക്ക് ഇത് ബുദ്ധിമുട്ടാകും.

∙ മുതിർന്നുകഴിഞ്ഞാൽ കുഞ്ഞിനു കയറാനും  ഇറങ്ങാനും ഉയരം കുറവുള്ള കട്ടിൽ തന്നെയാണ് സൗകര്യം. ഉയരം കൂട്ടാനും  കുറയ്ക്കാനും  കഴിയുന്ന കട്ടിൽ വാങ്ങിയാൽ പിന്നീട് ആവശ്യമുള്ള ഉയരത്തിൽ ഉപയോഗിക്കാം

∙ കുഞ്ഞിനെ സൗകര്യപ്രദമായി മുലയൂട്ടാൻ കഴിയുന്ന ഒരു സോഫ മുറിയിൽ സജ്ജീകരിക്കാം. ഫീഡിങ് ചെയർ എന്ന പേരിൽ ഇത് വിപണിയിൽ ലഭ്യമാണ്. സ്വസ്ഥമായിരുന്ന് മു ലയൂട്ടാനാകുന്ന തരത്തിൽ അമ്മയ്ക്കും കുഞ്ഞിനും നല്ല കാറ്റു കിട്ടുന്നിടത്ത് ഇത് ഇടാം.

∙ സ്വകാര്യമായി മുലയൂട്ടാനുള്ള സൗകര്യമില്ലെങ്കിൽ ഷെൽഫോ പാർട്ടീഷൻ വാളോ കൊണ്ടു മറച്ച്  സ്ഥലമൊരുക്കാം. ഡ്രസ്സറിന്റെ സ്ഥാനം ക്രമീകരിച്ചും ഈ സ്പേസ് എളുപ്പം ഉണ്ടാക്കിയെടുക്കാം.

തൊട്ടിലിന്റെ സ്നേഹത്തണൽ

∙ കുഞ്ഞിനെ കട്ടിലിൽ അമ്മയ്ക്കൊപ്പം കിടത്തണമെന്നാണ് പണ്ടുള്ളവർ പറയാറ്. എന്നാൽ കുഞ്ഞിനെ കിടത്തുന്നതിന് അമ്മയുടെ ബെഡ്ഡിൽ ഘടിപ്പിക്കാവുന്ന കോ– സ്ലീപ്പർ ഇപ്പോൾ വിപണിയിലുണ്ട്.

∙ ഒരു ഭാഗം താഴ്ത്തി അമ്മയുടെ കട്ടിലിനോട് അറ്റാച്ച് ചെയ്യാവുന്ന കോ– സ്ലീപ്പർ കുഞ്ഞിനെ ഒറ്റയ്ക്കു കിടത്തേണ്ട സമയങ്ങളിൽ തൊട്ടിലിന്റെ രൂപത്തിലേക്കും മാറ്റാം. കുഞ്ഞിനു വേണ്ടി മാത്രം ഷീറ്റും ടവ്വലും വിരിക്കാമെന്നതു കോ സ്ലീപ്പറിന്റെ പ്രത്യേകതയാണ്.

∙ കുഞ്ഞിനെ കിടത്തുന്നതിനു വേണ്ടി മൃദുവായ ഫോം ബെഡ്ഡോ ഇന്നർ സ്പ്രിങ് ബെഡ്ഡോ വാങ്ങാം. കിടക്ക നനയാതിരിക്കാൻ കോട്ടൺ– സ്പൺ വാട്ടർ പ്രൂഫ് കവറുകളിടാം.

∙ കുഞ്ഞിനുള്ള തൊട്ടിലായും അമ്മയ്ക്കൊപ്പം കിടത്താവുന്ന  കോ സ്ലീപ്പറായും കുട്ടിക്കുറുമ്പനുള്ള ടോഡ്‌ലർ ബെഡ്ഡായും കൺവെർട്ട് ചെയ്തെടുക്കാവുന്ന ബേബി ക്രിബ് ഇന്ന് വിപണിയിലുണ്ട്. ഓരോ ഘട്ടത്തിലെയും ആവശ്യത്തിനനുസരിച്ച് രൂപം മാറ്റാമെന്നതിനാൽ കുഞ്ഞിന്റെ വളർച്ചാ ഘട്ടങ്ങളിലെല്ലാം  ഇത് പ്രയോജനപ്പെടും.

കുഞ്ഞുടുപ്പുകൾക്ക് ഇടം

∙ കട്ടിലിനോടു ചേർന്ന് അമ്മയുടെ കൈയെത്തുന്ന ഇടത്ത് റാക്കുകൾ പണിത് കുഞ്ഞുടുപ്പുകളും ഡയപ്പറുകളും സൂക്ഷിക്കാം. കുഞ്ഞ് വലുതാകുമ്പോൾ ഇളക്കിമാറ്റാവുന്ന തരത്തിലായാൽ പിന്നീട് ഇത് അസൗകര്യമാകില്ല.  

∙ കട്ടിലിനു താഴെയുള്ള സ്റ്റോറേജിൽ കുഞ്ഞുടുപ്പുകൾക്കായി സംവിധാനമൊരുക്കാം. അതല്ലെങ്കിൽ തൊട്ടിലിന്റെ വശങ്ങളിൽ അറ്റാച്ച് ചെയ്യാവുന്ന തുണി കൊണ്ടുള്ള ഹാങ്ങറുകൾ വാങ്ങാൻ കിട്ടും. കുഞ്ഞുടുപ്പുകളും ഡയപ്പറുമെല്ലാം  വയ്ക്കാൻ പ്രത്യേകം അറകളുള്ള ഇവ കഴുകിയുണക്കാനും  ഉപയോഗിക്കാനും വളരെ എളുപ്പമാണ്.

∙ ബാത്റൂമിൽ കുഞ്ഞിനെ കുളിപ്പിക്കുന്നതിനായി കൂടുതൽ ഇടം വേണ്ടിവരും. കുഞ്ഞിന്റെ  ബാത് ടബ്, മഗ്, ബക്കറ്റ്, സോപ്പ്, എണ്ണ, ക്രീമുകൾ തുടങ്ങിയവ ഒതുക്കി വയ്ക്കാനുള്ള ഷെൽഫോ റാക്കോ പിടിപ്പിക്കുകയും വേണം.

∙ ബാത്റൂം എപ്പോഴും  വൃത്തിയാക്കി വയ്ക്കണം. കുഞ്ഞിനെ കുളിപ്പിച്ചു കഴിഞ്ഞാൽ വെള്ളവും എണ്ണമയവും മറ്റും പോകുന്ന തരത്തിൽ വൃത്തിയായി കഴുകണം.

കുഞ്ഞിനായി ബേബി മോണിറ്റർ

കുഞ്ഞിനെ കിടത്തുന്ന ഇടം കാണാവുന്ന തരത്തിൽ ഘടിപ്പിക്കാവുന്ന ക്യാമറകൾ വിപണിയിലുണ്ട്. മൈക്രോഫോണും സ്പീക്കറും ക്യാമറയുമടങ്ങിയ ഈ യൂണിറ്റിന് ബേബി മോണിറ്റർ എന്നാണ് പേര്. കുഞ്ഞിനെ കിടത്തുന്ന മുറിയിൽ ബേബി മോണിറ്റർ പിടിപ്പിച്ചാൽ അമ്മമാർക്ക് ടെൻഷനില്ലാതെ കുളിക്കാനോ അടുക്കളയിൽ ജോലി ചെയ്യാനോ പോകാം. കുഞ്ഞ് ഉണരുമ്പോൾ അമ്മയുടെ കയ്യിലുള്ള സ്പീക്കറിൽ ബീപ് ശബ്ദം കേൾക്കും, വേഗം അമ്മയ്ക്ക് കുഞ്ഞിനടുത്തെത്താം. ഉറങ്ങുന്ന കുഞ്ഞിനെ മോണിറ്ററിലൂടെ അമ്മയ്ക്ക് നിരീക്ഷിക്കാനും ഈ സംവിധാനം സഹായിക്കും.

kids-room2

വിവരങ്ങൾക്ക് കടപ്പാട്: സോണിയ ലിജേഷ്, ആർക്കിടെക്ട്, ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശൂർ.