Saturday 02 November 2019 12:11 PM IST

കുഞ്ഞുങ്ങൾ മണ്ണു തിന്നുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്! പരിഹരിക്കാൻ അമ്മമാർ ചെയ്യേണ്ടത്...

Roopa Thayabji

Sub Editor

GettyImages-581009053-58c1f3c13df78c353cc45d24

ഒരു വയസ്സു കഴിഞ്ഞാൽ കുസൃതിക്കുട്ടിയെ ഭക്ഷണം കഴിപ്പിക്കാൻ അമ്മമാർ കുറച്ചു പാടുപെടും. ഈ പ്രായത്തിൽ മുതിർന്നവർ ഒരു ദിവസം കഴിക്കുന്നതിന്റെ നേർപകുതി ഭക്ഷണമാണ് കുട്ടിക്കു വേണ്ടത്. ഒന്നു മുതൽ അഞ്ചു വയസ്സുവരെയാണ് കുട്ടിയുടെ വ്യക്തിത്വ വികാസവും നടക്കുക.

എങ്ങനെ സമീകൃതാഹാരം ഉറപ്പാക്കാം ?

ഒരു വയസ്സുള്ള കുഞ്ഞിന് വീട്ടിൽ പാകപ്പെടുത്തുന്ന ഭക്ഷണം ദിവസം കുറഞ്ഞത് അഞ്ചു– എട്ടു പ്രാവശ്യമെങ്കിലും കൊടുക്കണം. രണ്ടു വയസ്സുവരെ മുലപ്പാൽ തുടരുകയും വേണം. ഭക്ഷണത്തിന്റെ ഒരു ഭാഗം  പയറുവർഗങ്ങളാക്കാം. രണ്ടാം ഭാഗം അന്നജമടങ്ങിയവ, പിന്നെ മീൻ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ. ഇതോടൊപ്പം തൈരോ പാലുൽപന്നങ്ങളോ കൂടി വേണം. അപ്പോഴേ കുഞ്ഞിന് സമീകൃതാഹാരം ഉറപ്പാകൂ.

ഭക്ഷണം കഴിക്കാൻ മടിയാണ്, എന്തുചെയ്യും ?

പ്രധാനഭക്ഷണത്തിനു മുൻപ് കുഞ്ഞിന് ലഘുഭക്ഷണങ്ങളൊന്നും കൊടുക്കരുത്. പാൽ, ജ്യൂസ് എന്നിവയായാലും കുട്ടികൾക്ക് പ്രധാന ഭക്ഷണത്തോടുള്ള താൽപര്യം കുറയും.      വിശപ്പ് കുറവായിരിക്കുന്നതാണു കാരണം. ഉച്ചയ്ക്ക് കുഞ്ഞ് നന്നായി ഭക്ഷണം കഴിക്കണമെങ്കില്‍ അപ്പോഴേക്കും ദഹിക്കാൻ പാകത്തിനു കൃത്യസമയത്തു തന്നെ ബ്രേക് ഫാസ്റ്റ് കൊടുത്തിരിക്കണം. കുട്ടിക്ക് കാണുമ്പോൾ കൗതുകം തോന്നുന്ന തരത്തിൽ മുറിച്ചും അലങ്കരിച്ചും നൽകിയാൽ ഭക്ഷണം കഴിക്കാനുള്ള താൽപര്യം കൂടും. ചപ്പാത്തിയും ദോശയും കുക്കീ കട്ടർ കൊണ്ട് മുറിച്ചു കൊടുക്കാം. തണ്ണിമത്തനും ആപ്പിളുമൊക്കെ മുറിച്ച് പൂക്കളുടെയോ പൂമ്പാറ്റയുടെയോ ആകൃതിയിലാക്കി കൊടുക്കാം. ഒന്നര വയസ്സു കഴിഞ്ഞാൽ തൂക്കം കുറയുന്നത് സ്വാഭാവികമാണ്. ആദ്യവർഷത്തിൽ മൂന്നു കിലോയിൽ നിന്ന് പത്തിലെത്തിയ കുട്ടിക്ക് രണ്ടാം വർഷം ആകെ കൂടുക രണ്ടു കിലോയാണ്. കുഞ്ഞിന് തൂക്കക്കുറവില്ലെങ്കില്‍, കളിയും ചിരിയുമൊക്കെ ഉണ്ടെങ്കിൽ പേടിക്കാനേയില്ല.

ഭക്ഷണ സമയത്ത് ടിവി കാണിക്കാമോ ?

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ കുറച്ചുനേരം അ ടങ്ങിയിരിക്കുമല്ലോ എന്നാകും മിക്കവരുടെയും ചിന്ത. അങ്ങനെയിരുത്തി ഭക്ഷണം കൊടുക്കാനാണ് രക്ഷിതാക്കളും വീട്ടിലെ മുതിർന്നവരും ശ്രമിക്കുക. പക്ഷേ, കുട്ടികളെ ടിവിക്കും കംപ്യൂട്ടറിനും മുന്നിലിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഒട്ടും ശരിയല്ല. കഴിക്കുമ്പോൾ ആഹാരത്തിൽ നിന്ന് കുട്ടിയുടെ ശ്രദ്ധ തിരിക്കുന്ന ഒന്നും പാടില്ല. ടിവിയിലെ ദൃശ്യങ്ങളിൽ മുഴുകി ഭക്ഷണം കഴിക്കുന്ന കുഞ്ഞിന് രുചിയോ മണമോ ആസ്വദിക്കാനാകില്ല. ഭക്ഷണം കഴിക്കുന്ന കുഞ്ഞിനോട് രക്ഷിതാക്കളിലാരെങ്കിലും ആ ഭക്ഷണത്തെ കുറിച്ചു തന്നെ സംസാരിക്കാം. വളരെയധികം വിളമ്പി, ഭക്ഷണം പാഴാക്കുന്ന രീതിയും നല്ലതല്ല. കുഞ്ഞിന് ഭക്ഷണത്തോടുള്ള താൽപര്യവും ബഹുമാനവും കുറയാൻ ഇത് ഇടയാക്കും.

പ്ലേസ്കൂളിൽ പോയിതുടങ്ങുന്ന കുട്ടിയുടെ ഭക്ഷണത്തിൽ ശ്രദ്ധ വേണ്ടേ ?

പ്ലേസ്കൂളിലും മറ്റും കൂട്ടുകാർക്കൊപ്പം ഇരുന്നുകഴിക്കുമ്പോ ൾ കുഞ്ഞിന് ആഹാരത്തോടുള്ള വിമുഖത താനേ മാറും. അ പ്പോൾ കുഞ്ഞിന് ഇഷ്ടമുള്ള ഭക്ഷണം മാറിമാറി കൊടുത്തുവിടാൻ ശ്രദ്ധിക്കണം. പ്രാതലിന് പുട്ട്, അപ്പം, ഇടിയപ്പം, ദോശ, ഇഡ്ഡലി എന്നിവ നൽകാം. കറിയായി സാമ്പാർ, കടലക്കറി, ചട്നി, വെജിറ്റബിൾ കറി എന്നിവയാകാം. ഒപ്പം മുട്ടയും പാലും.

ഉച്ചഭക്ഷണമായി ചോറ്, ചപ്പാത്തി, പുലാവ് എന്നിവയിലേതെങ്കിലുമാകാം. ഒപ്പം മീൻകറി, തോരൻ, പരിപ്പുകറി, ചീരയിനങ്ങൾ, തൈര് എന്നിവ ഉൾപ്പെടുത്താം. അച്ചാറും പപ്പടവും വേണ്ട. വേവിച്ച പച്ചക്കറികൾ സ്റ്റഫ് ചെയ്ത ചപ്പാത്തിയോ സാധാരണ ചപ്പാത്തിയോ താൽപര്യമനുസരിച്ച് നൽകാം. അത്താഴത്തിനും ഇവയിലേതെങ്കിലും മതി. നാലുമണി പലഹാരമായി പഴംപൊരി, ചെറുപയർ പുഴുങ്ങിയത്, എള്ളുണ്ട, ഓട്ടട, കൊഴുക്കട്ട, പുഴുങ്ങിയ ഏത്തപ്പഴം, അവൽ നനച്ചത് തുടങ്ങിയവ നൽകാം. വൈകുന്നേരവും ഒരു ഗ്ലാസ് പാൽ നൽകണം.

കുട്ടിയുടെ ഭക്ഷണവും ശാരീരിക മാറ്റങ്ങളും എങ്ങനെ തിരിച്ചറിയാം ?

രണ്ടു വയസ്സാകുമ്പോഴേക്കും കുഞ്ഞിന്റെ ശരീരവളർച്ച 20 ശ തമാനവും ബുദ്ധിവികാസം 80 ശതമാനവും ആകേണ്ടതാണ്. രണ്ടു വയസ്സാകുമ്പോൾ കുഞ്ഞിന് ജനനസമയത്തെ ഭാരത്തിന്റെ നാലിരട്ടി വേണം, നീളം 88 സെന്റീമീറ്ററും. മൂന്നു വയസ്സിൽ 14 കിലോഗ്രാം തൂക്കവും 93 സെന്റിമീറ്റർ ഉയരവും, നാലു വയസ്സാകുമ്പോൾ ജനനസമയത്തെ പൊക്കത്തിന്റെ ഇരട്ടി പൊക്കവും 16 കിലോഗ്രാം തൂക്കവും കുട്ടിക്കുണ്ടാകണം.

മിഠായി തിന്നുന്ന ശീലം നല്ലതാണോ ?

വികൃതി കാട്ടാതിരുന്നാൽ മിഠായി വാങ്ങിത്തരാം എന്ന മട്ടിൽ കുട്ടികളിൽ അനാവശ്യ ശീലങ്ങൾ വളർത്തുന്നത് വീട്ടിലെ മുതിർന്നവർ തന്നെയാണ്. മിഠായി കഴിക്കുന്ന കുട്ടിയെ വഴക്കു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. മിഠായി കഴിച്ച് പല്ലു കേടുവന്ന കുട്ടികളുടെ ഫോട്ടോ കാണിച്ചുകൊടുത്തു നോക്കൂ. കുട്ടിക്ക് ചെറിയ മനംമാറ്റം വരുന്നത് കാണാനാകും.

മിഠായിയിലെ അമിതമധുരം ആരോഗ്യത്തിനു നല്ലതല്ല എന്നു മാത്രമല്ല, പല്ലുകൾക്ക് കേടുമുണ്ടാക്കും. മിഠായി, കേക്ക്, പേസ്ട്രി തുടങ്ങിയ മധുരപലഹാരങ്ങളും, അമിതമധുരവും പ്രിസർവേറ്റീവുകളുമടങ്ങിയ പാക്ക്ഡ് ശീതളപാനീയങ്ങളുമൊന്നും കുട്ടിയെ ശീലിപ്പിക്കരുത്. പകരമായി വീട്ടിൽ തന്നെ പാല്‍ ചേര്‍ത്തുണ്ടാക്കുന്ന കസ്റ്റര്‍ഡ്, മധുരം ചേർക്കാതെ അടിച്ചെടുത്ത പഴങ്ങൾ, വീട്ടിലുണ്ടാക്കുന്ന അ ച്ചപ്പം, കുഴലപ്പം, മധുരസേവ, അവല്‍ വിളയിച്ചത് തുടങ്ങിയവയൊക്കെ കൊടുക്കാം.

shutterstock_355249019

ആരോഗ്യഭക്ഷണം ശീലിപ്പിക്കാൻ ?

ഏതു ഭക്ഷണവും കഴിക്കാൻ കുഞ്ഞിനെ പരിചയപ്പെടുത്തേണ്ടത് അച്ഛനുമമ്മയും തന്നെയാണ്. നേരം നോക്കിയല്ല, വി ശക്കുമ്പോൾ കൈയിൽ കിട്ടുന്നതെന്തും കഴിക്കുന്നതാണ് കുട്ടിയുടെ ശീലം. കുട്ടി എപ്പോൾ ആവശ്യപ്പെട്ടാലും കൊടുക്കാൻ ആരോഗ്യഭക്ഷണം അടുക്കളയിൽ റെഡിയായിരിക്കണം. നല്ല ആഹാരമെന്നും ആരോഗ്യഭക്ഷണമെന്നും പറഞ്ഞാൽ കുട്ടികൾക്ക് മനസ്സിലാകില്ല. അവരുടെ പ്രിയപ്പെട്ട നടനെപ്പോലെ ആരോഗ്യമുണ്ടാകാനും, പ്രിയനടിയെ പോലെ മുടിയുണ്ടാകാനും എന്നൊക്കെ പറഞ്ഞ് ഓരോ ഭക്ഷണവും പരിചയപ്പെടുത്താം.

പച്ചക്കറികൾ കഴിക്കാൻ മടിയുള്ള കുട്ടിക്ക് വെജിറ്റബിൾ പുലാവോ ഫ്രൈഡ് റൈസോ നൽകാം. ഓംലെറ്റിൽ ഗ്രേറ്റ് ചെയ്ത കാരറ്റും കാബേജുമൊക്കെ ചേർക്കാം. ഓംലെറ്റിനു മുകളിൽ പീത്‌സ പോലെ ഇവ വിതറി അടച്ചുവച്ച് വേവിച്ചെടുത്താലും കുട്ടി കഴിച്ചോളും. തോരൻ പോലുള്ളവയ്ക്കായി പല നിറങ്ങളിലുള്ള പച്ചക്കറികൾ ഒന്നിച്ചെടുക്കാം. ഈ നിറവൈവിധ്യം കുട്ടിയെ ആകർഷിക്കും. മീനും മുട്ടയും ഇറച്ചിയും മാത്രമല്ല, പയർ, പരിപ്പ്, തൈര്, ഇലക്കറികൾ, പച്ചക്കറികൾ എന്നിവയും കുട്ടിയെ കഴിപ്പിക്കണം.

വിരശല്യം ആഹാരത്തിന്റെ പ്രശ്നമാണോ ?

അനാരോഗ്യകരമായ ചുറ്റുപാടാണ് വിരശല്യത്തിന് കാരണം. പാചകം നന്നായാല്‍ പോരാ, പാചകപാത്രവും വിളമ്പുന്ന പാത്രവുമെല്ലാം നന്നാകണം. പാചകത്തിനും ഭക്ഷണത്തിനും മുൻപും പിൻപും കൈകൾ നന്നായി കഴുകണം. നഖങ്ങള്‍ വെട്ടി വൃത്തിയാക്കണം. ആറു മാസത്തിലൊരിക്കൽ കുട്ടിക്ക് വിരയിളക്കണം എന്നു പറയുന്നതില്‍ കാര്യമില്ല, വിരയുണ്ടെങ്കില്‍ മതി ചികിത്സ. വിരൽ കുടിക്കുന്ന ശീലമുള്ള കുട്ടികളിൽ പ്രശ്നങ്ങൾ കൂടുതലായിരിക്കുമെന്നതിനാൽ ശ്രദ്ധിക്കണം.

ചില കുഞ്ഞുങ്ങൾ മണ്ണു തിന്നുന്നല്ലോ ?

കല്ല്, ഭിത്തിയിൽ നിന്ന് ചുരണ്ടിയെടുക്കുന്ന മണ്ണ്, വേവിക്കാത്ത അരി തുടങ്ങിയവ തിന്നാൻ താല്‍പര്യം കാണിക്കുന്ന കുട്ടികളുണ്ട്.  ഇരുമ്പിന്റെയും മറ്റു ധാതുക്കളുടെയും കുറവു കൊണ്ടുണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. ഭക്ഷണനിയന്ത്രണത്തിലൂടെയും വിരയിളക്കുന്നതിലൂടെയും അയണ്‍ തെറപ്പിയിലൂടെയും ഇതു പരിഹരിക്കാം.

കുഞ്ഞുങ്ങൾക്ക് ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം കൊടുക്കണം ?

ആഹാരം കഴിപ്പിക്കാൻ മിനക്കെടുന്ന മിക്ക അമ്മമാരും മറന്നുപോകുന്ന കാര്യമാണ് ആവശ്യത്തിനു വെള്ളം കൊടുക്കുക എന്നത്. ഒരു വയസ്സു മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികൾക്ക് ദിവസവും നാല്– അഞ്ചു ഗ്ലാസ് വെള്ളം മതി. മൂന്നൂ വയസ്സുമുതൽ ദിവസവും അഞ്ച്– എട്ടു ഗ്ലാസ് എന്നാണ് കണക്ക്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുഞ്ഞിന് നൽകാവൂ എന്നും ഓർക്കുക.

എപ്പോഴാണ് കുഞ്ഞ് സ്വന്തമായി ഭക്ഷണം കഴിച്ച് തുടങ്ങുക ?

ഒന്നര- രണ്ടു വയസ്സാകുമ്പോൾ കുഞ്ഞുങ്ങള്‍ സ്വയം ഭക്ഷണം കഴിക്കാൻ തുടങ്ങും. കുഞ്ഞിന് പ്രത്യേക പാത്രം നല്‍കി മാതാപിതാക്കള്‍ക്ക് ഒപ്പം ഇരുത്തി ഭക്ഷണം നല്‍കാം. ആദ്യമാദ്യം ഭക്ഷണം പുറത്തു വിതറി, വളരെ സമയമെടുത്താകും കുഞ്ഞ് കഴിക്കുക. എന്നാലും കുറച്ചെങ്കിലും കുഞ്ഞിന്റെ ഉള്ളിലെത്തുമെന്നു മാത്രമല്ല, ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് സന്തോഷവും ആത്മവിശ്വാസവും വളര്‍ത്തും.

ഭക്ഷണം എങ്ങനെ കഴിക്കണമെന്നും പാത്രത്തിനു പുറത്തു പോകാതെ കഴിക്കേണ്ട രീതിയെ കുറിച്ചുമെല്ലാം പറഞ്ഞുകൊടുക്കാം. ആഹാരം ഉരുട്ടി വച്ചുകൊടുക്കുക, ആകർഷകമാക്കി അലങ്കരിച്ചു വിളമ്പുക തുടങ്ങിയ പൊടിക്കൈകൾ പരീക്ഷിക്കാം. ആവശ്യത്തിനു മാത്രം വിളമ്പിയ ഭക്ഷണം മുഴുവൻ കഴിച്ചുതീർക്കുന്ന കുഞ്ഞിനെ അഭിനന്ദിക്കാനും മറക്കേണ്ട.

അഞ്ചു നിറങ്ങളുടെ മാജിക്

കുട്ടികളുടെ ഭക്ഷണകാര്യത്തിൽ ഓർത്തിരിക്കേണ്ട ഒരു കാര്യമാണ് ഫൈവ് കളേഴ്സ് ഫൂഡ് ഗ്രൂപ്പ്. വളരുന്ന പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ ആഹാരത്തിൽ അത്യാവശ്യമായ എല്ലാമടങ്ങിയ സൂപ്പർ കോംബോയാണിത്.

പച്ചനിറത്തിലുള്ള പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ, മുരിങ്ങയില, കറിവേപ്പില, വെള്ളരി, വെണ്ടക്ക എന്നിവ ഇരുമ്പ്, നാരുകൾ, പൊട്ടാസ്യം ഉൾപ്പെടെയുള്ള ധാതുക്കൾ എന്നിവയുടെ കലവറയാണ്.

ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സി എന്നിവയും ആന്റി ഓക്സിഡന്റുകളും ധാരാളമടങ്ങിയ നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങളും, കാരറ്റ്, മത്തങ്ങ, ചോളം, കിഴങ്ങുകൾ എന്നിവയും രോഗ  പ്രതിരോധ ശക്തി മെച്ചപ്പെടുത്തും.

വെള്ള നിറത്തിലുള്ള ഭക്ഷണവിഭവങ്ങളായ വെളുത്തുള്ളി, ഉള്ളി, കോളിഫ്ലവർ, റാഡിഷ് തുടങ്ങിയവ ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പ  ഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

തക്കാളി, തണ്ണിമത്തൻ, ചുവന്ന മുളക്, മാതളം, ആ പ്പിൾ തുടങ്ങിയ ചുവന്ന വിഭവങ്ങളിലടങ്ങിയ ലൈകോപിൻ കാൻസറിനെ വരെ ചെറുക്കാൻ സഹായിക്കുന്നവയാണ്.

പർപ്പിൾ കാബേജ്, ബീറ്റ്റൂട്ട്, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളും  ഞാവൽ പോലുള്ള പഴങ്ങളും  ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്.

വായനക്കാരുടെ സംശയങ്ങൾക്ക് ഉത്തരം നൽകിയത് ഡയറ്റീഷനും പോഷകാഹാര വിദഗ്ധയുമായ ഡോ. അനിതാ മോഹനും  മാഹി ജനറൽ ഹോസ്പിറ്റലിലെ കൺസൽറ്റന്റ് പീഡിയാട്രീഷൻ ഡോ. എം. മുരളീധരനും  കോട്ടയം ഗവ. മെഡിക്കൽ കോളജ്  ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. റാണി ലക്ഷ്മിയുമാണ്. 

shutterstock_197892818
Tags:
  • Mummy and Me
  • Baby Care
  • Parenting Tips