Saturday 13 October 2018 02:50 PM IST

വഴക്കുള്ള കുടുംബങ്ങളിൽ നിന്നുവരുന്ന ’വഴക്കാളി’ കുട്ടികളുടെ പ്രശ്നങ്ങൾ അറിയേണ്ടേ?

Shyama

Sub Editor

_REE9454

മകൾക്ക് നാലു വയസ്സാകുന്നതേയുള്ളൂ. ഒട്ടും ക്ഷമയില്ല കു‌ട്ടിക്ക് എന്ന പരാതിയുമായാണ് അച്ഛനും അമ്മയും മകളേ യും കൂട്ടി കൂട്ടികളുടെ കൗൺസലറെ കാണാൻ വന്നത്. ആവശ്യപ്പെട്ടത് കിട്ടിയില്ലെങ്കിൽ, ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടൽ, ഇഷ്ടമുള്ള കാർട്ടൂൺ ചാനൽ ഒന്നു മാറ്റിയാൽ കരച്ചിലൊന്നുമല്ല, കയ്യിൽ കിട്ടുന്നതൊക്കെ എടുത്ത് വലിച്ചെറിയും. വീട്ടിലെന്നോ പുറത്തെന്നോ വ്യത്യാസമില്ല. സ്കൂളിൽ പോ യി തുടങ്ങുമ്പോൾ ഇതൊരു പ്രശ്നമാകുമല്ലോ എന്നോർത്താണ് കൗൺസലിങ് തേടിയത്.

കുട്ടി മനസ്സു തുറന്നപ്പോൾ വീട്ടിൽ നിന്നു തന്നെയാണ് ഈ ശീലം കിട്ടിയതെന്നു മനസ്സിലായി. കുട്ടി കാണുന്നുണ്ട് എന്നതൊന്നും ഒാർക്കാതെ മിക്ക ദിവസവും അച്ഛനും അമ്മയും തമ്മിൽ പോരോട് പോര് തന്നെ. രണ്ടാളുടെയും ഭാഗത്തു നിന്ന് തരിമ്പും വിട്ടുവീഴ്ച ഇല്ലാത്ത വഴക്ക്. ഇതു കണ്ടു വളർന്ന കുട്ടി അതേ വഴിക്കു തന്നെ സഞ്ചരിക്കുന്നതിൽ എന്താണ് അദ്ഭുതം?

പരസ്യമായി തമ്മിൽ തല്ലും വഴക്കും വാക്കേറ്റവും നടത്തുന്ന അച്ഛനമ്മമാർ ഒരു നിമിഷം സ്വയം ചോദിക്കുക. ‘എന്താണ് ഞാൻ ഇതു വഴി എന്റെ കുഞ്ഞിനു പകർന്നു നൽകിക്കൊണ്ടിരിക്കുന്നത്?’.

ചിന്തിക്കുന്നതിനപ്പുറമാണ് കാര്യം

പങ്കാളികൾ തമ്മിൽ എത്ര വലിയ വഴക്കുകൾ ഉണ്ടായാലും കുട്ടികൾ അതിലൊന്നും ഇടപെടുന്നില്ലല്ലോ, അവർ അങ്ങു വളർന്നുകൊള്ളും എന്നു ചിന്തിക്കുന്നവരാണ് കൂടുതലും. കുട്ടികൾക്കു മുന്നിൽ വച്ചോ മുറിയടച്ചോ വഴക്കിട്ടാലും കുട്ടികൾ അതൊന്നും ശ്രദ്ധിക്കാതെ ‘നോർമലായി’ പെരുമാറിക്കോളും എന്നാണ് പലരും കരുതുന്നത്. മുതിർന്നവർക്കുണ്ടാകുന്ന വലിയ തെറ്റിദ്ധാരണകളാണ് ഇതൊക്കെ. ചെറു പ്പത്തിൽ തുടങ്ങി മരിക്കുവോളം വരെ കൂടെയുണ്ടാകുന്ന പേടികളും മാനസ്സിക പ്രശ്നങ്ങളുമാണ് വഴക്കിടുന്ന മാതാപിതാക്കളുടെ കുട്ടികളെ കാത്തിരിക്കുന്ന പ്രശ്നങ്ങൾ എന്ന് മനഃശാസ്ത്ര വിദഗ്ധർ ഒാർമപ്പെടുത്തുന്നു.

അച്ഛനമ്മമാരെ നോക്കിയും കണ്ടുമാണ് കുട്ടി ലോക ത്തെ അറിയുന്നത്. മുതിർന്നവർ അറിയാതെ തന്നെ കുട്ടിക ൾ അവരുടെ ഓരോ പ്രവർത്തികളും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് മറക്കരുത്. തലച്ചോറിലെ നാഡീവ്യൂഹങ്ങൾ കാണുന്ന കാഴ്ചകൾ ഒപ്പിയെടുത്ത് അനുകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നുണ്ട്. 11–12 വയസ്സിലാണ് കുട്ടികൾക്ക് ശരി തെറ്റുകൾ വിശകലനം ചെയ്യാനും വിവേചിച്ചറിയാനും സഹായിക്കുന്ന കഴിവ് (ക്രിറ്റിക്കൽ തിങ്കിങ്) വളരുന്നത്. അതുകൊണ്ട് തന്നെ 11 വയസ്സിൽ താഴെയുള്ള കുട്ടികൾ അച്ഛനമ്മമാർ പറയുന്ന ചീത്ത വാക്കുകള‍്‍ അതേപടി പഠിച്ച് പൊതു ഇടങ്ങളിൽ പറയുന്നതു കൂടുതലായിരിക്കും.

ഗാർഹിക പീഡനത്തിനെതിരെ വന്ന ഒരു പരസ്യമുണ്ട്. സുഹൃത്തുക്കളായ രണ്ടു വീട്ടുകാർ ഒരു വീട്ടിൽ ഒത്തുകൂടിയിരിക്കുന്നു. ഒരു കൂട്ടരുടെ അഞ്ചു വയസ്സു പ്രായമുള്ള മകൻ മറ്റു കൂട്ടരുടെ മകളോട് പറയുന്നു ‘നിന്നെ ഞാൻ വിവാഹം കഴിക്കട്ടേ’ എന്ന്. വീട്ടുകാർ ഈ സംഭാഷണം ശ്രദ്ധിക്കുന്നു.

അവൾ സമ്മതം മൂളുമ്പോള‍്‍ അവൻ തുടരും ‘ഞാൻ എന്നിട്ട് എന്നും വൈകിട്ട് നിന്നെ ചീത്തവിളിക്കും, അ ടിക്കും’. അതിന് മറുപടിയായി പെൺകുട്ടി പറയും ‘ഞാനപ്പോൾ പാത്രങ്ങള‍്‍ പൊട്ടിക്കും തിരിച്ചു ദേഷ്യപ്പെടും, കരയും.’ ഇത് കേൾക്കുന്ന മാതാപിതാക്കൾ തമ്മിൽ പരസ്പരം നോക്കി സ്വന്തം തെറ്റിന് ഇത്ര വ്യാപ്തിയുണ്ടെന്നറിഞ്ഞ് തല താഴ്ത്തുന്നു.

പരസ്യത്തിലേതു പോ ലെ എളുപ്പത്തിൽ തെറ്റു മനസ്സിലാക്കാൻ പലർക്കും കഴിയാതെ പോകുന്നു എന്നതാണ് സങ്കടം.

_REE9492

കുട്ടികളെ മനസ്സിലാക്കാം

വഴക്കുള്ള കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് സാധാരണയായി കാണപ്പെടുന്ന പ്രശ്നങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞോളൂ.

1. ക്ഷമയില്ലായ്മ, ദേഷ്യം

സ്ഥിരമായി വീട്ടിൽ വഴക്കു മാത്രം കണ്ടു വരുന്ന കുട്ടികൾ അച്ഛന്റെയും അമ്മയുടെയും വാക്കുകളും പ്രവർത്തികളും അനുകരിക്കാനുള്ള സാധ്യത കൂടുതലാണ്. പൊതു ഇടങ്ങളിൽ വച്ച് ചീത്ത വാക്കുകൾ പറയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന കുട്ടിയെ സ്വാഭാവികമായും മറ്റുള്ളവർ ഒറ്റപ്പെടുത്തും. അധ്യാപകരടക്കമുള്ളവർ കുട്ടിയെ സ്ഥിരമായി ശകാരിക്കുക കൂടി ചെയ്യുമ്പോൾ എല്ലാവരോടും ദേഷ്യം ഇരട്ടിയാകും. അത് പല രീതിയിൽ പ്രകടിപ്പിക്കുകയും ചെയ്യും.

2. ദയയില്ലാത്ത പെരുമാറ്റം

നന്നേ ചെറുപ്പത്തിൽ തന്നെ കുട്ടികൾ ക്രൂര സ്വഭാവം കാണിച്ചു തുടങ്ങും. ഉറുമ്പിനെ പോലും ചവിട്ടി ഞെരിക്കുക, നായ്ക്കുട്ടി, പൂച്ച തുടങ്ങിയ മിണ്ടാപ്രാണികളെ യാതൊരു പ്രകോപനവും കൂടാതെ ഉപദ്രവിക്കുക, സഹപാഠികളായ കുട്ടികളെ മുറി വേൽപ്പിക്കുക തുടങ്ങിയ പ്രവൃത്തികൾ കുട്ടിയിലെ ദയ ഇല്ലായ്മ പുറത്തു കൊണ്ടുവരുന്നതാണ്. വീട്ടിലെ അരക്ഷിതാവസ്ഥയാണ് ഇവരെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. വേണ്ട ശ്രദ്ധ കിട്ടിയില്ലെങ്കിൽ മോഷണം, പിടിച്ചുപറി, അടിപിടി ഒക്കെയായി ഇത് വളരും.

3. ഏകാന്തത, ഉൾവലിയൽ

വീട്ടിലെ വഴക്കും പ്രശ്നങ്ങളും നിരന്തരം കാണുന്ന കുട്ടികൾക്ക് മറ്റുള്ളവരോട് ഇടപഴകാൻ ബുദ്ധിമുട്ടാകും. പ്രശ്നങ്ങളൊക്കെ ഉള്ളിലൊതുക്കി പല കുട്ടികളും അന്തർമുഖരായിരിക്കും. ഇത്തരക്കാരിൽ ആത്മഹത്യാ പ്രവണതയും നെഗറ്റീവ് ചിന്തകളും കൂടുതലായിരിക്കും. ‘നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല’ എന്ന് കുട്ടിയോട് പറയുന്നത്, അഭിപ്രായ സ്വാതന്ത്ര്യമില്ലാതെ വളരുന്നത് ഒക്കെ കുട്ടിയെ ഉൾവലിയാൻ പ്രേരിപ്പിക്കും. കഴിവ് ഉണ്ടെങ്കിൽ പോലും എന്ത് കാര്യം ചെയ്യാനും ഇത്തരക്കാർക്ക് ആത്മവിശ്വാസക്കുറവുണ്ടാകും.

4. ശ്രദ്ധാകേന്ദ്രമാകാനുള്ള ശ്രമം

ചില കുട്ടികൾ ഒറ്റപ്പെട്ടിരിക്കാൻ ആഗ്രഹിക്കുമ്പോള‍്‍ അതിനു നേരെ വിപരീതമായി ചിന്തിക്കുന്നവരുണ്ട്. എവിടെ ചെന്നാലും ശ്രദ്ധിക്കപ്പെടണം എന്ന ചിന്ത ഇവർക്ക് കൂടുതലായിരിക്കും. വ്യത്യസ്തമായ വസ്ത്രധാരണം, അമിതമായ മേക്കപ്, അശ്ലീലച്ചുവയുള്ള സംഭാഷണം...ഏതെങ്കിലും രീതിയിൽ അ വർ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ചെറുപ്പകാലത്ത് വേണ്ടത്ര ശ്രദ്ധകിട്ടാതെ വളർന്നതാകും ഇതിന്റെ പ്രധാന കാരണം. ബാഹ്യപ്രകടനങ്ങൾ കൊണ്ട് കിട്ടുന്ന ശ്രദ്ധ കുറച്ച് നാൾ മാത്രമേ നിൽക്കൂ. അപ്പോൾ ഇവർ അസ്വസ്ഥരാകും. പുതിയ കൂട്ടുകൾ തേടാനും പഴയത് നിലനിർത്താനും ഇ വർക്ക് സാധിക്കാതെ വരും.

5. അധികാരം സ്ഥാപിക്കൽ

സ്ഥിരമായി വഴക്കിടുന്ന അച്ഛനെയും അമ്മയെയും കണ്ടു വളരുന്ന കുട്ടികൾ ‘ഇങ്ങനെയാണ് എല്ലാ ബന്ധങ്ങളും’ എന്ന് അറിഞ്ഞോ അറിയാതെയോ ചിന്തിക്കുന്നുണ്ട്. സുഹൃത്തുക്കളോട്, പ്രണയിതാവിനോട്, ജീവിത പങ്കാളിയോട് ഒക്കെ അധികാരപൂർവം പെരുമാറാൻ ശ്രമിക്കുന്നതും കാണാം. അധികാരം സ്ഥാപിക്കലാണ് ‘നല്ല ബന്ധത്തിന്റെ ലക്ഷണം’ എന്ന ധാരണ അവരിൽ ബലപ്പെട്ടു കിടക്കും. എങ്ങനെ സ്നേഹം പ്രകടിപ്പിക്കണം, എങ്ങനെ വിട്ടുവീഴ്ച ചെയ്യണം എന്നൊന്നും മനസ്സിലാകില്ല.

അച്ചടക്കമില്ലാത്ത ബന്ധം കണ്ടു വളർന്ന കുട്ടികൾക്ക് ‘ബോർഡർ ലൈൻ പഴ്സനാലിറ്റി’ ഉണ്ടാകാനുള്ള സാധ്യതകളും ചെറുതല്ല. അസ്ഥിരമായ ബന്ധങ്ങളിൽ ഏർപ്പെടുക, തീ രെ ചെറിയ കാര്യങ്ങളിൽ പോലും തളർന്നു പോവുക, നിസ്സാര കാര്യങ്ങൾക്കു പോലും ജീവൻ ബലികൊടുക്കണം എന്ന ചിന്ത വരിക ഒക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

6. തെറ്റ് ന്യായീകരിക്കൽ

അമ്മയെ തല്ലുന്ന അച്ഛൻ, അടി കൊണ്ടിട്ടും മിണ്ടാതെ നിൽക്കുന്ന അമ്മ, അച്ഛന്റെ കുറ്റം എല്ലാവരോടും പറഞ്ഞു നടക്കുന്ന അമ്മ... ഇതൊക്കെ സ്ഥിരമായി കാണുമ്പോൾ സ്വന്തം തെറ്റ് ന്യായീകരിക്കുക എന്നത് കുട്ടിയിൽ ശീലമായി മാറാം. മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റിനെ ക്രൂശിക്കുമ്പോഴും സ്വന്തം പ്രവർത്തികൾക്കുള്ള ന്യായീകരണങ്ങൾ ഇവരുടെ കൈവശം കാണും. സ്നേഹത്തോടെ ചോദിച്ചാൽ പറയുന്ന കാരണം പേടിച്ചിട്ടാണെന്നാകാം.

_REE9501

നമുക്കെടുക്കാം കരുതൽ

അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. അതുകൊണ്ട് വഴക്കുകൾ അപ്പാടെ ഇല്ലാതാക്കുക എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. പകരം അടുത്ത തലമുറയെ അത് മോശമായി ബാധിക്കാതിരിക്കാനുള്ള വഴികൾ നോക്കാം.

∙ കുട്ടികൾക്കു മുന്നിൽ വച്ച് വഴക്കുകളും കയ്യാങ്കളിയും വേണ്ട. ഒഴിവാക്കാൻ പറ്റാത്ത അഭിപ്രായ വ്യത്യാസങ്ങൾ കുട്ടികൾ ഇല്ലാത്ത നേരം നോക്കി തമ്മിൽ പറഞ്ഞു തീർക്കുക.

∙ വഴക്കിടും പോലെ തന്നെ പ്രധാനമാണ് അത് പരിഹരിക്കലും. അച്ഛനുമമ്മയും കുട്ടിയുടെ മുന്നിൽ വച്ച് വഴക്കിട്ടിട്ട് പലപ്പോഴും കുട്ടി കാണാതെ കിടപ്പറയിൽ വച്ചാകും രമ്യതയിലെത്തുക. ഇതറിയാത്ത കുട്ടി ‘അച്ഛനും അമ്മയും വഴക്കിട്ടു, അവർ പിരിയുമോ? തമ്മിൽ തല്ലുമോ? ’ എന്നൊക്കെയോർത്ത് ആകുലപ്പെട്ടാകും ഉറങ്ങാൻ പോകുന്നത്. . ഇത് അവരെ ദിവസങ്ങളോളം അസ്വസ്ഥരാക്കും. കുട്ടികളുടെ മുന്നിൽ വച്ച് വഴക്കിട്ടാൽ അവർക്കു മുന്നിൽ വച്ചു തന്നെ രമ്യതയിലെത്താനും ശ്രമിക്കണം. അതാണ് ഇരുകൂട്ടർക്കും സമാധാനം നൽകുക.

∙ കുട്ടികൾക്കു മുന്നിൽ വഴക്കിടേണ്ടി വന്നാൽ തന്നെ പരസ്പരം ചീത്ത വിളിക്കുകയോ ശാരീരിക കയ്യേറ്റങ്ങൾ നടത്തുകയോ ചെയ്യരുത്. പരസ്പരമുള്ള ബഹുമാനം നഷ്ടപ്പെടുത്താതെ യുക്തിപരമായ സംവാദം മതി.

∙ കുട്ടിക്കു മുന്നിൽ വച്ച് പങ്കാളി പണ്ടു ചെയ്ത തെറ്റ്, പങ്കാളിയുടെ കുടുംബക്കാരെ കുറ്റം പറയുക തുടങ്ങിയവ ഒരിക്കലും ചെയ്യരുത്. ഇത് കുട്ടിക്ക് അച്ഛനമ്മമാരോടുള്ള മതിപ്പില്ലാതാക്കും.

∙ പങ്കാളിയില്ലാത്ത നേരത്ത് അവരുടെ കുറ്റങ്ങൾ കുട്ടിയോട് പറയാതിരിക്കുക. എന്തു കാര്യങ്ങളും തുറന്നു സംസാരിക്കുന്നതാണ് എപ്പോഴും നല്ലത്.

∙ കുട്ടി അച്ഛനെയോ അമ്മയെയോ കുറ്റം പറഞ്ഞാൽ മറ്റേയാൾ അത് പ്രോത്സാഹിപ്പിക്കരുത്. അത്തരം കാര്യങ്ങൾ ചെയ്താൽ ഇനിയും പറയാൻ പ്രേരിപ്പിക്കുന്നത് കുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്നോർക്കുക. ഭാവിയിൽ കാര്യം നേടാൻ വേണ്ടി അവർ ആരെയും ‘മണിയടിക്കും.’ അ തു വ്യക്തിത്വത്തിന് ദോഷകരമാകും.

∙ സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പുറത്തൊരാളോട് പറയുന്നതു നന്നായി ആലോചിച്ചിട്ടു വേണം. പലർക്കും സ്ഥാപിത താൽപര്യങ്ങളും പക്ഷം പിടിക്കലും ഉണ്ടാകാം, ഇത്തരം ഒരവസരം മുതലെടുക്കാൻ നോക്കി നിൽക്കുന്നവരും ധാരാളം കാണും. മൂന്നാമതൊരാളോട് പറയേണ്ട സാഹചര്യം വന്നാൽ അത് രഹസ്യം സൂക്ഷിക്കുമെന്നുറപ്പുള്ള ഉറ്റ സുഹൃത്തിനോടോ അടുത്ത ബന്ധുവിനോടോ ആകാം. ഇതല്ലെങ്കിൽ നല്ലൊരു കൗൺസലറുടെ സഹായം തേടാം.

∙ ഒരുമിച്ച് പോകാൻ പറ്റാത്തവണ്ണം കലഹം പതിവായ അന്തരീക്ഷത്തിൽ കുട്ടികൾ നല്ലവരായി വളരുമെന്ന് പ്രതീക്ഷിക്കരുത്. അതുകൊണ്ട് മാതാപിതാക്കൾ സ്വയം തിരുത്തുക. മക്കൾക്ക് വേണ്ടി നിങ്ങൾ വാങ്ങിക്കൊടുത്ത സമ്മാനങ്ങളുടെ ലിസ്റ്റ് വാത്സല്യത്തിന്റെ അടയാളമാണെന്ന് കരുതരുത്. അതിനേക്കാൾ കുട്ടി ആഗ്രഹിക്കുന്നത് മാതാപിതാക്കളുടെ ഒരുമിച്ചുള്ള സ്നേഹസാന്നിധ്യമാണ്

സ്നേഹത്തിനു പകരമാകില്ല ഒന്നും. സ്നേഹത്തിന്റെയും കരുതലിന്റെയും നിലാവും തണലുമറിഞ്ഞ് വളരട്ടെ, നമ്മുടെ മക്കൾ.

ഡോ. അരുൺ ബി.നായർ, അസോഷ്യേറ്റ് പ്രഫസർ ഇൻ

സൈക്യാട്രി, മെഡിക്കൽ കോളജ്, തിരുവനന്തപുരം.

അഡ്വ. ജെ. സന്ധ്യ, ബാലാവകാശ കമ്മിഷൻ മുൻ അംഗം,

തിരുവനന്തപുരം.