Friday 07 September 2018 12:13 PM IST : By സ്വന്തം ലേഖകൻ

വെള്ളത്തിലെ കളികളിൽ നിന്ന് കുട്ടിയെവൃത്തി പഠിപ്പിക്കാനും ട്രിക്കുകളുണ്ട്

parenting

വാവേ, കുളിക്കാം’ എന്നു പറഞ്ഞു വിളിച്ചാൽ അ പായമണി കേട്ട പോലെ ഓടുന്ന കുറുമ്പുകൾ ‘വാവയ്ക്കു കളിക്കാൻ ഒരു ബക്കറ്റ് വെള്ളം തരട്ടെ’ എന്ന ചോദ്യത്തിനു മുന്നിൽ പാട്ടുംപാടി വന്നു നിൽക്കും. അത്രയ്ക്കിഷ്ടമാണ് കുട്ടികൾക്ക് വെള്ളം കോരിക്കളഞ്ഞും വെള്ളത്തിൽ കയ്യിട്ടു തെറിപ്പിച്ചും കളിക്കാൻ. പക്ഷേ, ഇതിനിടയിൽ കുളിപ്പിച്ചു തുടങ്ങിയാൽ വഴക്കാകും.  പല്ലുതേപ്പും കുളിയും കൈ കഴുകലും ശുചിത്വപാഠങ്ങളാണെന്ന് കുട്ടികൾക്ക് അറിയാത്തതാണു പ്രശ്നം. ഈ പാഠം പഠിച്ചാലേ സ്കൂളിലും പാർക്കിലും മറ്റും പോകുമ്പോഴും  അവർ വൃത്തിയുടെ കാര്യം ശ്രദ്ധിക്കൂ...


ഇഷ്ടങ്ങളെ കൂട്ടുപിടിക്കാം


∙ കാർട്ടൂണിലെ ഇഷ്ട കഥാപാത്രത്തിന്റെ പടമുള്ള ടൂത് ബ്രഷും പേസ്റ്റും  വേണം  കുട്ടികൾക്കായി തിരഞ്ഞെടുക്കാൻ. പ്രിയ കഥാപാത്രങ്ങൾ ഈ പേസ്റ്റാണ് ഉപയോഗിക്കുന്നതെന്നും പറയുക. അതാകുമ്പോൾ വെള്ളത്തിൽ കളിക്കാനെത്തുന്ന കുട്ടിക്ക് ബ്രഷ് ചെയ്യാനുള്ള താൽപര്യവും ഉണ്ടാകും.


∙ ബ്രഷ് ചെയ്യേണ്ട രീതിയും പല്ലു തേയ്ക്കുന്നതിന്റെ പ്രധാന്യവും പറയുന്ന ടൂത്ബ്രഷ് സോങ് കുട്ടിയെ പഠിപ്പിക്കാം. രാവിലെയും രാത്രിയും ഈ പാട്ടു പാടി കുട്ടിയെ പല്ലു തേക്കാൻ പ്രചോദിപ്പിക്കാം. പാട്ടിന്റെ  താളം രസിച്ച്  പാട്ടിലെ വരിയിലെ പോലെ കുട്ടി ബ്രഷ് ചെയ്തോളും.


∙ കുട്ടികളോടു പറയുന്ന കഥകളിൽ രസകരമായ ഗുണ പാഠ കഥകൾ ഒരുക്കുക. വായ്നാറ്റം കാരണം നാണം കെടുന്ന രാക്ഷസന്റെയും  കുളിക്കാത്തതു കൊണ്ട്  രോഗം വന്ന കോമാ ളിയുടെയും കഥകൾ പല്ലു തേക്കുന്നതിന്റെ ആവശ്യമെന്താണെന്ന് കുട്ടിയെക്കൊണ്ട് ചിന്തിപ്പിക്കും.


∙ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരത്തിലും നനവുള്ള ടൈലിൽ പറ്റിയിരിക്കുന്നതുമായ ബാത് ടോയ്സ് വാങ്ങി വ യ്ക്കാം. കുളിക്കാൻ മടി കാണിക്കുമ്പോൾ നിനക്കൊപ്പം കുളിക്കാനായി കളിപ്പാട്ടങ്ങൾ കാത്തിരിക്കുന്നു എന്നു പറഞ്ഞു കുട്ടിയെ ബാത്റൂമിലേക്ക് ആകർഷിക്കാം. പാവകളെ കുളിപ്പിച്ചു  വൃത്തിയാക്കാൻ മക്കളോടു പറയണം. വൃത്തിയായിരുന്നില്ലെങ്കിൽ രോഗം വരുമെന്നും ഡോക്ടർ കുത്തി വയ്ക്കുമെന്നുമൊക്ക പാവയോടു പറയാനും  പറയുക.


∙ പ്രധാന ഭക്ഷണം  കഴിക്കുന്നതിനു മുൻപു മാത്രമല്ല ഇടനേരങ്ങളിൽ സ്നാക്സ് കഴിക്കാൻ നൽകുന്നതിനു മുൻപും  കൈ കഴുകിക്കണം. ‘കയ്യിൽ കീടാണുക്കൾ ഒളിച്ചിരിപ്പുണ്ടെന്നും ഭക്ഷണം കഴിക്കാൻ നേരം കുഞ്ഞിന്റെ വയറ്റിലെത്താൻ തക്കം പാർത്തിരിക്കുകയാണെ’ന്നും പറയുക. കൈ കഴുകിക്കുമ്പോൾ ‘കണ്ടോ.. കീടാണുക്കൾ ചമ്മി ഓടിപ്പോയി’ എന്നും പറയാം. ഇങ്ങനെ കളിയിലൂടെയാണെങ്കിലും ചെയ്യുന്ന പ്രവൃത്തിയുടെ ശരിയായ ഉദ്ദേശ്യം  അവരെ അറിയിക്കണം.   


∙ 15 സെക്കൻഡ് കൈകൾ നന്നായി തേച്ചുരച്ചു കഴുകിയാലേ അണുക്കൾ നശിക്കൂ. ഈ സമയം കണക്കുകൂട്ടാൻ ഏതെങ്കിലും പാട്ടു പഠിപ്പിച്ചാൽ മതി. എപ്പോൾ കൈ കഴുകുമ്പോഴും  ഈ പാട്ടു പാടാൻ പറയുക. ഈ രീതികളൊന്നും കുട്ടി ഒ രു ദിവസം കൊണ്ട് ശീലിക്കണമെന്നില്ല, കുട്ടിയോടൊപ്പം നിന്ന് എല്ലാം പഠിപ്പിച്ചു കൊടുക്കാൻ അച്ഛനമ്മമാരും സമയം കണ്ടെത്തണം.