Saturday 27 July 2019 06:11 PM IST : By സ്വന്തം ലേഖകൻ

കുട്ടിയുടെ വ്യക്തിത്വം ഏത് ടൈപ്പ് എന്ന് തിരിച്ചറിയാം; മിടുക്കരായി വളർത്താൻ മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!

shutterstock_312137783

‘‘എന്റെ  മോൻ കൂട്ടുകാരോെടാന്നും  അങ്ങനെ  അടുക്കുന്നില്ല. ഇങ്ങനെ ഒതുങ്ങിക്കൂടിയാൽ ഭാവിയിൽ കുഴപ്പമാകുമോ എന്നാ പേടി...’’

‘‘എന്റെ േമാൾ വലിയ വായാടിയാ... യുകെ.ജിയിൽ ചേർന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ. ക്ലാസിൽ നിറയെ കൂട്ടുകാരാണ്...  കൂട്ടുകാരോട് അവൾ പറയുന്ന പല കാര്യങ്ങളും വെറുെത ഉണ്ടാക്കിപ്പറയുന്നതാണെന്നതാ തമാശ... ഡാൻസ് കളിക്കാനോ പാട്ടു പാടാനോ ഒന്നു പറയേണ്ട താമസമേയുള്ളൂ. അപ്പോൾ തുടങ്ങും. കുട്ടികളായാൽ ഇങ്ങനെ വേണം...’’

കുട്ടികളെക്കുറിച്ച്  ഇങ്ങനെ പല തരത്തിൽ വിലയിരുത്തുന്ന അച്ഛനമ്മമാർ ഒാർക്കാറുണ്ടോ കുട്ടികളിങ്ങനെ പെരുമാറുന്നതിന്റെ കാരണമെന്താണെന്ന്.  മിക്ക മാതാപിതാക്കളും കുട്ടികളുെട പെരുമാറ്റത്തിനു മാർക്ക് ഇടുകയും അവരെ താരതമ്യപ്പെടുത്തുകയും ചെയ്യും. ‘‘അപ്പുറത്തെ വീട്ടിലെ നോയൽ എന്തു സ്മാർട്ടാ. നിനക്കെന്താ അങ്ങനെ ആയിക്കൂടേ? ’’ ഈ മട്ടിൽ  സ്വന്തം കുട്ടിയോട് ചോദിക്കുന്ന അച്ഛനും അമ്മയും  കുട്ടിയുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതയെക്കുറിച്ച്  ചിന്തിക്കുന്നില്ല.

കുട്ടികളുെട െപരുമാറ്റം,  പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന രീതി... ഇതെല്ലാം അവരുെട വ്യക്തിത്വം ഏതു തരത്തിലുള്ളതാണ് എന്നതിനെ ആശ്രയിച്ചിരിക്കും. ഇത് തീരെ മനസ്സിലാക്കാതെ അച്ഛനമ്മമാർ പെരുമാറുന്നത് പല തരത്തിൽ നെഗറ്റിവ് ആയി ബാധിക്കാം.

എട്ടു വയസ്സുകാരി ചിഞ്ചുവിനെക്കുറിച്ച് അച്ഛനമ്മമാർക്ക് നിറയെ പരാതിയാണ്. അതിഥികൾ വന്നാൽ വീട്ടിലെ മുറിയിൽ ഒളിച്ചിരിക്കും. മറ്റ് വീടുകളിൽ  സൗഹൃദ സന്ദർശനങ്ങൾക്കു പോകുമ്പോഴോ? കാറിൽ നിന്നിറങ്ങാൻ കൂട്ടാക്കില്ല. കുട്ടിക്കെന്തോ തകരാറാണെന്നു കരുതിയാണ് സൈക്കോളജിസ്റ്റിനെ കാണിച്ചത്.  പക്ഷേ, ഡോക്ടറുടെ മുന്നിൽ കുട്ടി മനസ്സ് തുറന്നു.

‘‘വീട്ടിൽ ഗസ്റ്റ് വന്നാൽ അപ്പോഴെല്ലാം അച്ഛനും അമ്മയും എന്നെ വിളിച്ച് അവരുെട മുന്നിൽ വച്ച് പാട്ടു പാടാനും ഡാൻസ് കളിക്കാനും നിർബന്ധിക്കും. മറ്റ് വീടുകളിൽ പോകുമ്പോഴും അങ്ങനെ തന്നെ. എനിക്കു പരിചയമില്ലാത്തവരുടെ മുന്നിൽ പാട്ടു പാടാൻ  വയ്യ. അതു പേടിച്ചാണ് ഞാൻ എങ്ങും പോകാത്തത്.’’

കുട്ടിയുടെ വ്യക്തിത്വം ഏതു തരത്തിൽ ഉള്ളതാണെന്ന് തീരെ മനസ്സിലാക്കാതെ പെരുമാറുന്നതാണ് ഇവിടെ അച്ഛനമ്മമാരുടെ കുഴപ്പം.

മൂന്ന് തരം വ്യക്തിത്വങ്ങൾ

എല്ലാ കുട്ടികളും ഉൾപ്പെടുന്നത് മൂന്ന് തരത്തിലുള്ള പഴ്സനാലിറ്റി ടൈപ്പിൽ ഏതിലെങ്കിലും  ആയിരിക്കും.

1. എക്സ്ട്രോവെർട്ട്സ് (ബഹിർമുഖർ)

2. ഇൻട്രോവെർട്ട്സ് (അന്തർമുഖർ)

3. മിക്സഡ് പഴ്സനാലിറ്റി. (രണ്ടു തരം സവിശേഷതകളും

കൂടിക്കലർന്ന വ്യക്തിത്വം.)

കുട്ടിയുടേത് ഏതു തരം വ്യക്തിത്വം ആണെന്ന്  അച്ഛനമ്മമാർ മാത്രമല്ല, അധ്യാപകരും തിരിച്ചറിയേണ്ടതുണ്ട്. അതനുസരിച്ച് അവർക്ക് അവസരങ്ങൾ ഒരുക്കി െകാടുക്കാം. അവരുെട കഴിവുകൾ പ്രോൽസാഹിപ്പിക്കാം.

കൂടുതൽ കുട്ടികളും മിക്സഡ് പേഴ്സനാലിറ്റിയിലാണ് വ രാറുള്ളതെങ്കിലും ചില കുട്ടികൾ തികച്ചും എക്സ്ട്രോവെർട്ട്സ് ആയും ചിലർ തികച്ചും ഇൻട്രോവെർട്ട് ആയും വരാം.

ഇങ്ങനെയുള്ള കുട്ടികളുടെ സ്വഭാവം മനസ്സിലാക്കുന്നതിലും അവരുമായി ഇടപെടുന്നതിലും നല്ല തിരിച്ചറിവ് വേണം. പ്രീ സ്കൂൾ ക്ലാസിലെത്തുമ്പോഴേക്കും കുട്ടിയുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതകൾ തിരിച്ചറിയാം. അതിന് ചേരുന്ന തരത്തിലുള്ള പേരന്റിങ് രീതി പിന്തുടരുകയും വേണം.

എങ്ങനെ തിരിച്ചറിയാം?

ഇൻട്രോവെർട് ട്ടികൾ പൊതുവെ നിശ്ശബ്ദരായിരിക്കും. വായന, സംഗീതം, പെയിന്റിങ് ഇവയെല്ലാം കൂടുതലിഷ്ടപ്പെടുന്നു.  ഈ കുട്ടികൾ വളരെ ആലോചിച്ചേ സംസാരിക്കൂ. പെട്ടെന്ന് സംസാരിക്കില്ല. സ്വഭാവത്തിലും കഴിവിലും സ്ഥിരത കാ ണും.  സ്വന്തം മനസ്സിന്റെ ഉള്ളിലേക്കു നോക്കാൻ ഇവർ കൂടുതലിഷ്ടപ്പെടുന്നു. ഇൻട്രോവെർട് കുട്ടികൾ  നിരീക്ഷിച്ചും മനസിൽ ചിന്തിച്ചുമാണ് പല കാര്യങ്ങളും പഠിക്കുന്നത്.

എക്സ്ട്രോവെർട് കുട്ടികൾ കൂടുതലായി സംസാരിക്കാനിഷ്ടപ്പെടുന്നു. ഒട്ടും ആലോചിക്കാതെ പെട്ടെന്ന് പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ടൈപ്പായിരിക്കും. സംസാരിച്ചു കഴിഞ്ഞായിരിക്കും ആലോചിക്കുക. മനസ്സ് കൂടുതൽ ചഞ്ചലമായിരിക്കും. ആളുകളുമായി എത്രയും കൂടുതൽ ഇടപഴകാൻ അവർക്കിഷ്ടമായിരിക്കും. ചുറ്റുമുള്ളവർക്ക് എനർജി പകരും. എക്സ്ട്രോവെർട്ടായ കുട്ടികൾ മറ്റുള്ളവരോട് സംസാരിച്ചും ഇടപഴകിയുമാണ് കാര്യങ്ങൾ പഠിക്കുന്നത്.  

തെറ്റായി കുട്ടികളെ നേരിടുമ്പോൾ

കുടുംബത്തിലെ ഒത്തു ചേരലുകളിലും ആഘോഷങ്ങളിലും ഇൻട്രോവെർട് കുട്ടികളും എക്സ്ട്രോവെർട് കുട്ടികളും ഉ ണ്ടാകും. എല്ലാവരുടെയും ശ്രദ്ധയും വാൽസല്യവും കിട്ടുന്നത് എക്സ്ട്രോവെർട് കുട്ടികൾക്കായിരിക്കും. അത് പതിവാകുമ്പോൾ ഇൻട്രോവെർട് കുട്ടികൾക്ക്  അപകർഷ ബോധം ഉണ്ടാകും. അവർക്ക് പ്രത്യേകം കരുതൽ വേണം. ഇഷ്ടം പറഞ്ഞ് അവർ മുന്നോട്ടു വരില്ല. മാതാപിതാക്കളും അധ്യാപകരും താൽപര്യങ്ങൾ മനസ്സിലാക്കി അവരെ മുന്നിലേക്ക് നയിക്കണം.

ഇൻട്രോവെർട് കുട്ടി സ്വന്തം വീട്ടിൽ പോലും തെറ്റിദ്ധരിക്കപ്പെടാം. ടീനേജ് പ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ അനുഭവം. കുട്ടി നന്നായി ചിത്രം വരയ്ക്കും, എഴുതും. നന്നായി പഠിക്കും. കുറച്ച്  നാണംകുണുങ്ങി പ്രകൃതമായതിനാൽ മറ്റുള്ളവരുമായി െപട്ടെന്ന് അടുക്കാറില്ല. ഒടുവിൽ മാതാപിതാക്കൾ മകളുമായി സൈക്കോളജിസ്റ്റിന്റെ അരികിലെത്തി.

കുട്ടി ഡോക്ടറോട് വിഷമത്തോടെയാണ് പറഞ്ഞത്: ‘‘എന്തു െചയ്യും ‍‍ഡോക്ടർ ഞാനൊരു ഇൻട്രോവെർട്ടായി പോ യി..’’ തന്റെ വലിയ പോരായ്മയാണിതെന്ന്  സ്വയം അംഗീകരിച്ചതു പോലെ. ലേണിങ് ഡിസബിലിറ്റി പോലെയോ, സോഷ്യ ൽ സ്കില്ലിനുള്ള കഴിവില്ലായ്മ പോലെയോ... എന്തോ ഒരു കുറവ് തനിക്കുണ്ടെന്ന തോന്നൽ അവളിൽ ഉറച്ചു പോയതിനു മാതാപിതാക്കളും  ഉത്തരവാദികളാണ്.  

എക്സ്ട്രോവെർട്ട് കുട്ടികളെ പൊതുവെ എല്ലാം തിക‍ഞ്ഞവരായിട്ടാണ് അച്ഛനമ്മമാരും അധ്യാപകരും കാണുന്നത്. എന്നാൽ ഈ സ്വഭാവവും പരിധി വിട്ടാൽ കുഴപ്പമാണെന്ന് ചൂണ്ടിക്കാട്ടുന്നു ഈ കുട്ടിയുടെ അനുഭവം.

പ്ലസ് ടുവിനു പഠിക്കുന്ന പെൺകുട്ടി. പഠനത്തിൽ മിടുക്കി. ക്ലാസിലെ ശ്രദ്ധാകേന്ദ്രമാണ്. എല്ലാവരുടെയും ശ്രദ്ധ കവരണമെന്നത് കുട്ടിയുടെ ഒരാഗ്രഹം പോലെയാണ്. ആഗ്രഹിക്കും പോലെ ഏതെങ്കിലും സമയത്തു ശ്രദ്ധ കിട്ടാതെ വന്നാൽ അ ല്ലെങ്കിൽ, ടീച്ചർ മറ്റ് കുട്ടികൾക്കു കൂടുതൽ ശ്രദ്ധ കൊടുക്കുന്നതായി തോന്നിയാൽ ഈ കുട്ടി വല്ലാതെ മൂഡ്  ഒൗട്ട് ആകും. ടീച്ചർ മറ്റൊരു കുട്ടിക്ക് കൂടുതൽ ശ്രദ്ധ കൊടുത്തെന്ന തോന്നൽ കാരണം  ക്ലാസിൽ പോകാതായി. വീട്ടിലിരുന്ന് കരച്ചിലായി. ഇത്തരം സ്വഭാവം എക്സ്ട്രോവെർട് കുട്ടികളിൽ അമിതമായ അറ്റൻഷൻ സീക്കിങ്ങിെന്റ  ഭാഗമായി വരാം.  

bbdefgugu

അച്ഛനമ്മമാരുടെ പിഴവുകൾ

1. ‘സ്മാർട്ടാ’ക്കാൻ നിർബന്ധിക്കുമ്പോൾ

കുട്ടി എൽകെജിയിലെത്തുമ്പോൾ തന്നെ മാതാപിതാക്കൾ ആഗ്രഹിക്കും  തന്റെ കുട്ടിയാകണം  ക്ലാസിലെ ഏറ്റവും  ‘സ്മാർട്ട്’ എന്ന്. സ്മാർട്നസ് എന്നാൽ എപ്പോഴും എല്ലാത്തിനും മുന്നിൽ നിൽക്കുക, ടീച്ചർ ചോദിക്കുമ്പോഴേ ഉത്തരം പറയുക, കൂട്ടുകാരുടെ നടുവിൽ താരമാകുക, അങ്ങനെ ചില  മാനദണ്ഡങ്ങളാണ് അച്ഛനമ്മമാരുടെ മനസ്സിൽ. ഇതിനൊപ്പിച്ചുള്ള പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ, കുറ്റപ്പെടുത്തലാകും.

2. അവഗണിക്കുക

രണ്ടു തരം െപരുമാറ്റം രണ്ടു തരം പഴ്സനാലിറ്റി ടൈപ്പിന്റെ ഭാഗമാണെന്ന സത്യം  മനസ്സിലാക്കി വേണം പെരുമാറാൻ. അധ്യാപകർ പലപ്പോഴും ഒതുങ്ങി െപരുമാറുന്ന കുട്ടികളെ തീരെ ശ്രദ്ധിക്കാതെ വരാം. എല്ലാത്തിനും മുൻനിരയിലേക്ക് തള്ളിക്കയറി വരുന്ന കുട്ടികളുെടയിടയിൽ ഇവർക്ക് ഒരു പ്രാധാന്യവും കൊടുക്കാതിരിക്കും. ഇത് കുട്ടിയെ ദോഷകരമായി ബാധിക്കാം.

3. ലേബൽ ചെയ്യുക.

‘‘അല്ലേലും നീയൊരു വല്ലാത്ത നാണം കുണുങ്ങിയാ. നിന്നെക്കൊണ്ടൊന്നിനും പറ്റില്ല...’’ എന്ന് ലേബൽ ചെയ്ത് ഇൻട്രോവെർട് കുട്ടിയുടെ ചെറിയ ശ്രമങ്ങളെ പോലും  മുളയിലേ നുള്ളിക്കളയാം. കുഞ്ഞു പ്രായത്തിലേ നേരിടേണ്ടി വരുന്ന ഈ അവഗണന കുട്ടിയുടെ ആത്മവിശ്വാസം തകർത്തു കളയും. സ്വയം മതിപ്പില്ലാത്തവരായി ഇവർ വളരും. എനിക്കെന്തോ കുറവുണ്ടെന്ന തോന്നൽ ശക്തമായി വേരാടും ഉള്ളിൽ. എക്സ്ട്രോവെർട്  കുട്ടിയുടേതു പോലുള്ള പെരുമാറ്റത്തിനായുള്ള സമ്മർദം മാനസികാരോഗ്യത്തെയും ബാധിക്കും.

കുട്ടി ഇൻട്രോവെർട് ആണെങ്കിൽ

അന്തർമുഖ പ്രകൃതമാണ് കുട്ടിക്കെങ്കിൽ എല്ലാവരോടും സൗഹൃദമുണ്ടാക്കണമെന്ന് പറഞ്ഞ് വാശി പിടിക്കണ്ട. എങ്കിലും, നല്ല കൂട്ടുകാരെ കണ്ടെത്തണം, കൂട്ടുകാരുമായി കൂടുതൽ ഇടപഴകണം എന്നു പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാം.

ചില കുട്ടികൾക്ക് ഒറ്റപ്പെടൽ ഉണ്ടോ അത് മാനസ്സികമായി പ്രശ്നമാകുന്നുണ്ടോ എന്നും നോക്കണം. ഗുരുതര പ്രശ്നമാണെങ്കിൽ ഇക്കാര്യം കുട്ടിയുടെ ക്ലാസ് ടീച്ചറുമായി സംസാരിക്കാം.  ടീച്ചറുടെ പ്രത്യേക പരിഗണന അവരെ മുൻനിരയിലേക്കു നയിക്കും.

അപരിചിതരുള്ള വലിയ ഗ്രൂപ്പുകളിലും പാർട്ടികളിലുമൊക്കെ കുട്ടിക്ക് മടുപ്പും ക്ഷീണവും തോന്നാം. ഇത്തരം സന്ദർഭങ്ങളിലേക്ക് കുട്ടിയെ ഇഷ്ടമില്ലാതെ വലിച്ചിഴയ്ക്കണ്ട. ഇത്തരം ഒത്തുകൂടലുകളിൽ അൽപം നേരത്തെ എത്താം. അന്തരീക്ഷവുമായി ഇണങ്ങാൻ ഇത് കുട്ടിയെ സഹായിക്കും. പരിചയക്കാരെ കാണുമ്പോൾ കുട്ടിയെ ഒറ്റയ്ക്കു വിട്ടുപോകാതെ ഒപ്പം നിന്നും  സംസാരിച്ചും കുട്ടിയെ എൻഗേജ്ഡ് ആക്കി നിർത്താം.

എഴുത്ത്, വായന, ചിത്രംവര, സംഗീതം ഇങ്ങനെ തനിച്ച് മുഴുകാൻ കഴിയുന്ന ആക്ടിവിറ്റികളിലായിരിക്കും  ഈ കുട്ടികൾ സജീവം. അവരുടെ ഇത്തരം കഴിവുകൾ പ്രോൽസാഹിപ്പിക്കാൻ അവസരം ഒരുക്കണം. അവർക്ക് താൽപര്യം ഇല്ലെങ്കി ൽ അപരിചിതർക്കു മുന്നിൽ കലാപ്രകടനങ്ങൾ അവതരിപ്പിക്കാൻ കുട്ടിയോട് ആവശ്യപ്പെടരുത്. അവരുെട സ്വഭാവത്തെ കുറവായി ഹൈലൈറ്റ് ചെയ്യരുത്. വളരെ ആലോചിച്ചേ ഈ കുട്ടികൾ സംസാരിക്കൂ. കുട്ടി സംസാരിക്കാൻ താമസമെടുക്കുമ്പോൾ െപാട്ടിത്തെറിക്കുകയോ പരിഹസിക്കുകയോ അരുത്.

കുട്ടി ഇൻട്രോവെർട്ടാണെന്നു ടീച്ചറോട് പറയാം.  അതു കുറച്ചിലായി പറയരുത്. കൂട്ടുകാരെ ഉണ്ടാക്കാനും ക്ലാസിൽ ഉത്തരം പറയാനും അൽപം സാവകാശം കുട്ടിക്ക്് വേണം എന്ന് പറയാം. ഇതിന്റെ പേരിൽ മറ്റ് കുട്ടികൾ കുട്ടിയെ പരിഹസിക്കാതിരിക്കാൻ ടീച്ചർക്ക് ശ്രദ്ധിക്കാം. അവരുെട കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം െകാടുത്ത്  മറ്റ് കുട്ടികൾക്കിടയിൽ അവർക്കും പ്രാധാന്യം കണ്ടെത്താം.

ബർത്ത്ഡേ പാർട്ടികളിൽ െബസ്റ്റ് ഫ്രണ്ട്സിനെ മാത്രം ക്ഷണിച്ചാൽ മതിയെന്നു കുട്ടി പറഞ്ഞാൽ അങ്ങനെ ചെയ്യുക. ഒരുപാട് പേരെ ക്ഷണിച്ച് ബഹളമയമായ അന്തരീക്ഷം കുട്ടിയ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അതൊഴിവാക്കുക.

ഈ കുട്ടികൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്. വ്യക്തിപരമായ അവരുെട പോസിറ്റിവ് കഴിവുകൾ മനസ്സിലാക്കി  ഈ കുട്ടികളുടെ കഴിവുകൾ വളർത്താൻ കൂടെ നിൽക്കണം. ഇല്ലാത്ത കഴിവുകൾ അടിച്ചേൽപിക്കാൻ ശ്രമിക്കരുത്.

വ്യക്തിത്വം മാറ്റാൻ നോക്കേണ്ട

വ്യക്തിത്വം ഏതു തരം ആയാലും കുട്ടിയെ അവരായി തന്നെ ഇഷ്ടപ്പെടുക. അവരെ പാടെ മാറ്റി മറിക്കാൻ ശ്രമിക്കരുത്. അ ങ്ങേയറ്റത്തെ (എക്സ്ട്രീം) നിലയിലേക്ക് പോയാലേ പ്രശ്നം വരുന്നുള്ളൂ. ഏതുതരം വ്യക്തിത്വം ആയാലും കുട്ടിയുെട ജീവിതത്തിലും ഭാവിയിലും സന്തോഷവും വിജയവും ഉണ്ടാകാനാണ് അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ടത്.  

ജീവിത വിജയത്തിലേക്ക് രണ്ടു വഴിയേ

ജീവിത വിജയത്തിലേക്കു രണ്ടു വഴികളാണ് എക്സ്ട്രോവെർട്സിനും ഇൻട്രോവെർട്സിനും. ഇവരെ വഴിമാറ്റി നടത്താൻ നോക്കാതെ അവരുടെ വഴിയേ സഞ്ചരിക്കാൻ അനുവദിക്കുക. ഇൻട്രോവെർട്ടും  എക്സ്ട്രോവെർട്ടും ആകുന്നത്  ബയോളജിക്കലായ  കാരണങ്ങൾ െകാണ്ടാണെന്ന് മനസ്സിലാക്കുക. രണ്ടു വ്യക്തിത്വത്തിലുള്ളവരുടേയും പൊതുവായ പ്രത്യേകതകളാണ് ഇനി പറയുന്നത്.

ഇൻട്രോവെർട്സിനു സൗഹൃദങ്ങൾ എണ്ണത്തിൽ കുറവാകും. ഉള്ളത് ആഴത്തിലുള്ള സൗഹൃദങ്ങളായിരിക്കും. പ ഠനത്തിലും ജോലിയിലും കൂടുതൽ ഏകാഗ്രതയോടെ മുഴുകാൻ സാധിക്കുന്നത് ഇൻട്രോവെർട്സിനായിരിക്കും. ഒരു ജോലി െചയ്യുന്നതിനിടയിൽ തന്നെ എക്സ്ട്രോവെർട്സിനു പല കാര്യങ്ങളിലേക്കും ശ്രദ്ധ മാറും. അതേ സമയം, നേതൃത്വം വഹിക്കാൻ എക്സ്ട്രോവെർട്സിനു കൂടുതൽ എളുപ്പമായിരിക്കും.

_REE2952b

ഇൻട്രോവെർട്സ് നല്ല ശ്രോതാക്കളായിരിക്കും. പ്രതികരിക്കാൻ സമയം അൽപം കൂടുതൽ ഇവർക്ക് വേണ്ടിവരും. ഇത്തരം സ്വഭാവം വച്ച് കുട്ടിയെ പരിഹസിച്ചാൽ പിന്നെ, ഇ വർ സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാതിരിക്കും. സ്വന്തം ക ഴിവും കഴിവുകേടും കൃത്യമായി ഇവർക്കറിയാം. വിശകലനങ്ങൾ നടത്താനും ഇവർക്ക് കഴിവുണ്ടായിരിക്കും.

എക്സ്ട്രോവെർട്സ് അമിത ആത്മവിശ്വാസം കാണിക്കാറുണ്ട്. തങ്ങൾക്ക് സാധിക്കാത്ത കാര്യവും സാധിക്കും എന്നു പറയും. ഒരു കാര്യവും അസാധ്യമെന്ന് പൊതുവേ ഇവർ പറയാറില്ല.

നിരീക്ഷണ പാടവം, കലാപരമായ കഴിവ് ഇവ ഇൻട്രോവെർട്സിനായിരിക്കും കൂടുതൽ. ക്ഷമയോടെ പ്രോൽസാഹനം നൽകിയാൽ ഇവർ അദ്ഭുതകരമായ വിജയങ്ങൾ നേടും.

ലോകത്തെ സക്സസ്ഫുൾ ആയ വ്യക്തികളിൽ 60– 70 ശതമാനവും ഇൻട്രോവെർട്സ് ആണെന്ന് പഠനങ്ങൾ പ റയുന്നു. ആൽബെർട്ട് െഎൻസ്റ്റൈൻ, മഹാത്മാ ഗാന്ധി, ബിൽ ഗേറ്റ്സ്, ജെ.കെ. റൗളിങ്, മെറിൽ സ്ട്രീപ്പ്... തുടങ്ങിയവർ ഇക്കൂട്ടത്തിൽപെടുന്നു.  

കൂടുതൽ സംസാരിക്കും. എളുപ്പം കൂട്ടാകും, പക്ഷേ...

എക്സ്ട്രോവെർട് ആയവർക്ക് ചുറ്റുമുള്ളവരിൽ എനർജിയും ആവേശവും നിറയ്ക്കാൻ കഴിയും. സൗഹൃദങ്ങളുെട നെറ്റ്‌വർക്ക് ഉണ്ടാക്കാനും ബഹുമിടുക്കരാണ്.

നേതൃഗുണം കൂടുതലായിരിക്കും  ഇവരിൽ. പാർട്ടികളും ടീം സ്പോർട്സും ഒക്കെ വലിയ ഇഷ്ടമായിരിക്കും. ആ രീതിയിലുള്ള കഴിവ് വളർത്തിയെടുക്കാം. കുട്ടി ക്ലാസിൽ കൂടുതലായി സംസാരിക്കുന്നവെന്നു പരാതി വരാം. ഇതും കുട്ടിയുടെ സ്വഭാവത്തിന്റെ പ്രത്യേകതയായി മനസ്സിലാക്കണം.

അപരിചിതരുമായി പെട്ടെന്ന് അടുക്കുന്നതിനാൽ അപകടങ്ങളിൽ ചെന്നു ചാടാൻ സാധ്യതയേറെയാണ്. ഈ രീതിയിലുള്ള മുന്നറിയിപ്പു കൊടുക്കണം. സംസാരിക്കാനുള്ള അവരുെട ഇഷ്ടത്തെ അംഗീകരിക്കുക. ഇവർ മറ്റുള്ളവർക്ക് അവസരം െകാടുക്കാതെ അഗ്രസീവ് ആയി പെരുമാറാം. എല്ലാവർക്കും അവസരം കൊടുക്കണമെന്ന് ഇവരെ ബോധ്യപ്പെടുത്തണം.  ഇൻട്രോവെർട്ടായ കുട്ടികളെ ഇവർ തീരെ മനസിലാക്കാതെ പെരുമാറാം. അൺഫ്രണ്ട്‌‌ലി ആയി കരുതാം. അങ്ങനെ പെരുമാറരുതെന്ന് ബാല്യത്തിലേ പറഞ്ഞു മനസ്സിലാക്കണം.

എല്ലായ്പോഴും ശ്രദ്ധാകേന്ദ്രമാകണം എന്ന് ചിന്തിക്കുന്നതിനാൽ അവർ മറ്റു കുട്ടികളെക്കുറിച്ച് പരിഗണനയില്ലാതെ െപരുമാറാം. പങ്കിടലിനെക്കുറിച്ചു കൂടി ഈ കുട്ടികളെ പഠിപ്പിക്കണം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. മായാ നായർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഇന്ദിരാ ഗാന്ധി കോഒാപറേറ്റീവ് ആശുപത്രി, എറണാകുളം. ഡോ. പി.ടി. സന്ദീഷ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഗവ: മെന്റൽ ഹെൽത് െസന്റർ, കോഴിക്കോട്.