Monday 08 July 2019 02:09 PM IST

കുട്ടികളെ കഥാപുസ്തകം എഴുതാൻ സഹായിക്കാം; ക്രിയേറ്റിവിറ്റി പുറത്തുകൊണ്ടുവരാൻ സിമ്പിൾ ടെക്‌നിക്‌സ് ഇതാ!

Tency Jacob

Sub Editor

parenting-story1

കണ്ടിട്ടില്ലേ പരിചിതമായ ശബ്ദം കേൾക്കുമ്പോൾ എത്ര കരച്ചിലിനിടയിലും കുഞ്ഞുങ്ങൾ ഒന്നു കാതോർക്കുന്നത്? കഥകളും പാട്ടും വായിച്ചും പാടിയും കൊടുക്കുന്നതിനൊപ്പം അവരെ സ്വന്തം കഥാപുസ്തകം എഴുതാനും സഹായിക്കാം. അങ്ങനെ ഈ അവധിക്കാലം രസകരവും ഗുണകരവുമാക്കി തീർക്കാം.

ഒരു കുട്ടി കഥ പറയാൻ തുടങ്ങുന്ന പ്രായം

മൂന്നു മാസം പ്രായമുള്ള കുട്ടി പോലും കഥ കേൾക്കാൻ കാതുകൂർപ്പിക്കുന്നുണ്ട്. ബുദ്ധി വികാസം സംഭവിച്ചുകൊണ്ടിരിക്കുന്നതിനനുസരിച്ച് അവർ പഠിക്കാൻ തുടങ്ങുകയാണ്. നമ്മൾ പറയുന്ന ഓരോ വാക്കും അക്ഷരങ്ങളും അവരുടെ ഉള്ളിൽ പതിയുന്നുണ്ട്.

ഒരു വയസ്സു മുതൽ ഒന്നര വയസ്സു വരെ

ഒരു വയസ്സാകുമ്പോൾ തുടങ്ങി കുട്ടിക്ക് കഥ പറയാനുള്ള കഴിവു കൈവരും. ധാരാളം കഥകൾ കേൾക്കുന്ന കുട്ടികൾ ധാരാളം സംസാരിക്കുകയും സ്വയം മെനഞ്ഞെടുത്ത കഥകൾ പറയാൻ തുടങ്ങുകയും ചെയ്യും. കേട്ട വാക്കുകളും മറ്റും  ഇടയ്ക്ക് തിരുകികയറ്റും. നമ്മൾ അവരെ കേൾക്കാൻ സമയം കണ്ടെത്തിയാൽ മാത്രം മതി.

18 മാസം മുതൽ മൂന്നു വയസ്സുവരെ

ഈ പ്രായത്തിലെ കുട്ടികളുടെ കഥകളെല്ലാം പരസ്പരം ബ ന്ധിപ്പിക്കാൻ പറ്റാത്ത വാക്കുകളായിരിക്കും. ഉത്സവത്തിനോ പാർക്കിലേക്കോ, നാട്ടിടവഴി നടന്നെത്തിച്ചേരുന്ന പാടത്തേക്കോ, കിളികൾ പാറുന്നിടത്തേക്കോ കൂട്ടിക്കൊണ്ടു പോകുക. അതൊരു പുലർകാല നടത്തമാകാം, സന്ധ്യയിലെ കാറ്റുകൊള്ളലാകാം. വഴിവക്കിലിരുന്ന് കരയുന്ന പൂച്ചക്കുട്ടി മുതൽ വഴിയരികിൽ പാറി നടക്കുന്ന തുമ്പികൾ വരെ അവരുടെയുള്ളിൽ കാഴ്ചകളായി പതിയും. ആ കാഴ്ചകൾ കഥയായി പറയാൻ പ്രോത്സാഹിപ്പിക്കാം. പരസ്പര ബന്ധമില്ലെന്ന് തോന്നുമെങ്കിലും ആ കഥകൾക്ക് ഒരു കുട്ടിത്തമുണ്ടാകും. ചിലപ്പോൾ ചില ശബ്ദങ്ങൾ കൊണ്ടായിരിക്കും കുട്ടികൾ കഥകൾ മെനയുന്നത്.

ക്രയോൺസ് പിടിക്കാൻ പറ്റുമ്പോൾ തന്നെ കുഞ്ഞുങ്ങൾ വരയ്ക്കാൻ തുടങ്ങട്ടെ. അതൊരു കുത്തിവരയാണെന്ന് തോന്നുന്നെങ്കിലും പ്രോത്സാഹിപ്പിക്കുക. ഒറ്റക്കൈ മാത്രം ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് കൈവരാത്തതുകൊണ്ട്, വരയ്ക്കുന്ന സമയത്ത് മറുകയ്യിൽ ബീറ്റ്റൂട്ട്, മഞ്ഞൾ തുടങ്ങി കറയുള്ള പച്ചക്കറികളോ പഴങ്ങളോ കൊടുക്കുക. രണ്ടും ഉപയോഗിച്ച് ഇഷ്ടംപോലെ വരയ്ക്കട്ടെ.

parenting-story3

മൂന്നു മുതൽ അഞ്ചു വയസ്സ് വരെ

ചോക്‌ലെറ്റ് മേഞ്ഞ വീട്, കൽക്കണ്ടം കൊണ്ട് തറകെട്ടിയിട്ടുണ്ട്, മുയലിന് ചുവന്ന ചിറകുണ്ട്... ഈ പ്രായക്കാരുടെ കഥകളിൽ നിറയെ അദ്ഭുതകരമായ ഭാവനകളായിരിക്കും. കാട്ടിൽ വേട്ടയാടാൻ പോയതും, കൂട്ടുകാരനായ സിംഹത്തെക്കുറിച്ചുമൊക്കെ പറയുമ്പോൾ ‘ചുമ്മാ പുളുവടിക്കാതെ’ എന്നു പറഞ്ഞ് ഭാവനയുടെ നാമ്പൊടിക്കരുത്. ക്രിയാത്മകമായ ഇടപെടലിലൂടെ നല്ലൊരു കഥയിലേക്ക് വഴി തിരിച്ചു വിടാനാണ് ശ്രമിക്കേണ്ടത്.

ആറു മുതൽ ഒൻപതു വയസ്സു വരെ

ഈ പ്രായത്തിലുള്ളവരുടെ കഥകളിലെ കഥാപാത്രങ്ങൾ അ വരെ ആകർഷിച്ച  ആളുകളായിരിക്കും. അതൊരു കഥയിലേതാകാം അല്ലെങ്കിൽ പരിചയക്കാരാകാം. അവർക്കിഷ്ടപ്പെട്ട കാർട്ടൂണുകളും  ഹീറോസും  ഉണ്ടാകുമ്പോൾ പ്രിയപ്പെട്ട എഴുത്തുകാരും ഉണ്ടാകും. പല പുസ്തകങ്ങളും പ്രചോദിപ്പിക്കും.

10 മുതൽ 14 വയസ്സു വരെ

കൗമാരത്തിന്റെ തൊട്ടുമുമ്പിലുള്ള ഈ പ്രായക്കാർക്ക് കുറേ ആശയങ്ങളുണ്ടാകും. ഇവർ പറയുന്നതൊന്നും വെറും വീമ്പു പറച്ചിലല്ല, അവരുടെ സ്വപ്നങ്ങളാണ്. താനുണ്ടാക്കുന്ന പുസ്തകം മികച്ചതാക്കാൻ എത്ര സമയം കളയാനും ഈ പ്രായക്കാർ തയാറാണ്.

15 വയസ്സിനു മുകളിലുള്ളവർ

ഇവരെ സംബന്ധിച്ചിടത്തോളം വെറുമൊരു പുസ്തകമല്ല, അ വരെ തന്നെ തുറന്നു കാണിക്കലാണ്. അതുകൊണ്ടു തന്നെ ആ പുസ്തകത്തിന് അർഥവും ആഴവും കൂടും. നിങ്ങളുടെ സഹായം  എന്തെങ്കിലും  ചോദിച്ചാൽ മാത്രം നൽകിയാൽ  മതി.

story-book8876

തയാറാക്കാം കഥയുടെ ഡ്രാഫ്റ്റ്

∙ പുസ്തകത്തിന്റെ വലുപ്പം എത്ര വേണമെന്ന് ധാരണയുണ്ടാകണം. ഇഷ്ടപ്പെട്ട പുസ്തകത്തിന്റെ നീളവും വീതിയും അളക്കുക. ആ അളവിൽ പേപ്പറുകൾ മുറിച്ചെടുക്കുക. എത്ര പേജുകൾ വേണ്ടി വരുമെന്നു കണക്കു കൂട്ടുക. ഒരു പേജിൽ എത്ര വരികൾ ഉൾക്കൊള്ളുമെന്നു എഴുതി നോക്കാം.

∙ ആറു വയസ്സുവരെയുള്ള കുട്ടികളുടെ പുസ്തകങ്ങൾ എട്ടു പേജിനുള്ളിൽ നിൽക്കുന്നതാണ് നല്ലത്. രണ്ടു വയസ്സിനുള്ളിലുള്ള കുട്ടികള്‍ പറയുന്ന ചില വാക്കുകളായിരിക്കും കഥയായി അവതരിപ്പിക്കേണ്ടത്. പാർക്കിൽ പോകാം, ആനയുടെ തുമ്പിക്കൈ, നീല ചായം, അപ്പം തിന്നു... എന്നിങ്ങനെയുള്ള ഒന്നോ രണ്ടോ വാക്കുകൾ വച്ചാണ് അവർ കഥ പറയുന്നത്. അതിനനുസരിച്ചുള്ള ചിത്രങ്ങൾ വരയ്ക്കാൻ പറയാം. അപ്പം വെറുമൊരു വട്ടമാകാം, നീലാകാശം നീലച്ചായം കൊണ്ടൊരു വരയാകാം. എന്നാലും അവർ തന്നെ വരയ്ക്കട്ടെ.

∙ മുതിർന്ന കുട്ടികൾ ചാർട്ട് പേപ്പർ വെട്ടുകയും ചിത്രങ്ങൾ വ രയ്ക്കുകയും എഴുതുകയും ചെയ്യട്ടെ. അവരെ ചെയ്യാൻ നിർബന്ധിക്കുകയോ, മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയോ അരുത്. പകരം അളവില്ലാതെ പ്രോത്സാഹിപ്പിക്കുക.

∙ എഴുതി പൂർത്തിയായെങ്കിൽ കുട്ടികൾ വിശ്വാസമുള്ള ആ രെക്കൊണ്ടെങ്കിലും എഡിറ്റ് ചെയ്യിക്കട്ടെ. ഗ്രാമർ തെറ്റുകൾ, ചേരുന്ന പദങ്ങൾ ഇവ നിർദേശിക്കാം. എന്നാൽ വിമർശനമരുത്.

∙ റഫ് ആയി എഴുതി നോക്കിയ കഥ ഇനി സ്േറ്റാറി ബുക്കിലേക്ക് പകർത്താം. നല്ല ശ്രദ്ധ വേണ്ട സമയമാണിത്. തെറ്റു വന്നാലും പരിഭ്രമിക്കേണ്ടതില്ല.

∙ ബുക്ക് കവറിന് ആർട്ട് പേപ്പറായിരിക്കും നല്ലത്. എഴുത്തുകാരന്റെ പേരെഴുതാൻ മറക്കരുത്. ഉൾപേജിൽ സ്വന്തം വിവരങ്ങൾ നൽകാം. പേര്, മാതാപിതാക്കളുടെ പേര്, എത്രാം ക്ലാസ്സിൽ പഠിക്കുന്നു, ഹോബി  എന്നിങ്ങനെ അവർക്കിഷ്ടമുള്ളതെന്തും എഴുതട്ടെ. അല്ലെങ്കിൽ, ബാക്ക് കവറിൽ നിങ്ങളുടെ ഫോട്ടോ ഒട്ടിച്ച് ചെറു കുറിപ്പ് തയാറാക്കാം. പേജ് നമ്പർ ഇടാ ൻ മറക്കരുത്.

∙ പേജുകൾ ഓർഡറിലാക്കി വച്ചതിനുശേഷം പഞ്ചിങ് മെഷീൻ ഉപയോഗിച്ച് തുളച്ച് കട്ടിയുള്ള നൂലുകൊണ്ട് കെട്ടാം. അതെല്ലെങ്കിൽ സ്പൈറൽ ബൈൻഡിങ് ചെയ്യാം. പ്രസ്സിൽ കൊടുത്ത് ബൈൻഡ് ചെയ്യുകയുമാവാം.

ബുക് റിലീസിങ് തീയതി തീരുമാനിക്കുക. മക്കളുടെ കൂട്ടുകാരെയും പ്രിയപ്പെട്ടവരെയും ക്ഷണിക്കാം. അഭിമാനത്തോടെ അവരെഴുതിയ പുസ്തകം എല്ലാവർക്കും മുന്നിൽ പ്രദർശിപ്പിക്കാം. അവർ അദ്ഭുതം കൊണ്ട് കണ്ണു മിഴിക്കട്ടെ.

parenting-story2

ഒപ്പം കൂടാം, രസിച്ചു ചെയ്യാം

∙ ഓടിച്ചാടി കളിക്കേണ്ട പ്രായത്തിൽ കൂടുതൽ സമയം അടങ്ങിയി‌രുന്ന് ചിത്രം വരച്ച്  കഥയെഴുതുക കുട്ടികൾ‌ക്ക് സാധിച്ചെന്നു വരില്ല. ഇഷ്ടത്തോടെ ആസ്വദിച്ചു ചെയ്യുമ്പോഴേ ക്രിയേറ്റിവിറ്റി പുറത്തു വരികയുള്ളൂ.

∙ കഥയെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും എന്താണ് അവരുടെ മനസ്സിലുള്ള ആശയമെന്ന് ചോദിച്ചറിയാം. അവർ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കുക. ഒരിക്കലും നമ്മുടെ ആ ശയങ്ങൾ അടിച്ചേൽപിക്കരുത്. ഇതൊരു മത്സരമല്ല, കുട്ടിയെ ക്രിയാത്മകമായി ഒരു പ്രവൃത്തിയിൽ ഇടപെടുത്തുക മാത്രമാണ് ചെയ്യുന്നത്.

∙ ഒരു ദിവസം കൊണ്ട് ഒരു പുസ്തകമുണ്ടാകില്ല. ആദ്യം വേണ്ടത് ഒരു കഥയാണ്. കഥ അവസാനിക്കുന്നത് കോമഡിയിലോ, ത്രില്ലറിലോ, സെന്റിമെന്റ്സിലോ ആകാം. തുടങ്ങി നാലു ദിവസത്തിനുള്ളിൽ കഥയ്ക്കൊരു പൂർണത വരണം. എഴുതി വരുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ കഥാഗതിയെ പിന്നീട് മാറ്റിമാറിച്ചേക്കാമെങ്കിലും കഥ കുട്ടികളുടെ മനസ്സിൽ വിടർന്നിട്ടുണ്ടാകണം.

∙ കഥയ്ക്ക് പൂർണത വന്നു കഴിയുമ്പോൾ അത് പറയാൻ ആവശ്യപ്പെടാം. കളിയാക്കലോ പരിഹാസമോ വേണ്ട. ഗൗരവപൂർണവും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമാകട്ടെ നിങ്ങളുടെ സംശയ ചോദ്യങ്ങൾ,  

∙ കഥ പറയുന്നത് അമ്മയുടേയോ കൂട്ടുകാരുടെയോ ഒറ്റയ്ക്കൊരു കണ്ണാടിക്കു മുന്നിലോ ആകാം. പുസ്തകത്തിന്റെ തലക്കെട്ടിനെക്കുറിച്ച് ആലോചിക്കാം. ഇക്കാര്യത്തിൽ മുതിർന്നവരോട് അഭിപ്രായം തേടാം.

∙ കഥയ്ക്കൊരു തുടക്കമുണ്ടാകണം. ‘ഒരിടത്തൊരു കുട്ടിയുണ്ടായിരുന്നു...’ എന്ന മട്ടിലുള്ള തുടക്കങ്ങൾ തന്നെ വേണമെന്നില്ല. നിങ്ങളുടെ സ്വന്തം ബുക്കായതുകൊണ്ട് എന്തു പരീക്ഷണവും നടത്താൻ തയാറാകാം. ചിത്രങ്ങളെ കുറിച്ചും ഏകദേശ ധാരണയുണ്ടാകണം.