Tuesday 24 August 2021 03:13 PM IST : By സ്വന്തം ലേഖകൻ

‘ആണായാല്‍ എന്‍ജിനീയര്‍, പെണ്ണായാല്‍ ഡോക്ടര്‍’; കുഞ്ഞ് ജനിച്ചു വീഴും മുന്‍പേ ആഗ്രഹങ്ങളുടെ ലിസ്റ്റ് ഇട്ടു കഴിഞ്ഞിരിക്കും! കച്ചവടമല്ല പേരന്റിങ്

1173547243

'മമ്മീ, ഞാനിന്നു വീട്ടിലേക്ക് വരില്ല, റിയാന്റെ വീട്ടില്‍ കംബൈന്‍ഡ് സ്റ്റഡിക്കു പോകുകയാണ്. ബൈ.' ഓഫിസ് മുറിയില്‍ തലപുകഞ്ഞിരിക്കുമ്പോള്‍ ഫോണില്‍ വന്ന മെസേജ് നോക്കാനോ അതിനു മറുപടി അയയ്ക്കാനോ ലിസി മെനക്കെട്ടില്ല. വീട്ടിലെത്തി മെസേജ് നോക്കി മകന്റെ നമ്പരിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ ഫോണ്‍ പരിധിക്കു പുറത്താണെന്ന അറിയിപ്പ്. വിളിച്ചു ചോദിക്കാനാണെങ്കില്‍ വേറെ സുഹൃത്തുക്കളുടെ നമ്പരും കയ്യിലില്ല.

അടുത്തദിവസം രാവിലെ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിച്ചു പറഞ്ഞു 'നിങ്ങളുടെ മകനും കൂട്ടുകാരും ഇടുക്കി സ്റ്റേഷനിലുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തതാണ്.' പല മാതാപിതാക്കളും അമ്പരപ്പോടെയാണ് സ്വന്തം മക്കളുടെ മറ്റൊരു മുഖത്തെക്കുറിച്ച് അറിയുന്നത്. അതുവരെ വീട്ടിലും പരിസരത്തും തികച്ചും 'നല്ല കുട്ടി'യായിരുന്നയാള്‍ വഴിപിഴച്ചു പോയി എന്നു വിശ്വസിക്കാന്‍ മടിച്ച് വീണ്ടും അവര്‍ മകന്റെ/മകളുടെ പക്ഷം ചേര്‍ന്ന് നില്‍ക്കും. കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് ഇവിടെ വച്ചാണ്.

പിള്ള മനസ്സില്‍ കള്ളമില്ലേ?

ഏതു പ്രായത്തിലാണ് കുട്ടികള്‍ വഴിതെറ്റി തുടങ്ങുന്നത് എന്നതിനു പണ്ടു കൗമാരം എന്നൊരു ഉത്തരമുണ്ടായിരുന്നു. എന്നാല്‍, ഇന്ന് ആ ഉത്തരത്തിനു പ്രസക്തിയില്ല. ബാല്യം എവിടെ അവസാനിക്കുന്നു, കൗമാരം എപ്പോള്‍ ആരംഭിക്കുന്നു എന്നീ ചോദ്യങ്ങള്‍ തികച്ചും അപ്രസക്തമാണ്. നാലു വയസ്സുള്ള കുട്ടികള്‍ ബില്‍ഡിങ് ബ്ലോക്‌സ് ഉപയോഗിച്ചു കളിക്കുന്നതിനു പകരം ടാബ്‌ലറ്റുകളും ഫോണും എടുത്ത് അമ്മാന മാടുന്നു. 10-13 വയസ്സിനുള്ളില്‍ തന്നെ അവര്‍ അതിലെ എല്ലാ ആപ്ലിക്കേഷനുകളേയും കുറിച്ച് പഠിക്കും.

മാതാപിതാക്കള്‍ക്കില്ലാത്തത്ര ഗാഢമായ അറിവ് ചെറുപ്രായത്തിലേ കുട്ടികള്‍ക്ക് ലഭിക്കുന്നു. ഒരു ഘട്ടം കഴിയുമ്പോള്‍ കുട്ടികളോടു ചോദിച്ചു പലതും മനസ്സിലാക്കേണ്ടതായും വരും. ഈ സമയത്ത് അച്ഛനമ്മമാരില്‍ പലരും കാര്യങ്ങള്‍ കുട്ടികളോടു ചോദിച്ചറിയാതെ അവരെ തന്നിഷ്ടത്തിനു വിടും. പ്രായത്തില്‍ കവിഞ്ഞ വിക്രിയകള്‍ കാണിക്കാനുള്ള മൗനാനുവാദമായി കുട്ടികള്‍ ഇതിനെ കണക്കാക്കുകയും ചെയ്യും.

കുട്ടി ജനിക്കുമ്പോള്‍ മുതല്‍ അച്ഛനും അമ്മയും അവരോടൊത്ത് വളരാന്‍ ശ്രമിക്കണം. കുട്ടിയുടെ പ്രായത്തിനൊത്ത് താദാത്മ്യം പ്രാപിക്കുമ്പോഴാണ് നിങ്ങള്‍ക്ക് സ്വന്തം കുട്ടികളെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. യുകെജിയില്‍ പഠിക്കുമ്പോള്‍ കളിയോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്നതും പ്ലസ്‌വണ്ണിലെത്തുമ്പോള്‍ സിനിമയെ അമിതമായി ഇഷ്ടപ്പെടുന്നതും തെറ്റല്ലെന്നു മനസ്സിലാക്കാനുള്ള ക്ഷമത അപ്പോഴേ ലഭിക്കുകയുള്ളൂ. തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തുന്നതിനൊപ്പം തന്നെ ശരികള്‍ പ്രോത്സാഹിപ്പിക്കുക.

തിരുത്താം ശരിയായ നേരത്ത്

'അച്ഛനും കൂട്ടുകാരും അന്ന് എന്റെ പിറന്നാളിനു വീട്ടിലിരുന്ന് 'കുടിച്ചപ്പോള്‍' ഞാനാണ് അവര്‍ക്ക് ചിപ്‌സും മിക്‌സ്ചറും കൊണ്ടുക്കൊടുത്തത്. ഞാനൊന്ന് എന്റെ കൂട്ടുകാരുമായി സന്തോഷിച്ചപ്പോള്‍ അതു കുറ്റം. ഇതെന്തു ന്യായം?' പത്താം ക്ലാസ് കഴിഞ്ഞിറങ്ങിയ ദിവസം കൂട്ടുകാരുമൊത്ത് മദ്യപിച്ചതിനെകുറിച്ച് ചോദിച്ചപ്പോള്‍ മിഥുന്‍ കൗണ്‍സലര്‍ക്കു നേരെയെറിഞ്ഞ മറുചോദ്യമാണിത്.

പലപ്പോഴും സ്വന്തം വീട്ടില്‍ നിന്നും വീട്ടുകാരില്‍ നിന്നുമാണ് കുട്ടികള്‍ തെറ്റിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത്. മുതിര്‍ന്നവര്‍ അലസമായി ചെയ്യുന്ന പലകാര്യങ്ങളും കുട്ടികളില്‍ തെറ്റായ മാതൃകകള്‍ സൃഷ്ടിക്കുന്നു. സീരിയലിന്റെ സമയത്തിനനുസരിച്ച് ഭക്ഷണക്രമം മാറ്റുന്നതും, ജോലികഴിഞ്ഞ് വീട്ടിലെത്തിയാലും ഫോണിലും ലാപ്‌ടോപ്പിനു മുന്നിലും കുത്തിയിരിക്കുന്നതും ഒക്കെ ദോഷം ചെയ്യും. അതുകൊണ്ടു തന്നെ ആദ്യത്തെ തിരുത്തലുകള്‍ വരുത്തേണ്ടത് മുതിര്‍ന്നവരുടെ പെരുമാറ്റത്തില്‍ തന്നെയാണ്. വീട്ടില്‍ പൊതുവായി  'ഹോം റൂ ള്‍' വയ്ക്കുക എന്നതാണ് ഫലപ്രദമായ ഒരു മാര്‍ഗം.

നിങ്ങളുടെ ജോലി സമയം, കുട്ടിയുടെ പ്രായം, അവരുടെ ആവശ്യങ്ങള്‍ എന്നിവയ്ക്കനുസരിച്ച് വീട്ടില്‍ പാലിക്കേണ്ട ചിട്ടകള്‍ നേരത്തെ തീരുമാനിക്കുക. ഒരു തവണ നടപ്പിലാക്കിയാല്‍ മുതിര്‍ന്നവരും കുട്ടികളും അതില്‍ വിട്ടുവീഴ്ച്ചകള്‍ വരുത്തരുത്. ചെറുപ്പം മുതല്‍ തന്നെ സമയനിഷ്ഠകള്‍ ശീലിപ്പിക്കാതെ പെട്ടെന്നൊരു ദിവസം കുട്ടിയെ തിരുത്താന്‍ ശ്രമിക്കുന്നത് കതിരില്‍ വളം വയ്ക്കുന്നതിനു തുല്യമാണ്.

വീട്ടിലെ കാര്യങ്ങള്‍ സമയനിഷ്ഠമായി ചെയ്യാനും, കംപ്യൂട്ടറിനോടും ഫോണിനോടും അമിതമായ ആസക്തി ഉണ്ടാകാ തിരിക്കാനും ഹോം റൂള്‍ സഹായിക്കും. തനിക്കുവേണ്ടി സമയം ചെലവഴിക്കാന്‍ അച്ഛനമ്മമാര്‍ തയ്യാറാകുമ്പോള്‍ തന്നെ കുട്ടികളുടെ മിക്കവാറും പ്രശ്‌നങ്ങള്‍ ഇല്ലാതാവും.

കൂട്ടുകെട്ടുകളെ അറിയാം

ഫേസ്ബുക്കും വാട്‌സ്ആപ്പും വന്നപ്പോള്‍ സൗഹൃദങ്ങള്‍ ഒരുപാടു വളര്‍ന്നിട്ടുണ്ട് എന്നതു ശരിതന്നെ. എന്നാല്‍, അവയിലൂടെയുണ്ടാകുന്ന വലയില്‍ വീണ് അപകടത്തിലാകുന്നവരുടെ എണ്ണവും കുറവല്ല. എത്ര സ്വകാര്യതയുടെ ന്യായം പറഞ്ഞാലും സ്വന്തം കുട്ടിയുടെ കൂട്ടുകാര്‍ ആരൊക്കെയെന്നറിയാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ട്. ഇതിനര്‍ഥം അവ രുടെ പിന്നില്‍ ഉപഗ്രഹം പോലെ കറങ്ങിനടക്കണം എന്നതല്ല. മറിച്ച് മക്കളോടു തന്നെ സൗഹൃദപരമായ ഭാഷയില്‍ ചോദിച്ച് ഓരോരുത്തരേയും കുറിച്ച് അറിയാന്‍ ശ്രമിക്കുക.

മക്കള്‍ എന്തെങ്കിലും തെറ്റു ചെയ്യുമ്പോള്‍ അവരെയും കൂട്ടുകാരെയും അടച്ചു കുറ്റം പറയാനെടുക്കുന്നതിന്റെ പകുതി താല്‍പര്യം അവരുടെ കൂട്ടുകാരുടെ പേരുവിവരങ്ങള്‍ മനസ്സിലാക്കാനും കാണി ക്കണം. യാതൊരു പരിചയവും ഇല്ലാത്തവരെ ഫേസ്ബുക്കില്‍ ആഡ് ചെയ്യരുതെന്ന് മകളോട്/മകനോട് കര്‍ശനമായി തന്നെ പറയുക. അപരിചിതര്‍ നല്‍കുന്ന സഹായങ്ങളും വാഗ്ദാനങ്ങളും സ്വീകരിക്കരുതെന്നും ചെറുപ്പത്തില്‍ തന്നെ മക്കളോടു പറയാം. വീട്ടില്‍ പറയരുതെന്നു പറഞ്ഞ് ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അത്തരം ആവശ്യങ്ങള്‍ നിരസിക്കണം എന്നും പഠിപ്പിക്കാം. മയക്കുമരുന്നും, കള്ളക്കടത്തും, മനുഷ്യക്കടത്തും ഇന്ന് സിനിമയില്‍ മാത്രമല്ല നടക്കുന്നത് എന്നോര്‍ക്കുക.

കുട്ടി പ്രലോഭനങ്ങളില്‍ അകപ്പെടുമെന്നു കരുതി പുറം ലോകവുമായുള്ള ബന്ധങ്ങള്‍ മുറിച്ചുകളയുന്നതും തെറ്റായ രീതിയാണ്. ചെറുപ്പത്തില്‍തന്നെ വീടു ജയിലായി കാണുന്ന കുട്ടികള്‍ മുതിരുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യം മുഴുവന്‍ ദുരുപയോഗം ചെയ്‌തെന്നുവരാം. കുടുംബം ഒന്നിച്ചുള്ള കൊച്ചുകൊച്ച് ഔട്ടിങ്, ഇടയ്ക്കുള്ള ഷോപ്പിങ്, അവധിക്കാലത്തുള്ള ദീ ര്‍ഘദൂര യാത്രകള്‍ എന്നിവ കുടുബത്തിന്റെ ഇഴയടുപ്പം വര്‍ധിപ്പിക്കും. മാതാപിതാക്കളോട് മടി കൂടാതെ എന്തും തുറന്നുപറയാമെന്ന വിശ്വാസം കുട്ടികളില്‍ വളരുകയും ചെയ്യും.

കച്ചവടമല്ല പേരന്റിങ്

'ആണ്‍കുട്ടിയായാല്‍ എന്‍ജിനിയര്‍, പെണ്ണായാല്‍ ഡോക്ടര്‍' ഒരു കുഞ്ഞ് ജനിച്ചു വീഴും മുന്‍പേ മാതാപിതാക്കളില്‍ പലരും ആഗ്രഹങ്ങളുടെ ലിസ്റ്റ് ഇട്ടു കഴിഞ്ഞിരിക്കും. കോഴ്‌സുകളും കോളജുകളും പലതരമുണ്ടെങ്കിലും മാര്‍ക്കറ്റ് വാല്യൂ നോക്കിത്തന്നെയാണ് ഇന്നും അച്ഛനമ്മമാര്‍ മക്കളെ പഠിക്കാന്‍ അയയ്ക്കുന്നത്. ഇന്ന് കുട്ടികളുടെ അഭിരുചിക്കിണങ്ങിയ ധാരാളം കോഴ്‌സുകള്‍ നമ്മുടെ നാട്ടിലും വിദേശത്തുമുണ്ട്. പാചകം ഇഷ്ടമുള്ളയാളെ നിര്‍ബന്ധിച്ചു കണക്കു പഠിപ്പിച്ചാല്‍ എല്ലാം അവിയലുപോലെ കുഴയും എന്നോര്‍ക്കുക.

കുഞ്ഞു ജനിക്കുന്ന സമയം മുതല്‍ നിങ്ങള്‍ക്ക് മാതാപിതാക്കള്‍ എന്ന ലേബല്‍ കിട്ടും. എന്നാല്‍ നല്ല അച്ഛനും അമ്മയുമാകുക അത്ര എളുപ്പമുള്ള കാര്യമല്ല. കുട്ടികളെ വളര്‍ത്തുക എന്നത് 'ട്രഷര്‍ ഹണ്ട്' പോലെയാണ്. അവര്‍ക്കു വേണ്ടതെന്താണെന്ന് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടികള്‍ പറയുന്നു ണ്ട്. ഒളിഞ്ഞു കിടക്കുന്ന ക്ലൂ മനസ്സിലാക്കി ശരിയായ ദിശയിലൂടെ ഒരുമിച്ച് സഞ്ചരിച്ചാല്‍ മാത്രമേ വിജയം കൈവരിക്കാനാകൂ. സ്വാഭാവികദിശ തിരിച്ചുവിടാന്‍ ശ്രമിക്കുമ്പോഴൊക്കെയും നിങ്ങള്‍ കുട്ടികളുടെ നൈസര്‍ഗികമായ വാസനകളെ തല്ലിക്കെടുത്തുകയാണെന്ന് അറിയുക.

കുട്ടികള്‍ക്ക് അവരുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തുറന്നുപറയാനുള്ള സാഹചര്യം വീട്ടിലുണ്ടാകണം. സാഹിത്യം ഇഷ്ടപ്പെട്ടിട്ടും അച്ഛനമ്മമാരുടെ നിര്‍ബന്ധപ്രകാരം എന്‍ജിനീയറിങ്ങിനും എംബിഎയ്ക്കും പോയി എങ്ങും എത്താതെ പോകുന്നവരുടെ എണ്ണം ബാഹ്യമായ കണക്കുകള്‍ക്കും അപ്പുറമാണ്. ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിവച്ച് മക്കള്‍ യാത്രയാകുമ്പോള്‍ മാത്രമാണ് മാതാപിതാക്കള്‍ കുട്ടികളുടെ യഥാര്‍ഥ ഇഷ്ടങ്ങള്‍ തിരിച്ചറിയുന്നത്. കുട്ടികള്‍ക്ക്  അവരവരുടെ അഭിരുചിക്കനുസരിച്ച് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നിഷേധിക്കുന്നത് പല മാനസ്സിക പിരിമുറുക്കങ്ങള്‍ക്കും വഴിവയ്ക്കും. അവര്‍ പോകേണ്ടുന്ന വഴി കാണിച്ചു കൊടുക്കുന്നതിനു പകരം അവര്‍ക്കിഷ്ടമുള്ള വഴിയിലെ തടസ്സങ്ങള്‍ നീക്കുക എന്നതാണ് നല്ല രക്ഷിതാവിന്റെ കടമ.

പലപ്പോഴും കുട്ടികളുടെ ഉള്ളില്‍ അടക്കിവച്ചിരിക്കുന്ന വെറുപ്പും അപകര്‍ഷതാബോധവും മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ചുറ്റുമുണ്ടെന്നോര്‍ക്കുക. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്ന പലരും ഇങ്ങനെയുള്ള ചതിക്കുഴികളില്‍ വീണവരാണ്.

അധികാരവും സൗഹൃദവും സമാസമം

'ഇനി മേലാല്‍ നീ കംപ്യൂട്ടറില്‍ തൊടുന്നത് എനിക്കൊന്നു കാണണം.' 'നീ ക്ലാസ് കട്ട് ചെയ്ത് കറങ്ങാന്‍ പോകുമല്ലേ? ഇനി മുതല്‍ ഞാന്‍ തന്നെ നിന്നെ സ്‌കൂളില്‍ കൊണ്ടുവിടുകയും വിളിക്കാന്‍ വരികയും ചെയ്യും. ഇനിയെങ്ങനെ കറങ്ങാന്‍ പോകും എന്നൊന്നറിയണമല്ലോ.' ഇങ്ങനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വാചകങ്ങള്‍ കുട്ടികളെ ഒന്നുകൂടി ചൊടിപ്പിക്കും. അതിനുള്ള മറുപടി കൊടുത്തേക്കാം എന്നു കരുതി ആഗ്രഹമില്ലെങ്കില്‍ക്കൂടി പകരത്തിനു പകരം ചെയ്യുന്നവര്‍ ധാരാളം. തെറ്റുകള്‍ കാണുമ്പോള്‍ മുന്‍പിന്‍ നോക്കാതെ കുട്ടികളെ വഴക്കു പറയുന്ന രീതിയാണ് മിക്ക മാതാപിതാക്കളും പിന്‍തുടരുന്നത്. പകരം തെറ്റ് എന്താണെന്നും അതിന്റെ ഭവിഷ്യത്തെന്താണെന്നും മക്കള്‍ക്ക് പറഞ്ഞ് മനസ്സിലാക്കികൊടുക്കുക. എന്നാല്‍ മാത്രമേ അവര്‍ അത് ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ.

ലൈംഗികത, മയക്കുമരുന്നിന്റെ ഉപയോഗം എന്നീ വിഷയങ്ങള്‍ വരുമ്പോള്‍ അച്ഛനുമമ്മയും സാധാരണ മൗനം പാലിക്കുന്നതായാണ് കണ്ടു വരുന്നത്. പഠിക്കുന്ന കാലത്ത് ഇത്തരം 'ക്ലിപ്പുകള്‍' കണ്ടാല്‍ അതു ഭാവിയില്‍ പഠനത്തെയും ഏകാഗ്രതയേയും ദോഷമായി ബാധിക്കുമെന്നു പറഞ്ഞു കൊടുക്കുക. മയക്കുമരുന്നും മറ്റു ലഹരി പദാര്‍ഥങ്ങളും ശാരീരികമായും മാനസ്സികമായും നമ്മെ തളര്‍ത്തുമെന്നും കുട്ടികളോട് പറയുക. ഇതിനെതിരെയുള്ള രസകരമായ ഷോട്ട് ഫിലിമുകളും ലേഖനങ്ങളും കുട്ടിക്കു തിരഞ്ഞെടുത്തു നല്‍കാം. കുട്ടിക്കു തെറ്റെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ എത്ര നിര്‍ബന്ധിച്ചാലും ശക്തമായ സ്വരത്തില്‍ 'വേണ്ട' എന്നു പറയാന്‍ ശീലിപ്പിക്കുക. എന്തിനും ഏതിനും തുണയായി നിനക്ക് ഞങ്ങളുണ്ട് എന്ന ഉറപ്പ് കുട്ടികളില്‍ വളര്‍ത്തുന്നിടത്ത് നിങ്ങളിലെ നല്ല രക്ഷിതാവ് ജനിക്കുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സി.ജെ. ജോണ്‍, കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം.

Tags:
  • Mummy and Me
  • Parenting Tips