Monday 13 August 2018 05:30 PM IST : By സ്വന്തം ലേഖകൻ

പോട്ടിയുമായി ചങ്ങാത്തം കൂടാൻ മക്കളെ പഠിപ്പിക്കാം; ചില സൂത്രപ്പണികൾ ഇതാ...

potty-training

കുട്ടി നഴ്സറിയിൽ പോയി തുടങ്ങിയിട്ടും ഡയപ്പറീടിച്ചില്ലെങ്കിൽ പാന്റീസ് നനയുന്ന അവസ്ഥയാണോ? പോട്ടിയിലിരുത്താൻ പതിനെട്ടടവും പയറ്റിയിട്ടും രക്ഷയില്ലേ? മിക്ക അമ്മമാരെയും കുഴയ്ക്കുന്ന പ്രശ്നമാണ് പോട്ടി ട്രെയ്നിങ്. എപ്പോൾ തുടങ്ങണം, എങ്ങനെ ശീലിപ്പിക്കണം എന്നിങ്ങനെയുള്ള പല സംശങ്ങൾക്കും ഇതാ മറുപടി...

പോട്ടി ട്രെയ്നിങ് എപ്പോൾ തുടങ്ങാം

കുഞ്ഞ് നന്നായി നിവർന്നിരിക്കാൻ തുടങ്ങുമ്പോൾ മുതൽ രാവിലെ ഉറക്കമുണരുമ്പോഴും രാത്രി ഉറങ്ങും മുമ്പും പോട്ടിയിലിരുത്തണം. ബാക്ക്  സപ്പോർട്ട് ഉള്ള തരത്തിലും കളിപ്പാട്ടം പോലെയുമൊക്കെയുള്ള പോട്ടികൾ ലഭ്യമാണ്. ഇവ പോട്ടിയോടു കൂട്ടുകൂടാൻ കുട്ടിയെ സഹായിക്കും.

ടോയ്‌ലെറ്റിൽ പോകേണ്ടതെപ്പോഴെന്ന് കുഞ്ഞ് പറയുന്നില്ല.

‘മൂത്രമൊഴിക്കണോ’ എന്നു ചോദിച്ചു കുട്ടിയുടെ പിന്നാലെ നടക്കാതെ ഇടയ്ക്കിടെ ഓർമപ്പെടുത്തുക മാത്രം ചെയ്യുക. ‘മൂത്രമൊഴിക്കാൻ തോന്നുമ്പോൾ പോട്ടി ഉപയോഗിച്ചില്ലെങ്കിൽ ഉടുപ്പ് നനയും, മൂത്രം താഴെ വീണാൽ അതിൽ ചവിട്ടി വാവ വീഴും’ എന്നൊക്കെ പറയുക. രണ്ടു മണിക്കൂർ ഇടവേളയിൽ ഓരോ റിമൈൻഡർ നൽകിക്കോളൂ.
കുഞ്ഞിന് മൂത്രമൊഴിക്കാനോ ടോയ്‌ലെറ്റിൽ പോകാനോ തോന്നുന്നത് ചില സൂചനകളിലൂടെ അവൻ പ്രകടമാക്കും. ചില കുട്ടികൾ മുറിയുടെ മൂലയിലോ കട്ടിലിന്റെ മറവിലോ പോയി നിൽക്കും. ചിലർ പെട്ടെന്ന് നിശബ്ദരാകും. ഇത്തരം സൂചനകൾ നിരീക്ഷിച്ച് മനസ്സിലാക്കി വയ്ക്കുക.

ഉറങ്ങുംവരെ ‘മൂത്രമൊഴിക്കണോ’ എന്നു ചോദിച്ചാലും ‘വേണ്ടാ’ എന്നു പറയുന്ന കുഞ്ഞ് ഡയപ്പറിട്ടാലുടൻ അതില്‍ കാര്യം സാധിക്കും.

രണ്ടു രീതിയിൽ ഈ പ്രശ്നത്തിനു പരിഹാരം കാണാം. ടോയ്‌ലെറ്റിൽ പോകണമെന്നു പറയുമ്പോൾ മാത്രം പോട്ടി ഉപയോഗിക്കാൻ നിർബന്ധിക്കാതെ കുളി കഴിഞ്ഞശേഷവും അത്താഴം കഴിഞ്ഞ ശേഷവും 10 മിനിറ്റ് പോട്ടിയിലിരുത്താം. സാധാരണയായി കുഞ്ഞ് മലവിസർജനം നടത്തുന്ന സമയത്തും പോട്ടിയിലിരുത്തണം. ഈ അവസരങ്ങളിൽ പോട്ടിയിൽ കാര്യം സാധിച്ചാൽ അഭിനന്ദിക്കാൻ മറക്കേണ്ട. അടുത്ത വഴി ഡയപ്പറിടീച്ച് പോട്ടിയിലിരുത്തുക എന്നതാണ്. ഇരുന്ന് മലവിസർജനം നടത്തുന്നത് കംഫർട്ടബിളായാൽ  പിന്നെ, ഡയപ്പർ മാറ്റി പോട്ടിയിലിരുത്താം.

പെൺകുട്ടികളെ എളുപ്പത്തിൽ പോട്ടി ശീലിപ്പിക്കാമെന്നു കേട്ടു. പക്ഷേ, എന്റെ മൂന്നു വയസ്സുള്ള മകൾ ഇതുവരെ പഠിച്ചില്ല.

പോട്ടി ട്രെയ്നിങ്ങിൽ ആൺ– പെൺ വ്യത്യാസമുണ്ടെന്ന് പറഞ്ഞവരോടു പറയൂ, ആണായാലും പെണ്ണായാലും സാവധാനം ശീലിപ്പിച്ചെടുക്കേണ്ട ഒന്നാണിത് എന്ന്. പോട്ടി ഉപയോഗം ട്രെയ്ൻ ചെയ്തെടുക്കാൻ ഇത്ര സമയമെടുക്കും എന്ന് പറയാനാകില്ല എന്നും.

പോട്ടി ഉപയോഗിക്കണമെന്ന് നിർബന്ധം പറയുമ്പോൾ ടോയ്‌ലെറ്റിലേ പോകേണ്ട എന്ന വാശിയാണ് മകൾക്ക്.

ഈ സന്ദർഭത്തിൽ മകളുടെ കംഫർട്ടിനാണ് പ്രാധാന്യം നൽകേണ്ടത്. പിടിച്ചു വയ്ക്കുന്തോറും മലം മുറുകും. ഇത് പിന്നീട് ടോയ്‌ലെറ്റിൽ പോകുമ്പോൾ കടുത്ത വേദനയുണ്ടാക്കും. അതുമാത്രമല്ല, ചില ദിവസങ്ങളിൽ ടോയ്‌ലെറ്റിൽ പോകാതെയിരുന്നാൽ മലമൂത്ര വിസർജനത്തിന്റെ രീതിയും പതിവ് സമയവും മാറും. നാരുകൾ ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും ഉണങ്ങിയ പഴങ്ങളും നൽകുന്നത് ശോധന സുഗമമാക്കും. പാൽ,  ചീസ്, എരിവും മസാലയും അധികം അടങ്ങിയവ പോലുള്ള ഭക്ഷണം ഒഴിവാക്കുകയും വേണം. ഈ രീതിയിൽ ശോധന സുഗമമാക്കിയാൽ അധികനേരം പോട്ടിയെ അകറ്റി നിർത്താനാകില്ല.

പോട്ടി ഉപയോഗിക്കുമ്പോൾ മകന് സമ്മാനമായി മിഠായി നൽകുമായിരുന്നു. അതു നിർത്തിയപ്പോൾ പോട്ടി ഉപയോഗിക്കുന്നത് മകനും നിർത്തി.

എങ്കിൽ മിഠായിക്കു പകരം സ്റ്റിക്കർ നൽകൂ. പോട്ടി ഉപയോഗം ശീലമാക്കാൻ സമ്മാനങ്ങൾ നൽകുന്നത് നല്ലൊരു വഴിയാണ്. മധുരം നല്ലതല്ലല്ലോ എന്ന ചിന്തയാണെങ്കിൽ അതു മാറ്റി മറ്റൊരു വഴി നോക്കൂ. സമ്മാനം നൽകുന്ന ശീലം പതിയെ മാറ്റി വരാൻ ഇവ നൽകുന്ന ഇടവേള കൂട്ടാം. രണ്ടു വട്ടം മൂന്നു വട്ടം മൂത്രമൊഴിക്കാൻ പോട്ടിയുപയോഗിച്ചെങ്കിൽ മാത്രമേ ഇനി സമ്മാനമുള്ളൂ എന്നു പറയാം.

മകന് രണ്ടു വയസ്സായി. പോട്ടി ശീലിപ്പിക്കുന്നതിൽ വിജയിച്ചു. മുതിർന്നവരുടെ ടോയ്‌ലെറ്റിലിരുത്തി ശീലിപ്പിച്ചാലോ എന്നാണിപ്പോൾ.

ഈ ചിന്ത കുറച്ചു നാളത്തേക്കു കൂടി മാറ്റി വച്ചോളൂ. സ്റ്റൂളിന്റെ സഹായത്തോടെയോ തനിച്ചോ കയറി ഇരിക്കാറാകുന്നതു വരെ കാത്തിരിക്കാം. മാത്രമല്ല ആദ്യം ടോയ്‌‌ലെറ്റിൽ കയറ്റിയിരുത്തുമ്പോൾ ചൈൽഡ് സൈസ് സീറ്റ് വച്ചുകൊടുക്കണം. മുതിർന്നവരുടെ ക്ലോസെറ്റിലിരിക്കാൻ ഏകദേശം മൂന്നു വയസ്സാകും.

മൂത്രമൊഴിച്ച് രണ്ടു മിനിറ്റ് കഴിഞ്ഞാൽ വീണ്ടും മൂത്രമൊഴിക്കണമെന്ന ആവശ്യവുമായി മകള്‍ എത്തും

പാതി സൈക്കളോജിക്കലാണ് കാര്യം. മൂത്രം മുഴുവൻ പുറത്തു വന്നോ, ഇനിയുമുണ്ടോ എന്നൊക്കെയുള്ള പരിഭ്രമമാണ് ഈ സ്വഭാവത്തിനു പിന്നിൽ. മൂത്രം മുഴുവൻ ഒഴിച്ചു തീരുന്നതു വരെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. മൂത്രം പോയി യൂറിനറി ബ്ലാഡർ ഒഴിയുന്നതിന്റെ ഫീൽ കുഞ്ഞിനറിയാൻ മൂത്രമൊഴിക്കുന്നത് കുട്ടിയോട് നോക്കിയിരിക്കാൻ പറയാം.  

പകൽ പോട്ടി ഉപയോഗിക്കും. പക്ഷേ, രാത്രിയിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം മാറ്റാനാകുന്നില്ല.

സൈക്കോളജിക്കലായി പറയുകയാണെങ്കിൽ പകലും രാത്രിയും ശരീരം പ്രവർത്തിക്കുന്നത് രണ്ടു രീതിയിലാണ്. പകൽ സമയം കുട്ടി ഉണർന്നിരിക്കുമ്പോൾ പോട്ടി ഉപയോഗിക്കാൻ തലച്ചോര‍്‍ പറയുകയും കുട്ടി ബോധപൂർവം ആ പ്രവൃത്തിക്കുകയും ചെയ്യും. ഉറക്കസമയത്ത് യൂറിനറി ബ്ലാഡർ നിറഞ്ഞെന്ന സന്ദേശം തലച്ചോറിലെത്തുമ്പോൾ തന്നെ ഉണരാനും തലച്ചോർ പറയുന്നുണ്ട്. പക്ഷേ, ഗാഢനിദ്രയിലാകുമ്പോൾ ഉറങ്ങാനാകും ശരീരം തീരുമാനിക്കുക.

ഈ ശീലം മാറ്റാൻ ഉറക്കസമയത്തിന്റെ ഭാഗമായി പോട്ടി ട്രെയ്നിങ് മാറ്റണം. കുഞ്ഞ് ഇടയ്ക്കുണരുമ്പോൾ എടുത്ത് ബാത്റൂമിൽ കൊണ്ടുപോകാം. അതല്ലെങ്കിൽ പോട്ടി കട്ടിലിനടിൽ വച്ച് അതിൽ മൂത്രമൊഴിക്കാനാവശ്യപ്പെടാം. രാവിലെ ഉറക്കമുണരുമ്പോൾ തന്നെ മൂത്രമൊഴിക്കുന്നതും ശീലമാക്കി വളർത്തണം. ചില കുട്ടികൾ പെട്ടെന്ന് പഠിച്ചെടുക്കും. ചിലർ വീണ്ടും  കിടക്കയിൽ മൂത്രമൊഴിക്കും. ശരിയായി ശീലിച്ചെടുക്കും വരെ വാട്ടർപ്രൂഫ് മാട്രസ് ഇടാൻ മറക്കേണ്ട.

പോട്ടി ട്രെയ്നിങ് പഠിപ്പിക്കാൻ ഇതാ ചില സൂത്രപ്പണികൾ

∙  കണ്ണുരുട്ടി വടിയെടുത്ത് പോട്ടി പരിശീലനം നൽകുന്നതിലും എളുപ്പം കുഞ്ഞ് പോലുമറിയാതെ അത് ശീലിപ്പിച്ചെടുക്കുന്നതാണ്. ചെറിയ കളിപ്പാട്ടമോ മറ്റോ കൈയിൽ വച്ച് പോട്ടിയിലിരിക്കാൻ അനുവദിക്കാം. കുട്ടി പോട്ടിയിൽ മൂത്രമൊഴിക്കുന്നത് പോലെ പാവയെ തറയിലിരുത്തി മൂത്രമൊഴിപ്പിക്കാൻ കുട്ടിയോട് പറയാം.

∙ കുട്ടിയെ തോൽപിക്കാനെത്തുകയാണ്  മൂത്രമെന്നു പറയാം. ഉടുപ്പ് നനയ്ക്കാതെ പോട്ടിയിലൊഴിച്ചു കളഞ്ഞാൽ കുഞ്ഞിനു ജയിക്കാമെന്നു പറയുക. കുട്ടി വസ്ത്രത്തിൽ മൂത്രമൊഴിച്ചാൽ ‘അയ്യോ, ഇത്തവണ മൂത്രം നിന്നെ പറ്റിച്ചല്ലോ. ഇനി അടുത്ത തവണ പോട്ടിയിൽ മൂത്രമൊഴിച്ചു വാവ ജയിക്കണം.’ എന്നൊക്കെ കുട്ടിയോടു പറയാം.

∙ ‘പോട്ടി പറയുകയാ, ഇവനെ നനയ്ക്കാൻ വാവയ്ക്കറിയില്ല എന്ന്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, പോട്ടിയെ നമുക്ക് നനച്ച് കുളിപ്പിക്കണം.’ ഇത്തരത്തിൽ പോട്ടിയും കുട്ടിയും തമ്മിലുള്ള രസമുള്ള കളിയാക്കി മാറ്റാം.

∙ കുട്ടിക്ക്  ഇഷ്ടപ്പെട്ട കഥാപാത്രമായി സങ്കൽപിക്കാൻ ആവശ്യപ്പെടാം. കുട്ടി പോട്ടിയിലിരിക്കുന്ന സമയത്ത് അമ്മ ആ കഥാപാത്രത്തോട്  സംസാരിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കാം. ഇന്നു ടോമിനെ എങ്ങനെയാണ് ജെറി പറ്റിക്കുന്നത്  ഇങ്ങനെയുള്ള ചോദ്യങ്ങൾക്കൊപ്പം മതിയായോ, കഴുകാനായോ എന്നിവയും  ഉൾപ്പെടുത്തണം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. മുരാരി കെ. എസ്, ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ്, പീഡിയാട്രിക്സ് വിഭാഗം ജില്ലാ ആശുപത്രി, കോട്ടയം

തളർന്നുകിടക്കുന്ന അമ്മയുടെ മുടി കോതുന്നതും, മരുന്നു കൊടുക്കുന്നതുമെല്ലാം കൊച്ചു കുച്ചുടു; ആ കഥയറിയാം

എന്നെങ്കിലും ഞങ്ങൾക്ക് മോചനം കിട്ടിയാൽ കല്യാണം കഴിക്കണം, ഒരുമിച്ചു താമസിക്കണം, ശ്വാസം പോകുംവരെ!

കൂടുതൽ വായനയ്‍ക്ക്