Wednesday 06 October 2021 03:37 PM IST : By സ്വന്തം ലേഖകൻ

‘നാഗ ചൈതന്യയെ പോലൊരു ഭർത്താവിനെ ലഭിച്ചത് ഭാഗ്യം’: എന്നിട്ടും എന്തിന് പിരിഞ്ഞുവെന്ന് ആരാധകർ

samantha-akkineni

നാലാം വിവാഹ വാർഷികത്തിന് 2ദിവസം മാത്രം ബാക്കി നിൽക്കെയാണ് വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് താര ദമ്പതികളായിരുന്ന സമാന്തയും നാഗചൈതന്യയും പ്രഖ്യാപിച്ചത്. അതുവരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകളേയും അഭ്യൂഹങ്ങളേയും ശരിവച്ചു കൊണ്ട് നാഗ ചൈതന്യയാണ് വേർപിരിയുകയാണെന്ന് സ്ഥിരീകരിച്ചത്.

പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലിൽ 200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം സമാന്തയ്ക്ക് ജീവനാംശമായി നൽകാൻ ഒരുങ്ങിയത്. എന്നാൽ ഒരു രൂപ പോലും ഈ ഇനത്തിൽ തനിക്ക് ആവശ്യമില്ലെന്ന് സമാന്ത വ്യക്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സ്വന്തം പ്രയത്നവും അധ്വാനവും കൊണ്ടാണ് തെലുങ്കിലെ മുൻനിര നായികയായി താൻ വളർന്നതെന്നും അതുകൊണ്ട് തന്നെ ഈ പണത്തിന്റെ ആവശ്യമില്ലെന്നുമാണ് താരത്തിന്റെ നിലപാടെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. ജോലിയിൽ മാത്രമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തിപരമായ കാര്യങ്ങൾ പൊതുവിടത്തിലേക്ക് വലിച്ചിടാൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം ഇരുവരും വേർപിരിയുന്ന വേളയിൽ പഴയൊരു വിഡിയോയും ശ്രദ്ധ നേടുകയാണ്. നാഗ ചൈതന്യയെ പോലൊരു ഭര്‍ത്താവിനെ കിട്ടിയതാണ് തന്റെ ഭാഗ്യം എന്ന് പറഞ്ഞ സാം എന്തിനാണ് വിവാഹ മോചനത്തിന് തയ്യാറായത് എന്നാണ് ആരാധകരുടെ ചോദ്യം. പ്രചരിയ്ക്കുന്ന വീഡിയോയില്‍ ചൈതന്യയെ വാനോളം പുകഴ്ത്തുന്ന സമാന്തയെ ആണ് കാണുന്നത്.

മഹാനടി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വേദിയില്‍ സംസാരിക്കവെയാണ് സമാന്ത ഭര്‍ത്താവിനെ കുറിച്ച് വാചാലയായത്. ചിത്രത്തില്‍ സാവിത്രി എന്ന ആദ്യകാല നടിയായിട്ടാണ് സമാന്ത അഭിനയിച്ചത്. സാവിത്രി കടന്ന് പോയ അതേ അനുഭവങ്ങളിലൂടെയെല്ലാം തുടക്കത്തില്‍ താനും കടന്നു പോയിട്ടുണ്ട് എന്ന് സാം പറഞ്ഞു. പക്ഷെ അത് മനസ്സിലാക്കി ഞാന്‍ പുറത്തേക്ക് കടന്നു. ആ ബന്ധം നന്നായി അവസാനിക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു. നാഗ ചൈതന്യയെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടിയതാണ് എന്റെ ഭാഗ്യം- എന്നാണ് സമാന്ത പറഞ്ഞത്.

ഇരുവരും വേർപിരിയുന്നുവെന്ന വാർത്ത ആരാധകരെയും സങ്കടത്തിലാക്കി. അഭ്യൂഹങ്ങൾ നേരത്തേ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും അതിനോട് പ്രതികരിച്ചിരുന്നില്ല. സാമന്ത സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് അക്കിനേനിയെന്ന പേര് നീക്കം ചെയ്തതോടെ അഭ്യൂഹങ്ങൾ കൂടുതൽ കനത്തു. വേർപിരിയൽ ദൗർഭാഗ്യകരമെന്നായിരുന്നു നാഗചൈതന്യയുടെ പിതാവും സൂപ്പർതാരവുമായ നാഗാർജുന പ്രതികരിച്ചത്.