Friday 29 October 2021 02:53 PM IST : By സ്വന്തം ലേഖകൻ

ഓൺലൈൻ ക്ലാസിൽ നിന്നു യഥാർഥ ക്ലാസ് മുറികളിലേക്കെത്തുന്ന കുരുന്നുകൾ; ആത്മവിശ്വാസം പകരേണ്ടത് അധ്യാപകരും രക്ഷിതാക്കളും, അറിയാം

kids-school-reopen

ഓൺലൈൻ ക്ലാസിൽ നിന്നു യഥാർഥ ക്ലാസ് മുറികളിലേക്കെത്തുന്ന കുരുന്നുകൾ പുതിയ സാഹചര്യത്തോടു പൊരുത്തപ്പെടാൻ വൈകുമെന്ന് അധ്യാപകർക്ക് ആശങ്ക. ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾ ഇതുവരെ ക്ലാസ് മുറികളിൽ എത്തിയിട്ടില്ല. ഇതിനാൽ ഈ ക്ലാസുകളിലെ അധ്യാപകർ സാധാരണ വേണ്ടതിനേക്കാൾ പ്രയത്നം നടത്തിയാലേ കുട്ടികളെ പുതിയ സാഹചര്യവുമായി ഇഴ ചേർത്തെടുക്കാനാകൂ. കെ ജി ക്ലാസുകളിലും ഇതേ പ്രശ്നമുണ്ടാകാം.

ആത്മവിശ്വാസം കൂട്ടണം

അധ്യാപകരും രക്ഷിതാക്കളും എല്ലാ പ്രശ്നങ്ങളിലും കുട്ടികൾക്കൊപ്പമുണ്ടെന്ന തോന്നൽ സൃഷ്ടിച്ചാലേ വിദ്യാർഥികളെ ആശങ്കകളില്ലാത്ത ക്ലാസ് മുറികളിലേക്കു മടക്കിക്കൊണ്ടു വരാനാകൂ എന്നു മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും വേണം.

സ്കൂളുകളിൽ ക്ലാസ് തുടങ്ങിയാലും ആദ്യഘട്ടത്തിൽ കളികൾക്കു പ്രാധാന്യം കൊടുത്തുള്ള അധ്യയനമാകും നടക്കുക. സർക്കാർ ഇത്തരത്തിൽ നിർദേശം നൽകുന്നതിനു പിന്നിലും കുട്ടികളിലെ ആശങ്ക അകറ്റുക എന്ന ലക്ഷ്യമാണ്. കോവിഡ് മാനദണ്ഡങ്ങൾ മുറുകെപ്പിടിച്ചാലും വിദ്യാർഥികൾക്ക് അപകടരഹിതമായി കൂട്ടുകാരോട് ഇടപഴകാനും കളിക്കാനുമെല്ലാം അവസരമൊരുക്കാനുള്ള നിർദേശവും പരിശീലനവും അധ്യാപകർക്കു നൽകിയിട്ടുണ്ട്.

മാസ്ക് എങ്ങനെ?

സ്കൂൾ സമയം മുഴുവൻ കുട്ടികൾ മാസ്ക് ധരിച്ചിരിക്കേണ്ടി വരുന്നതിന്റെ ആശങ്ക രക്ഷിതാക്കൾക്കുണ്ട്. ഇതു കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്നാണു ചിന്ത. വീടുകൾക്കുള്ളിൽ മാസ്ക് ധരിക്കാതെ തന്നെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയും പരിചയിക്കുകയും ചെയ്ത കുട്ടികൾ ക്ലാസ് മുറിയിൽ ഇത്രയേറെ സമയം എങ്ങനെ മാസ്ക് ധരിക്കും എന്നു പിടിഎ യോഗങ്ങളിൽ രക്ഷിതാക്കൾ ചോദിക്കുന്നുണ്ട്. ഇടവേളകൾ കൂടുതലായി നൽകിയും ക്ലാസ് മുറിക്കു പുറത്ത് അകലം പാലിച്ച് അൽപനേരം മാസ്ക് മാറ്റാൻ അനുവദിച്ചും ഇതിനു പരിഹാരം കാണാമെന്നാണ് അധ്യാപകർ കരുതുന്നത്.

more news..

Tags:
  • Mummy and Me
  • Parenting Tips