Friday 27 August 2021 04:08 PM IST : By സ്വന്തം ലേഖകൻ

മക്കളുടെ വികൃതി കൂടിയാൽ വടിയെടുക്കുമോ? തല്ലി പഠിപ്പിക്കാതെ കുട്ടികളെ നേരെയാക്കാൻ ചില മാർഗങ്ങൾ ഇതാ...

beaa4433tghhjjjjhj

തെറ്റു ചെയ്യാത്ത കുഞ്ഞുങ്ങളുണ്ടാകില്ല. എല്ലാ കുട്ടിക്കുറുമ്പന്മാരുടെ കയ്യിലും എന്തെങ്കിലും കുസൃതിത്തരങ്ങളുണ്ടാകും. ചെറിയ ചിലതെറ്റുകൾ ചെയ്യുമ്പോൾ കുഞ്ഞുങ്ങളെ പറഞ്ഞു തിരുത്താം. വികൃതി കൂടിയാലോ? വടിയെടുത്തോ കൈ കൊണ്ട് തല്ലിയോ ഒക്കെ ശാസിക്കാറാണോ പതിവ്? കുട്ടികളെ തല്ലുന്നത് അവരെ ശാസിക്കുന്നതിനേക്കാൾ അധികം നിങ്ങളുടെ കലി അടക്കാനാണെന്ന് മനശാസ്ത്ര വിദഗ്ധർ പറയുന്നു. കുട്ടികളെ തെറ്റു പറഞ്ഞ് മനസിലാക്കി കൊടുക്കാനും ശാസിക്കാനും തല്ലുക മാത്രമാണോ വഴി. ഇതാ ഈ മാർഗങ്ങൾ ഒന്നു നോക്കൂ.

ഒറ്റയ്ക്ക് മാറിയിരിക്കാം

കുട്ടി തെറ്റ് ചെയ്താൽ അപ്പോൾ കുട്ടിയുടെ മാനസികാവസ്ഥ അവന്റെ ഭാഗത്തെ ശരിയിൽ മാത്രമായിരിക്കും. അടിക്കാൻ ചാടി വീഴും മുമ്പ് ഓർക്കേണ്ടത് പക്വതയുള്ള നിങ്ങളാണ്. നിങ്ങളും കുട്ടിയും തമ്മിലുള്ള മുഖാമുഖ സന്ദർഭം ഒഴിവാക്കുകയാണ് വേണ്ടത്. പെട്ടെന്ന് തന്നെ പ്രതികരിക്കുന്നതിനേക്കാൾ കുട്ടിക്ക് അൽപം സമയം നൽകുന്നത് തന്നെയാണ് നല്ലത്. നിങ്ങൾക്കും നല്ല രീതിയിൽ അവനെ പറഞ്ഞ് മനസിലാക്കാൻ അപ്പോൾ കഴിയണമെന്നില്ല. പെട്ടെന്ന് കുട്ടിയുടെ അടുത്തുനിന്ന് മാറാം. അൽപ്പ സമയത്തേക്ക് ഒന്നും മിണ്ടാതെ ഇരിക്കാം. ഏതെങ്കിലും മൂലയിൽ പോയി നിൽക്കാൻ കുട്ടിയോട് പറയാം. നിങ്ങൾക്കുണ്ടായ വിഷമം ഒരു പേപ്പർ എടുത്ത് എഴുതൂ.

റിയലിസ്റ്റിക് പണിഷ്മെന്റ്

സൈക്ലിങ്, കാർട്ടൂൺ എന്നിവ പോലെ എന്തെങ്കിലും കാര്യങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന കുട്ടിയാണ് എങ്കിൽ എന്തെങ്കിലും തെറ്റ് കാണിച്ചാൽ കുറച്ചു ദിവസത്തേയ്ക്ക് അവയിൽ നിന്ന് വിലക്കാം. അത്തരത്തിലുള്ള ശിക്ഷകൾ കുട്ടികളെ വികൃതി കാണിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കും.

‘പണി’ കൊടുക്കാം

ചെടി നനയ്ക്കൽ, മുറികൾ വൃത്തിയാക്കൽ പോലുള്ള കുട്ടികൾക്കിഷ്ടമില്ലാത്ത വീട്ടിലെ ജോലികൾ നിർബന്ധപൂർവം ചെയ്യിപ്പിക്കാം. ഇത് അവരെ വേദനിപ്പിക്കാതെ ശിക്ഷിക്കാനുള്ള ഒരു മാർഗമാണ്.

നല്ലതും കണ്ടെത്താം

കുട്ടിക്കുറുമ്പന്മാർ തെറ്റു മാത്രമല്ലല്ലോ നല്ല കാര്യങ്ങളും ചെയ്യാറില്ലേ? അവർക്ക് നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ മാർക്ക് നൽകാനും മോശം കാര്യം ചെയ്യുമ്പോൾ ഏറ്റവും കുറവ് മാർക്ക് നൽകാനും ഒരു നോട്ടീസ് ബോർഡ് നൽകാം. മനോഹരമായി തയാറാക്കിയ ഒരു നോട്ടീസ് ബോർഡാകുമ്പോൾ മറ്റുള്ളവരെ കാണിക്കുന്ന രീതിയിൽ വീട്ടിൽ തൂക്കാം. അത് മറ്റുള്ളവർ കാണും എന്നതിനാൽ നല്ല കാര്യങ്ങൾ ചെയ്യാനും കൂടുതൽ മാർക്ക് വാങ്ങാനും കുട്ടികൾക്കുള്ളിൽ വാശിയുണ്ടാകും.

Tags:
  • Mummy and Me
  • Parenting Tips