Thursday 27 June 2024 03:49 PM IST

‘അയ്ന്?’ എന്ന വാക്കാണ് ഇപ്പോഴത്തെ ട്രെൻഡ്; ഗൗരവമായ കാര്യങ്ങളെ പോലും ചിരിച്ചുതള്ളുന്ന യുവതലമുറ, എങ്ങനെ തിരുത്തും?

Vijeesh Gopinath

Senior Sub Editor

2271998433

Q. ‘സിനിമകളും സോഷ്യൽ മീഡിയയും കുട്ടികളുടെ ലാംഗ്വേജിനെ വരെ ബാധിക്കുന്നു. ‘അയ്ന്?’ എന്ന വാക്കാണ് ഇപ്പോഴത്തെ ട്രെൻഡ്. എത്ര ഗൗരവമായ കാര്യമായാൽ പോലും ‘അയ്ന്’ എന്ന ചോദ്യത്തിലൂടെ തകർത്തുകളയാൻ ആകുന്നുണ്ട്. മിക്ക സിനിമയിലും അനാവശ്യമായി തിരുകി കയറ്റുന്ന മോശം വാക്കുകൾ കുട്ടികളിന്ന് പരസ്പരം കൂളായി ഉപയോഗിക്കുന്നു. അതിൽ അവർ ഒരു തെറ്റും കാണുന്നില്ല. ഇത് അവരുടെ ക്യാരക്ടറിനെ ബാധിക്കില്ലേ? കുട്ടികളെ തിരുത്താൻ എന്തൊക്കെ ചെയ്യാനാകും?’

അമിതമായി അനുകരിക്കാനുള്ള പ്രവണത കൗമാരക്കാരുടെ പ്രത്യേകതയാണ്. ഒപ്പമുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടു പോകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. കുട്ടികളും മുതിർന്നവരും തമ്മിൽ കാര്യ കാരണ സഹിതമായ ചർച്ചകളിലൂടെയും നർമബോധത്തിലൂടെയുള്ള സംവാദത്തിലൂടെയും വിദ്യാലയങ്ങളിലെ കലാസാംസ്കാരിക വേദികളിലൂടെയും അഭിലഷണീയമായ പെരുമാറ്റരീതികളെ കുറിച്ച് കുട്ടികളെ സരസമായി ബോധവൽക്കരിക്കാം. 

കുട്ടികള്‍ അന്ധമായി ആദരിക്കുന്ന സെലിബ്രിറ്റികൾക്ക് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അഭിലഷണീയമായ പെരുമാറ്റ രീതികളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ആകർഷകമായ സന്ദേശങ്ങൾ കൊടുക്കാം. അയ്ന് എന്നവാക്ക് എന്തിനേയും ധിക്കരിക്കാനുള്ള കീ വേർഡ് അല്ലെന്നും മറിച്ച് നമുക്കു നേരെയുള്ള കടന്നുകയറ്റങ്ങളെ ചെറുക്കാനുള്ള ആയുധമാണെന്നും പറഞ്ഞു നൽകാം.

Q. ‘രാത്രി വൈകിയുള്ള ഉറക്കം വലിയ പ്രശ്നമാണ്. ക്ലാസുകളിൽ ഉറക്കം തൂങ്ങുന്ന കുട്ടികൾ പതിവു കാഴ്ചയാണ്‌. എങ്ങനെയാണ് അവരെ ചിട്ടയായ ജീവിതത്തിലേക്ക് കൊണ്ടുവരുക?’

നിദ്രാശുചിത്വത്തെക്കുറിച്ചു കുട്ടികളും മാതാപിതാക്കളും  അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ശരാശരി 7–8 മണിക്കൂറെങ്കിലും രാത്രിയിൽ കുട്ടികൾ ഉറങ്ങണം .  തലച്ചോറിന്റെയും മറ്റ് ആരോഗ്യകരമായ പ്രവർത്തനത്തിന് ഇത് ആവശ്യമാണ്. രാത്രിയുടെ അന്ത്യയാമങ്ങൾ വരെ മൊബൈൽ ഉപയോഗം കുട്ടികളുടെ നിദ്രയേയും മാനസിക ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും. കൃത്യമായ സമയത്ത് ഉറങ്ങുകയും പ്രഭാതത്തിൽ കൃത്യസമയത്ത് എഴുന്നേൽക്കുകയും ചെയ്ത് ഇളംവെയിൽ കൊണ്ടു ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നതു കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വളരെ ഗുണം െചയ്യും.  

മൊബൈൽ ഫോണുകളുടെ ആരോഗ്യകരമായ ഉപയോഗത്തെക്കുറിച്ച് – സമയം നിഷ്കർഷിച്ചുകൊണ്ടുള്ള ഉ പയോഗം, ഏതൊക്കെ സൈറ്റുകൾ ഉപയോഗിക്കാം, എങ്ങനെ അതിനെ ക്രമപ്പെടുത്താം, എന്നൊക്കെയുള്ള അറിവു നിരന്തരം കുട്ടികൾക്കു പകർന്നു കൊടുക്കണം. അതിനുള്ള ആപ്പുകളും ഉണ്ട്. മാതാപിതാക്കൾക്കു കുട്ടികളുടെ സെൽഫോൺ ഉപയോഗത്തിനു നിയന്ത്രണം കൽപ്പിക്കുന്ന ആപ്പുകളെക്കുറിച്ചും അറിവു പകർന്നു കൊടുക്കണം.

ചിട്ടയായ വ്യായാമം പ്രത്യേകിച്ചു വീടിനു വെളിയിൽ പ്രകൃതിയുമായി ഇഴുകിച്ചേർന്നു ചെയ്യുകയാണെങ്കിൽ കുട്ടികളുടെ മാനസിക സമ്മർദത്തിന് അയവു വരികയും മാനസിക ഉല്ലാസവും  പ്രദാനം ചെയ്യുകയും ചെയ്യുന്നു.  കാലത്തെ ഇളംവെയിൽ  ഏൽക്കുന്നതും വ്യായാമങ്ങളും സർക്കാഡിയൻ താളത്തിലുള്ള (CIRCADIAN RHYTHM) താളപ്പിഴകളെ തിരുത്തി രാത്രി, സുഖനിദ്ര പ്രദാനം ചെയ്യും.

Tags:
  • Mummy and Me
  • Parenting Tips