Saturday 23 April 2022 04:11 PM IST : By ശ്യാമ

‘കൗമാരകാലത്ത് മാതാപിതാക്കളിൽ നിന്ന് അകന്ന് അവനവന്റെ സ്പേസിൽ ഇരിക്കാനുള്ള ആഗ്രഹം വർധിക്കും’; കുട്ടികളിലെ മാറ്റങ്ങൾ അറിയാം

parennghh654fhu

തല്ലില്ലാതെ, അലർച്ചയും പേടിപ്പിക്കലും ഇല്ലാതെ മക്കളെ വളർത്തുന്ന രീതിയാണ് ‘പീസ്ഫുൾ പേരന്റിങ്’

വളരെ ചെറിയ പ്രായത്തിൽ വീട്ടിൽ സൗമ്യമായി പെരുമാറുന്ന കുട്ടികൾ പോലും പുറത്തിറങ്ങിയാൽ വഴക്കാളികളും വാശിക്കാരുമായി മാറുന്നത് കാണാം. ശ്രദ്ധ കിട്ടാൻ വേണ്ടിയാകും ഇതിൽ മിക്ക കാര്യങ്ങളും ചെയ്യുന്നത്. ചില സമയത്ത് ഉറക്കെയുള്ള കരച്ചിലുകൾക്ക് ഒട്ടും ശ്രദ്ധ കൊടുക്കാതിരുന്നാൽ തന്നെ കുട്ടികൾ അടങ്ങും. മറ്റു ചില അവസരങ്ങളിൽ എന്താണ് ശരിക്കും പ്രശ്നം എന്നു ചോദിച്ചു മനസ്സിലാക്കി കുട്ടിയെ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നതാണ് ഗുണം ചെയ്യുക. ഉദാഹരണത്തിന് ഒരു പാവയ്ക്ക് വേണ്ടിയാണ് വാശി പിടിക്കുന്നതെങ്കിൽ ‘അതു പോലെ തന്നെയുള്ള പാവ വീട്ടിലുണ്ടല്ലോ, ഇനിയും വാങ്ങുന്നത് മോശമല്ലേ’ എന്നോ... ‘ഇപ്പോ കയ്യിൽ അത്രയും പണമില്ല, പൈസ കൂട്ടി വച്ച് വാങ്ങാം’ എന്നോ പറയാം.

മുതിർന്ന കുട്ടികളിലും പലതരം ഭാവമാറ്റങ്ങൾ വരാറുണ്ട്, പ്രത്യേകിച്ച് കൗമാരത്തിൽ. ഹോർമോൺ വ്യതിയാനങ്ങൾ നടക്കുന്ന സമയമാണിത്. ഈ പ്രായത്തിൽ നിങ്ങൾക്കും ഇത്തരം ഭാവമാറ്റങ്ങൾ വന്നിരുന്നു എന്നോർത്ത് പെരുമാറിയാൽ തന്നെ പകുതി വിജയിച്ചു. 

കൗമാരകാലത്ത് കുട്ടികൾ മാതാപിതാക്കളിൽ നിന്ന് അകലം പാലിക്കാനുള്ള സാധ്യതയുണ്ട്. അവനവന്റെ സ്പേസിൽ ഇരിക്കാനുള്ള ആഗ്രഹം വർധിക്കും. കുട്ടിയുടെ വ്യക്തിപരമായ ഇടങ്ങളിലേക്കുള്ള അമിതമായ തള്ളിക്കയറ്റം വേണ്ട. കുട്ടിയിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാം, എ ന്നാൽ തുടക്കം മുതലേ എന്തിനും ഏതിനും അനാവശ്യ മായ ചോദ്യങ്ങൾ ചോദിച്ചും പ്രകോപിക്കുന്ന രീതിയിൽ സംസാരിച്ചും അകൽച്ച കൂട്ടാതിരിക്കാം. 

കുട്ടിക്ക് എന്തും തുറന്നു പറയാവുന്ന സൗഹൃദാന്തരീക്ഷം വീട്ടിലൊരുക്കുകയാണ് വേണ്ടത്. നിങ്ങൾ ആവശ്യപ്പെട്ടിട്ടല്ലാതെ നിങ്ങളിലേക്ക് വാതിൽ തുറന്ന് വരാൻ അവർക്ക് തോന്നണം. കുട്ടികൾ സംസാരിക്കുമ്പോൾ കഴിവതും മുഴുവൻ ശ്രദ്ധയോടെ കേൾക്കുക. 

ലഹരി പദാർഥങ്ങളേയും അവയുടെ ദൂഷ്യവശങ്ങളേയും കുറിച്ചും ലൈംഗികകാര്യങ്ങളെ പറ്റിയും പ്രായത്തിനനുസരിച്ചുള്ള ശാരീരിക– മാനസിക മാറ്റങ്ങളേയും ഒക്കെ പൊതുവായി തന്നെ വീടുകളിൽ ചർച്ച ചെയ്യാം. മോശം പ്രവൃത്തികൾ കൗമാരത്തിലെത്തിയ കുട്ടിയിൽ നിന്നുണ്ടായാൽ അവരെ എല്ലാവരുടെയും മുന്നിൽ വച്ച് അപമാനിക്കാതെ സ്വകാര്യത നിലനിർത്തി കാര്യങ്ങൾ പറഞ്ഞു കൊടുക്കാം. തെറ്റിനെ കുറിച്ച് ആവർത്തിച്ച് പറയരുത്. എന്നാൽ കുട്ടി അതാവർത്തിക്കാതിരിക്കാൻ നടത്തുന്ന ചെറുശ്രമങ്ങളെ പോലും അഭിനന്ദിക്കുക.  

അതത് പ്രായത്തിലൂടെ കടന്നുപോകാനുള്ള രണ്ടാമൂഴമാണ് ഓരോ കുട്ടിയും മാതാപിതാക്കൾക്ക് തരുന്നത്. കുട്ടിക്കൊപ്പം മുതിർന്നവരും ശൈശവത്തിലൂടെയും ബാല്യത്തിലൂടെയും കൗമാരത്തിലൂടെയും വീണ്ടും മാനസികമായി കടന്നു പോകുന്നു. നമുക്ക് കിട്ടിയതിലും മെച്ചപ്പെട്ട കാലം വരും തലമുറയ്ക്കൊരുക്കാനാണ് ശ്രദ്ധിക്കേണ്ടത്. ശൈശവം വരെ കൊഞ്ചിച്ചിട്ട് പിന്നെ, വികാരങ്ങൾ പ്രകടിപ്പിക്കാത്ത ‘സിംബലുകൾ’ മാത്രമായി മാതാപിതാക്കൾ മാറരുത്.  

കടപ്പാട്: ഡോ. സി. ജെ. ജോൺ, മാനസികാരോഗ്യ വിദഗ്ധൻ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം. 

Tags:
  • Mummy and Me