Friday 19 March 2021 02:28 PM IST

കൃത്യമായ പരിശീലനത്തിലൂടെ ബുദ്ധിയും ഓർമയുമൊക്കെ ‘ഷാർപ്’ ആക്കിയെടുക്കാൻ പറ്റും; ബുദ്ധി കൂട്ടാൻ 10 വഴികൾ

Roopa Thayabji

Sub Editor

Kids-BG ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കുട്ടികളുടെ തലച്ചോറിന്റെ വികാസവും സൂക്ഷ്മതയും ഉറപ്പാക്കുന്നതിന് ചെറിയ പ്രായം മുതൽ തന്നെ ഈ കാര്യങ്ങൾ ശീലിപ്പിക്കാം...

തോമസ് ആൽവാ എഡിസന്റെ കഥ കേട്ടിട്ടില്ലേ. ‘നിങ്ങളുടെ മകനെ ഒന്നിനും കൊള്ളില്ല. അവന്റെ ശീലങ്ങൾ മറ്റു കുട്ടികളുടെ പഠനത്തെ പോലും ബാധിക്കുന്നതുകൊണ്ട് ദയവുചെയ്ത് ഇനി സ്കൂളിലേക്ക് അയയ്ക്കരുത്.’ ആൽവയുടെ ക്ലാസ് ടീച്ച ർ എഴുതി ഒപ്പിട്ടയച്ച കത്ത് കണ്ണീരടക്കാനാകാതെയാണ് അ മ്മ വായിച്ചു തീർത്തത്. പക്ഷേ, ആ സങ്കടക്കടലിൽ മുങ്ങി നിവർന്ന അമ്മ മകനെ സ്വയം പഠിപ്പിച്ചത് ജീവിതത്തെ കുറിച്ചുള്ള വലിയ പാഠങ്ങളാണ്. വർഷങ്ങൾക്കിപ്പുറം ലോകം കണ്ട ഏറ്റവും ബുദ്ധിശാലി എന്ന് എഡിസണെ കാലം ആഘോഷിച്ചു. ഭൗതികശാസ്ത്രത്തിൽ ലോകമറിഞ്ഞ ഐൻസ്റ്റീന്റെ ക ഥയും ഇതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. കണക്കിൽ തീരെ വൈദഗ്ധ്യം ഇല്ലെന്നു പറഞ്ഞ് ക്ലാസിൽ നിന്നു പുറത്താക്കപ്പെട്ടവനായിരുന്നു ഐൻസ്റ്റീനും.

ഇതൊക്കെ വെറും കഥയായി വായിച്ച് മറിച്ചു വിടാനുള്ള തല്ല. ബുദ്ധിയില്ലാത്തവൻ എന്ന് എഴുതിത്തള്ളിയ എഡിസണും ഐൻസ്റ്റീനും പിൽക്കാലത്ത് എങ്ങനെയാണ് ലോകം കീഴടക്കിയത്? മക്കളുടെ കുറവുകൾ തിരിച്ചറിഞ്ഞ്, അവർക്കു വേണ്ട കാര്യങ്ങൾ വേണ്ടതുപോലെ പഠിപ്പിച്ച അമ്മമാരാണ് ഇവിടെ റിയൽ ഹീറോസ്. കൃത്യമായ പരിശീലനത്തിലൂടെ തലച്ചോറിന്റെ വികാസവും സൂക്ഷ്മതയും ഉറപ്പാക്കാൻ കു  ട്ടിക്കാലം  മുതൽ  പരിശ്രമിച്ചാൽ  നമ്മുടെ  മക്കളുടെയും  ബുദ്ധിയും ഓർമയുമൊക്കെ ‘ഷാർപ്’ ആക്കിയെടുക്കാൻ പറ്റും.

ബുദ്ധി കൂട്ടാൻ ‘ഓർമ’ വേണം

തലച്ചോറിലെ കോശങ്ങളുടെ വളർച്ച ആദ്യ മൂന്നര വർഷത്തിനുള്ളിൽ സംഭവിക്കും. പിന്നീട് മസ്തിഷ്ക കോശങ്ങൾ തമ്മിലുള്ള പുതിയ ബന്ധങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അങ്ങനെയാണ് മാനസിക, സാമൂഹിക, വൈകാരിക വളർച്ച നടക്കുന്നത്. വ്യത്യസ്ത അനുഭവ പരിസരങ്ങളിലൂടെ കടന്നുപോയാലേ ഇതു പൂർണമാകൂ.

പുതിയ തലമുറയ്ക്ക് പഴയ തലമുറയെ അപേക്ഷിച്ച് 30 ശതമാനം ഐക്യു (IG- Intelligence Quotient) കൂടുതലുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ടെക്നോളജിയെ പറ്റിയുള്ള സംശയങ്ങളും മറ്റും അച്ഛനമ്മമാർക്കു മക്കൾ പരി ഹരിച്ചു കൊടുക്കുന്നത് കണ്ടിട്ടില്ലേ. മനുഷ്യന്റെ ബുദ്ധിയുടെയും ഓർമയുടെയും ഇരിപ്പിടം തലച്ചോറാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ സംവേദനങ്ങളായി എത്തുന്ന അറിവുകളുടെ രേഖപ്പെടുത്തലും വേണ്ട സാഹചര്യങ്ങളിലുള്ള തിരിച്ചെടുക്കലുമാണ് ഓർമ എന്നതുകൊണ്ട് അർഥമാക്കുന്നത്. കിട്ടിയ അറിവുകളുടെ വിശകലനത്തിലൂടെയും പുതിയ അറിവുകളെ തലച്ചോറ് ശേഖരിച്ചു വയ്ക്കും.

_REE9408

പ്രത്യേക സന്ദർഭത്തിലേക്കുള്ള ഓർമകളെ സാന്ദർഭികമായി പ്രയോജനപ്പെടുത്താനുള്ള തലച്ചോറിന്റെ കഴിവാണ് ബുദ്ധി. ബുദ്ധിയും ഓർമയും ഒന്നല്ല. ബുദ്ധിക്കു പ്രവർത്തിക്കാൻ ഓർമ വേണം. ഏകാഗ്രത (അറ്റൻഷൻ), ഓർമശക്തി (മെമ്മറി പവർ), വിധിനിർണയം (ജഡ്ജ്മെ ൻറ്) എന്നിവ ബുദ്ധിവികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെ പരിപോഷിപ്പിച്ചാൽ ബുദ്ധിയും കൂടും.

ഏകാഗ്രത കൂട്ടാം

കഴിഞ്ഞ തലമുറയിലെ ആളുകൾക്ക് നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന ഒരു കളിയുണ്ട്. കുറേ ഈർക്കിലി കഷണങ്ങൾ കൈകൾകൊണ്ട് കശക്കിയിട്ട്, കൈയിൽ പിടിച്ച ഒ രൊറ്റ ഈർക്കിലി കൊണ്ട് അവയെ ഓരോന്നായി കുരുക്കഴിച്ച് പെറുക്കിയെടുക്കുന്നത്. നല്ല ഏകാഗ്രതയും ശ്രദ്ധയും വേണ്ട ആ കളി തലച്ചോറിനുള്ള ബൂസ്റ്റർ ആയിരുന്നെന്ന് എത്രപേർക്ക് അറിയാം.

പണ്ടുകാലത്ത് കളിച്ചിരുന്ന ഇത്തരം കളികളുടെ ന്യൂ ജനറേഷൻ വേർഷനാണ് ബ്രെയിൻ ജിം. പദപ്രശ്ന പൂരണം, സൂചനകളിൽ നിന്ന് കഥകൾ ഉണ്ടാക്കൽ, ജിഗ്സോ പസിലുകൾ, കടങ്കഥകൾ, ചെസ്സ്, വഴി കണ്ടുപിടിക്കൽ തുടങ്ങിയവയൊക്കെ ഇതിൽ പെടും. ഇവയിലൂടെ കടന്നുപോകുമ്പോൾ തലച്ചോറിലെ പ്രത്യേകഭാഗങ്ങൾ കൂടുതലായി ജോലിയെടുക്കും. ഏകാഗ്രത കുറഞ്ഞ കുട്ടികളെ ഈ വഴിയിലൂടെ നടത്തി നോക്കൂ. മാറ്റം പ്രകടമാകും.

കരുതലും സ്നേഹവും

കണ്ണുകാണാത്ത ഒരാളെ റോഡു ക്രോസ് ചെയ്യാൻ സഹായിച്ചു എന്നു അഭിമാനത്തോടെ വന്നുപറയുമ്പോഴും, വഴിയിൽ നിന്നുകിട്ടിയ പൂച്ചക്കുഞ്ഞിനെ നെഞ്ചോടുചേർത്തു വീട്ടിലേക്കു വരുമ്പോഴും കുട്ടിയെ ശാസിക്കല്ലേ. കുട്ടി സ്നേഹത്തിന്റെയും നന്മയുടെയും പുതിയ പാഠം പഠിച്ചു എന്നു മാത്രമല്ല, മറ്റൊരു ഗുണം കൂടി അതിനുണ്ട്. ബുദ്ധിവികാസത്തിന്റെ അടിസ്ഥാനഘടകം മോട്ടിവേഷൻ ആണ്. സ്നേഹവും കരുതലും പോലുള്ള മാനുഷിക മൂല്യങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുന്നത് ബുദ്ധിവികാസം ഒന്നുകൂടി ഫലവത്താക്കും. ഈ അനുഭവങ്ങൾ കുട്ടിക്ക് അനുഭവാത്മക പഠനത്തിന് (എക്സ്പീരിയൻഷ്യൽ ലേണിങ്) അവസരം നൽകും. സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതും നല്ലതാണ്.

_REE9386

കഥകൾ കേട്ടു വളരാം

ഏതു കുഴയ്ക്കുന്ന ചോദ്യം വേതാളം ചോദിച്ചാലും ശരിയുത്തരം പറയാൻ വിക്രമാദിത്യന് കഴിഞ്ഞിരുന്നു. ബുദ്ധിശക്തിയുടെ ഒരു ഘടകം വിലയിരുത്തലിനും മൂല്യനിർണയത്തിനും ഉള്ള കഴിവാണ്. ഈ കഴിവ് വർധിപ്പിക്കാൻ വിക്രമാദിത്യകഥകൾ പോലുള്ളവ സഹായിക്കും. കടങ്കഥകളും ഈ വിഭാഗത്തിൽ പെടുന്നു. അവ്യക്തമായ ചെറിയ സൂചനകളിലൂടെ പൊരുൾ കണ്ടെത്താൻ പഠിപ്പിക്കുന്ന രീതി പ്രാക്ടീസ് ചെയ്താൽ ബുദ്ധിപൂർവം തിരഞ്ഞെടുപ്പ് നടത്താനുള്ള കഴിവും കൂട്ടാം. കുട്ടിക്ക് കഥ കേൾക്കാൻ വളരെ ഇഷ്ടമുണ്ടെങ്കിൽ ഭാഷാസംബന്ധമായ ബുദ്ധി ( ലിംഗ്വിസ്റ്റിക് ഇന്റലിജൻസ്) കൂടുതലുണ്ടെന്നാണ് അർഥം. കുട്ടിക്ക് കഥ പറഞ്ഞുകൊടുക്കാനും, കഥാപുസ്തകങ്ങൾ വായിച്ചു കൊടുക്കാനും ശ്രമിക്കണം.

ബുദ്ധിക്കായി വ്യായാമം

ശരീരത്തിനു മാത്രമല്ല, ബുദ്ധിക്കും വ്യായാമം കൊണ്ട് ഗുണങ്ങളുണ്ട്. വ്യായാമം ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടും. ഇത് ഓക്സിജൻ ലഭ്യത കൂട്ടി ബുദ്ധിവികാസത്തെ സഹായിക്കും. ചിട്ടയായ വ്യായാമം ശ്രദ്ധയെയും ഏകാഗ്രതയെയും മെച്ചപ്പെടുത്തും.

ഇളം വെയിലു കൊണ്ടുള്ള വ്യായാമമാണെങ്കിൽ ആ സമയത്ത് ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന വൈറ്റമിൻ ഡി തലച്ചോറിന്റെ വിജ്ഞാന വിശകലനശേഷി വർധിപ്പിക്കും. വ്യായാമത്തിനു വേണ്ടി എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും മാറ്റി വയ്ക്കണം. കുട്ടിയുടെ പ്രായത്തിനനുസരിച്ചുള്ള വ്യായാമങ്ങളാണ് ചെയ്യിക്കേണ്ടത്. സൈക്ലിങ്, നീന്തൽ പോലുള്ള ഇനങ്ങളും തിരഞ്ഞെടുക്കാം.

കഴിക്കാം ബ്രെയിൻ ഫൂഡ്

തലച്ചോറിലെ ന്യൂറോണുകളെ പ്രവർത്തന ക്ഷമമാക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നവയാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ്. കോശങ്ങളെ ക്ഷീണത്തിൽ നിന്ന് അതിജീവിക്കാൻ സഹായിക്കുന്നവയാണ് ആന്റി ഓക്സിഡന്റുകൾ. ന്യൂറോണുകളെ ക്ഷീണമില്ലാതെ ജോലിയെടുക്കാൻ പ്രാപ്തമാക്കുന്നത് ഗ്ലൂക്കോസ് ആണ്. മത്സ്യം, ഡാർക് ചോക്‌ലെറ്റ്, അണ്ടിപ്പരിപ്പ്, നിലക്കടല, മുട്ട, ബ്രോക്ക്‌ലി, ധാന്യങ്ങൾ, കാരറ്റ്, സോയാബീൻ എന്നിവയെല്ലാം ഓർമശക്തി കൂട്ടാൻ സഹായിക്കുന്ന ഭക്ഷണപദാർഥങ്ങളാണ്.

chocolate-isolated-on-white-159183632

എന്നാൽ അമിതമായി ഉപയോഗിച്ചാൽ തലച്ചോറിനെ ബാധിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. വളരെയേറെ പഞ്ചസാര അടങ്ങിയ കാർബണേറ്റഡ് പാനീയങ്ങൾ, അമിത ശുദ്ധീകരണം നടത്തിയ കാർബോ ഹൈഡ്രേറ്റുകൾ, കൂടിയ അളവിൽ ട്രാൻസ്ഫാറ്റും അൺസാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയ ബേക്കറി പലഹാരങ്ങൾ, മദ്യം കലർന്ന ഭക്ഷണം എന്നിവയൊക്കെ ഓർമശക്തിക്ക് വിരുദ്ധമായ ഭക്ഷണങ്ങളാണ്. ഇവ ഒഴിവാക്കണം.

ബുദ്ധിക്കു യോഗ

തലച്ചോറിലേക്ക് രക്തയോട്ടം കൂട്ടി ശ്രദ്ധയും ബുദ്ധിയും ഏകാഗ്രതയുമൊക്കെ കൂട്ടുന്ന യോഗാ മുറകൾ കുട്ടികളെ ശീലിപ്പിക്കാം. സർവാംഗാസനം, വൃക്ഷാസനം പോലെയുള്ള യോഗാഭ്യാസങ്ങൾ ജാഗ്രതയും ശ്രദ്ധയും കൂട്ടുന്നതിനൊപ്പം ഏകാഗ്രതയും നൽകും. വെറും രണ്ടര മിനിറ്റ് പ്രാണായാമം ചെയ്താൽ മൂന്നു മണിക്കൂറോളം ഏകാഗ്രതയോടെ ഇരിക്കാൻ കഴിയുമെന്നാണ് പറയുന്നത്.

മെഡിറ്റേഷൻ ചെയ്യുന്നതു റിലാക്സ് ചെയ്യാൻ മാത്ര മല്ല, തലച്ചോറിനെ ഉണർത്താനും നല്ലതാണ്. മെഡിറ്റേഷൻ ചെയ്യുമ്പോൾ മനസ്സ് ഒരു പ്രത്യേക ബിന്ദുവിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നു. അപ്പോൾ ഏകാഗ്രതയും ശ്രദ്ധയും കൂടും. ഉത്സാഹക്കുറവുള്ള കുട്ടിയെ കൊണ്ട് എല്ലാ ദിവസവും പ്രാണായാമം ചെയ്യിച്ചാൽ ഉത്സാഹവും സന്തോഷവും  കൂടും. ഹൈപ്പർ ആക്ടീവ് കുട്ടികൾക്ക് ശാന്തസ്വഭാവം വരുത്താനും യോഗ ശീലിപ്പിക്കാം.

ഉറക്കവും മുഖ്യം

എപ്പോഴും പണിയെടുത്തു കൊണ്ടിരുന്നാൽ നമ്മൾ ക്ഷീണിച്ചു പോകില്ലേ. അതുപോലെ തന്നെയാണ് ത ലച്ചോറിലെ കോശങ്ങളും. പഠിക്കുന്നതും മറ്റും കൂടിപ്പോയാൽ തലച്ചോറിലെ കോശങ്ങളും ക്ഷീണിക്കും. പരീക്ഷാ സമയത്തും മറ്റും ഉറക്കമൊഴിഞ്ഞു പഠിക്കുന്നത് ചിലപ്പോഴെങ്കിലും ദോഷമാകുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. അതിനാൽ റിലാക്സ് ചെയ്യാനും സമയം കണ്ടെത്തണം. പ്രായപൂർത്തിയായ ഒരാളിന്റെ  കാര്യത്തിൽ തലച്ചോറിന് ദിവസവും ഏഴ്– എട്ടു മണിക്കൂർ വിശ്രമം ആവശ്യമാണ്. കുട്ടികൾക്ക് അതിൽ കൂടുതൽ വിശ്രമം വേണം.

ഉറക്കം കുറയുന്നത് ശാരീരിക– മാനസിക ക്ഷീണം ഉണ്ടാക്കുമെന്നു മാത്രമല്ല ചിന്തിക്കാനുള്ള കഴിവിനെയും സാരമായി ബാധിക്കും. പഠിക്കുന്ന കുട്ടികളിൽ ശ്രദ്ധക്കുറവ്, ഓർമക്കുറവ്, ഏകാഗ്രത ഇല്ലായ്മ പോലുള്ളവ കണ്ടാൽ ഉറക്കശീലങ്ങൾ പരിശോധിക്കുക. ഉറക്കം കൃത്യമായാൽ ഓർമയും ഉണ്ടാകും.

_REE9338

കളിക്കാം ബ്രെയിൻ ഗെയിംസ്

‘പ്രാഞ്ചിയേട്ടൻ’ സിനിമയിലെ ജഗതിയുടെ ‘വാധ്യാ ർ’ മാഷിനെ ഓർയില്ലേ. വലതു കൈവിരൽ കൊണ്ട് ആറും വലതു കാൽലിരൽ കൊണ്ട് ഒൻപതും ഒരേ സമയം എഴുതുക എന്ന എക്സർസൈസ് നൽകിയ മാഷ്. ഇതു തന്നെയാണ് ബ്രെയിൻ ഗെയിം. ബുദ്ധിപൂർവമുള്ള ശ്രമങ്ങളിലൂടെ തലച്ചോറിന്റെ എല്ലാ ഭാഗങ്ങളെയും ഉത്തേജിപ്പിക്കുകയാണ് ഇതിന്റെ ല ക്ഷ്യം. ഇതിലൂടെ തലച്ചോറിലെ രക്തപ്രവാഹവും പോഷകങ്ങളുടെ ഒഴുക്കും ഓക്സിജൻ ലഭ്യതയും ഉറപ്പാക്കാം. അപ്പോൾ ബുദ്ധിക്ക് ഉണർവുണ്ടാകും.

ഇടതു കൈ കൊണ്ട് ചെയ്തു ശീലിച്ച പ്രവൃത്തികൾ വലതുകൈ കൊണ്ട് ചെയ്യാൻ ശ്രമിക്കുന്നതും ഒരു തരത്തിൽ ബ്രെയിൻ ബൂസ്റ്റിങ് ആണ്. ഇടം കൈ കൊണ്ട് പല്ലു തേക്കാൻ ശ്രമിച്ചാലോ? വലംകൈയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഇടതുഭാഗം മാത്രമല്ല, ഇടംകൈയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ വലതുഭാഗവും ഇതിലൂടെ ഉത്തേജിപ്പിക്കപ്പെടും.

ഉറക്കെ വായിക്കാം

പലയാവർത്തി ഉറക്കെ ചൊല്ലി പഠിക്കുന്നത് ഓർമശക്തി കൂട്ടുമെന്ന് ആധുനിക പഠനങ്ങൾ പറയുന്നു. സമ്മിശ്രമായ മാധ്യമങ്ങളിലൂടെ (ശ്രാവ്യ– ദൃശ്യ– അച്ചടി) സ്വീകരിക്കുമ്പോൾ ഓർമയുടെ കൂടുതൽ ആഴങ്ങളിലേക്ക് അറിവ് രേഖപ്പെടുത്തും. പഠിച്ചു കഴിഞ്ഞു എന്നു തോന്നുന്ന നിമഷം മറ്റൊന്നു കൂടി ചെയ്യണം. റഫ് ബുക്കിൽ ഒരു വട്ടം ഓർമയിൽ നിന്ന് എഴുതി നോക്കുക. ഇത് ഓർമ ഒന്നുകൂടി ഉറപ്പിക്കാനും തലച്ചോറിനെ റിഫ്രഷ് ചെയ്യാനും ആവശ്യമാണ്.

മുറിയുടെ ചുവരിൽ പാഠഭാഗങ്ങളിലെ പോയിന്റുകൾ എഴുതി ഒട്ടിച്ചു വയ്ക്കാം. നിരന്തരം കാണുന്ന കാര്യങ്ങൾ ഓർമയിൽ രേഖപ്പെടുത്തും. ‘നിമോണിക്സ്’ പരിശീലിക്കുന്നതും ഓർമ കൂട്ടുന്ന വഴിയാണ്. പേരു കേട്ട് ഞെട്ടേണ്ട. മഴവില്ലിലെ നിറങ്ങളെ ഓർക്കാൻ VIBGYOR എന്ന വാക്ക് പഠിക്കില്ലേ. ഇതുപോലെ വാക്കുകളുടെ ആദ്യ അക്ഷരങ്ങൾ ചേർത്തോ, സൂചനകളിലൂടെയോ ഉത്തരം ഓർത്തെടുക്കാൻ കോഡ് ഉണ്ടാക്കുന്ന രീതിയാണ് ‘നിമോണിക്സ്.’

വിവരങ്ങൾക്ക് കടപ്പാട്: ഡോ.  എം. മുരളീധരൻ, കൺസൽട്ടന്റ് ഇൻ പീഡിയാട്രിക്സ്, ജനറൽ ഹോസ്പിറ്റൽ, മാഹി. ഡോ. അരുൺ ബി. നായർ, അസോഷ്യേറ്റ് പ്രഫസർ ഇൻ സൈക്യാട്രി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.

Tags:
  • Mummy and Me
  • Parenting Tips