Saturday 28 April 2018 09:48 AM IST : By സ്വന്തം ലേഖകൻ

ആൺകുട്ടികളിലെ പെരുമാറ്റ വൈകല്യം; കാരണം ഇതാണ്

boys

ഒട്ടുമിക്ക മാതാപിതാക്കളുടേയും തലവേദനയാണ് ആൺകുട്ടികളിലെ അലമ്പും അനുസരണക്കേടുമൊക്കെ. പലപ്പോഴും ഇവരുടെ പെരുമാറ്റം അതിരുകടക്കുന്നതായിരിക്കും. വീട്ടിലുള്ളവർക്കു മാത്രമല്ല സ്കൂളിലും കൂട്ടുകാർക്കിടയിലും ഇവർ പ്രശ്നക്കാരായിരിക്കും. എന്നാൽ ഇത് കുട്ടികളുടെ മാത്രം പ്രശ്നമല്ലെന്ന് പറയുന്നു ഒരുകൂട്ടം ശാസ്ത്രഞ്ജർ. ആൺകുട്ടികളിലെ ഇത്തരം പെരുമാറ്റ വൈകല്യങ്ങൾക്കു പിന്നിൽ ഒരു സുപ്രധാന കാരണം കണ്ടെത്തിയിരിക്കുന്നു. കുട്ടികളില മോശം പെരുമാറ്റവും ശരീരത്തിലെ അയണിന്റേയും വിറ്റാമിൻ B12 ന്റേയും അളവും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

ശരീരത്തിൽ ഇരുമ്പിന്റേയും വിറ്റാമിൻ B12 ന്റേയും കുറവ് ആൺകുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങൾക്ക് കാരണമാകാമെന്ന് കണ്ടെത്തിയത് അമേരിക്കയിലെ മിഷിഗൺ സ്കൂൾ ഓഫ് പബ്ളിക് ഹെൽത്തിലെ വിദഗ്ധരാണ്. എട്ട് വയസ്സുവരെയുള്ള ആൺകുട്ടികളിലാണ് ഇവയുടെ കുറവ് പ്രശ്നമാകുന്നതായി കണ്ടെത്തിയിരിക്കുന്നത്. കൊളംബിയയിലെ 1042 പെരുമാറ്റ വൈകല്യങ്ങളുള്ള ആൺകുട്ടികളിൽ നടത്തിയ പഠനമാണ് പുത്തൻ കണ്ടെത്തലിന് പിന്നില്‍. ഈ കുട്ടികളിലെ പ്രശ്നം അയണ്‍, വിറ്റാമിൻ B12, സിങ്ക് വിറ്റാമിൻ എ തുടങ്ങിയവയുടെ കുറവാണ് എന്നാണ് കണ്ടെത്തിയത്.

കുട്ടികളിലെ അമിത ഉല്‍കണ്‌ഠ, വിഷാദം, അക്രമസ്വഭാവം‍, നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതിരിക്കുക തുടങ്ങിയ സ്വഭാവപ്രശ്നങ്ങളാണ് പഠനവിധേയമാക്കിയത്. കുട്ടികളുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കു വിധേയമാക്കിയാണ് പഠനം നടത്തിയത്. ഇത് കൊളംബിയയിലെ മാത്രമല്ല ലോകത്താകമാനമുള്ള കുട്ടികളിലെ പ്രശ്നമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇരുമ്പിന്റെ അംശം കുറവും അനീമിയയുമാണ് ഇതിൽ ഏറ്റവും അപകടകരം.

എന്നാൽ മുതിർന്ന കുട്ടികളിലെ സ്വഭാവ വൈകല്യങ്ങളും ഇവയും തമ്മിലുള്ള ബന്ധത്തിൽ യാതൊരു തെളിവും കണ്ടെത്താനായില്ല. ചെറിയ പ്രായത്തിലാണ് തലച്ചോറിലെ ചില ഭാഗങ്ങൾ വികസിക്കുന്നത്. അതുകൊണ്ടാണ് ഇവയുടെ കുറവ് എട്ട് വയസ്സ് വരെയുള്ള കുട്ടികളുടെ സ്വഭാവത്തെ ബാധിക്കുന്നത്. എന്നാൽ ഇത്തരം കുറവുകൾ പെൺകുട്ടികളിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നതിനു ഒരു തെളിവും കണ്ടെത്താനായില്ല എന്നതും ശ്രദ്ധേയമാണ്. തലച്ചോറിന്റെ വികാസത്തിലെ കാലയളവിന്റെ വ്യത്യാസമാകാം ഇതിന് കാരണമെന്നും ഇവർ പറയുന്നു.

കൂടുതല്‍ വായിക്കാം