Friday 09 February 2018 11:36 AM IST : By സ്വന്തം ലേഖകൻ

കുട്ടി ആഘോഷങ്ങളിൽ കൂടുതൽ ശ്രദ്ധ; കുട്ടികൾക്ക് വിരുന്നൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

kids_celeb

മക്കളുടെ പിറന്നാളിന് അവരുടെ കൂട്ടുകാരെയെല്ലാം വിളിച്ചു കൂട്ടുമ്പോൾ ഒരു കാര്യം മറക്കരുത്. എല്ലാവരുടേയും സുരക്ഷിതത്വമെന്ന വലിയ ഉത്തരവാദിത്തം കൂടി നിങ്ങൾ ഏൽക്കുകയാണെന്ന്. വിരുന്നിനെത്തുന്ന കുരുന്നുകൾ ഒാടിച്ചാടി വീഴാതെയും അപകടത്തിൽ പെടാതെയും തിരിച്ചേൽപ്പിക്കേണ്ടതുണ്ട്.


∙ നിങ്ങളുടെ വീട്ടിൽ തന്നെ ഒന്നോ രണ്ടോ  കുഞ്ഞുങ്ങളുണ്ടാകും. ഒപ്പം പുറമേ നിന്നു വരുന്നവരെക്കൂടി കൈകാര്യം ചെയ്യാൻ അത്ര എളുപ്പമായിരിക്കില്ല. തനിയെ ഭക്ഷണം കഴിക്കാനാകാത്തവരെ സഹായിക്കാനും ടോയ്‌ലെറ്റിലോ മറ്റോ പോകേണ്ടവർക്ക് കൂട്ടുപോകാനും കളികൾക്കിടെ വീഴാതെ നോക്കാനുമെല്ലാം നിങ്ങൾക്ക് തനിയേ കഴിഞ്ഞെന്നു വരില്ല.അതുകൊണ്ട് നിങ്ങളുടെ കൂട്ടുകാരെയോ കുട്ടി അതിഥികളുടെ ആരുടെയെങ്കിലും അമ്മമാരെയോ വിളിക്കുന്നത് ജോലി എളുപ്പമാക്കും.


∙ അന്തർമുഖരായ കുട്ടികൾ കളികളിൽ നിന്നു മാറി നിൽക്കുമ്പോൾ അവരെ കണ്ടുപിടിച്ച് പ്രത്യേക പരിഗണന കൊടുത്ത് മുൻനിരയിലേക്കു കൊണ്ടുവരാൻ ശ്രദ്ധിക്കണം. അവതാരകയ്ക്ക് കുട്ടികളെ കൈയിലെടുക്കാൻ കഴിയുന്നെങ്കിൽ ജോലി എളുപ്പമായി.


∙ ബെർത് ഡേ പാർട്ടിക്ക് തിരി തെളിക്കുമ്പോൾ കുട്ടികൾ അ തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പാറിപ്പറക്കുന്ന ഉടുപ്പുകൾ, അഴിഞ്ഞുലഞ്ഞ തലമുടി ഇവ തീയിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം.


∙കൗതുക വസ്തുക്കൾ കുട്ടികളെ ആകർഷിക്കാം. ചില്ലുകൊണ്ടോ മറ്റോ ഉള്ളവ വഴുതി വീണ് കുട്ടികൾക്ക് മുറിവേൽക്കുമെന്ന് പേടിയുണ്ടെങ്കിൽ മാറ്റി വയ്ക്കണം. അതുപോലെ മരുന്നുകൾ, മൂർച്ചയുള്ള വസ്തുക്കൾ തുടങ്ങിയവയും കുട്ടികളുടെ കണ്ണെത്താത്ത ദൂരത്തേക്ക് മാറ്റാം. വീട്ടിലെ വളർത്തു മൃഗങ്ങളേയും സുരക്ഷിത അകലത്തേക്കു മാറ്റുക. മൃഗങ്ങളെ പേടിയുള്ളവരും അവയെ ഉപദ്രവിക്കുന്നവരും കൂട്ടത്തിലുണ്ടാകാം.


∙ ഭക്ഷണം തയാറാക്കുമ്പോൾ കുട്ടികൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ളതും എളുപ്പം കഴിക്കാൻ പറ്റുന്നതും ദഹിക്കുന്നതുമായ വിഭവങ്ങൾ കരുതുക. ചായയോ കാപ്പിയോ കൊടുക്കാതെ ഒന്നോ രണ്ടോ ജ്യൂസുകൾ തയാറാക്കാം. ആവശ്യത്തിനു ടിഷ്യൂ പേപ്പറുകളും എടുത്തു വയ്ക്കണം. പേപ്പർ കപ്പുകൾ ഉപയോഗിക്കുമ്പോൾ കട്ടിയുള്ളതു തന്നെ വേണം.  അല്ലെങ്കിൽ രണ്ടു കപ്പുകൾ ഒരുമിച്ചാക്കി കൊടുക്കാം. ഭക്ഷണം കഴിക്കുമ്പോൾ നാപ്കിൻ മടിയിൽ ഇട്ടു കൊടുക്കുക     യോ ബിബ് കെട്ടികൊടുക്കകയോ ചെയ്താൽ ഉടുപ്പ് വൃത്തികേടാക്കുകയില്ല.


∙ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ കൊടുത്തില്ലെങ്കിൽ കുഞ്ഞു മനസ്സ് നൊമ്പരപ്പെടുമെന്നുറപ്പ്. അതിലൊരു വിട്ടുവീഴ്ചയും അരുത്. ചുറുചുറുക്കോടെ ഓടി നടക്കുന്ന ‘ലിറ്റിൽ ഏഞ്ചൽസി’ന്റെ കുഞ്ഞിമുഖത്ത് പുഞ്ചിരി വിരിയിച്ച് യാത്രയാക്കണമെങ്കിൽ നല്ല ശ്രദ്ധ ഉണ്ടായേ തീരൂ.        


ഇക്കാര്യങ്ങൾ മറക്കാതെ


∙ നാലു വയസ്സു മുതൽ 14 വയസ്സു വരെയുള്ളവർക്കായി ഒരുമിച്ചു പാർട്ടി നടത്തുക എളുപ്പമല്ല.  താൽപര്യങ്ങളിലുള്ള വ്യത്യസ്ഥത കാരണം എല്ലാവരേയും തൃപ്തിപ്പെടുത്തുക എളുപ്പമാകില്ല. ചേർന്നു പോകാവുന്ന വയസ്സുകാരെ മാത്രം ഒരുമിപ്പിക്കുകയായിരിക്കും നല്ലത്.
∙ ക്ഷണിക്കുമ്പോൾ കുട്ടികളുടെ മാതാപിതാക്കളെ നേരിട്ടു വിളിച്ച് കാര്യം പറയാൻ മറക്കരുത്. ഒപ്പം നിങ്ങളുടെ കോൺടാക്ട് നമ്പറും അവർക്കു കൈമാറണം.