Friday 02 February 2018 05:47 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കു വേണ്ടി മുറി ഒരുക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞോളൂ

kids_room

കുട്ടികൾ അതിവേഗമാണ് വളരുക. അവരുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും ശീലങ്ങളുമെല്ലാം അതിലേറെ വേഗം മാറും.  ഭാവിയിൽ വിവാഹം  കഴിയുന്നതോടെ ജീവിതപങ്കാളി കൂടി ആ മുറി പ ങ്കിടാനെത്തും.. ഇത്തരം കാര്യങ്ങളെല്ലാം മനസ്സിൽ വച്ച്  കുട്ടികൾക്കുള്ള മുറി ഒരുക്കുകയാണു പ്രായോഗിക ബുദ്ധിയുള്ള മാതാപിതാക്കൾ ചെയ്യേണ്ടത്.
 മക്കളുടെ  പ്രായത്തിനനുസരിച്ചു വീട് പരിഷ്കരിക്കാ ൻ നിന്നാൽ അതിനേ സമയം കാണൂ. പണവും സമയവും പാഴാകാതെ സമർഥമായി കുട്ടിമുറി ഒരുക്കിയാൽ ഭാവിയി ൽ ചെറിയ മാറ്റങ്ങളിലൂടെ കാലത്തിനനുസരിച്ചു ട്രെൻഡിയായ ബെഡ്റൂം  സ്വന്തമാക്കാനാകും. കുട്ടികളുടെ മുറി ഒ രുക്കുമ്പോൾ  ഈ കാര്യങ്ങൾ മനസ്സിൽ വച്ചോളൂ..

ആക്സസറീസിനു നൽകാം കുട്ടിത്തം


അടിസ്ഥാന ഘടനയ്ക്ക് മാറ്റം വരാതെ പ്രായത്തിനനുസരിച്ചു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന രീതിയിൽ മുറി പണിയാം. ചുവരിൽ മുഴുവൻ കാർട്ടൂൺ കഥാപാത്രങ്ങളും നിറങ്ങളും  നിറയ്ക്കുന്നത് ഒരു കാലത്ത് ട്രെൻഡ് ആയിരുന്നു. കുട്ടികളുടെ പ്രായത്തിനനുസരിച്ച് കർട്ടൻ, കുഷനുകൾ, റഗ്സ്, പെയിന്റിങ്ങുകൾ തുടങ്ങിയ ആക്സസറീസ് മാത്രം മാറ്റുന്നതാണു പുതിയ രീതി. ഒരു ചുവരിനു മാത്രം കുട്ടികളുടെ ഇഷ്ടനിറം നൽകുകയോ ചിലയിടത്തു മാത്രം വാൾപേപ്പർ ഒട്ടിക്കുകയോ ചെയ്യുന്നതിൽ കുഴപ്പമില്ല. ഭാവിയിൽ ഇവ  മാറ്റാൻ അധികം ചെലവ് വരില്ല എന്നതാണു മെച്ചം.


ഇളം നീല, ഇളം പച്ച നിറത്തിലുള്ള പെയിന്റ് ആണ് മുറികൾക്കു നല്ലത്. സന്തോഷവും  പൊസിറ്റീവ്  എനർജിയും നൽകുന്ന നിറങ്ങളാണിവ. ഏകാഗ്രതയും കിട്ടും. ഈ നിറങ്ങൾ കുട്ടിക്ക് ഇഷ്ടമല്ലെങ്കിൽ തൂവെള്ള പോലെയുള്ള ഇളം നിറങ്ങൾ നൽകാം. കടുംചുവപ്പും മഞ്ഞയും വേണ്ടേ വേണ്ട.

room2

ആവശ്യങ്ങൾ അറിഞ്ഞ് ഒരുക്കാം കുട്ടിമുറി


കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് നല്ല വായുസഞ്ചാരവും സൂര്യപ്രകാശവുമുള്ള മുറി സഹായിക്കും. ജനൽ തുറക്കുമ്പോൾ ആകാശം കാണുന്ന വിധത്തിലാണു മുറിയെങ്കിൽ വളരെ നല്ലത്. അവരുടെ മനസ്സിന് ഉണർവേകാൻ ഈ ജാലകക്കാഴ്ച സഹായിക്കും. അച്ഛനമ്മമാരുടെ കണ്ണെത്തുകയും രണ്ടു കൂട്ടർക്കും ആവശ്യത്തിന് സ്വകാര്യത ലഭിക്കുകയും ചെയ്യുന്ന ഇടത്താവട്ടെ കുട്ടിമുറി. കുട്ടികളുടെ പഠനത്തിന് തടസ്സം വരുത്തുന്ന രീതിയിൽ ടിവിയുടെയോ അതിഥികളുടെയോ ശബ്ദം കേൾക്കാത്ത വിധത്തിലായിരിക്കണം ഈ മുറിയുടെ സ്ഥാനം.


കുട്ടിയുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള സ്ഥലം മുറിയിലൊരുക്കാൻ ശ്രദ്ധിക്കണം. ചിത്രം വരയ്ക്കാൻ ഇഷ്ടമാണെങ്കിൽ അതിനുവേണ്ടി അൽപം ഇടം നൽകാം. കീ ബോർഡോ ഗിറ്റാറോ വായിക്കുന്ന കുട്ടിയാണെങ്കിൽ അതു വയ്ക്കാനും ഇരുന്നു വായിക്കാനും സ്ഥലം വേണം. കുട്ടി വലുതാകുമ്പോൾ, തയ്യലിലേക്കോ വായനയിലേക്കോ ഇഷ്ടങ്ങൾ മാറുമ്പോൾ, ഇതേ സ്ഥലം അത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതേയുള്ളൂ.


ചില മാതാപിതാക്കൾ കുട്ടികൾക്കു മുകളിലെ നിലയിൽ മുറി നൽകാറുണ്ട്. ചെറിയ കുട്ടികൾക്ക് പഠനത്തിനും മറ്റു കാര്യങ്ങൾക്കും എപ്പോഴും അച്ഛനമ്മമാരുടെ സഹായം ആവശ്യമാകും. അതുകൊണ്ട് അവർക്ക് രക്ഷിതാക്കളുടെ  ശ്രദ്ധ കിട്ടുന്ന സ്ഥലത്ത് മുറി നൽകിയാൽ മതി. വീടിന്റെ വലുപ്പവും വീട്ടുകാരുടെ ജീവിതശൈലിയുമൊക്കെ ഇക്കാര്യത്തിൽ പരിഗണിക്കണം. അൽപം വലിയ വീടാണെങ്കിൽ ഫാമിലി ലിവിങ്ങിലോ സ്റ്റെയർകെയ്സിന്റെ ലാൻഡിങ് സ്പേസിലോ പൊതുവായ പഠനസ്ഥലം നൽകിയാലും പരിഹാരമാകും. ചില കുട്ടികൾ കിടന്നു പഠിക്കാൻ താൽപര്യം കാണിക്കാറുണ്ട്. അതൊഴിവാക്കാനും ഈ സ്ഥലങ്ങൾ പഠനത്തിനായി തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും.


രാത്രിയിലാകും മിക്ക കുട്ടികളും കൂടുതൽ സമയം പഠിക്കാൻ മുറി ഉപയോഗിക്കുന്നത്. അതിനാൽ സ്വാഭാവിക വെളിച്ചത്തിനൊപ്പം ആർട്ടിഫിഷ്യൽ ലൈറ്റിങ്ങിന്റെ കാര്യത്തിലും ശ്രദ്ധിക്കണം. പഠനമേശയിൽ കൃത്യമായ അളവിൽ വെളിച്ചം വീഴുന്ന രീതിയിലാകണം ക്രമീകരണം. കുട്ടിയുടെ പിന്നിൽ മുകളിൽ നിന്ന് വെളിച്ചം പതിക്കുന്ന രീതിയിൽ ലൈറ്റ് സെറ്റ് ചെയ്യാം. മേശയിൽ നിഴൽ വീഴരുത്. ജനലിനു തൊട്ടു മുന്നിൽ മേശയിടേണ്ട. വെളിച്ചം മുഖത്തടിച്ച് ഏകാഗ്രത നഷ്ടമാകും.

room1

കുട്ടികൾക്കും വേണം സ്വന്തം ഏരിയ


നാൽപ്പത്തഞ്ച് ഡിഗ്രിയിൽ കൈമുട്ട് മേശപ്പുറത്ത് വയ്ക്കാവുന്ന രീതിയിൽ നടുവ് വളയാതെ ഇരിക്കാൻ കഴിയും വിധമാകണം മേശയും കസേരയും തമ്മിലുള്ള ഉയരാനുപാതം. സ്കൂൾ ബാഗും പുസ്തകങ്ങളും പഠനസാമഗ്രികളും സൂക്ഷിക്കാനുള്ള അറകൾ മേശയിൽ തന്നെ ഉണ്ടെങ്കിൽ നല്ലത്. ഒരു ബുക്ക് ഷെൽഫും ഒരുക്കാം. തേക്ക് പോലുള്ള വില കൂടിയ തടി കൊണ്ട് കുട്ടികൾക്ക് ഫർണിച്ചർ പണിയാതിരിക്കുന്നതാണ് നല്ലത്. പണിയുകയാണെങ്കിൽ തന്നെ അവയുടെ ഭാഗങ്ങൾ വേര്‍പെടുത്തി ഭാവിയിൽ വലിയ ഫർണിച്ചറുകളുണ്ടാക്കാൻ പറ്റുന്ന രീതിയിലാകണം.
 

തെന്നി വീഴാത്ത ആന്റീ–സ്കിഡ് ടൈലുകളാണ് തറയ്ക്ക് യോജിച്ചത്. കറയും പോറലുമൊന്നും പറ്റാത്തതുമാകണം.  പ്രായോഗികതയ്ക്ക് മുൻതൂക്കം കൊടുക്കുന്നതും അതേസമയം കുട്ടികളുടെ ഇഷ്ടം കൂടി പരിഗണിച്ചുമുള്ളതാകാം കുളിമുറി. ടാപ്പ്, ഷവർ എന്നിവയുടെ ലിവർ കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കാൻ കഴിയുന്നതാകണം. വാഷ്ബേസിനും മറ്റും സൗകര്യപ്രദമായി ഉപയോഗിക്കാൻ തടിയുടെയോ പ്ലൈവുഡിന്റെയോ സ്റ്റാൻഡ് കുളിമുറിയിൽ വയ്ക്കാം.

 
രണ്ടു കുട്ടികളുണ്ടെങ്കിൽ ഇരുവർക്കും വേർതിരിവ് തോന്നാത്ത രീതിയിൽ ഒരേപോലെയുള്ള സൗകര്യങ്ങൾ നൽകാം. പക്ഷേ, ആൺകുട്ടിക്കും പെൺകുട്ടിക്കും താൽപര്യങ്ങൾ വ്യത്യസ്തമാകും. പ്രായവ്യത്യാസം മറ്റൊരു ഘടകമാണ്. രണ്ടുപേർക്കും അവരവരുടെ ഏരിയയിൽ ഇരുന്ന് പഠിക്കാനും ഇ ഷ്ടകാര്യങ്ങള്‍ ചെയ്യാനും കഴിയുന്ന രീതിയിൽ നല്ല പ്ലാനിങ്ങോടെ വേണം മുറിയൊരുക്കാൻ. വലിയ പ്രയാസമില്ലാതെ, കാഴ്ചയിലും സാധനങ്ങൾ ക്രമീകരിക്കുന്ന രീതിയിലും  ഈ വ്യത്യാസങ്ങള്‍ അവർക്കു മനസ്സിലാകണം. ഒരാൾ മുതിർന്ന കുട്ടിയും മറ്റേയാൾ ചെറിയ കുട്ടിയുമാണെങ്കിലും രണ്ടുപേരും ചെറിയ കുട്ടികളാണെങ്കിലും വിഷ്വൽ പാർട്ടിഷൻ ആകും നല്ലത്. ഒാരോരുത്തരുടെയും ഏരിയയ്ക്ക് വെവ്വേറെ നിറം നൽകിയോ തറയിൽ കാലടയാളങ്ങൾ പോലുള്ള സ്റ്റിക്കർ ഒട്ടിച്ചോ ഈ ഏരിയകൾ വേർതിരിക്കാം.


  ഓരോ കാര്യത്തിനും കൃത്യമായ സ്ഥാനവും സൗകര്യവും നൽകിത്തന്നെ മുറിയൊരുക്കണം. കുട്ടികളിൽ അടുക്കും ചിട്ടയും വളർത്താൻ ഇതു സഹായിക്കും.  പഠനമേശ, കസേര, കട്ടിൽ തുടങ്ങിയ ഫർണിച്ചറുകളും പഠനസാമഗ്രികൾ,വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ സൂക്ഷിക്കാനുള്ള സ്റ്റോറേജ് സൗകര്യവും  കുടിവെള്ളം സൂക്ഷിക്കാനുള്ള പാത്രവും അലക്കാനുള്ള തുണികൾ സൂക്ഷിക്കാനൊരു ലോൺഡ്രി ബാഗും ചെറിയൊരു വെയ്സ്റ്റ് ബാസ്കറ്റും മുറിയിലുണ്ടോ എന്നൊന്നു കൂടി തിരിഞ്ഞു നോക്കൂ. ഉണ്ടെങ്കിൽ ഒരു മാതൃകാ കുട്ടിമുറി റെഡി!