Friday 09 February 2018 11:13 AM IST : By സ്വന്തം ലേഖകൻ

സൂപ്പർ അമ്മയാകാൻ ഈ 10 വഴികൾ

food-mom

കുട്ടിത്തം വിടാത്ത മനസ്സുണ്ടെങ്കിലേ മക്കളുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലാനാവൂ. അവരെ ശരിയായി മനസ്സിലാക്കാൻ കഴിയൂ. നിങ്ങൾക്കു മുന്നിൽ അവരുടെ മഴവില്ലും കളിവീടുമെല്ലാമുള്ള ലോകം തുറന്നുവയ്ക്കണമെങ്കിൽ കുട്ടികളെ സദാ ശാസിച്ചുകൊണ്ടിരിക്കുന്ന ഈ സ്വഭാവം അങ്ങു മാറ്റിവച്ചോളൂ. എന്നിട്ട് മക്കൾക്കൊപ്പം മറ്റൊരു കുട്ടിയായി മാറാൻ ഇതാ ചില സൂപ്പർ ഐഡിയാസ്.

1 എനിക്കു കിട്ടി ന്യൂ ഫ്രണ്ട്സ്....

വീട്ടിൽ വെറുതെ വഴക്കുണ്ടാക്കുന്ന കുട്ടികളുടെ പ്രധാന പ്രശ്നം അവർക്കു കൂടെക്കളിക്കാൻ സമപ്രായക്കാരില്ലാത്തതാകും. ഒന്നാലോചിച്ചു നോക്കൂ, രണ്ടു വീടിനപ്പുറം താമസിക്കുന്നവരെ നിങ്ങൾക്ക് അറിയുമോ? പിന്നെയാണ് കുട്ടികൾക്ക്. ഇന്നത്തെ വൈകുന്നേരം കുട്ടികൾക്ക് പുത്തൻ കൂട്ടുകാരെ കണ്ടെത്താൻ വിനിയോഗിക്കാം. മക്കളെയും കൂട്ടി നടക്കാനിറങ്ങുക. അയൽക്കാരെ സ്വയം പരിചയപ്പെടുത്തിയും കുശലം പറഞ്ഞും കുറച്ചു കൂട്ടുകാരെ ഉണ്ടാക്കാം. കുട്ടികൾക്കു മാത്രമല്ല, നിങ്ങൾക്കും നല്ല സപ്പോർട്ടിങ് സിസ്റ്റം ആയിരിക്കും ആ വീടുകൾ. ആവശ്യത്തിനു വിളിച്ചാൽ ഓടിയെത്താനും യാത്ര പോകുമ്പോൾ വീട് നോക്കാനും മക്കളെ ഇടയ്ക്കൊന്ന് വിശ്വസിച്ച് ഏൽപ്പിച്ച് പോകാനുമൊക്കെ ആളായല്ലോ.

2 ഈ സമ്മാനം ഞാനുണ്ടാക്കിയതാ...

ഷെൽഫ് നിറഞ്ഞിരിക്കുന്ന കാർഡ് ബോർഡുകളും മാസികകളും താഴെയിറക്കി പൊടി തട്ടിയെടുത്തോളൂ. വർണ്ണാഭമായ കാർഡുകൾ മക്കളൊരുമിച്ച് വീട്ടിൽത്തന്നെ തയാറാക്കാം. നാട്ടിലുള്ള മുത്തശ്ശനും മുത്തശ്ശിക്കും കുട്ടികൾ വരച്ച ചിത്രങ്ങളും അവർ കുറിച്ച സ്നേഹവാക്കുകളുമായി ഒരു കാർഡ് അയയ്ക്കൂ. കുട്ടിയുടെ പുഞ്ചിരിക്കുന്ന ചിത്രവും കാർഡിൽ ഒട്ടിക്കണം. അതു കയ്യിലെടുക്കുമ്പോൾ മറ്റൊന്നിനും പകർന്നു നൽകാനാകാത്ത ചിരി ആ മുഖങ്ങളിൽ വിടരും. കണ്ണും കരളും നിറഞ്ഞ ചിരി. സ്കൂളിലെ ഫ്രണ്ട്സിനും കസിൻസിനുമെല്ലാം ചെറിയ പാവകൾ, ബൊക്കെ, മാല എന്നിവയൊക്കെ ഉണ്ടാക്കി നൽകാം.സ്കൂളിലെ ഫ്രണ്ട്സിനും കസിൻസിനുമെല്ലാം ചെറിയ പാവകൾ, ബൊക്കെ, മാല എന്നിവയൊക്കെ ഉണ്ടാക്കി നൽകാം.

3. ഞാനിപ്പോ സ്റ്റേജിലാ പാടുന്നേ....

എന്തു ചെയ്യാനാണ് കുട്ടി ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന് ശ്രദ്ധിക്കൂ.... ചിത്രരചനയിൽ താൽപര്യമുള്ള കുട്ടിക്ക് കാൻവാസ് വാങ്ങി നൽകാം. പാട്ടു പാടാനാണ് ഇഷ്ടമെങ്കിൽ പുത്തൻ പാട്ടുകൾ പഠിപ്പിച്ചു കൊടുക്കാം. ഇഷ്ടങ്ങൾ എന്തൊക്കെ ആയാലും കൈയടി നേടുന്നത് കുട്ടികൾക്ക് ഒത്തിരി സന്തോഷമുള്ള കാര്യമാണ്. അതുകൊണ്ട് അയൽക്കാരെയോ കൂട്ടുകാരെയോ ഒക്കെ വിളിച്ച് അവർക്കു മുന്നിൽ ഒരു ചെറിയ സ്റ്റേജ് ഒരുക്കി കുട്ടിയെ പാടിക്കാം. അംഗീകരിക്കപ്പെടുന്നത് ആത്മവിശ്വാസം വളർത്തും. സഭാകമ്പവും മാറും. മാസത്തിലൊരു ദിവസം ഇത്തരം വേദികൾക്കായി സമയം കണ്ടെത്താം.

4 അമ്മേ.....ഞാൻ സുന്ദരിയാക്കിത്തരട്ടേ....

സ്വയം ഒരുങ്ങാനും മറ്റുള്ളവരെ ഒരുക്കാനും പെൺകുഞ്ഞുങ്ങൾക്ക് ഇഷ്ടമാണ്. ഒരു ദിവസം വൈകിട്ട് കുളിക്കുന്നതിനു മുമ്പുള്ള സമയം ഈ ‘കുട്ടി’ ബ്യൂട്ടീഷ്യനു മുന്നിൽ ഇരുന്നു കൊടുക്കുക. പൊട്ടു കുത്തിയും പൗഡറണിയിച്ചും അവസാനം കണ്ണാടി നോക്കുമ്പോൾ നിങ്ങൾക്ക് എല്ലാം ടെൻഷനും മറന്ന് പൊട്ടിച്ചിരിക്കാനാകും. മക്കൾക്കും ചെയ്തു നൽകാം. ചില ബ്യൂട്ടി ട്രീറ്റ്മെന്റ്സ്. നഖം വെട്ടി നെയിൽ പോളിഷ് അണിയിക്കാം. തല ഓയിൽ മസാജ് ചെയ്തു ഷാംപൂ ചെയ്യാം. സ്വയം ഒരുങ്ങാനും മറ്റുള്ളവരെ ഒരുക്കാനും പെൺകുഞ്ഞുങ്ങൾക്ക് ഇഷ്ടമാണ്. ഒരു ദിവസം വൈകിട്ട് കുളിക്കുന്നതിനു മുമ്പുള്ള സമയം ഈ ‘കുട്ടി’ ബ്യൂട്ടീഷ്യനു മുന്നിൽ ഇരുന്നു കൊടുക്കുക.

5 ഓൺ യുവർ മാർക്സ്...സെറ്റ്....ഗോ....

സ്കൂളുകളിൽ സ്പോർട്സ് ഡേ ഉള്ളതുപോലെ വീട്ടിലും ഇടയ്ക്കൊരു കായിക ദിനം. മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം കായിക ഇനങ്ങൾ തീരുമാനിക്കുക. അടുത്ത ബന്ധു ക്കളെയും അയൽക്കാരെയുമൊക്കെ പങ്കെടുപ്പിച്ച് സ്പോർ‌ട്സ് ഡേ പരിപാടികൾ സൂപ്പറാക്കാം. വിജയികൾക്കു ചെറിയ സമ്മാനങ്ങളും കരുതണം. ഇതിന്റെ തുടർച്ച പോലെ എല്ലാ ദിവസവും കുട്ടികളെയും കൂട്ടി ലഘുവ്യായാമം ചെയ്യുന്നതും ശീലമാക്കാം. ചെറുപ്പത്തിലേ പഠിക്കട്ടെ, വ്യായാമത്തിന്റെ ആവശ്യകത.

6 ഇന്നു മുഴുവൻ പോസ്റ്റുമാനൊപ്പം

‘അമ്മേ ഈ പോസ്റ്റ്മാൻ ചേട്ടനെവിടുന്നാ കത്തൊക്കെ കിട്ടുന്നേ...’ ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകുമെന്ന് ടെൻഷനടിക്കേണ്ട അടുത്ത വീട്ടിലെ സുഹൃത്തിന് കുട്ടിയെ ക്കൊണ്ട് കത്തെഴുതിക്കുക. തപാൽപ്പെട്ടിയിൽ കത്തിടുന്നതും പോസ്റ്റ്മാൻ വന്നെടുക്കുന്നതും കത്തുമായി പോസ്റ്റ് ഓഫിസിൽ പോകുന്നതും എല്ലാം കാണിച്ചു കൊടുക്കുക.

ബാങ്കിൽ പോകുമ്പോഴും കറന്റ് ബിൽ അടയ്ക്കാൻ പോകുമ്പോഴുമെല്ലാം മക്കളെ കൂടെ കൂട്ടിയാൽ ഓഫിസുകളും അവയുടെ പ്രവർത്തന രീതിയും കണ്ടു പഠിക്കാൻ അവർക്കും അവസരമാകും.

7 അടുക്കളയിന്നു ഞങ്ങളുടെയാ....

‘ഹേയ്, കുട്ടൂസ് നമ്മളിന്ന് ചൈനയിലെ ഫൂഡ് ആണ് കഴിക്കാൻ പോകുന്നത്’

ചപ്പാത്തിക്കു മാവ് കുഴയ്ക്കുമ്പോൾ അതിൽ നിന്ന് അൽപം എടുത്ത് കുഞ്ഞിക്കൈകളും ചപ്പാത്തി പരത്താറില്ലേ? അമ്മ ചെയ്യുന്ന ഒരു വലിയ കാര്യം ചെയ്യാൻ അവസരം കിട്ടുന്നത് അവർക്ക് വല്യ ഗമയുള്ള കാര്യമാണത്. കുട്ടികളുടെ പാചക പരീക്ഷണങ്ങൾക്കായി അൽപസമയം വിട്ടു കൊടുത്തോളൂ. മുതിർന്ന കുട്ടികളാണെങ്കിൽ അവർ തന്നെ മെനു തീരുമാനിക്കട്ടെ. മെനു അനുസരിച്ച് വേണ്ട സാധനങ്ങൾ വാങ്ങാനും മക്കളെ കൂട്ടാം. ചേരുവകളുടെ പേരുകളും മറ്റും പഠിച്ചിരിക്കട്ടെ. ഒരുമിച്ച് പാചകം ചെയ്യുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതുമെല്ലാം ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കും.

8 ചൈനക്കു പോവാണല്ലോ....

‘ഹേയ്, കുട്ടൂസ് നമ്മളിന്ന് ചൈനയിലെ ഫൂഡ് ആണ് കഴിക്കാൻ പോകുന്നത്’ എന്നു കേട്ടാൽ ഏതു കുസൃതിക്കുടുക്കയാണ് ചാടി വീഴാത്തത്. അതിനു മുമ്പ് ‘ചൈന എവിടെയെന്നു കണ്ടു പിടിക്കൂ’ എന്നു പറഞ്ഞ് ഗ്ലോബ് എടുത്ത് കയ്യിൽ കൊടുക്കൂ. നാടിന്റെ ചരിത്രവും രസങ്ങളുമെല്ലാം മനസ്സിലാകുന്ന രീതിയിൽ കുട്ടികൾ‌ക്കു ചിത്രങ്ങൾ കാണിച്ചും പറഞ്ഞും കൊടുക്കുക. പിന്നെ വൈകുന്നേരം അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ സ്പെഷൽ‌ ചൈനീസ് ഡിഷ്. അല്ലെങ്കിൽ അടുത്തുള്ള ചൈനീസ് റസ്റ്ററന്റിൽ നിന്ന് ഡിന്നർ. ഈ വീക്കെൻഡില്‌ ചൈനയെങ്കിൽ അടുത്ത തവണ ഫ്രാൻസിലേക്കോ ഇറ്റലിയിലേക്കോ ആവാമല്ലോ ഈ യാത്ര.

9 ഇന്നു ട്രഷർ ഹണ്ട് ചെയ്യാം

മക്കളുടെ പിറന്നാളിനും പരീക്ഷയ്ക്കു നല്ല മാർക്ക് വാങ്ങുമ്പോഴുമെല്ലാം സമ്മാനങ്ങൾ‌ വാങ്ങിക്കൊടുക്കാറില്ലേ? അതൽപം രസകരമായി നൽകാനുള്ള വഴിയാണ് ട്രഷർഹണ്ട്. കുട്ടി വീരന്മാർക്കും വീരത്തികൾക്കും ഏറെ ഇഷ്ടപ്പെടും ഈ കളി. വളരെ നാളായി ആഗ്രഹിക്കുന്നൊരു സമ്മാനം വേണം നിധി വേട്ടയിലൂടെ സമ്മാനിക്കുവാൻ. ഒരു ക്ലൂ കൊടുത്ത് അതിൽ നിന്ന് മറ്റൊരു ക്ലൂവിൽ എത്തിച്ചേരും പോലെ വേണം നിധി വേട്ട. ഓരോ ക്ലൂവും നേടേണ്ടത് ഓരോ കടമ്പ കടന്നാകണം. കുടുംബാംഗങ്ങളുടെ കൈയിൽത്തന്നെ സൂചന നൽകുക. എന്തെങ്കിലും കുസൃതി ചോദ്യം ചോദിക്കുകയോ ജിഗ്സോ പസിൽ പോലുള്ള കളികൾ കളിപ്പിക്കുകയോ ചെയ്യാം. ശരിയായ ഉത്തരം നൽകുമ്പോൾ അടുത്ത സൂചന നൽകുക. അങ്ങനെ സമ്മാനത്തിൽ എത്തിക്കുക.

10 അടങ്ങിയിരിക്കാനും രസമാണല്ലോ....

ഓട്ടവും ചാട്ടവും മാത്രം പോരല്ലോ, ബുദ്ധിക്കും വേണ്ടേ ഉണർവ്. ചെസ്, കാരംബോർഡ് പോലുള്ള കളികൾക്കായി ചില വൈകുന്നേരങ്ങളെ മാറ്റാമല്ലോ. ഈ സമയം കുട്ടിക്കാലത്ത് നിങ്ങൾ കളിച്ചിരുന്ന നിരയും ഈർക്കിൽ കൊണ്ടുള്ള കളികളുമെല്ലാം പറഞ്ഞു കൊടുക്കാൻ മറക്കേണ്ട. ഇത്തരം കളികളിൽ ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കും. ഓരോ ദിവസവും ഓരോ കളികൾ. കുട്ടികൾ ത്രിൽ അടിക്കുമെന്നുറപ്പ്.