Monday 04 April 2022 03:31 PM IST

‘മൂന്നു റെക്കോർഡുകൾ, ഇപ്പോഴിതാ ഗോൾഡൻ പ്ലേ ബട്ടണും’; കുട്ടികളിൽ ആദ്യമായി മില്യൺ സബ്സ്ക്രൈബേഴ്സ് നേട്ടവുമായി ടിയക്കുട്ടി

Priyadharsini Priya

Senior Content Editor, Vanitha Online

tiyakkutty677

ഭക്ഷണം കഴിക്കാൻ മടിപിടിച്ചു കരയുന്ന മക്കളെ സാന്ത്വനിപ്പിക്കാൻ ചില പൊടിവിദ്യകളൊക്കെ മാതാപിതാക്കൾ പ്രയോഗിക്കാറുണ്ട്. അതിനൊന്നാണ് മൊബൈൽ ഫോണിൽ രസകരമായ യൂട്യൂബ് വിഡിയോകൾ കാണിച്ചു കൊടുക്കുന്നത്. അത്തരത്തിൽ യൂട്യൂബിൽ തരംഗമായ, കുട്ടിക്കൂട്ടങ്ങളുടെ ഹൃദയം കവർന്ന സൂപ്പർ ഗേളാണ് പാലക്കാട്ടുകാരിയായ ടിയക്കുട്ടി. ചുറുചുറുക്കുള്ള സംസാരവും പെരുമാറ്റവും കൊണ്ട് ഒന്നര മില്യണടുത്ത് സബ്സ്ക്രൈബേഴ്സിനെ നേടിയെടുത്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. കേരളത്തിൽ പത്തു വയസ്സിനു താഴെയുള്ള കുട്ടികളിൽ ആദ്യമായി മില്യൺ സബ്സ്ക്രൈബേഴ്സ് എന്ന സ്വപ്നനേട്ടം സ്വന്തമാക്കുന്നതും ടിയക്കുട്ടിയാണ്. മകളെ കുറിച്ചുള്ള സ്വപ്‌നങ്ങൾ വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ടിയക്കുട്ടിയുടെ അമ്മ നിമിഷ രജീഷ്.

"എന്റടെയ്‌മെന്റ്, കുക്കിങ്, വ്ലോഗിങ്, അൺബോക്സിങ്, എക്സ്പിരിമെന്റൽ, മാജിക് അങ്ങനെ എല്ലാത്തരം വിഡിയോകളും ടിയക്കുട്ടി ചെയ്യും. എപ്പോഴും മോളുടെ ഒരു വിഡിയോയെങ്കിലും യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഉണ്ടാകും. രാജ്യത്ത് ടിക് ടോക് നിരോധിച്ച ശേഷമാണ് ടിയ വ്ലോഗിങ് തുടങ്ങിയത്. ഏകദേശം ഒരു വർഷമായി യൂട്യൂബ് ചാനൽ തുടങ്ങിയിട്ട്. ഈ കുറഞ്ഞ സമയം കൊണ്ടാണ് 1.31 മില്യൺ സബ്സ്ക്രൈബേഴ്സ് എന്ന നേട്ടത്തിലെത്തിയത്. 

tiya-rr45

കേരളത്തിൽ കിഡ്സ് കാറ്റഗറിയിൽ ഇത്രയധികം സബ്സ്ക്രൈബേഴ്സിനെ ലഭിക്കുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ മൂന്നു റെക്കോർഡുകൾ കൂടി മോൾക്ക് കിട്ടി. ഇന്ത്യ ബുക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക് ഓഫ് റെക്കോർഡ്, കലാം ബുക് ഓഫ് റെക്കോർഡ്, ഇപ്പോൾ ഗോൾഡൻ പ്ലേ ബട്ടണും മോൾക്ക് ലഭിച്ചു. മോളും മോനും കൂടി ചേർന്നാണ് യൂട്യൂബിൽ വിഡിയോ ചെയ്യാറ്. 

മോൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. രണ്ടുപേരും ചേർന്ന് ഓടി കളിക്കുന്നതൊക്കെ വിഡിയോയിൽ കണ്ടന്റ് ആക്കാറുണ്ട്. ഒട്ടുമിക്ക ഷോർട്ട് കണ്ടൻസിന്റെയും ഐഡിയ പറഞ്ഞുതരുന്നത് മോൾ തന്നെയാണ്. പ്ലാൻ ചെയ്തു ചെയ്യുന്ന വിഡിയോകൾ അല്ല പലതും. അവൾക്ക് എന്തു തോന്നുന്നോ അത് ചെയ്യുന്നു. ഞങ്ങൾ വിഡിയോ എടുത്ത് എഡിറ്റ് ചെയ്തു കൊടുക്കും. അതല്ലാതെ ഒന്നിനും മോളെ നിർബന്ധിക്കാറില്ല. എല്ലാം അവളുടെ ഇഷ്ടം, അത്രമാത്രം. 

tiyagfhnn775

പിന്നെ കുട്ടികൾ ആയതുകൊണ്ട് വിഡിയോയിൽ മുതിർന്നവരുടെ സാന്നിധ്യം വേണം, ഇല്ലെങ്കിൽ യൂട്യൂബിൽ കമന്റ്സ് ഓഫ് ആയിപ്പോകും. അതുകൊണ്ടാണ് ഞാൻ വിഡിയോകൾക്ക് വോയ്‌സ് ഓവർ കൊടുക്കുന്നത്. ഇല്ലെങ്കിൽ പൂർണ്ണമായും ഇതൊരു കിഡ്സ് ചാനലായി മാറും. മോളുടെ സ്‌കൂളിൽ നിന്നും നല്ല സപ്പോർട്ടും കെയറുമാണ്. അവരുടെ സപ്പോർട്ട് ഇല്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല."- നിമിഷ രജീഷ് പറയുന്നു.

നാലു വർഷം മുൻപ് സ്കൂളിൽ പോകാതിരിക്കാൻ ലീവ് ചോദിച്ചു കരയുന്ന ടിയക്കുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുറുമ്പും നിഷ്കളങ്കതയും ചേർന്ന ടിയക്കുട്ടിയുടെ വിഡിയോകള്‍ കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഇഷ്ടമാണ്. ടിയ- അദ്വിക് ചാത്തംകുളം എന്നാണ് വ്ലോഗിന്റെ പേര്. പാലക്കാട് മുട്ടിക്കുളങ്ങര സെന്റ് ആൻസ് സീനിയർ സെക്കണ്ടറി സ്കൂളിൽ നാലാം വിദ്യർഥിനിയാണ് ടിയ. ഒന്നാം ക്ലാസുകാരനായ അനിയൻ ആദ്വിക്കാണ് വിഡിയോയിൽ ടിയയ്ക്ക് കൂട്ട്. വിഡിയോകൾക്ക് ക്യാമറയും എഡിറ്റിങ്ങുമെല്ലാം ചെയ്യുന്നത് അമ്മ നിമിഷയാണ്. അച്ഛൻ അഡ്വ. രജീഷും എല്ലാ പിന്തുണയും നൽകി മക്കൾക്ക് ഒപ്പമുണ്ട്. 

tiyakutty777
Tags:
  • Mummy and Me