Friday 14 September 2018 11:19 AM IST : By സ്വന്തം ലേഖകൻ

ടെഡിബെയറോ ബിൽഡിംഗ് ബ്ലോക്സോ?; കുഞ്ഞോമനയ്ക്ക് കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

toy

കൗതുകമെന്നതിനപ്പുറം കുട്ടിയുടെ വളർച്ചയിലെ പ്രധാന ഘടകം കൂടിയാണ് കളിപ്പാട്ടങ്ങൾ. ബുദ്ധിപരവും വൈകാരികവുമായ വികാസം, ചലനശേഷി, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്, പ്രത്യേക അഭിരുചികൾ തുടങ്ങിയവയെല്ലാം വളർത്തിയെടുക്കാൻ കളിപ്പാട്ടം സഹായിക്കും. ഓരോ പ്രായത്തിലും കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..


മൂന്നു മാസം വരെ


കുഞ്ഞുങ്ങളിൽ  ജന്മനാ  തന്നെ എന്തിനോടും കൗതുകം ഉണ്ടാകും. നിറങ്ങളും പലതരം ആകൃതിയും വെളിച്ചവും അവരിൽ കൗതുകം  ഉണർത്തുക സാധാരണമാണ്. മൂന്നു മാസം പ്രായമാകുമ്പോൾ മുതൽ കുഞ്ഞ് ചുറ്റുമുള്ളതിനെ സ്പർശിക്കുന്നതിനായി കൈ നീട്ടിത്തുടങ്ങും. കാഴ്ചശക്തി വികസിക്കുന്ന സമയമാണെങ്കിലും മുതിർന്നവരെപ്പോലെ കടുംനിറങ്ങൾ കാണാനുള്ള വികാസം  ഈ പ്രായത്തിൽ ആയിട്ടുണ്ടാവില്ല. അതുകൊണ്ട് നാലു മാസം വരെ കറുപ്പും വെളുപ്പും ചുവപ്പും നിറമുള്ള കളിപ്പാട്ടങ്ങളാണു നല്ലത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ വിഷാംശമില്ലാത്തവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


കേൾവി ആവശ്യത്തിന് വികസിച്ചിട്ടുണ്ടാവും  എന്നതുകൊ ണ്ട് കിലുക്കിയും ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടങ്ങളും മ്യൂസിക്കൽ ടോയ്സും കാണിച്ച് കളിപ്പിക്കാം. തൊട്ടിലിൽ കളിപ്പാട്ടങ്ങൾ സുരക്ഷിതമായ രീതിയിൽ കെട്ടിത്തൂക്കാം. കളിപ്പാട്ടത്തിന്റെ ഭാഗങ്ങൾ അടർന്നോ പൊട്ടിയോ തൊട്ടിലിൽ വീഴാതെ ശ്രദ്ധിക്കണം. ഈ ഭാഗങ്ങൾ കുഞ്ഞ് കടിക്കുകയോ കുഞ്ഞിന്റെ ശരീരത്തിൽ മുറിവുണ്ടാക്കുകയോ ചെയ്യാം.


നാലു മുതൽ ഏഴു മാസം വരെ


കൈ നീട്ടി പിടിക്കാൻ തുടങ്ങുന്നത് നാലു മാസം കഴിയുമ്പോഴാണ്. കൈയിൽ കിട്ടുന്നതെല്ലാം കടിക്കുന്നതും ശബ്ദം കേട്ട ദിശയിലേക്കു നോക്കുന്നതും ഇതേ പ്രായത്തിലാണ്. കിലുക്കവും മ്യൂസിക്കൽ ടോയ്സും ഇപ്പോഴും കളിക്കാൻ കൊടുക്കാം. കൈ കൊണ്ടു പിടിക്കാൻ പറ്റുന്ന റിങ്സ്, വായിൽ വച്ചാലും വിഷാംശമില്ലാത്ത പ്ലാസ്റ്റിക് ടോയ്സ്, വെള്ളം നിറയ്ക്കുന്ന കളിപ്പാട്ടങ്ങൾ.. ഇതെല്ലാം ധൈര്യമായി നൽകാം. പരുപരുപ്പുള്ള പ്രതലമുള്ളതും കൂർത്ത വശങ്ങളുള്ള കളിപ്പാട്ടങ്ങളും ഒഴിവാക്കുന്നതാണു നല്ലത്. േസാഫ്റ്റ് ടോയ്സ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും.


എട്ടു മുതൽ പന്ത്രണ്ട് മാസം വരെ


ഇഴഞ്ഞു നീങ്ങാനും എഴുന്നേറ്റിരിക്കാനും സാധനങ്ങൾ പെറുക്കിയെടുക്കാനും തുടങ്ങുന്ന സമയം. തള്ള വിരലുകളും  മറ്റു വിരലുകളും തമ്മിൽ ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിക്കും. തനിയെ കളിക്കാനാകും കുട്ടികൾക്ക് ഈ പ്രായത്തിൽ ഇഷ്ടം. ബട്ടൺ അമർത്തുമ്പോൾ പൊങ്ങി വരുന്ന രൂപങ്ങൾ,  ബൗൺസ് ചെയ്യാത്ത പന്തുകൾ, പല വലുപ്പത്തിലും നിറത്തിലുമുള്ള റിങ്സ്, പാവകൾ  എന്നിവ കുട്ടിയുടെ കൈകളുടെ പ്രവർത്തനത്തെ വികസിപ്പിക്കാൻ സഹായിക്കും. ഒളിച്ചേ കണ്ടേ പോലുള്ള കളികൾ അവർക്ക് നന്നായി ആസ്വദിക്കാനാകും.


ഒന്ന് മുതൽ രണ്ട് വയസ്സു വരെ


തനിയെ എഴുന്നേറ്റു നിന്ന് പിടിച്ചു നടക്കാൻ തുടങ്ങുന്ന ഈ പ്രായം ചലനശേഷി വികസിക്കുന്ന സമയമാണ്. ടെഡി ബെയർ, ഡോക്ടർ കിറ്റ്, ചാടിത്തെറിക്കുന്ന പന്തുകൾ എന്നിവയാണ് യോജിച്ചത്. ബിൽഡിങ് ബ്ലോക്സ് വച്ച് കളിക്കാനും റിങ്സ് വലുപ്പമനുസരിച്ച് അടുക്കി വയ്ക്കാനും പിക്ചർ ബുക്സ് കാണിച്ച് ചിത്രങ്ങൾ തിരിച്ചറിയാൻ പഠിപ്പിച്ചു തുടങ്ങിക്കോളൂ. ക്രയോൺസും സ്ക്രിബ്ളിങ് പേപ്പറുകളും നൽകാനും ഇതു തന്നെയാണു േയാജിച്ച പ്രായം.