Friday 14 September 2018 11:47 AM IST : By സ്വന്തം ലേഖകൻ

‘എന്റെ പാവ ഇപ്പം വേണേ...’; യാത്രയിൽ കുസൃതിക്കുരുന്നിനെ കംഫർട്ടബിളാക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

comfort

പലപ്പോഴും സ്ട്രെസ്സുകളിൽ നിന്ന് രക്ഷപെടാൻ യാത്രകളെയാണ് നാം ആശ്രയിക്കാറ്. പക്ഷേ, അത്തരം യാത്രകൾക്ക് പോകുമ്പോൾ കൂടുതലും ശ്രദ്ധ വേണ്ടത് കുട്ടികളുടെ കാര്യത്തിലാണ്. നമ്മളാഗ്രഹിക്കുന്ന സന്തോഷത്തോടെ യാത്ര മനോഹരമാക്കാൻ പൊന്നോമനകളുടെ കംഫർട്ട് തന്നെയാണ് പ്രധാനം.


∙ ബേബി കാർ സീറ്റ് വാങ്ങാനായാൽ ഏറ്റവും നന്ന്. അതല്ലെങ്കിൽ കുഷനുകളോ ചെറിയ തലയണകളോ അടുക്കി വച്ച് മുറി പോലെയുള്ള ട്രാവൽ ടോയ്സ്, കാറിന്റെ സീറ്റിൽ കുട്ടികൾക്കായി ഒരുക്കാം. കുട്ടികളെ ആകർഷിക്കുന്ന സ്റ്റിക്കറുകളുമായി സ്പെഷൽ സീറ്റിങ് എന്ന ഫീലും അതിന്  നൽകണം. വായിക്കാനറിയുന്ന മുതിർന്ന കുട്ടികൾക്ക് കഥ പുസ്തകങ്ങളുമായൊരു പോക്കറ്റ് അറേഞ്ച്മെന്റ് കാർ സീറ്റിൽ വയ്ക്കുന്നത് നല്ലതാണ്.


∙ സെന്റർ സിസ്റ്റം ലോക്കിങ് കാറിൽ ഉപയോഗിക്കുക. നമ്മളറിയാതെ ഡോറിൽ കളിക്കുന്ന കുട്ടി ചിലപ്പോൾ ഡോർ തുറന്നു താഴെ വീഴുനുള്ള സാധ്യത ഒഴിവാക്കാൻ ഫുൾ ലോക്കിങ് സിസ്റ്റം കാറിൽ സെറ്റ് ചെയ്യുക. ഒപ്പം തന്നെ, ഗ്ലാസ് ലോക്കിങ്ങിൽ കുട്ടിയുടെ കൈ ഇടയിൽ പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധയും കൊടുക്കണം.


∙ യാത്ര പോകുന്നതിന് മുൻപ് കുട്ടികൾക്കായി ചെറിയ ബാഗുകൾ നൽകുക, അവർക്കു വേണ്ട കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കളർ പെൻസിലുമൊക്കെ ബാഗില്‍ നിറയ്ക്കാൻ പറയുക. യാത്ര തുടങ്ങിയശേഷം ‘എന്റെ പാവ ഇപ്പം വേണേ’ എന്നു പറഞ്ഞുള്ള കരച്ചിലും വാശിയും ഉണ്ടാകില്ല.


∙ കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണങ്ങൾ അവർക്കായി വാങ്ങി വയ്ക്കുക. അവരുടേതായ സന്തോഷത്തിലും കളികൾക്കുമിടയിൽ ഇഷ്ടമുള്ള ഭക്ഷണവും കിട്ടുമ്പോൾ കുട്ടി വളരെയധികം സന്തോഷിക്കും.


∙ കുട്ടികളുമൊത്തുള്ള യാത്രയ്ക്കിടയിൽ വഴിയുടെ ദിശ നോക്കാനായി ഗൂഗിൾ മാപ്പ് ഓണാക്കി അവരുടെ കൈയിൽ കൊടുക്കുക. നമുക്കറിയാവുന്ന വഴിയിൽ വണ്ടി പോകുമ്പോൾ കുട്ടിയുടെ പ്രവചനങ്ങൾ അനുസരിച്ചാണ് യാത്ര ചെയ്യുന്നതെന്ന തോന്നൽ കുട്ടിയെ സന്തോഷിപ്പിക്കും. യാത്രയുടെ അലച്ചിലും അവരെ കാര്യമായി ബാധിക്കില്ല.


∙ ദൂരെയാത്രയാണെങ്കിൽ ഇടയ്ക്ക് വണ്ടി നിർത്തി അൽപസമയം വിശ്രമിക്കാൻ ശ്രദ്ധിക്കണം. മുതിർന്നവരേക്കാൾ യാത്രയുടെ മുഷിപ്പ് അസ്വസ്ഥമാകുക കുഞ്ഞുങ്ങളെയാണ്. കുഞ്ഞുങ്ങളുടെ ഉറക്കസമയവും മൂഡുമനസരിച്ചാണ് യാത്ര പ്ലാൻ െചയ്യേണ്ടതെന്നും ഓർക്കുക.