വീട്ടുമുറ്റത്ത് മരിച്ചുകിടന്നത് മൂന്ന് ദിവസം: ആരുമറിയാതെ ശശിയുടെ അവസാന യാത്ര: കണ്ണീർ മടക്കം Isolation and Neglect: The Story of KK Sasi's Untimely Death
ചുറ്റും വീടുകളും ആൾക്കാരും ഉണ്ടായിരുന്നെങ്കിലും ആലക്കോട് ഒടുവള്ളി രാജീവ് ദശലക്ഷം ഉന്നതിയിൽ ഒറ്റയ്ക്കു താമസിച്ച കെ.കെ.ശശിയുടെ മരണം ആരുമറിഞ്ഞില്ല. ശോച്യാവസ്ഥയിലുള്ള വീട്ടുമുറ്റത്ത് മരിച്ചുകിടന്നത് മൂന്ന് ദിവസം. സമീപത്ത് കഴുകാൻ എടുത്ത പാത്രമുണ്ടായിരുന്നു. ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപവാസികളും അങ്ങനെ കരുതുന്നു.
ശശിയുടെ രണ്ട് സഹോദരന്മാർ ഹൃദയാഘാതംമൂലം മരിച്ചിരുന്നു. 27 വർഷം മുൻപാണ് കുടുംബം ഒടുവള്ളി രാജീവ് ദശലക്ഷം ഉന്നതിയിൽ താമസം തുടങ്ങിയത്. മൂന്നു സഹോദരന്മാർ ഉണ്ടായിരുന്നെങ്കിലും ശശി മാതാപിതാക്കളോടൊപ്പം മാറിയാണ് താമസിച്ചിരുന്നത്. പിതാവ് രാമൻ ഇവിടെ താമസം തുടങ്ങി അധികനാൾ കഴിയുന്നതിനു മുൻപ് മരിച്ചു. 6 വർഷം മുൻപ് മാതാവ് ഗൗരി മരിച്ചതിനുശേഷം ഒറ്റയ്ക്കായിരുന്നു.
ശശി പുറമേ നിന്നുള്ളവർ കൊണ്ടുവരുന്ന ഭക്ഷണം വാങ്ങിയിരുന്നില്ല. ആരുമായും അടുപ്പം കാണിക്കാത്ത പ്രകൃതക്കാരനായിരുന്നു. ജോലി ചെയ്തിരുന്നില്ല. സഹോദരപുത്രൻ രമേശൻ ആയിരുന്നു സാമ്പത്തിക സഹായം നൽകിയിരുന്നത്. അതേസമയം പഞ്ചായത്തിൽനിന്ന് യാതൊരുവിധ സഹായവും ലഭിക്കാറില്ലായിരുന്നെന്ന് ശശിയുടെ ജ്യേഷ്ഠത്തി ശാരദ പറഞ്ഞു. കിടക്കാൻ കട്ടിൽ വാങ്ങിനൽകിയത് രമേശനായിരുന്നു. വീട് ജീർണാവസ്ഥയിലായിട്ടും പുനർനിർമിക്കാൻ കഴിഞ്ഞില്ലെന്നും ശാരദ പറഞ്ഞു.