കുറവുകൾ മായുന്ന, കല നിറയുന്ന വീട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്...
‘‘നീ എന്തേ വരാൻ വൈകിയേ? ശബ്ദം കേൾക്കാണ്ടായപ്പോ ഞാൻ വിചാരിച്ചു നീ ഇനി ഈ വഴി വരില്ലെന്ന്. ദാ, നമ്മൾ അന്നു നട്ട മുല്ല മൊട്ടിട്ടു കേട്ടോ...’’ ലക്ഷ്മിയും പതിവായി തൊടിയിലെത്തുന്ന മൈനയുമായുള്ള സംഭാഷണം തകർക്കുകയാണ്. പത്തനാപുരം കാരമ്മൂട്ടെ വീട്ടിലെ പതിവു കാഴ്ചയാണ് ഈ സംഭാഷണം.
ഇടയ്ക്കിടെ കയ്യിലുള്ള ഫോണിൽ പക്ഷികളുടേയും ചെടികളുടേയും ചിത്രങ്ങളും വിഡിയോകളും പകർത്തുന്നുമുണ്ട്.
‘‘ഇങ്ങനെ പുറത്തേക്കിറങ്ങി, മറ്റാരേയും ബുദ്ധിമുട്ടിക്കാതെ, എന്റെ ഇഷ്ടത്തിനു പാടത്തും തൊടിയിലുമൊക്കെ പോകാൻ സാധിക്കുമെന്നു പ്രതീക്ഷിച്ചതേയല്ല. മുന്നു വർഷം മുൻപ്, കൂട്ടിന് വീൽച്ചെയർ എത്തിയതോടെ ഞാൻ സ്വതന്ത്രയായി.’’ വീൽച്ചെയറുമായി വീടിനുള്ളിലേക്കു കയറുന്നതിനിടെ ലക്ഷ്മി പറഞ്ഞു.
സ്പൈനൽ മസ്കുലാര്‍ അട്രോഫി (എസ്എംഎ) എന്ന അവസ്ഥയാണ് ലക്ഷ്മി എസ്. നായരുടെ ജീവിതകഥ മാറ്റിയെഴുതിയത്. എന്നാൽ, തോൽക്കാൻ ലക്ഷ്മി ഒരുക്കമായിരുന്നില്ല. തളർന്നു പോയപ്പോഴെല്ലാം ഉള്ളിലെ ആ വലിയ സ്വപ്നത്തെക്കുറിച്ചു ലക്ഷ്മി ഓർത്തുകൊണ്ടേയിരുന്നു. ‘ മികച്ച പരിസ്ഥിതി പ്രവർത്തകയാകണം. പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ വരും തലമുറയെ പ്രാപ്തരാക്കണം’.
വേദനയാറ്റുന്ന പ്രകൃതി
‘‘കുട്ടിക്കാലത്ത് അമ്മയും അച്ഛനും ചേച്ചിയും മുറ്റത്തും പറമ്പിലുമെല്ലാം ചെടികൾ നടുന്നതും കൃഷി ചെയ്യുന്നതുമെല്ലാം ജനാലയ്ക്കപ്പുറമുള്ള കാഴ്ചകൾ മാത്രമായിരുന്നു എനിക്ക്. അന്നു പിടിച്ചു നടക്കാൻ സാധിക്കുമായിരുന്നെങ്കിലും വീഴുമോ എന്ന പേടി കാരണം പുറത്തേക്കിറങ്ങില്ലായിരുന്നു. അവർ ചെടികൾ നടുമ്പോഴും വിളവെടുക്കുമ്പോഴുമെല്ലാം അതേക്കുറിച്ച് അമ്മയോടു ചോദിക്കും.
ക്ഷമയോടെ എന്റെ സംശയങ്ങൾക്കെല്ലാം അമ്മ മറുപടി നൽകും. അങ്ങനെ പ്രകൃതിയെക്കുറിച്ചുള്ള ആദ്യ പാഠങ്ങള്‍ അമ്മ പകർന്നു നൽകി. വീൽച്ചെയർ ലഭിച്ചതിനുശേഷമാണ് ചെടി നടുന്നതും നനയ്ക്കുന്നതുമെല്ലാം. അതോടൊപ്പം പക്ഷി നിരീക്ഷണത്തിലും സജീവമായി. പതിവായി കാണുന്ന പക്ഷികൾക്കുപുറമേ പുതിയ അതിഥികളെത്തിയാലും ഇപ്പോൾ മനസ്സിലാകും.മികച്ച പരിസ്ഥിതി പ്രവർത്തകയാവുകയെന്നതാണ് എന്റെ സ്വപ്നം. അതേക്കുറിച്ചു പറയുമ്പോൾ അമ്മ പറയും. ‘നിന്റെ സ്വപ്നങ്ങളെല്ലാം ഒരുനാൾ യാഥാർഥ്യമാകും. പരിശ്രമിച്ചാൽ മാത്രം മതി’ എന്ന്. ആ വാക്കിന്റെ ഊർജത്തിലാണു മുന്നോട്ടുള്ള യാത്ര. ഗിന്നസ് റെക്കോർഡ് ജേതാവും കാലാവസ്ഥ പ്രവർത്തകയുമായ ലിസി പ്രിയ കങ്കുജമാണു പരിസ്ഥിതി പ്രവർത്തനത്തിൽ മാതൃക.’’ ലക്ഷ്മി പറയുന്നു.
വഴിത്തിരിവായി മൈൻഡ്
‘‘ജീവിതയാത്രയിൽ വഴിത്തിരിവായത് മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) എന്ന സംഘടനയാണ്. അത് എന്നെപ്പോലെ നിരവധിപേർക്ക് ആശ്വാസമാണ്. വീൽച്ചെയർ ഉപയോക്താക്കളെ പ്രകൃതിയുടേയും പ്രകൃതി സംരക്ഷണത്തിന്റെയും ഭാഗമാക്കുന്ന അവനി പ്രൊജക്ടിന്റെ കോഓർഡിനേറ്ററാണ് ഞാനിപ്പോൾ.
വീടിനുള്ളിൽ മാത്രം ഒതുങ്ങി നിൽക്കാതെ പുറത്തേക്കിറങ്ങി പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് അവനിയുടെ പ്രധാന ലക്ഷ്യം. വീൽച്ചെയർ ഉപയോക്താക്കൾക്കായുള്ള ഫാഷൻഷോയിൽ പങ്കെടുക്കുന്നതും ഫ്രാഗ്‌മൻ കമ്പനിയിലെ ജോലി എന്നിലേക്ക് എത്തുന്നതും മൈൻഡിലൂടെയാണ്.
ഇന്നിപ്പോൾ എസ്എംഎ, എംഡി രോഗബാധിതരുടെ പുനരധിവാസത്തിനായി മൈൻഡ് ഒരുക്കുന്ന ‘ഒരിടം’ പദ്ധതിക്കായി വരുമാനത്തിന്റെ ഒരു പങ്കു ഞാൻ മാറ്റിവയ്ക്കാറുണ്ട്.’’ മൈൻഡിനൊപ്പമുള്ള യാത്രയെക്കുറിച്ചു സംസാരിക്കുമ്പോൾ ലക്ഷ്മിയുടെ വാക്കുകളിൽ അഭിമാനം .
കുറവുകൾ മായുന്ന, കല നിറയുന്ന വീട്
പത്തനാപുരം സ്വദേശികളായ സുധർമയുടേയും ജെ. ഉ ണ്ണിക്കൃഷ്ണൻ നായരുടേയും മൂന്നു മക്കളിൽ ഇളയതാണ് ലക്ഷ്മി. മൂത്ത മകൾ സൗമ്യയും ലക്ഷ്മിയെപ്പോലെ എസ്എംഎയിലൂടെയാണു കടന്നു പോയത്. രണ്ടാമത്തെ മകൾ സൂര്യ ഭർത്താവ് അനന്തുവുമൊത്തു വിദേശത്താണ്. അവരുടെ മകൾ ദേവനന്ദയാണ് വീട്ടിൽ ലക്ഷ്മിയുടെ കൂട്ടുകാരി.
‘‘സൗമ്യ ചേച്ചി കൈപിടിച്ചു മാത്രമേ നടക്കുന്നുള്ളൂ എന്നതു ശ്രദ്ധയിൽപ്പെട്ടപ്പോഴാണു അച്ഛനും അമ്മയും ചേച്ചിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. കാൽസ്യത്തിന്റെ കുറവാണെന്നു പറഞ്ഞ് ഡോക്ടർ സമാധാനിപ്പിച്ചുവെങ്കിലും നാൾക്കുനാൾ ചേച്ചിയുടെ സ്ഥിതി മോശമായി. ഒടുവിൽ രോഗം തിരിച്ചറിഞ്ഞപ്പോൾ വൈകിപ്പോയി എന്ന മറുപടിയാണു കിട്ടിയത്. ചേച്ചിക്ക് ഏഴു വയസ്സുള്ളപ്പോഴാണു ഞാൻ ജനിക്കുന്നത്. ഒരു വയസ്സായിട്ടും ഞാൻ പിടിച്ചെഴുന്നേൽക്കുന്നില്ലെന്നു കണ്ടപ്പോഴേ എല്ലാവർക്കും ഏകദേശ ധാരണകിട്ടി. ഉറപ്പുവരുത്തുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചേച്ചിക്കൊപ്പം എന്നെയും കൊണ്ടുപോയി. ചേച്ചിയുടെ അതേ അവസ്ഥയാണ് എനിക്കുമെന്ന് ഡോക്ടർ വിധി എഴുതി.
‘‘കൃത്യമായി, ചിട്ടയോടെ വ്യായാമം ചെയ്യുകയാണെങ്കിൽ രണ്ടു കുട്ടികളുടേയും സ്ഥിതി കുറച്ചെങ്കിലും മെച്ചപ്പെടുമെന്ന് ഡോക്ടർ പറഞ്ഞു. മുതിർന്നവരുടെ സഹായത്തോടെ മാത്രമേ ഇവർക്കു വ്യായാമം ചെയ്യാൻ സാധിക്കുകയുള്ളൂ. ആദ്യ നാളുകളിൽ ഡോക്ടറുടെ നിർദേശപ്രകാരം എല്ലാം ചെയ്തെങ്കിലും ജീവിത സാഹചര്യങ്ങൾ കാരണം ചികിത്സയും ഫിസിയോതെറപ്പിയും മുടങ്ങി.’’ സുധർമയുടെ കണ്ണുകൾ നിറഞ്ഞു.
‘‘ആർട്ടിലും ക്രാഫ്റ്റിലുമായിരുന്നു സ്കൂൾ കാലത്ത് എന്റെ താത്പര്യം. സൗമ്യ ചേച്ചിയാണ് ഗുരു. ആറു മാസം മുൻപ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ആ നിറം നഷ്ടപ്പെട്ടു.
ശ്വാസംമുട്ടൽ കൂടിയിട്ട് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസംമുട്ടൽ അണുബാധയായി മാറി. അവസാനമായി ഐസിയുവിൽ കയറി കണ്ടപ്പോൾ ചേച്ചി പറഞ്ഞു, ‘നീ പോകല്ലേ. കുറച്ചു നേരം നമുക്കു സംസാരിച്ചിരിക്കാമെന്ന്’. പക്ഷേ, ഐസിയുവിലായതുകൊണ്ട് ഏറെ നേരം ഒപ്പം നിൽക്കാനായില്ല. കൈവിട്ടു നടക്കാൻ ചേച്ചിക്കു പേടിയാണ്. ആ ചേച്ചിയാണിപ്പോൾ ഒറ്റയ്ക്കു പോയത്.
എവിടെപ്പോകണമെങ്കിലും അച്ഛനാണ് കൂട്ട്. വീട്ടിൽ വണ്ടിയൊന്നും ഇല്ലാതിരുന്ന കാലത്ത് ഓട്ടോയിലായിരുന്നു ഞങ്ങളുടെ യാത്ര. സ്കൂളിലേക്കും തിരികെ വീട്ടിലേക്കുമൊക്കെയുള്ള യാത്രകളിൽ അച്ഛൻ കാണിച്ചു തന്ന കാഴ്ചകളിൽ പലതും ഞാൻ ചിത്രങ്ങളാക്കി. ഡിഗ്രി പഠനം പൂർത്തിയാക്കിയപ്പോഴേക്കും അച്ഛന് സ്ട്രോക്ക് വന്നു. എത്ര വയ്യെങ്കിലും ഞാൻ ഹാപ്പിയാണെന്ന് അച്ഛൻ ഉറപ്പുവരുത്താറുണ്ട്.
ഡിഗ്രി വരെ ഞാൻ പിടിച്ചു നടക്കുമായിരുന്നു. കൂട്ടുകാരി ശ്രുതിയായിരുന്നു പഠനകാലത്ത് എന്റെ കൈത്താങ്ങ്. കടൽ കണ്ടിട്ടില്ലെന്നൊരിക്കൽ ശ്രുതിയോടു പറഞ്ഞു. അടുത്ത അവധി ദിവസം അവളെന്നെ കടൽ കാണാൻ കൊണ്ടുപോയി. ഇങ്ങനെ ഒരുപാടു കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങൾ സാധിച്ചു തന്നിട്ടുണ്ട് ആ കൂട്ടുകാരി. ഡിഗ്രിക്ക് ശേഷം ഞാൻ സംരംഭകത്വത്തിൽ എംബിഎ നേടി.
പരിസ്ഥിതി സംരക്ഷണം പോലെ തന്നെ ഇഷ്ടമേഖലയാണ് ഡബ്ബിങ്. ഇൻസ്റ്റഗ്രാമിലും മറ്റും പങ്കുവയ്ക്കുന്ന ഡബ് വിഡിയോകൾക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡബ്ബിങ് ആർടിസ്റ്റുകളായ ശ്രീജ മാമും ദേവി ചേച്ചിയും വലിയ സപ്പോർട്ടാണ് തരുന്നത്.
സിനിമയിൽ ഡബ് ചെയ്യണം എന്നതാണ് സ്വപ്നം. ഉടൻ തന്നെ അതും സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നു.’’ ആത്മവിശ്വാസം തുളുമ്പുന്ന നിറഞ്ഞ ചിരിയോടെ ലക്ഷ്മി പറഞ്ഞു.