ADVERTISEMENT

മരണശേഷവും പിന്തുടർന്ന അനിശ്ചിതത്വം മറികടന്ന് ഒന്നര വയസ്സുകാരി വൈഭവി പ്രവാസ മണ്ണിനോടു ചേർന്നു. പോസ്റ്റ്മോർട്ടം പൂർത്തിയാകുന്നതിനും സംസ്കാരം എവിടെ എന്നതു സംബന്ധിച്ച തർക്കം തീരുന്നതിനുമായി ആ കുഞ്ഞുശരീരം മോർച്ചറിയുടെ തണുപ്പിൽ കാത്തു കിടന്നത് 9 ദിവസം. ദുബായിൽ കുഞ്ഞിന് അന്ത്യവിശ്രമം ഒരുക്കാമെന്ന കാര്യത്തിൽ അച്ഛനും അമ്മയുടെ ബന്ധുക്കളും ഒത്തുതീർപ്പിലെത്തിയതോടെയാണ് വൈഭവിയുടെ സംസ്കാരത്തിനുള്ള തടസ്സം നീങ്ങിയത്.

അമ്മ വിപഞ്ചികയ്ക്കൊപ്പം ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വൈഭവിയുടെ സംസ്കാര ചടങ്ങുകൾ ദുബായ് ജബൽ അലി ന്യൂ സോണാപുരിലെ പൊതുശ്മശാനത്തിൽ യുഎഇ സമയം വൈകിട്ട് 4ന് ആണ് നടന്നത് (ഇന്ത്യൻ സമയം 5.30). കുഞ്ഞിന്റെ മൃതശരീരം സംസ്കാരത്തിന് എത്തിച്ചപ്പോൾ പിതാവ് നിതീഷ് നിയന്ത്രണം വിട്ടു കരഞ്ഞു. കുഞ്ഞിനെ അവസാനമായി കാണാൻ വിപഞ്ചികയുടെ സഹോദരൻ വിനോദ് മോഹൻ, ഭാര്യാസഹോദരൻ, നിതീഷിന്റെ പിതാവ് മോഹനൻ ഉൾപ്പെടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.

ADVERTISEMENT

അതേസമയം, വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഷാർജ ഫൊറൻസിക് വിഭാഗത്തിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. നാട്ടിലേക്കു കൊണ്ടുപോകാൻ ഫൊറൻസിക് വിഭാഗത്തിന്റെ അന്തിമാനുമതി വേണം.

അതിന്റെ പേപ്പറുകൾ ഇന്നലെ കുടുംബത്തിനു ലഭിച്ചിട്ടില്ല. ഇന്നും നാളെയും മറ്റന്നാളും ഷാർജയിൽ അവധിയായതിനാൽ, തിങ്കളാഴ്ചയോടെ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാനാകു എന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.

ADVERTISEMENT

കുടുംബങ്ങൾ ഒത്തുതീർപ്പിലെത്തി; കേസ് ഹൈക്കോടതി തീർപ്പാക്കി

ഷാർജ അൽ നഹ്ദയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ (32) മൃതദേഹം നാട്ടിൽ സംസ്കരിക്കാനും മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കാനും ധാരണയായെന്ന് ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്ന് ഇതു സംബന്ധിച്ച കേസ് ഹൈക്കോടതി തീർപ്പാക്കി.

ADVERTISEMENT

വിപഞ്ചികയുടെ മ‌ൃതദേഹം നാട്ടിലെത്തിച്ച് അമ്മയ്ക്ക് കൈമാറാനും മകൾ വൈഭവിയുടെ മൃതദേഹം നിതീഷ് ഏറ്റുവാങ്ങി ദുബായിൽ സംസ്കരിക്കാനുമാണു ധാരണയെന്ന് അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയാണ് ജസ്റ്റിസ് എൻ. നഗരേഷ്, വിപഞ്ചികയുടെ മാതൃസഹോദരി എസ്. ഷീല നൽകിയ ഹർജി തീർപ്പാക്കിയത്.

വിപഞ്ചികയുടെ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിനും യുഎഇ കോൺസൽ ജനറലിനും ഹൈക്കോടതി നിർദേശം നൽകി. ഉത്തരവിന്റെ പകർപ്പ് ഉടൻ കൈമാറണമെന്നും നിർദേശിച്ചു. യുവതിയുടെയും കുട്ടിയുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും മൃതദേഹം തിരികെയെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നും ഷീല നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വിഷയം കോടതിയുടെ പരിഗണനയിരിക്കെയാണ് കുടുംബങ്ങൾ ഒത്തുതീർപ്പിലെത്തിയത്.

ADVERTISEMENT