രണ്ടാമത്തെ മദ്യക്കുപ്പിയെടുത്ത മകനെ തടഞ്ഞു; അമ്മയെ ആക്രമിച്ച് കഴുത്തറുത്ത് കൊന്നു! മൃതദേഹം മദ്യം ഒഴിച്ചു കത്തിക്കാനും ശ്രമം
മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം കല്ലിയൂർ പകലൂർ ലക്ഷ്മി നിവാസിൽ വിജയകുമാരിയാണ് (76) മരിച്ചത്. റിട്ട. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാർ അറസ്റ്റിലായി. മദ്യത്തിനു അടിമയായിരുന്നു അജയകുമാർ. മദ്യവിമുക്തി കേന്ദ്രത്തിൽ പലതവണ ചികിത്സയിലായിരുന്നു അജയകുമാർ.
സംഭവം നടക്കുമ്പോൾ അമ്മയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇന്നലെ രാത്രി അജയകുമാർ ഒരു കുപ്പി മദ്യം കുടിച്ചു. രണ്ടാമത്തെ കുപ്പി എടുത്തപ്പോൾ വിജയകുമാരി വഴക്കുപറഞ്ഞു. ആപ്പിൾ കഴിച്ചു കൊണ്ടിരുന്ന പ്രതി ഉടനെ അമ്മയെ ആക്രമിച്ചു. വിജയകുമാരി ഇറങ്ങിയോടി.
കിണറിന്റെ ഭാഗത്തുവച്ചാണ് അമ്മയെ കുത്തിയത്. കറികത്തി ഉപയോഗിച്ച് കഴുത്തും കൈ ഞരമ്പുകളും കാലിലെ ഞരമ്പുകളും മുറിച്ചു. കൊലപാതകശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ചു കത്തിക്കാനും അജയകുമാർ ശ്രമിച്ചു. വിജയകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വിജയകുമാരി കമ്മിഷണർ ഓഫിസിലെ ഉദ്യോഗസ്ഥയായിരുന്നു.