കുട്ടിയുടെ വയറ്റിൽ രണ്ടാഴ്ച മുന്‍പ് കഴിച്ച മാമ്പഴം മാത്രം; സ്വകാര്യഭാഗങ്ങളിലെല്ലാം തിളച്ചവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ചു! പത്തു മാസത്തോളം കൊടിയ പട്ടിണി നേരിട്ടു അദിതി
Mail This Article
2013 ഏപ്രില്‍ 29നാണ് ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ അതിദാരുണമായ മരണവാര്‍ത്ത കേരളാ സമൂഹം കേട്ടത്. മനുഷ്യന് മനസാക്ഷിയുണ്ടോ എന്ന് സംശയിച്ചുപോയ ദിവസം. കൊടിയ പട്ടിണി സഹിച്ചും സഹിക്കാവുന്നതിനപ്പുറം വേദനയും കൊടിയ പീഡനവും സഹിച്ചായിരുന്നു അദിതിയെന്ന അഞ്ചര വയസുകാരി കൊല്ലപ്പെട്ടത്. പ്രതികള്‍ അച്ഛനും രണ്ടാനമ്മയും.
2012 ജൂൺ 26നും 2013 ഏപ്രിൽ 29നും ഇടയിലെ പത്തു മാസത്തോളം കൊടിയ പീഡനമാണ് കുട്ടി നേരിട്ടതെന്ന് പൊലീസ് അന്നുതന്നെ കണ്ടെത്തിയിരുന്നു. തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രണ്ടാനമ്മ ദേവിക എന്ന റംലത്ത് ബീഗത്തിന്റെയും ക്രൂരമായ ശാരീരിക പീഡനത്തിനിരയായാണ് അദിതി എസ്. നമ്പൂതിരി മരിച്ചത്. അച്ഛനും രണ്ടാനമ്മയ്ക്കും ഇന്ന് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് കുട്ടിയുടെ വയറ്റിൽനിന്ന് കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങളിലെല്ലാം തിളച്ചവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ചതായും കണ്ടെത്തി. അവസാന നാളുകളിൽ മലമൂത്രവിസർജനം പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു അദിതിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി.
അദിതിയുടെ അമ്മ ശ്രീജ അന്തർജനം വാഹനാപകടത്തിൽ മരിച്ച് ആറു മാസം കഴിഞ്ഞാണ് ദേവികയെന്ന് പേരു മാറ്റിയ റംല ബീഗത്തെ സുബ്രഹ്മണ്യൻ നമ്പൂതിരി വിവാഹം ചെയ്തത്. ആൾമാറാട്ടം നടത്തി മാല കവർന്ന കേസിലും റംല ബീഗം പ്രതിയാണ്. അദിതിക്കൊപ്പം പത്തുവയസ്സുകാരനായ സഹോദരൻ അരുൺ എസ്. നമ്പൂതിരിയും ക്രൂരപീഡനം ഏറ്റുവാങ്ങിയിരുന്നു.
മതിയായ ഭക്ഷണം നൽകാതെ പട്ടിണിക്കിടുക, വീട്ടിലെ കഠിനമായ ജോലികൾ ചെയ്യിപ്പിക്കുക തുടങ്ങിയവയാണ് അദിതിയും സഹോദരനും നേരിടേണ്ടതായി വന്നത്. മരക്കഷ്ണം ഉപയോഗിച്ചും കൈകൾ കൊണ്ടും നിരവധി തവണ കുട്ടികള്‍ മര്‍ദനമേറ്റിരുന്നു. അദിതിയുടെ കൈ ഒടിഞ്ഞിട്ടും കൃത്യമായ വൈദ്യസഹായം നൽകിയില്ല. ദിവസങ്ങളോളം സ്കൂൾ പഠനം മുടങ്ങി.
കുട്ടികളോട് വേദം പഠിക്കാൻ പോയതാണെന്നു മാത്രമേ സ്കൂളിൽ പറയാവൂ എന്ന ഭീഷണിയും രണ്ടാനമ്മ നൽകിയതായി അദിതിയുടെ മരണശേഷം സഹോദരൻ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. 2013 ഏപ്രിൽ 29 ന് അച്ഛൻ അദിതിയെ ക്രൂരമായി മർദ്ദിച്ചു. വയറിന്റെ പിൻഭാഗത്തും വശങ്ങളിലും ഏറ്റ ഗുരുതര പരുക്കിനെത്തുടർന്നാണ് അദിതി മരിച്ചത്. സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ 19 മുറിവാണ് കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയത്.
അതേസമയം, പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കുന്ന വിധിയാണ് വിചാരണ കോടതി നൽകിയത്. കുട്ടികളെ നന്നായി വളർത്താനും മറ്റുമാണ് ശിക്ഷ നൽകിയതെന്ന പ്രതിഭാഗം വാദം അംഗീകരിച്ച വിചാരണ കോടതി കുട്ടികളോടുള്ള അതിക്രമം, ദേഹോപദ്രവം എൽപ്പിക്കൽ എന്നിവയ്ക്ക് ഒന്നാം പ്രതിയായ അച്ഛന് മൂന്നു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും രണ്ടാം പ്രതിയായ രണ്ടാനമ്മയ്ക്ക് രണ്ടു വർഷം തടവുശിക്ഷയും മാത്രമാണ് വിധിച്ചത്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഇരുപ്രതികളെയും വെറുതെ വിട്ട വിചാരണക്കോടതി വിധി മരവിപ്പിക്കുകയും കൊലപാതക കുറ്റം ചുമത്തുകയും ഒടുവിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചതും