‘വല്യുപ്പാ എന്തിനാണ് എന്റെ പിള്ളേരെ കത്തിച്ചത്?’; ഹമീദിനെ ജയിലിൽ പോയി കണ്ട് രാഹുൽ ചോദിച്ചു, മനസ്സില് നിന്നും മായാതെ അസ്നമോളുടെ കരച്ചില്!
തൊടുപുഴ ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിനു ദൃക്സാക്ഷിയാണ് അയൽവാസി കല്ലുറുമ്പിൽ രാഹുൽ രാജൻ. ക്രൂരകൃത്യം നടന്ന് മൂന്നരവർഷം കഴിഞ്ഞിട്ടും അന്നത്തെ രാത്രിയിലെ കാഴ്ചകൾ രാഹുലിന്റെ മനസ്സിൽനിന്നു മാഞ്ഞിട്ടില്ല.
ഉറങ്ങിക്കിടന്ന മകനെയും മരുമകളെയും അവരുടെ രണ്ടു മക്കളെയും മുറിയിൽ പൂട്ടിയിട്ടു പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിന് (82) ഇന്നലെ തൊടുപുഴ മുട്ടം ഒന്നാം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി ആഷ് കെ.ബാൽ വധശിക്ഷ വിധിച്ചിരുന്നു.
2022 മാർച്ച് 19നു പുലർച്ചെ 12.30ന് ആയിരുന്നു സംഭവം. തൊടുപുഴ ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു–45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണു പൊള്ളലേറ്റു മരിച്ചത്. സ്വത്തുതർക്കത്തിന്റെ പേരിൽ പിതാവും മകനുമായുണ്ടായ വഴക്കാണു കൊലപാതക കാരണം.
അന്ന് പുലർച്ചെ 12.45നു മുഹമ്മദ് ഫൈസലിന്റെ ഫോണിൽ നിന്നുള്ള വിളി കേട്ടാണ് രാഹുൽ ഞെട്ടിയുണർന്നത്. ‘ചേട്ടായി രക്ഷിക്കണേ..’ എന്ന് ഫൈസലിന്റെ മകൾ അസ്നമോളുടെ നിലവിളി ഫോണിൽ മുഴങ്ങി. പുറത്തിറങ്ങി നോക്കുമ്പോൾത്തന്നെ ഫൈസലിന്റെ വീട്ടിൽ തീയാളുന്നതു കാണാമായിരുന്നു.
വീട് മുൻഭാഗത്തു നിന്നു പൂട്ടിയിരുന്നു. വാതിൽ ചവിട്ടിത്തുറന്ന് ഹാളിൽ കയറി, കിടപ്പുമുറിയുടെ വാതിലും പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അതും ചവിട്ടിത്തുറന്നെങ്കിലും തീ കാരണം ഒന്നും കാണാൻ സാധിച്ചില്ല. കിടക്കയ്ക്ക് തീ പിടിച്ചിരിക്കുകയായിരുന്നു. ഫൈസലിന്റെ ശബ്ദം കേട്ട് വെള്ളം എടുക്കാൻ അടുക്കളയിലേക്ക് ഓടിയപ്പോൾ മുൻവാതിലിലൂടെ പ്രതി ഹമീദ് മുറിയിലേക്ക് പെട്രോൾ കുപ്പി എറിഞ്ഞു. ഓടി പുറത്തുവന്നു ഞാൻ ഹമീദിനെ തള്ളിമാറ്റി.
അടുക്കളയിൽ ഒട്ടും വെള്ളം ഉണ്ടായിരുന്നില്ല. ഫ്രിജ് തുറന്ന് അതിലുണ്ടായിരുന്ന മോരുംവെള്ളം മുറിയിലേക്ക് ഒഴിച്ചു. വെള്ളം കോരിയൊഴിക്കാൻ കിണറിന്റെ അടുത്തെത്തി നോക്കി. കപ്പിയും കയറും ഉണ്ടായിരുന്നില്ല. മോട്ടറിലേക്കുള്ള വൈദ്യുതി കണക്‌ഷനും വിഛേദിച്ചിരുന്നു. ഇതിനകം ഫൈസലും ഭാര്യയും മക്കളും ശുചിമുറിയിൽക്കയറി വാതിൽ അടച്ചിരുന്നു. അൽപം കഴിഞ്ഞപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. എനിക്ക് 3 പെൺമക്കളാണ്. എനിക്കു മക്കളെപ്പോലെയായിരുന്നു മെഹ്റിനും അസ്നയും.’’-രാഹുൽ പറയുന്നു.
ഹമീദിനെ ഒരിക്കൽ ജയിലിൽ പോയി കണ്ടിരുന്നതായി രാഹുൽ പറയുന്നു. അന്ന് ഒരു ചോദ്യം മാത്രമാണ് അയാളോട് ഞാൻ ചോദിച്ചത്: ‘വല്യുപ്പാ എന്തിനാണ് എന്റെ പിള്ളേരെ കത്തിച്ചത്?’