Thursday 16 September 2021 03:39 PM IST : By Ammu Mathew

ആപ്പിൾ അപ്്സൈഡ് ഡൗൺ, ഒരു തലതിരിഞ്ഞ കേക്ക്!

applecake

ആപ്പിൾ അപ്്സൈഡ് ഡൗൺ

1.വെണ്ണ – ആറു വലിയ സ്പൂൺ

ബ്രൗൺ ഷുഗർ – അരക്കപ്പ് (പകരം കാൽ കപ്പ് പഞ്ചസാരയിൽ കാൽ കപ്പ് ശര്‍ക്കര ചുരണ്ടിയതു ചേർത്തുപയോഗിക്കാം)

പഞ്ചസാര – കാൽ കപ്പ്

2.കറുവാപ്പട്ട പൊടിച്ചത് – രണ്ടു ചെറിയ സ്പൂൺ

3.നല്ല ചുവന്ന ഉറപ്പുള്ള ആപ്പിൾ – ആറ്

4.പഞ്ചസാര – ഒരു കപ്പ്

നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു നാരങ്ങയുടേത്

5.മുട്ട – രണ്ടു വലുത് (ചെറുതെങ്കിൽ മൂന്ന്)

വാനില – ഒരു വലിയ സ്പൂൺ

6.മൈദ – ഒരു കപ്പ്

ഉപ്പ് – കാൽ ചെറിയ സ്പൂൺ

7.വെണ്ണ – അരക്കപ്പ് (ഉരുക്കി ചൂടാറിയത്)

8.ബദാം കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙അവ്ൻ 3500 ൽ ചൂടാക്കിയിടുക.

∙അവ്നിൽ വയ്ക്കാവുന്ന 10 ഇഞ്ചു വട്ടമുള്ള ഒരു ഫ്രൈയിങ് പാൻ തയാറാക്കുക.

∙ഇതിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചെറുതീയിൽ വച്ച് ഉരുക്കുക. കരിയരുത്.

∙കറുവാപ്പട്ട പൊടിച്ചതും ചേർത്തിളക്കുക.

∙ഓരോ ആപ്പിളും 15–20 കഷണങ്ങളാക്കി നീളത്തിൽ കനം കുറച്ചരിയുക.

∙ഉരുക്കിയ പഞ്ചസാരയുടെ മുകളിൽ ആപ്പിൾ പുറത്തു നിന്ന് അകത്തേക്കു വട്ടത്തിൽ അടുക്കുക. നന്നായി അടുപ്പിച്ചു വയ്ക്കാൻ ശ്രദ്ധിക്കണം. ചൂടാകുമ്പോൾ ആപ്പിൾ ചുരുങ്ങാൻ ഇടയുണ്ട്.

∙ഈ ഫ്രൈയിങ് പാൻ അങ്ങനെ തന്നെ അവ്നിൽ 20 മിനിറ്റ് വയ്ക്കണം. ഇതു പാകമാകുന്ന സമയം കൊണ്ട് കേക്കിനുള്ള മാവ് തയാറാക്കാം.

∙പഞ്ചസാരയും നാരങ്ങാത്തൊലിയും യോജിപ്പിച്ച് അതിലേക്കു മുട്ടയും എസ്സൻസും ചേർത്തടിക്കണം.

∙ഇതിലേക്കു മൈദയും ഉപ്പും മെല്ലേ ചേർത്തു യോജിപ്പിച്ചു, മാവ് ബേക്ക് ചെയ്ത ആപ്പിളിനു മുകളിൽ ഒഴിക്കുക. ഇതിനു മുകളിൽ ബദാം അല്ലെങ്കിൽ വോൾനട്ട് അരിഞ്ഞതു വിതറണം.

∙വീണ്ടും അവ്നിൽ വച്ച് ഏകദേശം 25–30 മിനിറ്റ് ബേക്ക് ചെയ്യുക. ടൂത്പിക്ക് കുത്തിയിറക്കിയാൽ അതിൽ മാവ് പറ്റിപ്പിടിക്കരുത്.

∙പുറത്തെടുത്ത് കത്തികൊണ്ട് അരികിളക്കി കൊടുത്ത ശേഷം ഒരു പാത്രത്തിലേക്കു കമഴ്ത്തുക.