Monday 26 September 2022 03:50 PM IST : By സ്വന്തം ലേഖകൻ

എത്ര കർശന ഡയറ്റ് നോക്കുന്നവരാണെങ്കിലും നോ പ്രോബ്ലം: ഈ പായസം ഹെൽത്തിയാണ്

pumkin-payasam

എത്ര കർശന ഡയറ്റ് നോക്കുന്നവരാണെങ്കിലും സദ്യ കഴിഞ്ഞ് ഇത്തിരി പായസം നിർബന്ധമാണ്. ഇത്തിരിയാക്കേണ്ട, വയറു നിറയെ കഴിക്കാം ഈ മത്തങ്ങപ്പായസം. കാലറി കുറഞ്ഞതും ഗുണമേന്മയേറിയതുമാണ് മത്തങ്ങ. 100 ഗ്രാം മത്തങ്ങയിൽ 26 കാലറി മാത്രമാണുള്ളത്. വൈറ്റമിൻ എ, ഇ, സി, അയൺ, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്. പ്രോട്ടീൻ കൂടി ഉള്ളതിനാൽ പോഷകഗുണം കൂടുതലാണ്.

മത്തങ്ങപ്പായസം‌

മത്തങ്ങ – 300 ഗ്രാം, കഷണങ്ങളാക്കിയത്, ശർക്കര – 200 ഗ്രാം, തേങ്ങയുടെ രണ്ടാം പാൽ – ഒരു കപ്പ്, ഒന്നാം തേങ്ങാപ്പാൽ – അരക്കപ്പ്, നെയ്യ് – രണ്ടു വലിയ സ്പൂൺ, ഉപ്പ് – ഒരു നുള്ള്, ഏലയ്ക്കാപ്പൊടി – രണ്ടു നുള്ള്, കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി – പാകത്തിന്

പാകംചെയ്യുന്ന വിധം

∙ മത്തങ്ങ കുക്കറിൽ പത്തു മിനിറ്റ് വേവിക്കുക. അതിനുശേഷം നന്നായി ഉടച്ചെടുക്കണം.

∙ കശുവണ്ടിപരിപ്പും ഉണക്കമുന്തിരിയും ഒരു വലിയ സ്പൂൺ നെയ്യിൽ വറുത്തു മാറ്റി വയ്ക്കുക.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ ശർക്കരയും അരക്കപ്പ് വെള്ളവും ചേർത്തു പാനി തയാറാക്കുക.

∙ ശർക്കരപാനിയിലേക്ക് ഉടച്ച മത്തങ്ങ ചേർത്ത് വരട്ടിയെടുക്കുക. ബാക്കി നെയ്യ് കൂടി ചേർക്കാം.

∙ ഇതിലേക്ക് രണ്ടാം തേങ്ങാപ്പാൽ ഒഴിച്ച് തിളപ്പിക്കുക. അതിനുശേഷം ഒന്നാം പാൽ ചേർത്ത് തിളയ്ക്കാൻ തുടങ്ങുമ്പോൾ ഏലയ്ക്കാപ്പൊടിയും വറുത്തുവച്ച കശുവണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ചൂടോടെ വിളമ്പാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അനിത മോഹൻ
ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ
പ്രോഗ്രാം ഓഫിസർ
ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്