Tuesday 04 August 2020 11:58 AM IST : By സ്വന്തം ലേഖകൻ

കൂർക്ക കൂൺ കശുവണ്ടിപ്പരിപ്പ് പീര; ഇത് ഒരു വ്യത്യസ്ത രുചി!

Koorkka Koon Kappalandi Peera

പീര എന്നു കേൾക്കുമ്പോൾ നല്ല ഒഴുകൽ കൊണ്ട് അല്ലേൽ മത്തി കൊണ്ട് ഉണ്ടാക്കിയ മീൻ പീരയണ് മനസ്സിൽ ഓടിയെത്തുക. എന്നാൽ ഇത് വ്യത്യസ്തമായൊരു വെജിറ്റേറിയൻ പീരയാണ്. കൂർക്കയും കൂണും കശുവണ്ടിപ്പരിപ്പും ഉപയോഗിച്ച് എങ്ങനെ ഇതു തയാറാക്കാം എന്നു നോക്കാം.

കൂർക്ക കൂൺ കശുവണ്ടിപ്പരിപ്പ് പീര

1. വെളിച്ചെണ്ണ – അഞ്ചു െചറിയ സ്പൂൺ

2. കടുക് – അര െചറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

3. ഇഞ്ചി – ഒരിഞ്ചു കഷണം, നീളത്തിൽ കനം കുറച്ചരിഞ്ഞത്

വെളുത്തുള്ളി – ഒരു കുടം, പൊടിയായി അരിഞ്ഞത്

പച്ചമുളക് – അഞ്ച്, അരിഞ്ഞത്

ചുവന്നുള്ളി – 50 ഗ്രാം, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

4. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂണ്‍

5. കൂർക്ക – 100 ഗ്രാം, വൃത്തിയാക്കി കഷണങ്ങളാക്കിയത്

കൂൺ – 50 ഗ്രാം, വൃത്തിയാക്കി കഷണങ്ങളാക്കിയത്

കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം, െവള്ളത്തിൽ കുതിർത്തത്

6. കുടംപുളി – രണ്ട്, വെള്ളത്തിൽ കുതിർത്തത്

ഉപ്പ് – പാകത്തിന്

7. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്

ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – ഒന്ന്

ചുവന്നുള്ളി – മൂന്ന്

8. കുരുമുളകുപൊടി – അര െചറിയ സ്പൂൺ

വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകു മൂപ്പിച്ച ശേഷം മൂന്നാമത്തെ ചേരുവ േചർത്തു വഴറ്റുക.

∙ചുവന്നുള്ളി നിറം മാറിത്തുടങ്ങുമ്പോൾ മഞ്ഞൾപ്പൊടി േചർത്തിളക്കണം.

∙അഞ്ചാമത്തെ േചരുവയും േചർത്തിളക്കി അൽപം വെള്ളം തളിച്ചു ചെറുതീയിൽ വേവിക്കുക.

∙പച്ചക്കറികൾ വെന്ത ശേഷം പുളി കുതിർത്തതും അൽപം പുളിവെള്ളവും പാകത്തിനുപ്പും േചർത്തിളക്കുക.

∙ഇതിലേക്ക് ഏഴാമത്തെ േചരുവ ചതച്ചതും കുരുമുളകുപൊടിയും വെളിച്ചെണ്ണയും ഒഴിച്ചിളക്കി അൽപസമയം കൂടി ചെറുതീയിൽ വയ്ക്കുക.

∙ ചൂടോടെ വിളമ്പാം.