Wednesday 01 April 2020 02:02 PM IST : By സ്വന്തം ലേഖകൻ

അടുത്തറിയാം, ഫ്രീറാഡിക്കൽസും ആന്റിഓക്സിഡന്റ്സും

fees

ആന്റിഓക്സിഡന്റ്... ഫ്രീറാഡിക്ക ൽ.. ഭക്ഷണത്തിന്റെ കാര്യം പറയുമ്പോൾ പലപ്പോഴും കേൾക്കുന്ന വാക്കാണിത്. ഒരു ഇലക്ട്രോൺ നഷ്ടപ്പെട്ട കണിക(atom) അല്ലെങ്കിൽ കണികകളുടെ കൂട്ടം. അതാണ് ഫ്രീ റാഡിക്കൽ. മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാൽ, നമ്മുടെ ശരീരത്തിലുള്ള ഒരു ഓക്സിജൻ കണികയ്ക്ക് ഒരു ഇലക്ട്രോൺ കണിക നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട കണിക മറ്റെവിടെ നിന്നെങ്കിലും നേടാനായി ശരീരത്തിലൂടെ ആ ഓക്സിജന്‍ ഓടിപ്പാഞ്ഞു നടക്കുന്നു.  ഇതാണ് ഓക്സിഡേഷൻ. പ്രശ്നം  എന്താണെന്നു വച്ചാൽ‌  എവിടെയാണോ ഈ ഫ്രീ റാഡിക്കൽ തൊടുന്നത്, അവിടെ നാശം സംഭവിക്കും. കോശഭിത്തിയാണെങ്കിൽ കോശം നശിക്കും. DNAആണെങ്കിൽ mutation സംഭവിച്ച് അസുഖങ്ങൾ ഉണ്ടാവും. പ്രത്യേകിച്ചു കാൻ സർ. വളരെക്കുറച്ചു സമയമേ ഫ്രീറാ‍‍ഡിക്കൽസിന് ആയുസുള്ളൂ എങ്കിലും ഉള്ള സമയം കൊണ്ട് അവ വരുത്തുന്ന നാശം ഏറെയാണ്. 

അമിതമായി വെയിൽ കൊള്ളുന്നത്, അന്തരീക്ഷ മലിനീകരണം, പുകവലി, ഭക്ഷണത്തിലെ മായം, അമിതമായി കൊഴുപ്പു കഴിക്കുന്നത്, മാനസികവും ശാരീരികവുമായ പിരിമുറുക്കം.. ഇതൊന്നും കൂടാതെ സാധാരണ ശ്വാസോച്ഛ്വാസം പോലും ഫ്രീ റാഡിക്കൽസ് ഉണ്ടാക്കുന്നു. 

ഫ്രീറാഡിക്കൽസ് ഉണ്ടാക്കുന്ന നാശങ്ങൾ പ്രതിരോധിക്കാനാണ് ആന്റിഓക്സിഡന്റുകൾ. 

ചെടികളിലും ഉണ്ടാകുന്നുണ്ട് ധാരാളം ഫ്രീറാഡിക്കൽസ്. പക്ഷേ, അവയെ പ്രതിരോധിക്കാൻ പാകത്തിനു ധാരാളം ആന്റിഓക്സിഡന്റുകൾ തയാറാക്കാനുള്ള  system ചെടികൾക്കുണ്ട്. നമ്മുടെ ശരീരത്തിന് ആന്റിഓക്സിഡന്റ് ഉണ്ടാക്കാൻ സാധിക്കുമെങ്കിലും അവ ആവശ്യത്തിനു തികയില്ല. അതുകൊണ്ടു തന്നെ ആന്റിഓക്സിഡന്റുകളുള്ള ഭക്ഷണം നാം കഴിക്കേണ്ടതുണ്ട്. 

പാൽ, കരൾ, വെണ്ണ, മുട്ട എന്നിവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ, നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീനും ലൈകോപീനും വൈറ്റമിൻ സി–യും, ബദാം, ഫ്‌ളാക്സ് സീഡ്, നിലക്കടല പോലുള്ള നട്സിലും സൺ‍ഫ്ളവര്‍, ചോളം എണ്ണകളിലും ഉള്ള വൈറ്റമിൻ ഇ, പച്ചിലക്കറികളിലുള്ള ല്യൂട്ടീൻ, ധാന്യങ്ങളിലും ഇറച്ചിയിലും മറ്റുമുള്ള സെലീനിയം ഇവയെല്ലാം ആന്റിഓക്സിഡന്റുകളാണ്. 

ചുരുക്കിപ്പറഞ്ഞാൽ നിറയെ പഴങ്ങളും പച്ചക്കറികളും തവിടു കളയാത്ത ധാന്യങ്ങളും നട്സും കഴിച്ചാൽ ശരീരത്തിന് ആവശ്യമായ മുഴുവൻ ആന്റിഓക്സിഡന്റുകളും ഈസിയായി ലഭിക്കും. നിറയെ ആന്റിഓക്സിഡന്റുകൾ ഉള്ള ഒരു റെസിപ്പി ഇതാ.

 ഫ്രൂട്ട് കംപോട്ട് ഇൻ സിന്നമൺ സിറപ്പ് 

1. പഞ്ചസാര – കാൽ കപ്പ് 

വെള്ളം – അരക്കപ്പ് 

കുങ്കുമപ്പൂവ് – അൽപം 

തേൻ – മൂന്നു വലിയ സ്പൂൺ 

കറുവാപ്പട്ട – ഒരു കഷണം 

2.  കോൺഫ്ളോർ – രണ്ടു ചെറിയ സ്പൂൺ 

തണുത്ത വെള്ളം – ഒരു വലിയ സ്പൂൺ 

3. പപ്പായ, ആപ്പിൾ, മാമ്പഴം, പൈനാപ്പിൾ, പീച്ചസ്, പെയേഴ്സ്,              പഴം തുടങ്ങിയ പഴങ്ങൾ കഷണങ്ങളാക്കിയത് – നാലു കപ്പ് 

4. മിക്സ്‍‍‍ഡ് നട്സ് – 50 ഗ്രാം 

പാകം ചെയ്യുന്ന വിധം

∙ ഒരു സോസ്പാനിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പത്തു വച്ചു തിളപ്പിക്കുക. നന്നായി ഇളക്കി പഞ്ചസാര അലിഞ്ഞ ശേഷം ചെറുതീയിൽ വച്ച് അഞ്ചു മിനിറ്റ് തിളപ്പിക്കുക. കോൺഫ്ളോർ വെള്ളത്തിൽ കലക്കിയതും ചേർത്തു കുറുകുമ്പോൾ വാങ്ങുക. 

∙ ഫ്രൂട്ട്സ് ഒരു വലിയ ബൗളിലാക്കി പഞ്ചസാര സിറപ്പ് ഒഴിച്ചു മെല്ലേ ഇളക്കി അടച്ചു വച്ചു ചൂടാറാൻ വയ്ക്കുക.

∙ ഫ്രി‍ഡ്ജിൽ വച്ചു നന്നായി തണുത്ത ശേഷം കറുവാപ്പട്ട മാറ്റുക. 

∙ പലതരം നട്സ് മുകളിൽ വിതറി, ക്രീം അല്ലെങ്കിൽ   കസ്റ്റേർഡിനോ ഐസ്ക്രീമിനോ ഒപ്പം വിളമ്പാം.