നാലുമണിച്ചായയ്ക്ക് കൂട്ടായി ഏത്തപ്പഴം കൊണ്ടൊരു രസികന്‍ നാടന്‍ പലഹാരം ഇതാ... ഏത്തപ്പഴം കുമ്പിളപ്പമാണ് ഇന്നത്തെ സ്പെഷല്‍ റെസിപ്പി.
ഏത്തപ്പഴം കുമ്പിളപ്പം
1. ഏത്തപ്പഴം വേവിച്ചു നാരു കളഞ്ഞത് – ഒരു കപ്പ്
2. ശർക്കര ചുരണ്ടിയത് – ഒരു കപ്പ്
വെള്ളം – അരക്കപ്പ്
3. നെയ്യ്/വെണ്ണ – ഒരു ചെറിയ സ്പൂൺ
4. ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
5. തേങ്ങ ചുരണ്ടിയത് – ഒരു ചെറിയ സ്പൂൺ
അരിപ്പൊടി – ഒരു കപ്പ്
6. വഴനയില – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഏത്തപ്പഴം വേവിച്ചതു നന്നായി ഉടച്ചു വയ്ക്കണം.
∙ ശർക്കര വെള്ളം ചേർത്തുരുക്കി അരിച്ച ശേഷം വീണ്ടും ചൂടാക്കി പാനി ആയിത്തുടങ്ങുമ്പോൾ നെയ്യ് ചേർത്തിളക്കി വാങ്ങി വയ്ക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേർത്തിളക്കി വയ്ക്കണം.
∙ അരിപ്പൊടിയിൽ തേങ്ങ ചേർത്തു കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കണം.
∙ ഇതിലേക്കു ശർക്കരപ്പാനി ചേർത്തിളക്കി കട്ടകെട്ടാതെ കുഴയ്ക്കണം.
∙ ഏറ്റവും ഒടുവിൽ ഏത്തപ്പഴം ഉടച്ചതും ചേർത്തിളക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം.
∙ വഴനയില വൃത്തിയാക്കി കുമ്പിൾ കുത്തിയ ശേഷം അ തിനുള്ളിൽ ഏത്തപ്പഴം മിശ്രിതം അൽപം വീതം നിറച്ച്, ഇലയുടെ കോൺ കൊണ്ടു മൂടി ടൂത്പിക് കൊണ്ടു കുത്തി ഉറപ്പിക്കണം.
∙ ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ചു പുഴുങ്ങിയെടുക്കണം.
ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : സെബാസ്റ്റ്യൻ വർഗീസ്, എക്സിക്യൂട്ടീവ് ഷെഫ്, മൺസൂണ്‍ എംപ്രെസ്, പാലാരിവട്ടം, കൊച്ചി.