Friday 24 July 2020 03:40 PM IST : By സ്വന്തം ലേഖകൻ

റോൾസ് മുതൽ കോഫ്ത വരെ; രസിച്ചു കൂട്ടാം, കാബേജ് കൊണ്ടു തയാറാക്കിയ ഏഴു വിഭവങ്ങൾ

cabbage-ftftre6rguh

1. കാബേജ് വട

കാൽ കപ്പ് കാബേജ് നീളത്തിൽ അരിഞ്ഞതും ഒരു സവാള നീളത്തിൽ അരിഞ്ഞതും രണ്ടു പച്ചമുളക്, ഒരു കഷണം ഇഞ്ചി, ഒരു തണ്ട് കറിവേപ്പില എന്നിവ പൊടിയായി അരിഞ്ഞതും ഒരു നുള്ള് അ യ്മോദകം, കാൽ കപ്പ് – അരക്കപ്പ് കടലമാവ്, പാകത്തിനുപ്പ് എന്നിവ നന്നായി യോജിപ്പിച്ചു കുഴച്ച് ഉരുളകളാക്കി കൈ കൊണ്ടൊന്ന് അമർത്തുക. ഇതു ചൂടായ വെളിച്ചെണ്ണിൽ വറുത്തു കോരാം.

- ദേവി ശശിധരൻ, കരുവമ്പ്രം, മലപ്പുറം.

2. കാബേജ്–മുട്ടത്തോരൻ

200 ഗ്രാം കാബേജ് പൊടിയായി അരിഞ്ഞു വയ്ക്കുക. രണ്ടു മുട്ട രണ്ടു ചെറിയ സ്പൂൺ പാലൊഴിച്ച് അടിച്ചു വയ്ക്കണം. പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി മുട്ട ചേർത്തു ചിക്കിപ്പൊരിച്ചു മാറ്റി വയ്ക്കണം. ഇതേ പാനിൽ പാകത്തിന് എണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുകു പൊട്ടിക്കുക. ഇതിൽ ഒരു ചെറിയ സവാള അരിഞ്ഞത്, രണ്ട്–മൂന്നു പച്ചമുളക് അരിഞ്ഞത്, ഒരു കഷണം ഇഞ്ചി അരിഞ്ഞത്, രണ്ട് അല്ലി വെളുത്തുള്ളി അരിഞ്ഞത് ഒരു തണ്ടു കറിവേപ്പില എന്നിവ ചേർത്തു വഴറ്റണം. ഇതിൽ കാൽ ചെറിയ സ്പൂൺ പെരുംജീരകവും ചേർത്ത ശേഷം കാബേജും ഒരു ചെറിയ കഷണം കാരറ്റ് പൊടിയായി അരിഞ്ഞതും ചേർത്തു വഴറ്റുക. ഒരു തേങ്ങയുടെ പകുതി ചുരണ്ടിയതും പാകത്തിനുപ്പും കാൽ ചെറിയ സ്പൂൺ മ‍ഞ്ഞൾപ്പൊടിയും ചേർത്തിളക്കി ചെറുതീയിൽ അടച്ചു വച്ചു വേവിക്കുക. അധികം വെന്തു പോകരുത്. ഇതിൽ മുട്ട ചിക്കിപ്പൊരിച്ചു വച്ചതും ഒരു തണ്ടു കറിവേപ്പിലും കാൽ ചെറിയ സ്പൂൺ ഗരംമസാലയും ചേർത്തിളക്കി വാങ്ങാം.

- ഏലിയാമ്മ തോമസ് പൗവത്ത്, കണ്ണൂർ.

3. കാബേ‍ജ് സ്റ്റഫ്ഡ് പറാത്ത

പാനിൽ എണ്ണ ചൂടാക്കി കാബേജ് പൊടിയായി അരിഞ്ഞത് ഒരു കപ്പ്, സവാള പൊടിയായി അരിഞ്ഞത് അരക്കപ്പ്, ഒരിടത്തരം ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത്, രണ്ടു പച്ചമുളകു പൊടിയായി അരിഞ്ഞത്, ഒരു നുള്ളു പെരുംജീരകം, ഒരു നുള്ളു മഞ്ഞൾപ്പൊടി, മല്ലിയില അരിഞ്ഞത് രണ്ടു ചെറിയ സ്പൂൺ എന്നിവ നന്നായി വഴറ്റുക. ഇതിലേക്കു പാകത്തിനുപ്പും ചേർത്തു മാറ്റി വയ്ക്കുക. രണ്ടു കപ്പ് ഗോതമ്പുപൊടി പാകത്തിനുപ്പും വെള്ളവും ചേർത്തു ചപ്പാത്തിമാവിന്റെ പാകത്തിൽ കുഴയ്ക്കുക. ഇതു ചെറിയ ഉരുളകളാക്കി എണ്ണ തൊട്ടു കനത്തിൽ പരത്തുക. ഇതിനു മുകളിൽ ചൂടാറിയ കാബേജ് മിശ്രിതം വച്ച് സമചതുരാകൃതിയിൽ മടക്കി വീണ്ടും പരത്തുക. ചൂടായ തവയിൽ അൽപം നെയ്യ് പുരട്ടി പറാത്തകൾ ചുട്ടെടുക്കാം. മൂന്നു തക്കാളി, രണ്ടു പച്ചമുളക്, ഒരു തണ്ട് മല്ലിയില, പാകത്തിനുപ്പ് എന്നിവ ചേർത്തരച്ചു തയാറാക്കിയ ചട്നിക്കൊപ്പം വിളമ്പാം.

- സൂസൻ വറുഗീസ്, കാനം, കോട്ടയം

4. കാബേജ് സാൻവിച്ച്

കാൽ കപ്പ് കാബേജ് അരിഞ്ഞതിൽ ഒ രു മുട്ട ചിക്കിപ്പൊരിച്ചതും രണ്ടു വലിയ സ്പൂൺ മയണീസും പാകത്തിനുപ്പും ചേർത്തു യോജിപ്പിക്കുക. ഇതു ബ്രെഡ് സ്ലൈസിൽ നിരത്തി മുകളിൽ ചീസ് സ്ലൈസ് വച്ചു മറ്റൊരു ബ്രെഡ് കൊണ്ടു മൂടി വിളമ്പാം.

- ജിനു കുര്യൻ, സൗത്ത് പറവൂർ.

5. കാബേജ് കോഫ്ത

ഒരു കാബേജിന്റെ പകുതി പൊടിയായി അരിയണം ഇതിൽ രണ്ടു പച്ചമുളകു പൊടിയായി അരിഞ്ഞതും ഒരു നുള്ളു  ജീരകവും പാകത്തിനുപ്പും ഒരു കപ്പ്–ഒ ന്നരക്കപ്പ് കടലമാവും ചേർത്തു നന്നായി യോജിപ്പിക്കണം. ഇതിൽ പാകത്തിനു തൈരു ചേർത്തു കേക്കിന്റെ മാവിന്റെ പാകത്തിനാക്കണം. ഇത് മുക്കാൽ–ഒരിഞ്ചു കനം വരുന്ന എണ്ണ തടവിയ പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. നന്നായി ചൂടാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ചൂടായ എണ്ണയിൽ വറുത്തു കോരുക. ഗ്രേവിയിൽ ചേ ർത്തു കറിയായോ സ്നാക് ആയോ വിളമ്പാം.  

- ജയലക്ഷ്മി എസ്. എസ്., തിരുവനന്തപുരം.

6. കാബേജ് പുലാവ്

പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക്, കാൽ ചെറിയ സ്പൂൺ ജീരകം, ഒരു തണ്ടു കറിവേപ്പില എന്നിവ ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് കാബേജ് പൊടിയായി അരിഞ്ഞത് ഒരു കപ്പു ചേർത്തു നന്നായി വഴറ്റണം. ഇതിലേക്ക് അരക്കിലോ ബസ്മതി അരി വേവിച്ചതു ചേർക്കുക. പാകത്തിനുപ്പും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ചെറിയ സ്പൂൺ മല്ലിപ്പൊടിയും ഒരു ചെറിയ സ്പൂൺ മുളകുപൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം മൂടി വയ്ക്കണം. തേങ്ങ ചുരണ്ടിയത് ഒരു വലിയ സ്പൂൺ വിതറി ചൂടോടെ വിളമ്പാം.

ഉമാമഹേശ്വരി തമ്പുരാട്ടി, പൂവരണി, കോട്ടയം.

7. കാബേജ് റോൾസ്

വലുപ്പമുള്ള 12 കാബേജ് ഇലകൾ അട ർത്തിയെടുത്തു തിളച്ചവെള്ളത്തിലിട്ട് എട്ടു മിനിറ്റ് അടച്ചു വച്ചു ചെറുതീയിൽ തിളപ്പിക്കുക. ഇലകൾ ഊറ്റിയെടുത്തു ചൂടാറിയ ശേഷം നടുവിലുള്ള കട്ടിയാ യ ഭാഗം മാറ്റി വയ്ക്കണം. പാനിൽ ഒ രു വലിയ സ്പൂൺ ഒലിവ് ഓയിൽ ചൂടാക്കി ഒരു ചെറിയ സ്പൂൺ ജീരകം പൊട്ടിക്കുക. ഇതിൽ രണ്ടു പച്ചമുളക്, ഒരു സവാള എന്നിവ പൊടിയായി അരിഞ്ഞതും ഒരു ചെറിയ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും പാകത്തിനുപ്പും ചേർത്തിളക്കണം. ഇതിൽ ഒരു തക്കാളി പൊടിയായി അരിഞ്ഞതും ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു വലിയ സ്പൂൺ കശ്മീരി മുളകുപൊടി, ഒരു ചെറിയ സ്പൂൺ ഗരംമസാലപ്പൊടി എന്നിവ ചേർത്തിളക്കുക. ഇതിലേക്കു ബീഫ് പൊടിയായി അരിഞ്ഞത് ഒരു കപ്പ് ചേർത്തിളക്കണം. പാകത്തിനുപ്പും മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്തിളക്കുക. ഇതിലേക്കു പകുതി വേവിൽ ബിരിയാണി അരി വേവിച്ചതും കാബേജ് വേവിച്ച വെള്ളം അരക്കപ്പും ചേർത്ത് അടച്ചു വച്ചു ചെറുതീയിൽ വേവിക്കണം. അടപ്പു തുറന്ന് ഒരു വലിയ സ്പൂൺ നെയ്യൊഴിച്ച ശേഷം പത്തു കശുവണ്ടിപ്പരിപ്പും പത്ത് ഉണക്കമുന്തിരിയും വറുത്തതു ചേർത്തിളക്കണം. ഒരു കാബേജ് ഇലയിൽ ബീഫ് മിശ്രിതം വച്ചു മുറുകെ ചുരുട്ടിയെടുക്കുക. ഇതിനു മുകളിലായി മറ്റൊരു കാബേജ് ഇല വച്ചു ചുരുട്ടി എടുക്കണം. പത്തു മിനിറ്റ്  ആവിയിൽ വേവിക്കുക. ചൂടാറിയ ശേഷം വിളമ്പാം.   

റോസമ്മ മാത്തൻ, കോട്ടയം.

Tags:
  • Pachakam