Tuesday 07 April 2020 07:33 PM IST

ചക്കകുരു വെറും കുരുവല്ല... ഹൽവ മുതൽ ഷെയ്ക്ക് വരെ ഉണ്ടാക്കാൻ പഠിക്കാം

Roopa Thayabji

Sub Editor

kuru

ലോക്ക് ഡൗൺ കാലത്തു പറമ്പിലൊക്കെ ഇറങ്ങി നടന്നു ചക്കയും മാങ്ങയും കഴിക്കുന്ന തിരക്കിലാണോ എല്ലാവരും. ചക്ക പുഴുക്കും ചക്ക അടയുമൊക്കെ കഴിച്ചു ക്ഷീണിച്ചെങ്കിൽ ഇനി ഒന്ന് മാറി ചിന്തിച്ചാലോ.

ചക്കക്കുരു ഹൽവ

cake

ചക്കക്കുരു വേവിച്ച് (ബ്രൗൺ തൊലിയോടു കൂടി) ശർക്കര പാനിയിൽ അരച്ചെടുക്കുക. ഇതിൽ ഏലക്ക പൊടി ചേർക്കുക. ഒരു പാനിൽ നെയ്യൊഴിച്ച് വരട്ടിയെടുക്കുക. നട്‌സ് വേണമെങ്കിൽ ചേർക്കാം. ഡ്രൈ ആയി വരുമ്പോൾ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക .തണുത്തതിന് ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

ജാക്ക് ഫിംഗർ

finger

ചക്കക്കുരു ഉപ്പ് ചേർത്ത് വേവിച്ച് ഉടച്ചെടുക്കുക. ഒരു പാനിൽ വെള്ളം ഒഴിച്ചു ചൂടാക്കി അതിലേക്ക് റവ ചേർത്ത് കുറുക്കിയെടുക്കുക. തണുത്തതിന് ശേഷം ചക്കക്കുരു വേവിച്ചതും പൊടിയായി അരിഞ്ഞ പച്ചമുളകും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് അരച്ചതും മല്ലിയില - കറിവേപ്പില അരിഞ്ഞതും ചാട്ട് മസാല, മഞ്ഞൾ പൊടി, ചിക്കൻ മസാല, മുളക് പൊടി, ഉപ്പ് എല്ലാം ചേർത്ത് കുഴയ്ക്കുക. അതിൽ നിന്ന് കുറച്ചെടുത്ത് നീളത്തിൽ ഉരുട്ടിയെടുത്ത് തിളച്ച എണ്ണയിലിട്ട് വറുത്ത് കോരുക. സോസും കൂട്ടി കഴിക്കാം.

ചക്കക്കുരു ഷെയ്ക്ക്

shaaa

ചക്കക്കുരു ബ്രൗൺ തൊലിയോടു കൂടി വേവിച്ചെടുക്കുക. തണുത്തതിന് ശേഷം തണുത്ത പാൽ, കണ്ടൻസ്ഡ് മിൽക്ക് (ആവശ്യമെങ്കിൽ പഞ്ചസാര ) എല്ലാം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. തണുപ്പിച്ചു കഴിക്കാം.

ചക്കക്കുരു ഇടിയപ്പം

idiyappam

ചക്കക്കുരു ബ്രൗൺ തൊലിയോടു കൂടി ഉപ്പിട്ട് വേവിക്കുക. ഇളം ചൂടോടെ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അരി പൊടിയും ചക്കക്കുരു അരച്ചതും തുല്യ അളവിൽ എടുത്ത് കുറച്ച് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.അതിലേക്ക് ആവശ്യമെങ്കിൽ തിളച്ച വെള്ളം ചേർത്ത് കുഴച്ചെടുക്കുക. ഇനി സാധാരണ ഇടിയപ്പം പോലെ ഉണ്ടാക്കിയെടുക്കാം.

ചക്കക്കുരു ജ്യൂസ്

juice

10 ചക്കക്കുരു ആദ്യ ലയർ വെള്ള തൊലി അടക്കം പുഴുങ്ങുക (കുക്കറിൽ 2 വിസിൽ അടിച്ചാൽ മതി). പുഴുങ്ങിയതിനു ശേഷം അതിന്റെ വെള്ള തൊലി കളയുക, പുഴുങ്ങിയ ചക്കക്കുരു തണുത്തതിനു ശേഷം തണുത്ത/സാദാ ഒരു ഗ്ലാസ് പാലും ആവശ്യത്തിന് പഞ്ചസാരയും കൂട്ടി മിക്സിയിൽ അടിക്കുക. 2 ഏലക്കായ കൂടി ചേർക്കാം. നല്ല അടിപൊളി ചക്കക്കുരു ജ്യൂസ് റെഡി. (ചക്കകുരുവിന്റെ ബ്രൗൺ തൊലി കളയാത്തതുകൊണ്ടു ഗ്യാസ് സംബന്ധിച്ച പ്രോബ്ലം ഉണ്ടാവില്ല)

ചക്കക്കുരു പേട

halwa

ചക്കക്കുരു ബ്രൌൺ തൊലിയോടു കൂടി വേവിച്ച് അരച്ച് വയ്ക്കുക. അടി കട്ടിയുള്ള പാത്രത്തിൽ കുറച്ച് നെയ്യൊഴിച്ച് കടലപൊടി ചൂടാക്കിയെടുക്കുക. ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കി പഞ്ചസാര ഇട്ട് കൊടുത്ത് പാനിയാക്കിയെടുക്കുക.അതിലേക്ക് നേരെത്തെ ചൂടാക്കിയെടുത്ത കടല പൊടിയും കുരു അരച്ചതും കുറച്ച് നെയ്യും ചേർത്ത് കൊടുക്കുക. അതിലെ വെള്ളമൊക്കെ വറ്റി വരുമ്പോൾ ഏലക്ക പൊടിയും ആവശ്യത്തിന് പഞ്ചസാര പൊടിയും ചേർക്കുക. നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ഇത് മാറ്റി തണുത്ത് കഴിഞ്ഞാൽ മുറിച്ചെടുക്കാം.

ചക്കക്കുരു സൂപ്പ്

soup

ചക്കക്കുരു ഉപ്പിട്ട് വേവിച്ച് ആ വെള്ളത്തോടു കൂടി അരച്ചെടുക്കുക. പാൻ ചൂടാക്കി ഒരു സ്പൂൺ ബട്ടർ ഒഴിച്ച് അതിൽ ചെറുതായരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് ചെറുതായരിഞ്ഞ കാരറ്റ്, ബീൻസ്, തക്കാളി, കാപ്സിക്കം, സവാള ചേർത്ത് വഴറ്റി കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. വെന്ത് വരുമ്പോൾ കുരു അരച്ചതും ഒരു സ്പൂൺ കോൺഫ്ലോർ കലക്കിയതും ഉപ്പും കുരുമുളകു പൊടിയും സോയ സോസും ചേർക്കുക. തിളച്ചു വരുമ്പോൾ മല്ലിയില ചേർക്കുക.

ചക്കക്കുരു കട്ലറ്റ്

cutlet

ചക്കകുരു ഉപ്പ് ചേർത്ത് വേവിച്ച് ഉടച്ച് വെക്കുക.അതിലേക്ക് ചെറുതായരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ പൊടി, ചിക്കൻ മസാല, ചാട്ട് മസാല, ഉപ്പ് ചേർത്ത് കുഴച്ചെടുത്ത് കട്ലറ്റിന്റെ ആകൃതിയിൽ കൈയിൽ വച്ച് പരത്തിയെടുക്കുക. ഇത് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് പൊടിയിലിട്ട് ചൂടായ എണ്ണയിലേക്കിട്ട് വറുത്ത് കോരുക.

ജാക്ലാൻ

jaclan

ചക്കക്കുരു പുഴുങ്ങി പൊടിച്ച് വെക്കുക. ചൂടായ ഉരുളിയിൽ വെള്ളം ഒഴിച്ച് കുരുചേർക്കുക. അരിച്ചെടുത്ത ശർക്കര പാനിചേർക്കുക. തിളച്ചു വരുമ്പോൾ തേങ്ങ പാൽ ചേർക്കുക.

ചക്കക്കുരു അവലോസ് ഉണ്ട

unda

20 ചക്കക്കുരു നന്നായി വറുത്ത് പൊടിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക. ശർക്കര പാവ് കാച്ചി അരിച്ചെടുക്കുക. അടുപ്പിൽ ചുവടു കട്ടിയുള്ള പാത്രം വച്ച് ശർക്കര പാനി ഒഴിക്കുക. അതിലേക്ക് ചക്കക്കരു പൊടി ഇടുക. കുഴഞ്ഞു വരുമ്പോൾ തേങ്ങ ചേർക്കുക. നന്നായി വിളഞ്ഞു വരുമ്പോൾ ഏലക്ക ,ജീരകം, ചുക്ക്, എന്നിവ പൊടിച്ച് അരിച്ചത് തുകുക. എള്ള് വരുത്തിടുക. ശർക്കര പാനി വറ്റി നന്നായി വിളഞ്ഞു കഴിഞ്ഞാൽ ഉണ്ടപിടിക്കാൻ പാകമായി. അടുപ്പിൽ നിന്നും വാങ്ങി ചൂടോടെ ഉണ്ട പിടിക്കുക .തണുത്തു പോയാൽ ഒന്നു കൂടെ ചൂടാക്കിയാൽ എളുപ്പത്തിൽ ഉണ്ട പിടിക്കാം, ഓരോ ഉണ്ടയും അരിവറുത്ത് പൊടിച്ചതിലേക്ക് ഇടുക. (രണ്ടു ദിവസത്തിൽ കുടുതൽ തയ്യറാക്കി വയ്ക്കരുത്. ചക്ക കുരു ചെറിയ പീസാക്കി മുറിച്ച് വറുത്താൽ പെട്ടെന്ന് വേകും)

ചക്കക്കുരു ഫ്രൈഡ് റൈസ്

fried-rice

ചക്കക്കുരു വട്ടത്തിൽ ചെറുതായരിഞ്ഞ് മഞ്ഞൾപ്പൊടി, ചിക്കൻ മസാല, ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് കുറച്ച് നേരം വെക്കുക. ചൂടായ പാനിൽ കുറച്ച് എണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക. കുതിർത്ത അരി വെള്ളം വാർത്ത് വെക്കുക. പാൻ ചൂടാക്കി കുറച്ച് നെയ്യൊഴിച്ച് അരി ഒന്ന് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളവും ഉപ്പും മസാലയും (പട്ട, ഗ്രാമ്പൂ, ഏലക്ക ) ചേർത്ത് വേവിച്ചെടുക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് അരിഞ്ഞുവച്ച ബീൻസ്, കാരറ്റ് വഴറ്റി കുറച്ച് സോയ സോസ് ,വൈറ്റ് പെപ്പർ, ഉപ്പ് ചേർത്ത് അതിലേക്ക് വേവിച്ചു വച്ച ചോറും ചക്കക്കുരുവും ചേർത്ത് കൊടുക്കുക.

 

ചക്കക്കുരു മസാല ബോണ്ട

bonda

ചക്കക്കുരു ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച് ഉടച്ചെടുക്കുക. ചൂടായ പാനിൽ എണ്ണയൊഴിച്ച് അരിഞ്ഞുവച്ച സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, പെരുംജീരകം വഴറ്റിയെടുക്കുക. ചൂടാറികഴിഞ്ഞ് ഇതിലേക്ക്ചക്കക്കുരു ,മല്ലിയിലചേർത്ത് മിക്സ് ചെയ്ത് ഉരുളകളാക്കിയെടുക്കുക. കടല പൊടി, മൈദ പൊടി, ഉപ്പ് ,മഞ്ഞൾപൊടി ചേർത്ത് ബാറ്റർ തയ്യാറാക്കി അതിൽ ഈ ഉരുള മുക്കിയെടുത്ത് ചൂടായ എണ്ണയിലിട്ട് വറുത്ത് കോരുക.

ചക്കക്കുരു പായസം

paya

(പഞ്ചസാര ചേർത്ത്)

പകുതി മൂത്ത ചക്കയുടെ ചക്കക്കുരു കൊണ്ടാണ് ഈ പായസം ഉണ്ടാക്കേണ്ടത്. ചക്കക്കുരു ബ്രൗൺ തൊലി മാറ്റിയതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ചു വേവിച്ചെടുക്കുക. വെള്ളം ഊറ്റിയതിനു ശേഷം കുരു തരു തരുപ്പായി ഉടച്ചെടുക്കുക.ഇതിലേക്ക് ചൂടാക്കിയ പാൽ, കണ്ടൻസ്ഡ് മിൽക്ക്, പഞ്ചസാര ചേർത്ത് തിളപ്പിച്ചെടുക്കുക. ഏലക്ക പൊടി ചേർക്കുക. നെയ്യിൽ അണ്ടിപരിപ്പ്, മുന്തിരി ചേർത്ത് മൂപ്പിച്ച് പായസത്തിൽ ചേർക്കുക.

 (ശർക്കര ചേർത്ത്)

ചക്കക്കുരു വേവിച്ചെടുത്ത് ബ്രൗൺ തൊലിയോടു കൂടി മിക്സിയിൽ പൊടിച്ചെടുക്കുക. ശരക്കര പാനിയിൽ കുരു പൊടിച്ചതും രണ്ടാം പാലും ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ച് വരുമ്പോൾ ഒന്നാംപാലും ചേർക്കുക.ഏലക്ക പൊടി ചേർക്കുക .നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത്, അണ്ടിപരിപ്പ്, മുന്തിരി വറുത്തെടുത്ത് പായസത്തിൽ ചേർക്കുക.

ചക്കക്കുരു വട

parippu

ചക്കക്കുരു ഉപ്പ് ചേർത്ത് ഉടഞ്ഞു പോവാതെ വേവിച്ചെടുത്ത് മിക്സിയിൽ തരുതരുപ്പായി അടിച്ചെടുക്കുക. വറ്റൽമുളക്‌, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം എന്നിവ മിക്സിയിലിട്ട് ചതച്ചെടുക്കുക. മൂന്നാല് മണിക്കൂർ കുതിർച്ചു വച്ച കടല പരിപ്പ് നന്നായി വെള്ളം വാർന്നതിന് ശേഷം അതിൽ നിന്ന് കുറച്ചെടുത്ത് മാറ്റി വെക്കുക. ബാക്കിയുള്ള കടല പരിപ്പ് മിക്സിയിലിട്ട് തരു തരുപ്പായി അരച്ചെടുക്കുക. നേരത്തെ അരച്ചു വച്ച ചക്കക്കുരു, പരിപ്പ്, മുളക് ചതച്ചത്, ആവശ്യത്തിന് ഉപ്പ്, കായം പൊടി, നേരത്തെ മാറ്റി വച്ച അരയ്ക്കാത്ത കടല പരിപ്പ് എല്ലാം ചേർത്ത് നന്നായി കുഴച്ച് വടയുടെ ഷെയ്പ്പിൽ പരത്തി ചൂടായ എണ്ണയിലേക്കിട്ട് വറുത്തു കോരുക. സ്വാദിഷ്ഠമായ ചക്കക്കുരു വട റെഡി.

ചക്കക്കുരു പൂരി

poori

ചക്കക്കുരു ഉപ്പിട്ട് വേവിക്കുക. വെന്തതിന് ശേഷം പുറത്തെ ബ്രൗൺ തൊലി മാറ്റി മിക്സിയിലിട്ട് വളരെ കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഗോതമ്പ് പൊടി, ഉപ്പ്, ജീരകം ചേർത്ത് കുഴച്ചെടുത്ത് അര മണിക്കൂർ വച്ച് പരത്തി യെടുത്ത് ചൂടായ എണ്ണയിലിട്ട് പൂരി ഉണ്ടാക്കിയെടുക്കുക.

ചക്കക്കുരു ചോക്ലേറ്റ്

choclate

ചക്കക്കുരു ചെറിയ കഷ്ണങ്ങളാക്കി ചെറുതീയിൽ നന്നായി വറുത്തെടുത്ത് മിക്സിയിൽ പൊടിച്ചെടുക്കുക. പഞ്ചസാര പൊടിച്ചതും പാൽപൊടിയും ചക്കക്കുരു പൊടിയും കോക്കോ പൗഡറും ചേർത്ത് നന്നായി മിക്സ് ചെയ്ത് മിക്സിയിൽ ഇട്ട് ഒന്നൂ കൂടെ പൊടിച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിന്റെ മുകളിൽ കുറച്ച് വലിയ പാത്രം എടുത്ത് വച്ച് അതിൽ ബട്ടർ ചൂടാക്കി ഇതിലേക്ക് നേരത്തെ മിക്സ് ചെയ്ത പൗഡർ കുറെശ്ശെ ഇട്ട് കൊടുക്കുക. ചൂടാറി കഴിഞ്ഞാൽ ഐസ് ട്രേയിൽ ഒഴിച്ചു വയ്ക്കുക. സെറ്റായി കഴിഞ്ഞാൽ ചോക്ലേറ്റ് ഉപയോഗിക്കാം.

പാചക കുറിപ്പുകൾക്ക് കടപ്പാട്: റിനി ഉദയൻ, ലിജോ ജോസഫ്
 
ചക്ക കൊണ്ട് കൂടുതൽ വിഭവങ്ങൾ വരും ദിവസങ്ങളിൽ...