Wednesday 08 April 2020 04:41 PM IST : By വനിത പാചകം

പോഷകങ്ങളുടെ കലവറ; ചീര തോരനും ചീര അവിയലും

food

കുഞ്ഞുങ്ങളെ പച്ചക്കറി കഴിപ്പിക്കാൻ അമ്മമാർ എന്തെല്ലാം തന്ത്രങ്ങളാണല്ലേ പയറ്റുന്നത്.  ചീര കഴിച്ചാൽ ചീര പോലെ ചുവന്നു വരും എന്നു പറയുമ്പോൾ കണ്ണുമടച്ച് കഴിച്ചിരുന്നു കുട്ടികൾ. എന്നാൽ അമ്മമാർ അതു വെറുതെ പറഞ്ഞതുമല്ല. ചീരയിൽ ഇരുമ്പിന്റെ അംശം ധാരാളമുള്ളതിനാൽ രക്തം ഉണ്ടാകാൻ ഇതു സഹായിക്കും.
ചുവന്ന ചീരയാണ്  കേരളത്തിൽ അധികമായും ഉപയോഗിക്കുന്നത്. കാൽസ്യം, നിയാസിൻ എന്ന ബി വൈറ്റമിൻ എന്നിങ്ങനെ ധാരാളം പോഷകങ്ങളുടെ കലവറയാണു ചുവന്ന ചീര. ചുവന്ന ചീര കൊണ്ടു തയാറാക്കാവുന്ന രണ്ടു കറികളാകട്ടെ ഇന്നത്തെ ലഞ്ച് സ്പെഷൽ.

cheera chakakuru thoran

ചീരയില ചക്കക്കുരു തോരൻ
1. ചക്കക്കുരു – 15
2. ചീരയില – രണ്ടു കെട്ട്
3. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂണ്‍
4. ഉപ്പ് – പാകത്തിന്
5. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
6. കടുക് – ഒരു ചെറിയ സ്പൂൺ
 ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂൺ
7. തേങ്ങ – അര മുറി, ചുരണ്ടിയത്
 വറ്റൽമുളക് – രണ്ട്
 ജീരകം – കാൽ ചെറിയ സ്പൂൺ‌
പാകം ചെയ്യുന്ന വിധം
∙ ചക്കക്കുരു വൃത്തിയാക്കി ചതച്ചെടുക്കണം.
∙ ചീരയില ചെറുതായി അരിഞ്ഞു വയ്ക്കുക.
∙ ചക്കക്കുരു മഞ്ഞൾപ്പൊടി ചേർത്തു വേവിക്കണം. നന്നായി വെന്ത ശേഷം ചീരയില ചേർത്തിളക്കി പാകത്തിനുപ്പും ചേർത്തു വേവിച്ചു മാറ്റിവയ്ക്കുക.
∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, കടുകും ഉഴുന്നുപരിപ്പും മൂപ്പിച്ച്, അതിേലക്ക് ഏഴാമത്തെ ചേരുവ ചതച്ചതു ചേർത്തിളക്കുക.
∙ ഇതിലേക്കു ചീരയില–ചക്കക്കുരു മിശ്രിതം ചേർത്തിളക്കി വെള്ളം വറ്റുമ്പോൾ വാങ്ങി ഉപയോഗിക്കാം.

cheera avial

ചീരയില അവിയൽ
1. മുരിങ്ങയ്ക്ക – രണ്ട്
2. പച്ചമാങ്ങ, ഇടത്തരം – ഒന്ന്
3. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
വറ്റൽമുളക് – അഞ്ച്
ജീരകം – മുക്കാൽ ചെറിയ സ്പൂൺ
4. ചീരയില – 600 ഗ്രാം
മഞ്ഞൾപ്പൊടി – പാകത്തിന്
5. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം
∙ മുരിങ്ങയ്ക്ക തൊലി കളഞ്ഞു രണ്ടിഞ്ചു നീ ളമുള്ള കഷണങ്ങളാക്കി വയ്ക്കുക.
∙ പച്ചമാങ്ങ തൊലി കളഞ്ഞു നീളത്തിൽ അരിഞ്ഞു വയ്ക്കുക.
∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അരച്ചെടുക്കണം.
∙ ഒരു ചട്ടിയിൽ മുരിങ്ങയ്ക്ക, പച്ചമാങ്ങ, ചീരയില, മഞ്ഞൾപ്പൊടി എന്നിവ അല്പം വെള്ളം ചേർത്ത് അടുപ്പത്തു വച്ചു വേവിക്കുക.
∙ വെന്തു വെള്ളം വറ്റിയ ശേഷം ഉപ്പും അരപ്പും ചേർത്തിളക്കി വെളിച്ചെണ്ണ ഒഴിച്ചു വാങ്ങാം.