Thursday 30 May 2019 03:32 PM IST

ബ്ലാക് കോഫിക്കൊപ്പം ഐസ്ക്രീം ചേർത്ത കിടിലൻ വൈറ്റ് കോഫി; ഇവിടെ വരൂ, ചക്രം ചവിട്ടി കുടിക്കാം!

Tency Jacob

Sub Editor

coffee-inspiration-

"കായലരികത്ത് വലയെറിഞ്ഞിപ്പോ വളകിലുക്കിയ സുന്ദരീ... പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോൾ ഒരു നറുക്കിന് ചേർക്കണേ..."- ഈ പാട്ടും കേട്ട് തയ്യൽ മെഷീൻ ചവിട്ടി നല്ല ചൂടൻ കാപ്പി കുടിച്ചാൽ എങ്ങനെയുണ്ടാകും? ഈ െഎഡിയ അങ്ങു വർക് ഒൗട്ട് ആയപ്പോൾ ‘ലാൽന്റെ കോഫി’ എന്നൊരു കോഫീ ഷോപ്പ് പിറന്നു. അങ്ങ് തൃശൂരിൽ.

പക്ഷേ, വലതുകാൽ വച്ച് കോഫീ ഷോപ്പിലേക്ക് കയറുന്നവർ ഒന്നു ശങ്കിച്ച് നിന്നിട്ട്‘അയ്യോ, ഇത് തയ്യൽക്കടയായിരുന്നോ, ഞാൻ വിചാരിച്ചു കാപ്പിക്കടയാണെ’ന്ന് ക്ഷമാപണം പറഞ്ഞ് ഇറങ്ങിപ്പൊയ്ക്കളയുകയാണ്. ‘അല്ല ചേട്ടാ, ഇത് കാപ്പിക്കട തന്നെയാ’ എന്നു പറഞ്ഞ് ഇവരെ തിരികെ കൂട്ടിക്കൊണ്ടു വരാനാണ് കാപ്പിയുണ്ടാക്കുന്നതിനെക്കാൾ കൂടുതൽ സമയം പോകുന്നത് എന്ന് കടയുടമ ലാൽ.

‘‘കടയിലിരിക്കുന്നവര് തയ്യൽ മെഷീൻ ചവിട്ടുന്ന കണ്ട്  പിന്നെയും ശങ്കിച്ചു നിൽക്കുന്നവരെ കാപ്പിക്കുരു അടുക്കി വച്ചിരിക്കണതും പാല് തിളക്കണതും കപ്പും സോസറുമൊക്കെകാണിച്ചു കൊടുത്ത് സമാധാനിപ്പിച്ച് ബഞ്ചേൽ കൊണ്ടിരുത്തും. ‘ഇതെന്താ വേറെ മേശ കിട്ടാത്തതുകൊണ്ടാണോ ഇവിടെ തയ്യൽ മെഷീൻ കൊണ്ടിട്ടിരിക്കണേ?’ വക്രദൃഷ്ടി പിന്നെയും തലപൊക്കും.

‘‘ഇതേയ് നല്ല ക്രിയേറ്റീവ് ഐഡിയയാ. ചക്രോം ചവിട്ടാം, കാപ്പിയും കുടിക്കാം. എങ്ങനേണ്ട്?’’

‘നോക്കട്ടെ’ എന്ന മട്ടിൽ തയ്യൽ മേശയുടെ പടിയിൽ കാലു വച്ചതും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന വാസന ഉണർന്നോളും. ഇതൊക്കെ എനിക്ക് പുല്ലാണേ എന്ന ഭാവത്തിൽ പിന്നെ, കസ്റ്റമർ ചവിട്ടോടു ചവിട്ട്.  

‘‘ഇത്രയേ ഞങ്ങളും ഉദ്ദേശിച്ചുള്ളൂ. നല്ല കാപ്പി കുടിപ്പിക്കാൻ പഠിപ്പിക്കുക. ഒപ്പം കുറച്ച് വ്യായാമവും.’’ കോഫി ഷോപ്പിന്റെ പാർട്നർമാരിലൊരാളായ റോഷൻ പറയുന്നു. ‘‘മാനസ്സിക സമ്മർദത്തിന് ബെസ്റ്റാണ് തയ്യൽ മെഷീൻ ചവിട്ടുന്നത്. സിനിമയിലൊക്കെ കണ്ടിട്ടില്ലേ, നായകനോടുള്ള ദേഷ്യം തയ്യൽ മെഷീനിൽ ചവിട്ടിത്തീർക്കുന്ന നായികമാരെ. ചില റസ്റ്ററന്റുകളിൽ മുകളിലെ മെഷീൻ എടുത്തു മാറ്റിയിട്ടുള്ള തയ്യൽ മേശയിട്ടിട്ടുണ്ടെങ്കിലും ചവിട്ടാനുള്ള പടി ബ്ലോക്കാക്കി വച്ചിരിക്കും. ഞങ്ങളങ്ങനെ ചെയ്തില്ല. കുടിക്കാൻ വരുന്നവർ കാപ്പി വരുന്നതു വരെ രസിച്ചിരുന്ന് ചവിട്ടും. അതുകൊണ്ട് കാപ്പി അൽപം വൈകിയാലും ആർക്കും പരാതിയില്ല.’’

ലാൽ, ശ്രീജിത്ത്, സുബിൻ, റോഷൻ എന്നീ നാലു കൂട്ടുകാർ കൂടിയാണ് ഈ കോഫീഷോപ്പ് തുടങ്ങിയത്. പതിവുകാര് കുറച്ചു പേരുണ്ട്. കാലത്ത് കട തുറക്കുമ്പോഴേ ഹാജരാകും. ഏതൊരു ചായക്കടയിലെയും  പോലെ രാഷ്ട്രീയം, സിനിമ എല്ലാമായി ചർച്ചകൾ ഇവിടെയും ചൂടു പിടിക്കും.

നാലു കാപ്പിപ്രിയർ

‘‘ഞങ്ങൾ നാലുപേരും യാത്ര ഇഷ്ടപ്പെടുന്നവരും കാപ്പി പ്രിയരുമാണ്. ഒരുമിച്ച് ട്രിപ് പോയാൽ അവിടുത്തെ കാപ്പി രുചിച്ചിരിക്കും. പക്ഷേ, ഏതു റസ്റ്ററന്റിലാണെങ്കിലും ആവശ്യപ്പെട്ട കാപ്പി മോശമാണെങ്കിൽ അതു കുടിക്കില്ല. ആരോടും വഴക്കോ അടിയോ ഒന്നും ഉണ്ടാക്കില്ല കേട്ടോ. ഒരു സിപ്പെടുത്തു ബാക്കി കുടിക്കാതെ അവിടെ വച്ച് പോരും.  

ലാൽ കുറെ വർഷമായി കാപ്പിയിൽ റിസർച് ചെയ്യുന്ന ആളാണ്. വിറകടുപ്പിൽ കാപ്പിയുണ്ടാക്കിയാലേ രുചിയുള്ളൂ എന്നു വിശ്വസിക്കുന്ന ആൾ. എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച്ചപ്പോൾ അതുകൊണ്ടുതന്നെ എല്ലാവരുടേയും മനസ്സിലേക്ക് കാപ്പിക്കടയാണു വന്നത്. ലാൽ ഒരു ഉശിരൻ കാപ്പിയുടെ ബ്ലെൻഡ് കണ്ടുപിടിച്ചിട്ടുണ്ട്. തുടക്കത്തിൽ അതു മാത്രമായിരുന്നു. പിന്നെ, പ്യൂർ കോഫിയും  കപ്പൂച്ചിനോയെല്ലാമായി ആറു തരം കോഫിയായി.

ഞങ്ങളുടെ കൂടെയുള്ള ശ്രീജിത്ത് ഇന്റീരിയർ ഡിസൈനറാണ്. അദ്ദേഹത്തിന്റെ ഐഡിയയാണ് തയ്യൽ മെഷീൻ. അതു കേറി ഹിറ്റായി. ഇനി ഇതിൽ ഡൈനാമോ പിടിപ്പിക്കാമെന്നൊരു ആശയമുണ്ട്. മൊബൈൽ ചാർജ് ചെയ്യാമെന്നാകുമ്പോൾ ചവിട്ടാൻ ഉത്സാഹം കൂടും.

ത്രസിപ്പിക്കുന്നത് കാപ്പിയുടെ മണമാണ് എന്ന് ഇവിടെ വരുന്ന എല്ലാവരും പറയും. ആ സുഗന്ധം ഒരിക്കലും മടുക്കില്ലല്ലോ. ഇവിടത്തെ ലാൽ കോഫിയും പ്യുർ കോഫിയും നിങ്ങൾക്ക് വേറെയെവിടെയും രുചിക്കാനാകില്ല.

ഞങ്ങൾ കൊടുക്കുന്ന പലഹാരങ്ങൾ ഒരു സുഹൃത്ത് വീട്ടിലുണ്ടാക്കി തരുന്നതാണ്. ഒരു ദിവസം മിനിമം നൂറിൽ കൂടുതൽ കാപ്പി പോകും. അങ്ങനെ കാര്യമായ പ്രമോഷനൊന്നുമില്ല. ചെറിയ ഒരിടമല്ലേ, അറിഞ്ഞ് വരുന്നവർ വന്നാൽ മതി. കാപ്പി പ്രിയരെ നല്ല കാപ്പി കുടിപ്പിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. ഇവിടത്തെ കാപ്പി കുടിച്ച് പലരും വീട്ടിൽ നിന്നു പോലും ഇപ്പോൾ കാപ്പി കുടിക്കാറില്ല.

ഇതൊക്കെ കേൾക്കുമ്പോൾ നല്ല സുഖകരമായ പരിപാടിയാണ് എന്നങ്ങു കരുതല്ലേ, അത്ര എളുപ്പമല്ല വ്യത്യസ്തമായ നല്ല കാപ്പിയുണ്ടാക്കാൻ. ഇതൊന്നും ചെയ്യുന്നത് ലാഭത്തിന് വേണ്ടിയല്ല. എന്നാൽ നഷ്ടം തരുന്നുമില്ല. ഇതൊക്കെ ചെയ്യുമ്പോൾ നല്ല റിലാക്സേഷൻ ഉണ്ട്. കുടിക്കുന്നവർക്കും കൊടുക്കുന്ന ഞങ്ങൾക്കും. ആസ്വദിച്ച് ഉണ്ടാക്കിയാൽ കാപ്പിക്ക് ന ന്നാകാതെ വേറെ വഴിയില്ലല്ലോ. ’’

പാലില്ലാത്ത വൈറ്റ് കോഫി

ഫാമിൽ നിന്നു നേരിട്ടു സ്വീകരിക്കുന്ന പാൽ, ശുദ്ധമായ വെള്ളം, ചിക്കമഗളൂരുവിലെ തണുപ്പേറ്റ കാപ്പി പിന്നെ, ഉഗ്രന്‍ കോഫീ ബ്ലെൻഡിങ്ങും. ഇതാണ് ലാൽന്റെ കാപ്പിക്കടയിലെ റെസിപ്പി. ബാക്കി ചേരുവകളും വ്യത്യസ്തതകളും ഈ കൂട്ടിലേക്കു ചങ്ങാത്തം കൂടാനെത്തുന്നവരാണ്. വേനൽ ചൂട് കനത്തത്തോടെ പുതിയ ഫ്രണ്ട് റിക്വസ്റ്റ് എത്തി, ഐസ്ക്രീം വക. ഐസ്ക്രീം വൈറ്റ് കോഫി രുചിക്കാനെത്തുന്ന ഗഡീസാണ് ഇപ്പോ കടയിലെ മിക്ക കസ്റ്റമേഴ്സും. ഈ കാപ്പിയിൽ പാലില്ല, ബ്ലാക് കോഫിക്കൊപ്പം ഐസ്ക്രീമാണ് ചേര്‍ക്കുക. തണുപ്പും സ്വാദും നാവിലലിയുമ്പോൾ സ്നാക്സ് രുചിക്കാൻ തോന്നിയാൽ കണ്ണും പൂട്ടി സാൻവിച്ച് തിരഞ്ഞെടുക്കാം. ചീസ് സാൻവിച്ചാണ് സ്പെഷൽ. അധികം ചേരുവകളൊന്നുമില്ലെങ്കിലും ആ ചീസീ ടേസ്റ്റ് ഉണ്ടല്ലോ, എന്റിഷ്ടാ... മറ്റൊന്നും പറയാനില്ല.