Saturday 04 September 2021 02:34 PM IST : By സ്വന്തം ലേഖകൻ

സ്വാദിനൊപ്പം ധാരാളം പോഷക ഗുണങ്ങളും; വിഭവങ്ങൾക്ക് രുചി പകരും ക്രീമിനെക്കുറിച്ച് കൂടുതലറിയാം

creammmm555

ക്രീം എന്ന് കേൾക്കുമ്പോഴേ നാവിൽ മധുരം അലിയുന്നത് പോലെയാണ് പലർക്കും അനുഭവപ്പെടുക. െഎസ്ക്രീം, കേക്ക് തുടങ്ങിയ വിഭവങ്ങൾക്ക് സ്വാദ് പകരുന്ന ക്രീം കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട ചേരുവയാണ്.

പാചകക്കുറിപ്പുകളിൽ പലതരം ക്രീമിന്റെ പേരുകൾ കാണാം. ഇവയെക്കുറിച്ച് കൃത്യമായറിയാതെ പാചകപരീക്ഷണം നടത്തുന്നവർക്ക് പല ഇനം ക്രീം തമ്മിൽ മാറിപ്പോകാനിടയുണ്ട്. വിപ്പിങ് ക്രീമിന് പകരം ഫ്രെഷ് ക്രീം ഉപയോഗിച്ചാൽ ആ വിഭവം ശരിയായ രീതിയിൽ തയാറാക്കാനാകില്ല. വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കാൻ ആഗ്രഹമുള്ളവർ  ക്രീമുകളെക്കുറിച്ച്   കൃത്യമായി മനസ്സിലാക്കുന്നത് നല്ലതാണ്. പലതരം ക്രീമുകളെക്കുറിച്ചും അവയുടെ ഗുണദോഷങ്ങളെക്കുറിച്ചും അറിയാം.

കൊഴുപ്പിലാണ് കാര്യം

പാൽ ഉൽപന്നമാണ് ക്രീം. ചൂടാക്കിയ പാലിന്റെ പുറത്ത് അടിയുന്ന മഞ്ഞ നിറത്തിലുള്ള കൊഴുപ്പാണ് ക്രീമായി മാറുന്നത്. പാൽ നന്നായി ചൂടാക്കിയ ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചാൽ കട്ടിയുള്ള പാടയായി  ക്രീം മുകളിൽ വരും. വ്യാവസായികമായ നിർമാണത്തിൽ ക്രീം സെപ്പറേറ്റർ മെഷീൻ ഉപയോഗിച്ച് ക്രീം വേർപെടുത്തുകയാണ് െചയ്യുന്നത്.

ഫ്രെഷ് ക്രീം, വിപ്പിങ് ക്രീം, ഹെവി ക്രീം, ഡബിൾ ക്രീം,  ഹാഫ് ഹാഫ് ക്രീം, ലൈറ്റ് ക്രീം ഇങ്ങനെ പല തരം ക്രീമുകളാണ് വിപണിയിൽ ലഭിക്കുന്നത്. കൊഴുപ്പിന്റെ അളവ് അനുസരിച്ചാണ് ഇവയെ തരംതിരിക്കുന്നത്.

പാൽ ഉയർന്ന ഊഷ്മാവിൽ ചൂടാക്കും. തുടർന്ന് സ്‌റ്റെറിലൈസ് ചെയ്ത് പായ്ക്ക് ചെയ്യുന്നതാണ് ഫ്രഷ് ക്രീം. ഇതിൽ 18 മുതൽ 25 ശതമാനം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഫ്രെഷ് ക്രീം വാങ്ങുമ്പോൾ വീർത്തിരിക്കുന്നതോ ലീക്ക് ചെയ്യുന്നതോ ആയ പായ്ക്ക് വാങ്ങുന്നത് ഒഴിവാക്കണം.

36 ശതമാനത്തിൽ കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ളവയാണ് വിപ്പിങ് ക്രീം. മിക്സി ഉപയോഗിച്ചോ ഹാ ൻഡ് മിക്സർ ഉപയോഗിച്ചോ വളരെ മൃദുവാക്കി പല ആകൃതിയിൽ രൂപപ്പെടുത്താൻ സാധിക്കുമെന്നതാണ് വിപ്പിങ് ക്രീമിന്റെ ഗുണം. വനില ഉപയോഗിച്ച് ഫ്ലേവർ ചെയ്തതോ മധുരം ചേർത്തതോ ആയ വിപ്പിങ് ക്രീം ലഭിക്കും. പക്ഷേ, പല ബ്രാൻഡുകളും പൗഡേർഡ് വിപ്പിങ് ക്രീമാണ് ഉപയോഗിക്കുന്നത്. ഗ്ലൂക്കോസ് സിറപ്പും ഹൈഡ്രോജനേറ്റഡ് ഫാറ്റും ഉപയോഗിച്ചുണ്ടാക്കുന്ന ഇവയിൽ മിൽക് ഫാറ്റ് അടങ്ങിയിട്ടില്ല.

അടിക്കുമ്പോൾ ഇരട്ടിയിലേറെ പൊങ്ങി വരുന്നതാണ് ഹെവി ക്രീം. 36–40 ശതമാനം കൊഴുപ്പുണ്ടാകും.

ഡബിൾ ക്രീമിൽ 48 ശതമാനം കൊഴുപ്പുണ്ടാകും. വിപ്പിങ് ക്രീമിനേക്കാൾ കട്ടി കൂടുതലാണെന്നതാണ് ഇവയുടെ പ്രത്യേകത.

പകുതി ക്രീമും പകുതി പാലും അടങ്ങിയതാണ് ഹാഫ് ഹാഫ് ക്രീം.10.5–18 ശതമാനം കൊഴുപ്പാണ് ഇവയിൽ അടങ്ങിയിട്ടുള്ളത്.

കുറഞ്ഞ അളവിൽ കൊഴുപ്പിന്റെ സാന്നിധ്യമുള്ളവ ലൈറ്റ് ക്രീം എന്ന പേരിലാണ് അറിയപ്പെടുന്നത്. 20 ശതമാനം കൊഴുപ്പാണ് ഇവയിൽ അടങ്ങിയിട്ടുണ്ടാകുക. സിംഗിൾ ക്രീം എന്നും ഇവ അറിയപ്പെടുന്നു.

സ്വാദ് കൂട്ടും ചേരുവ

മൃദുവായതും സാന്ദ്രതയേറിയതുമായ ക്രീം മധുരവും എരിവുമുള്ള പാചകത്തിന് അനുയോജ്യമാണ്. സൂപ്പിലും കറികളിലും മധുരമുള്ള ഡിസേർട്ടിലും ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ക്രീം തണുത്തതോ ചൂടുള്ളതോ ആയ കോഫിയിൽ ചേർത്ത് സ്വാദൂറുന്ന ക്രീം കോഫിയായി ഉപയോഗിക്കാം. ഉത്തരേന്ത്യയിലെ പല കറികളിലും ക്രീം ഉപയോഗിക്കാറുണ്ട്. കൂടുതൽ സ്വാദും കട്ടിയുമുള്ള ഗ്രേവി ലഭിക്കുന്നതിന് ഇത് സഹായിക്കും. കോഫ്താ കറി, പാലക്ക് പനീർ മുതലായവയിലും വൈറ്റ് സോസ്, പാസ്ത, സ്പഗറ്റി എന്നിവ ഉണ്ടാക്കാനും ക്രീം ഉപയോഗിക്കുന്നുണ്ട്. സൂപ്പുകളിൽ ക്രീം ചേർത്താൽ അവയുടെ രുചിയേറും. ടുമാറ്റോ ക്രീം സൂപ്പ്, ക്രീം ബ്രോക‌്ലി സൂപ്പ് എന്നിവയെല്ലാം ക്രീം ചേർത്ത് തയാറാക്കുന്നതാണ്.

shutterstock_273339065-1

 െഎസ്ക്രീം തയാറാക്കുന്നതിന് ഫ്രെഷ് ക്രീം ചേർക്കാം. സ്വാദിനൊപ്പം പോഷകങ്ങളും വർധിക്കും. 15 ഗ്രാം ഫ്രെഷ് ക്രീമിൽ 37 കാലറിയാണുള്ളത്. ഇതിൽ 34 ഗ്രാമും പൂരിത കൊഴുപ്പിൽ നിന്നുള്ള ഊർജമാണ്.

കേക്കിന്റെ ടോപ്പിങ് ആയും ഫില്ലിങ് ആയും വിപ്പിങ് ക്രീം ഉപയോഗിക്കാം.  ഡിസേർട്ടിലും ഇവ ചേർക്കാറുണ്ട്. സൂപ്പിലും േസാസിലും വിപ്പിങ് ക്രീം ഉപയോഗിക്കാറുണ്ട്. പഞ്ചസാരയും ഫ്ലേവറിങ്ങും ചേർത്ത് മിക്സിയിലോ ഹാൻഡ് മിക്സറോ ഉപയോഗിച്ച് വിപ്പിങ് ക്രീം തയാറാക്കാം.

നന്നായി പൊങ്ങി വരുന്ന ഹെവിക്രീം കൂടുതൽ നേരം അതേ നിലയിൽ തുടരും. കേക്ക് തയാറാക്കുന്നതിന് അനുയോജ്യമാണ് ഈ ക്രീം.

ഡബിൾ ക്രീം പുഡിങ്ങിന് മുകളിലും ഫ്രൂട്ട്സിലും ചേർക്കാം. നന്നായി അടിച്ച ശേഷം മറ്റ് വിഭവങ്ങൾക്കൊപ്പം സൈഡ് ഡിഷായും ഉപയോഗിക്കാം.

കാപ്പിയിൽ ഒഴിച്ച് സ്വാദ് പകരാനാണ് ഹാഫ് ഹാഫ് ക്രീം ഉപയോഗിക്കുക. ചില വിഭവങ്ങളിൽ വിപ്പിങ് ക്രീമിന് പകരമായി ഉപയോഗിക്കാറുണ്ട്.

അടിച്ചാൽ കട്ടിയാകാത്ത ലൈറ്റ് ക്രീം മധുരവിഭവങ്ങളിൽ ചേർക്കാനാണ് ഉപയോഗിക്കുന്നത്.

അമിതമാകരുത് ഉപയോഗം

പോഷകങ്ങളടങ്ങിയ ക്രീം ആരോഗ്യം മെച്ചപ്പെടുന്നതിന് ഗുണകരമാണ്. വൈറ്റമിൻ ബി 2 ധാരാളമടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ ശരിയായ വളർച്ചയ്ക്ക് ഗുണകരമാണെന്ന മേന്മയുണ്ട്. പ്രതിരോധശക്തി വർധിപ്പിക്കുന്നതിലും പങ്ക് വഹിക്കുന്നു. കാൽസ്യവും ഫോസ്ഫറസും സമൃദ്ധമായതിനാൽ എല്ലുകളുടെ വളർച്ചയ്ക്ക് നല്ലതാണ്. കാൽസ്യം ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിന് ക്രീമിലടങ്ങിയ ഫോസ്ഫറസിന്റെ സാന്നിധ്യം സഹായിക്കുന്നു.

ക്രീമിലെ ഘടകങ്ങൾ ചുവന്ന കോശങ്ങളുടെ വളർച്ചയ്ക്ക് ഗുണകരമാണ്. അയൺ സമൃദ്ധമായി അടങ്ങിയിട്ടുണ്ടെന്നതും പ്രത്യേകതയാണ്. കൊഴുപ്പ്  ഊർജം നൽകുന്നതിനാൽ ശക്തി ലഭിക്കുന്നതിന് സഹായകമാണ്. ബുദ്ധിയുടെ വളർച്ചയ്ക്ക് പ്രയോജനം ചെയ്യും. ക്രീമിൽ  സമൃദ്ധമായി പോഷകങ്ങൾ അടങ്ങിയതിനാൽ അൽസ്ഹൈമേഴ്സ് പ്രതിരോധിക്കാൻ ഗുണകരമാണ്.

ക്രീമിൽ അടങ്ങിയ കൊഴുപ്പിൽ 90 ശതമാനം പൂരിത െകാഴുപ്പാണെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത് പൂരിത കൊഴുപ്പ് ശരീരത്തിലെ കൊഴുപ്പ് വർധിപ്പിക്കുന്നതിനും അമിതവണ്ണമുണ്ടാകുന്നതിനും പ്രധാന കാരണങ്ങളാണ്. പതിവായ ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകാം. അത്കൊണ്ട് ക്രീം ചേർന്ന വിഭവങ്ങൾ മിതമായ അളവിൽ ഉപയോഗിക്കുന്നതാണ് നല്ലത്.

ക്രീം വീട്ടിൽ തയാറാക്കാം

പാൽ ചൂടാക്കി തിളച്ച ശേഷം മൂന്നു മിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെ വീണ്ടും തിളപ്പിക്കുക. നന്നായി തിളച്ച പാൽ മുപ്പത് മിനിറ്റ് കഴിഞ്ഞ് ഫ്രി‍ഡ്ജിൽ സൂക്ഷിക്കുക. കട്ടിയുള്ള പാൽപ്പാട മുകളിൽ വരുന്നത് കാണാം. ഇത് ഒരു സ്പൂൺ ഉപയോഗിച്ച് എടുത്ത് ഒരു പാത്രത്തിൽ സൂക്ഷിക്കുക. ഇങ്ങനെ ശേഖരിക്കുന്നത് ഒരാഴ്ച തുടരുക. ഈ ക്രീം നന്നായി പതപ്പിച്ച് കട്ടകളില്ലാതെ ഇവ ക്രീമായി ഉപയോഗിക്കാം.

വിവരങ്ങൾക്ക് കടപ്പാട്: േഡാ. അനിത മോഹൻ, ന്യൂട്രീഷനിസ്റ്റ്, തിരുവനന്തപുരം

Tags:
  • Pachakam