മീൻ വറുത്തതും ചോറും കഴിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ. അത് ആരോഗ്യം മെച്ചപ്പെടുത്തുന്ന ചേരുവകൾ ചേർത്തതാണെങ്കിലോ. ഡബിൾ ഇഫക്ട്. കറിവേപ്പിലയിലും ഇഞ്ചിയിലും നെല്ലിക്കയിലുമെല്ലാം ധാരാളം വൈറ്റമിനുകളും മറ്റു പോഷകങ്ങളും ഉണ്ട്. ഇതു കൂടാതെ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇവ സഹായിക്കും. മീനിൽ ധാരാളം പ്രോട്ടീനും ഒമേഗാ ത്രീ ഫാറ്റി ആസിഡും ഉള്ളതിനാൽ ആരോഗ്യം മെച്ചപ്പെടുത്തും. കൂട്ടിക്കഴിക്കാം, കറിവേപ്പില അരച്ചു പുരട്ടി വറുത്ത മീനും നെല്ലിക്കയിട്ട ചോറും.
1. കറിവേപ്പില – 200 ഗ്രാം
2. ഉപ്പ്, വാളന്‍പുളി പിഴിഞ്ഞത് – പാകത്തിന്
3. ഇഞ്ചി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – പാകത്തിന്
4. മീൻ കഷണങ്ങളാക്കി വൃത്തിയാക്കിയത്– 180 ഗ്രാം
5. എണ്ണ – 20 മില്ലി
6. കടുക് – ഒരു ചെറിയ സ്പൂൺ
7. കറിവേപ്പില – ഒരു തണ്ട്
നെല്ലിക്ക – 100 ഗ്രാം, പൊടിയായി അരിഞ്ഞത്
8. ചോറ് – 100 ഗ്രാം
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ കറിവേപ്പില എണ്ണയില്ലാതെ വറുത്തു പൊടിക്കുക.
∙ ഇതിൽ ഉപ്പും പുളി പിഴിഞ്ഞതും ചേര്‍ത്തു യോജിപ്പിക്കുക.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച ശേഷം മീനില്‍ പുരട്ടി എണ്ണയിൽ ഗ്രിൽ ചെയ്യുക.
∙ പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ഏഴാമത്തെ ചേരുവ വഴറ്റുക.
∙ ഇതിലേക്കു ചോറും നാരങ്ങാനീരും ചേർത്തിളക്കി ഉപ്പു പാകത്തിനാക്കി മീനിനൊപ്പം വിളമ്പാം.
തയാറാക്കിയത്: മെര്‍ലി എം. എൽദോ, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷിഹാബ് കരീം, എക്സിക്യൂട്ടീവ് ഷെഫ്, ദ് ലീല കോവളം, എ റാവിസ് ഹോട്ടൽ, കോവളം, തിരുവനന്തപുരം