Tuesday 26 May 2020 04:33 PM IST : By വനിത പാചകം

ഊണിനു വിളമ്പാം നാടൻ കറികൾ

naadan karikal

ഊണിനു വിളമ്പാം നാടൻ കറികൾ

പലതരം പച്ചക്കറി വിഭവങ്ങൾ ഉണ്ടെങ്കിലും ഇത്തിരി നോൺവെജ് കൂടിയുണ്ടെങ്കിൽ ഊണു ഗംഭീരമായി അല്ലേ.. എന്നാൽ ഇനി പരീക്ഷിക്കാം വാഴയ്ക്ക ചേർത്ത ചെമ്മീൻ റോസ്റ്റും ഒപ്പം ചുട്ട തേങ്ങ അരച്ചു ചേർത്ത ചിക്കൻ കറിയും.

chemmeen vazhaka roast

ചെമ്മീൻ വാഴയ്ക്ക റോസ്റ്റ്

1. വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂൺ

2. കടുക് – കാൽ ചെറിയ സ്പൂൺ

ഉലുവ – ഒരു നുള്ള്

ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

3. ചുവന്നുള്ളി – 150 ഗ്രാം, അരിഞ്ഞത്

4. ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ

5. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – നാലു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

7. കുടംപുളിയിട്ടു വച്ച വെള്ളം – രണ്ടു വലിയ സ്പൂൺ

8. പച്ചക്കായ – ഒന്ന്, കഷണങ്ങളാക്കിയത്

9. തേങ്ങാപ്പാൽ – അരക്കപ്പ്

10. ചെമ്മീൻ – അരക്കിലോ

പാകം ചെയ്യുന്ന വിധം

∙ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ മൂപ്പിച്ച ശേഷം ചുവന്നുള്ളി ചേർ‌ത്തു വഴറ്റുക. ചുവന്നുള്ളി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റണം. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റുക.

∙ എണ്ണ തെളിയുമ്പോൾ കുടംപുളി ഇട്ടു വച്ച വെള്ളും പച്ചക്കായയും ചേർത്തു വേവിച്ചു വെള്ളം വറ്റിക്കുക.

∙ ഇതിലേക്കു തേങ്ങാപ്പാലും ചെമ്മീനും ചേർത്തിളക്കി വേവിച്ചു വാങ്ങി വയ്ക്കുക.

thenga chuttaracha kozhicurry

തേങ്ങ ചുട്ടരച്ച കോഴിക്കറി

1. തേങ്ങ ചുരണ്ടിയത് – ഒരു വലിയ കപ്പ്

കുരുമുളക് – ഒരു വലിയ സ്പൂൺ

ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

മല്ലി – രണ്ടു ചെറിയ സ്പൂൺ

വറ്റൽമുളക് – അഞ്ച്

2. മഞ്ഞൾപ്പൊടി – അര വലിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

3. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

4. കടുക് – അര ചെറിയ സ്പൂൺ

പെരുംജീരകം – അര വലിയ സ്പൂൺ

5. ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്

വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്

സവാള – രണ്ട്, അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

6. മല്ലിപ്പൊടി – അര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര വലിയ സ്പൂൺ

മുളകുപൊടി – അര വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കിയത് – 200 ഗ്രാം

8. പെരുംജീരകംപൊടി – അര വലിയ സ്പൂൺ

കുരുമുളകുപൊടി – അര വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചീനച്ചട്ടി ചൂടാക്കി ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വറുത്തു തേങ്ങ ബ്രൗൺ നിറമാകുമ്പോൾ രണ്ടാമത്തെ ചേരുവ ചേർത്തു മൂപ്പിച്ചു വാങ്ങുക. ചൂടാറുമ്പോൾ മയത്തിൽ അരച്ചു വയ്ക്കണം.

∙ വെളിച്ചെണ്ണ ചൂടാക്കി കടുകും പെരുംജീരകവും മൂപ്പിച്ച ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ സവാള ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ അൽപം വെള്ളം ചേർത്തിളക്കിയ ശേഷം വറുത്തരച്ച കൂട്ടും ചേർത്തിളക്കി കുറുകി വരുമ്പോൾ ചിക്കൻ കഷണങ്ങൾ ചേർത്തിളക്കുക.

∙ ചിക്കൻ നന്നായി വെന്തു വരുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.