Saturday 15 September 2018 04:49 PM IST : By സ്വന്തം ലേഖകൻ

പഴങ്ങൾ ചേർത്ത എട്ടു വിഭവങ്ങൾ തയാറാക്കാം, എളുപ്പത്തിൽ

fruits-eight-09

1. ആപ്പിൾ ഡ്രൈഫ്രൂട്ട് പായസം

അഞ്ച് ആപ്പിൾ ആവിയിൽ വേവിച്ച് തൊലി കളഞ്ഞു ചതുരക്കഷണങ്ങളാക്കുക. രണ്ടര ലീറ്റർ പാൽ രണ്ടര കപ്പു വെള്ളവും ഒരു കപ്പു പഞ്ചസാരയും ചേർത്ത് അടുപ്പത്തു വച്ച് തിളപ്പിക്കുക. ഇടയ്ക്ക് ഒരു കപ്പ് ഡ്രൈഫ്രൂട്സും നാലു കപ്പ് വെള്ളവും ചേർത്ത് ഇളക്കണം. പാൽ തിളച്ച ശേഷം ഒന്നരക്കപ്പ് പഞ്ചസാര ചേർത്ത് ഇളക്കണം.  ഇളം മഞ്ഞനിറമായി പാൽ ഒരു ലീറ്റർ ആകും വരെ വറ്റിക്കുക. ഇതിൽ ആപ്പിളും ചേർത്തു പായസം കുറുകുമ്പോൾ വാങ്ങുക. ഒരു കപ്പ് കശുവണ്ടിപ്പരിപ്പും ചേർത്തു വിളമ്പാം.

ആലീസ് വില്യം, നന്ത്യാട്ടുകുന്നം, എറണാകുളം.

2. മിക്സ്‍ഡ് ഫ്രൂട്ട് ജ്യൂസ്

പഴുത്ത ഞാവൽ പഴം കുരു കളഞ്ഞത് അരക്കപ്പും ഒരു വലിയ കഷണം തണ്ണിമത്തനും ഒരു മാമ്പഴവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസും പാകത്തിനു പഞ്ചസാരയും ഒരു നുള്ള് ഉപ്പും പാകത്തിനു വെള്ളവും ചേർത്ത് മിക്സിയിൽ അടിക്കുക. ഇത് അരിച്ചെടുത്ത ശേഷം ഒരു നാരങ്ങയുടെ നീരും ചേർത്തു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച് ഉപയോഗിക്കാം.

പ്രേമ സുധാകരൻ, പുറപ്പുഴ, ഇടുക്കി.

3. വാട്ടർമെലൺ പീത്‌സ

ഒരു വലിയ തണ്ണിമത്തൻ വട്ടത്തിൽ കനം കുറച്ചു മുറിക്കുക. ഇതിനു മുകളിൽ ഒരോ വലിയ സ്പൂൺ പുളിയില്ലാത്ത കട്ടത്തൈര് ഒഴിച്ച് സ്പൂൺ കൊണ്ടു പരത്തണം. അഞ്ച്–ആറ് ബ്ലൂ ബെറിയും സ്ട്രോബെറിയും വീതം ഇതിനു മീതേ നിരത്തണം. അ തിനു മുകളിലായി ഒരു വലിയ സ്പൂൺ തേനൊഴിക്കുക. തണ്ണിമത്തൻ കഷണങ്ങൾ പീത്‍സ പൊലെ ത്രികോണാകൃതിയിൽ മുറിച്ച് വിളമ്പാം.    

പാർവതി ഹരിഹരൻ, ആലുവ.

4. സ്വീറ്റ് ജാക്ക് ഫ്രൂട്ട് ഫ്രൈ

ചെറിയ പുളിയുള്ള പത്തു ചക്കച്ചുള രണ്ടായി മുറിച്ചു വയ്ക്കുക. ഒരു പാത്രത്തിൽ ഒരു കപ്പ് ഗോതമ്പുപൊടി, മൂന്നു വലിയ സ്പൂൺ അരിപ്പൊടി, ഒരു വലിയ സ്പൂൺ മൈദ, കാൽ ചെറിയ സ്പൂൺ കായംപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി കലക്കി മാവു തയാറാക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഓരോ ചക്കച്ചുള വീതം തയാറാക്കിയ മാവിൽ മുക്കി റൊട്ടിപ്പൊടി തൂവി വറുത്തെടുക്കുക. ചൂടോടെ വിളമ്പാം.

ദീപ മോഹൻകുമാർ, ചവിട്ടുവരി, കോട്ടയം.

5. പൈനാപ്പിൾ–മുന്തിരി പച്ചടി

പൈനാപ്പിൾ തൊലി ചെത്തി ചെറിയ കഷണങ്ങളാക്കി അൽപം വെള്ളവും മൂന്ന് അച്ച് ശർക്കരയും ചേർത്തു നന്നായി വേവിക്കുക. ഇതിൽ പാകത്തിനുപ്പും അരക്കിലോ കുരുവില്ലാത്ത പച്ച നിറമുള്ള മുന്തിരിയും ചേർക്കുക. തേങ്ങ ചുരണ്ടിയത് ഒരു കപ്പ്, അഞ്ചു പച്ചമുളക്, ഒരു തണ്ടു കറിവേപ്പില എന്നിവ മയത്തിൽ അരച്ചത് പൈനാപ്പിൾ കൂട്ടിൽ ചേർത്തു തിളപ്പിക്കണം. ഒരു ചെറിയ സ്പൂൺ കടുക് ചതച്ചതു ചേർത്ത ശേഷം ഒരു കപ്പു തൈര് മിക്സിയിൽ അടിച്ചതും ഒരു തണ്ടു കറിവേപ്പിലയും ചേർത്ത് തിളയ്ക്കുന്നതിനു മുൻപ് വാങ്ങുക.  

ഡോ. എം.രേഷ്മ., വെന്നിയൂർ, മലപ്പുറം.

6. പപ്പായ ബർഫി

ചുവടുകട്ടിയുള്ള പാനിൽ രണ്ടു വലിയ സ്പൂൺ നെയ്യ് ചൂടാക്കുക. ഇതിലേക്ക് ചനച്ച പപ്പായ ഗ്രേറ്റ് ചെയ്തത് രണ്ടു കപ്പു ചേർത്ത് ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കി വേവിക്കുക. വെള്ളം വറ്റുമ്പോൾ രണ്ടു കപ്പ് പഞ്ചസാര ചേർത്ത് തുടരെ ഇളക്കണം. പഞ്ചസാര അലിഞ്ഞു തുടങ്ങുമ്പോൾ രണ്ടു വലിയ സ്പൂൺ ഓറഞ്ച്ജ്യൂസ്, രണ്ടു വലിയ സ്പൂൺ കാരറ്റ് ജ്യൂസ്, കാൽ കപ്പ് നെയ്യ് എന്നിവ ചേർത്ത് ചെറുതീയിൽ തുടരെയിളക്കുക. പാത്രത്തിൽ നിന്നു വിട്ടു വരുന്ന പാകമാകുമ്പോൾ വെണ്ണ പുരട്ടിയ പാത്രത്തിലൊഴിച്ച് മുകളിൽ പൊടിയായി അരിഞ്ഞ കശുവണ്ടിപ്പരിപ്പും ബദാമും വിതറുക. ചൂടാറി സെറ്റായ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് വിളമ്പാം.

രാധ ശശിധരൻ, കാണക്കാരി, കോട്ടയം.

7. പഴം സ്മൂതി

രണ്ടു റോബസ്റ്റ പഴം തൊലി കളഞ്ഞ് ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക. ഇത് കാൽ കപ്പ് കരിക്കിൻവെള്ളവും രണ്ടു ചെറിയ സ്പൂൺ തൈരും രണ്ടു ചെറിയ സ്പൂൺ നാരങ്ങാനീരും ഒരു നുള്ള് ഉപ്പും ചേർത്തു മിക്സിയിൽ അടിച്ചു വിളമ്പാം.

സുഫിയാന ഷെറിൻ പി, കൊളഗപ്പാറ, വയനാട്.

8. ഹെൽതി ഫ്രൂട്ട് പായസം

ആപ്പിൾ പൊടിയായി അരിഞ്ഞത് അരക്കപ്പ്, പൈനാപ്പിൾ പൊടിയായി അരിഞ്ഞത് കാൽ കപ്പ്, പഴുത്ത പപ്പായ അരിഞ്ഞത് അരക്കപ്പ്, അരക്കപ്പ് മാതളനാരങ്ങ അല്ലി, ഈന്തപ്പഴം പൊടിയായി അരിഞ്ഞത് കാൽ കപ്പ്, പച്ചമുന്തിരി വട്ടത്തിൽ അരിഞ്ഞത് കാൽ കപ്പ്, ഏത്തപ്പഴം പൊടിയായി അരിഞ്ഞത് കാൽ കപ്പ്, സ്ട്രോബെറി പൊടിയായി അരിഞ്ഞത് കാൽ കപ്പ് എന്നിവ യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് മാമ്പഴം ചുരണ്ടിയത് ഒരു വലിയ സ്പൂൺ ചേർക്കുക. മൂന്നു കപ്പ് തേങ്ങാപ്പാലിൽ മൂന്നു റോബസ്റ്റ പഴം ചേർത്തു മിക്സിയിൽ അടിക്കണം. ഇത് പഴക്കൂട്ടിൽ ചേർത്ത് കാൽ കപ്പ് തേനും മൂന്നു വലിയ സ്പൂൺ കശുവണ്ടിപ്പരിപ്പും രണ്ടു വലിയ സ്പൂൺ കിസ്മിസും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.     

ഷാമില റിഷാദ്, മന്ന, തളിപ്പറമ്പ.