Tuesday 26 May 2020 03:42 PM IST : By വനിത പാചകം

നാലുമണിക്കു കറുമുറെ കുറിക്കാൻ നാടൻ സ്നാക്സ്

nadan snacks

നാലുമണി കാപ്പിക്കൊപ്പം എന്തെങ്കിലും കൊറിക്കുക മലയാളികൾക്ക് പണ്ടേയുള്ള ശീലമാണ്. നാലുമണി നേരം ആഘോഷമാക്കാൻ ഇതാ മധുരവും എരി വും നിറഞ്ഞ രണ്ടു വ്യത്യസ്ത തരം സ്നാക്സ്.

ഡയമണ്ട് കട്ട്സ്

diamond cuts

1. വെണ്ണ – 80 ഗ്രാം

2.മുട്ട – ഒന്ന്

പഞ്ചസാര പൊടിച്ചത്

– 50 ഗ്രാം

3. ഉപ്പ് – ഒരു നുള്ള്

പാൽ

– മൂന്നു വലിയ സ്പൂൺ

4. മൈദ – 250 ഗ്രാം

5. എണ്ണ – വറുക്കാൻ

6. പഞ്ചസാര പൊടിച്ചത്

– പാകത്തിന്

പാകം ചെയ്യുന്ന വിധം

∙വെണ്ണ ഉരുക്കി വയ്ക്കുക.

∙ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും യോജിപ്പിച്ചു നന്നായി അടിക്കുക.

∙ഇതിലേക്ക് ഉരുക്കി വച്ചിരിക്കുന്ന വെണ്ണ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഇതിൽ ഉപ്പും പാലും ചേർത്ത ശേഷം മൈദ ചേർത്തു നന്നായി കുഴച്ചു മൂടി വയ്ക്കുക.

∙ഒരു മണിക്കൂറിനു ശേഷം വീണ്ടും കുഴയ്ക്കുക.

∙വീണ്ടും ഒരു മണിക്കൂർ അനക്കാതെ വച്ച ശേഷം വീണ്ടും കുഴച്ചു വീണ്ടും ഒരു മണിക്കൂർ വയ്ക്കുക.

∙പിന്നീട് പരത്തി, ഡയമണ്ട് ആകൃതിയിൽ മുറിച്ചു ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.

∙പഞ്ചസാര പൊടിച്ചതു നന്നായി തൂവി ഉപയോഗിക്കാം.

കൽകൽ

kalkal

1. മൈദ – ഒരു കപ്പ്

വെണ്ണ ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ

2. വെള്ളം – പാകത്തിന്

3. എണ്ണ – വറുക്കാൻ ആവശ്യത്തിന്

4. മുളകുപൊടി – കാൽ ചെറിയ സ്പൂൺ


പാകം ചെയ്യുന്ന വിധം

∙ഒരു വലിയ പാത്രത്തിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്തു നന്നായി കുഴച്ച് ഒരു മണിക്കൂർ വയ്ക്കുക

∙ഇതിൽ നിന്നു ചെറിയ നെല്ലിക്ക വലുപ്പമുള്ള ഉരുളകൾ തയാറാക്കി വയ്ക്കുക.

∙ഒരു ഫോർക്ക് എടുത്ത്, കമഴ്ത്തിപ്പിടിച്ച് ഓരോ ഉരുളയായി ഫോർക്കിന്റെ മുള്ളുള്ള ഭാഗത്തു വച്ച് കൈകൊണ്ടു പരത്തുക. ഇനി ഒരറ്റത്തു നിന്നു പായ ചുരുട്ടുന്നതു പോലെ ചുരുട്ടിയെടുക്കണം.

∙ഇതു ചൂടായ എണ്ണയിലിട്ടു വറുത്തുകോരി, മുളകുപൊടി ചേർത്തിളക്കി ഉപയോഗിക്കാം.