Tuesday 19 May 2020 02:35 PM IST

വിശുദ്ധ റമദാൻ മാസത്തിൽ നോമ്പുതുറയുടെ വിശേഷങ്ങളും പാചകക്കുറിപ്പുകളും പങ്കുവെക്കുന്നു ഫായിസ മൂസ.

Tency Jacob

Sub Editor

cook

ഈന്തപ്പഴവും വെള്ളവും മുറിച്ചുവെച്ച പല തരം പഴങ്ങളും ഒരുക്കി വച്ചിട്ടുണ്ടാകും. അതു കഴിച്ചാണ് നോമ്പ് തുറക്കുക.പിന്നെ മഗ്‌രിബ് നിസ്കാരം ചെയ്യണം. അതു കഴിഞ്ഞെത്തിയാൽ ചെറിയ നോമ്പുതുറയാണ്. ഇറച്ചി പത്തിരി, ചട്ടിപ്പത്തിരി, പഴം നിറച്ചത്, ലക്കോട്ടപ്പം, നസാറ, കോഴിപ്പിടി, ബ്രെഡ് നിറച്ചത്, കോഴിയട, ഉന്നക്കായ ഇങ്ങനെ പല പലഹാരങ്ങളുണ്ടാവും.

നോമ്പ് ആയാൽ പെണ്ണുങ്ങളൊക്കെ സ്വന്തം വീട്ടിൽ ആണ് ഉണ്ടാവുക. എൻറെ ഭർത്താവ് സി.പി മൂസയെ കുഞ്ഞളിയാ എന്നാണ് താഴെയുള്ള ആങ്ങളമാർ വിളിച്ചിരുന്നത്. മൂത്ത ജേഷ്ഠൻ പുതിയാപ്ല എന്നും. കുഞ്ഞളിയൻ വരുന്നുണ്ടെന്നു കേട്ടാൽ അവർക്ക് സന്തോഷമാണ്.' ഇന്ന് നല്ല കോളായിരിക്കും' എന്ന് പറയും. അതുപോലെ ഞാൻ മൂസയുടെ തലശ്ശേരിയിലെ വീട്ടിലേക്കും ഇടയ്ക്ക് പോകും. ഞാൻ ചെല്ലുന്നത് പ്രമാണിച്ച് അവിടെയും സ്പെഷ്യൽ ഉണ്ടാവും.എൻറെ ഉമ്മ നല്ല കുക്ക് ആയിരുന്നു. ഉമ്മാൻറെ അടുത്തു നിന്നാണ് ഞാൻ ഇതെല്ലാം ഉണ്ടാക്കാൻ പഠിച്ചത്.

ഈന്തപ്പഴവും വെള്ളവും കഴിച്ച് നോമ്പു തുറന്നതിനു ശേഷം നിസ്കാരം ഉണ്ട്.അതുകഴിഞ്ഞ് ഉള്ളതാണ് ചെറിയ നോമ്പുതുറ. അതിന് പലതരം ചെറുകടികൾ ഉണ്ടാവും. കുറഞ്ഞത് ആറ് തരം പലഹാരങ്ങൾ ഉണ്ടാവണം എന്നാണ് കണക്ക്. വിരുന്നുകാർ ഉണ്ടെങ്കിൽ അതിൽ കൂടുതൽ ഉണ്ടാകും. ഒപ്പം തരി കാച്ചിയത്, ബദാം കലക്കിയത്, ജ്യൂസ്, ചായ എന്നിവയുമുണ്ടാകും. അത് കഴിച്ചു കഴിയുമ്പോഴേക്കും തറാവീഹ് നിസ്കാരത്തിനുള്ള സമയമായി.പുരുഷന്മാരെല്ലാം പള്ളീൽ പോകും. ഏകദേശം ഒരു മണിക്കൂർ എടുക്കും നിസ്കാരം കഴിയാൻ. നിസ്കാരത്തിനിടയിൽ കുറേ പ്രാവശ്യം എണീക്കലും ഇരിക്കലും ഒക്കെയുണ്ട്. തിന്നതെല്ലാം ദഹിച്ചിട്ടുണ്ടാകും. അതുകഴിഞ്ഞ് എത്തുമ്പോഴാണ് വലിയ നോമ്പുതുറ. സ്പെഷ്യൽ ഗോതമ്പ് കഞ്ഞിയോ ജീരകകഞ്ഞിയോ ഉണ്ടാക്കിയിട്ടുണ്ടാവും. പലതരം പത്തിരികളും കോഴി നിറച്ചതും  മീൻ നിറച്ചതുമൊക്കെയായി പലതരം സ്പെഷ്യലുകളും ഉണ്ടാവും. നോമ്പുതുറക്കാൻ പുതിയാപ്പിളമാരും അമ്മായിമാരും ഉണ്ടെങ്കിൽ സൽക്കാരം ജോറാവും.

പിന്നെ പുലർച്ചയ്ക്ക് വാങ്ക് വിളിക്കുമ്പോൾ അത്താഴം കഴിക്കണം. അതിന് പത്തിരിയും കറിയും ഉണ്ടാക്കും. ഒപ്പം ചെറിയ നോമ്പുതുറയ്ക്കുണ്ടാക്കിയ ബാക്കി വന്ന ചെറുകടികളും ചായയും കഴിക്കും.പണ്ട്, അത്താഴം ഉണ്ടാക്കാൻ തന്നെ ആയിട്ട് ഒരു പണിക്കാരി ഉണ്ടാവും. അവര് രാത്രി 10 മണിക്ക് കിടന്നുറങ്ങി പന്ത്രണ്ടരയ്ക്ക് എഴുന്നേറ്റു പൊന്നിയരി കുതിർത്ത്‌ അമ്മിയിൽ അരച്ച് പത്തിരി ചുടും.ചിക്കനോ മട്ടനോ വെച്ച് ഒരു ഫ്രൈയും കറിയും ഉണ്ടാക്കും. പണിയൊക്കെ കഴിഞ്ഞ് രണ്ടര മൂന്നു മണിയാവുമ്പോൾ ഞങ്ങളെയെല്ലാം വിളിച്ചെഴുന്നേൽപ്പിച്ച് അത്താഴം കഴിപ്പിക്കും. ഇപ്പൊ, അങ്ങനെയൊരാളെ എവിടെ കിട്ടാൻ? തലേന്നുള്ള നോമ്പുതുറയ്ക്ക് ബാക്കി വന്നത് ഫ്രിഡ്ജിൽ എടുത്ത് വെച്ച് പിറ്റേന്ന് ചൂടാക്കി കഴിക്കും.

തരി കാച്ചിയത്

ചേരുവകൾ (6പേർക്ക്)

നെയ്യ് -  ഒരു വലിയ സ്പൂൺ ഉള്ളി - ഒരു ചെറിയ സ്പൂൺ

 വെള്ളം -  400 മില്ലി

റവ - മൂന്നര വലിയ സ്പൂൺ

പാൽ - 500 മില്ലി

പഞ്ചസാര - അരക്കപ്പ്

ഉപ്പ് - ഒരു നുള്ള്

ഏലക്ക പൊടിച്ചത് - 5 എണ്ണം

കശുവണ്ടി - 6 എണ്ണം

ഉണക്കമുന്തിരി - അര വലിയ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു വലിയ സ്പൂൺ നെയ്യ് ചൂടാക്കി ഉള്ളി മൂപ്പിക്കുക. 400 മില്ലി വെള്ളവും റവയും ചേർത്ത് കട്ടകെട്ടാതെ ഇളക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ പാൽ ചേർക്കുക. ഇടത്തരം തീയിൽ 5 മിനിറ്റ് പാകപ്പെടുത്തുക.പഞ്ചസാര, ഉപ്പ്, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർക്കുക. റവ നന്നായി വെന്തുകഴിഞ്ഞാൽ തീയിൽ നിന്നും മാറ്റുക. ബാക്കിയുള്ള നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്തെടുത്ത് പനീയത്തിൽ ചേർക്കുക.

ലക്കോട്ടപ്പം

ചേരുവകൾ (6പേർക്ക്)

മുട്ട - 4 എണ്ണം

 പാൽ - 100 മില്ലി

 മൈദ - 150 ഗ്രാം

 ഉപ്പ്  - ഒരു നുള്ള്

 തേങ്ങ ചിരകിയത് - ഒരു കപ്പ്‌ ഏലക്കാ പൊടിച്ചത് - 8 എണ്ണം 

നെയ്യ് -  2 ചെറിയ സ്പൂൺ കശുവണ്ടി നുറുക്കിയത് - ഒരു വലിയ സ്പൂൺ ഉണക്കമുന്തിരി - ഒരു വലിയ സ്പൂൺ 

പഞ്ചസാര - 150 ഗ്രാം

തയ്യാറാക്കുന്ന വിധം

രണ്ടു മുട്ട പാൽ ചേർത്ത് പതപ്പിക്കുക. ഇതിൽ മൈദ ചേർത്ത് ഇളക്കുക. ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് അയവിൽ തയ്യാറാക്കി മാറ്റിവയ്ക്കുക.

തേങ്ങ ചിരകിയതും പകുതി ഏലക്ക പൊടിച്ചതും 50 മില്ലി വെള്ളവും ചേർത്ത് ഇടയ്ക്കിടെ ഇളക്കി വേവിക്കുക. ഈ മിശ്രിതം വെള്ളം വറ്റിക്കഴിയുമ്പോൾ രണ്ടു ചെറിയ സ്പൂൺ നെയ്യ്, രണ്ട് മുട്ട ചെറുതായി അടിച്ചത്, പകുതി പഞ്ചസാര, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കുക. നിറുത്താതെ ഇളക്കി മുട്ട പണ്ടം തയ്യാറാക്കുക.

3 ഇഞ്ച് വ്യാസമുള്ള ഒരു നേരിയ ദോശ ചുടുക. ഇതിനു നടുവിൽ ഒരു വലിയ സ്പൂൺ മുട്ട പണ്ടം നിറച്ച് വശങ്ങൾ മടക്കി ചതുര വടിവിൽ ഒരു ലക്കോട്ട്  തയ്യാറാക്കുക. അരികുകൾ മടക്കി ചേർത്തൊട്ടിക്കുക. ഇത് മാറ്റി വെച്ച ശേഷം ആദ്യം തയ്യാറാക്കിയതിലും വലിപ്പമുള്ള മറ്റൊരു അപ്പം ചുടുക. അതിനു നടുവിലും അല്പം മിശ്രിതം വയ്ക്കുക. ഇതിനു മുകളിൽ ആദ്യം തയ്യാറാക്കി മാറ്റിവെച്ച അപ്പം വെച്ച ശേഷം രണ്ടാമത്തെ അപ്പം കൊണ്ടതിനെ മുഴുവനായി മൂടുക. ഇതുപോലെയുള്ള അപ്പങ്ങൾ മാവ് തീരുന്നതുവരെ തയ്യാറാക്കുക.ബാക്കിയുള്ള പഞ്ചസാരയിൽ ഒരു കപ്പ് വെള്ളം ചേർത്ത് പഞ്ചസാരപ്പാനി അയവിൽ തയ്യാറാക്കുക. ഇതിൽ ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി തീയിൽ നിന്നും വാങ്ങുക. തയ്യാറാക്കി വെച്ച  ലക്കോട്ടപ്പങ്ങൾ എല്ലാം, വിളമ്പാനുള്ള ഒരു പരന്ന പാത്രത്തിൽ നിരത്തി വെച്ച്, വിളമ്പുന്നതിന് മുമ്പ് ഈ പഞ്ചസാരപ്പാനി അവയുടെ മുകളിൽ ഒഴിക്കുക.

food

അപ്പം നിറച്ചത്

ചേരുവകൾ (4പേർക്ക്)

 നാലിഞ്ച് ചതുരത്തിലുള്ള റൊട്ടി - നാലെണ്ണം

ഉള്ളിൽ നിറയ്ക്കാനുള്ള മസാല തയ്യാറാക്കാൻ

എല്ലില്ലാത്ത ആട്ടിറച്ചി/ മാട്ടിറച്ചി - 350 ഗ്രാം

ഉപ്പ് - പാകത്തിന്

 മുളകുപൊടി - ഒരു ചെറിയ സ്പൂൺ 

മല്ലിപ്പൊടി - രണ്ട് ചെറിയ സ്പൂൺ 

മഞ്ഞൾപൊടി - കാൽ ചെറിയ സ്പൂൺ 

എണ്ണ -  2വലിയ സ്പൂൺ

സവാള അരിഞ്ഞത് -250 ഗ്രാം

പച്ചമുളക് അരിഞ്ഞത് - ആറെണ്ണം

ഇഞ്ചി അരച്ചത് - അര ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് -അര ചെറിയ സ്പൂൺ

കറിവേപ്പില - ഒരു കതിർപ്പ് ഗരം മസാല- കാൽ ചെറിയ സ്പൂൺ 

മുട്ട പുഴുങ്ങിയത് - 4 എണ്ണം മല്ലിയില അരിഞ്ഞത്- ഒരു വലിയ സ്പൂൺ

 മാവിന്

മുട്ട -രണ്ടെണ്ണം 

പാൽ - രണ്ടു വലിയ സ്പൂൺ നെയ്യ് - നാല് വലിയ സ്പൂൺ ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

റൊട്ടിയുടെ പുറത്തെ മൊരിഞ്ഞ ഭാഗം ചെറുതായി ചുരണ്ടി കളയുക. റൊട്ടിയുടെ ഒരു ഭാഗത്തുനിന്ന് ഒരിഞ്ച് വട്ടത്തിൽ മുറിച്ചു മാറ്റുക. ഉള്ളിൽ നിന്ന് അല്പം ചുരണ്ടി എടുക്കുക. ഇതിനു ഉള്ളിലേക്ക് ആണ് മസാല നിറക്കേണ്ടത്.

പാത്രത്തിൽ ആവശ്യത്തിന് വെള്ളവും പൊടികളും ചേർത്ത് ഇറച്ചി വേവിക്കുക. വെള്ളം വറ്റി മാംസം വെന്തശേഷം തീയിൽ നിന്നും മാറ്റുക. ആറിയശേഷം ഇറച്ചി ചെറിയ കഷണങ്ങളായി പിച്ചിയെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞതും പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില എന്നിവ മൂപ്പിക്കുക. ഇതിൽ ഇറച്ചിയും ഗരംമസാലയും ചേർത്തിളക്കി ഏതാനും നിമിഷങ്ങൾക്ക് ശേഷം തീയിൽ നിന്നും വാങ്ങുക.

ഓരോ റൊട്ടിക്കകത്തും ഇറച്ചി കൂട്ട് നിറയ്ക്കുക. ഇതിനുള്ളിൽ ഒരു മുട്ട പുഴുങ്ങിയതും വെച്ച് അതിനു മുകളിൽ വീണ്ടും ഇറച്ചി കൂട്ട് നിറയ്ക്കുക. നേരത്തെ മുറിച്ചുമാറ്റി വെച്ചിരുന്ന ഒരു ഇഞ്ച് കഷണം കൊണ്ട് റൊട്ടി മൂടുക. മറ്റുള്ള റൊട്ടിക്കഷണങ്ങളിലും ഇതുതന്നെ ആവർത്തിക്കുക. 

മുട്ട പാലും ഉപ്പും ചേർത്ത് അടിക്കുക. ഈ കൂട്ട് ഓരോ റൊട്ടിയിലും തേക്കുക. നെയ്യ് ചൂടാക്കി ഓരോ റൊട്ടിയും ഇതിൽ വറുത്തെടുക്കുക. ഓരോ റൊട്ടിയും നെടുകെ കീറി വിളമ്പുക.