Tuesday 11 May 2021 12:12 PM IST : By സ്വന്തം ലേഖകൻ

ചിക്കൻ പൊരിച്ച കൊണ്ടാട്ടം, നന്നായി മൊരിച്ച ബീഫ് ഡ്രൈ ഫ്രൈ; യുട്യൂബിൽ ഹിറ്റായി ‘കൊച്ചച്ചന്റെ തട്ടുകട’

ftrr4555

നല്ല ചിക്കൻ പൊരിച്ച കൊണ്ടാട്ടം, നന്നായി മൊരിച്ച ബീഫ് ഡ്രൈ ഫ്രൈ ഇവയൊക്കെ ഉണ്ടാക്കുന്ന വിഡിയോയിൽ പാചകക്കാരനായി ളോഹയിട്ട വൈദികനെ കണ്ടാലോ? കാണുന്നവർ ഉള്ളിൽ ഇങ്ങനെ പറയും: ‘കുശിനിക്കാരനില്ലെങ്കിലും അച്ചൻ ജീവിക്കും. പാചകം വിശ്വാസികളെയും അല്ലാത്തവരെയും പഠിപ്പിക്കുകയും ചെയ്യും’. 

ഫാദർ ലിനൂസ് ടേസ്റ്റ് വേൾഡ് എന്ന യൂട്യൂബ് ചാനലാണ് പുത്തൻചിറയിലെ കൊച്ചച്ചന്റെ ഓൺലൈൻ തട്ടുകടയായി ശ്രദ്ധ നേടുന്നത്. മാള, പുത്തൻചിറ മുട്ടിക്കൽ സെന്റ് ജോസഫ് പള്ളിയിലെ വൈദികൻ ഫാ. ലിനു പുത്തൻ ചക്കാലക്കലാണ് (35) ഒഴിവു സമയം പാചകത്തിനായി മാറ്റിവച്ചത്. മാതാപിതാക്കളായ നെൽസൻ, മേരി എന്നിവരിൽ നിന്നാണു പാചകം പഠിച്ചത്. 

വീടിനു സമീപത്ത് പാചക ജോലിക്കു പോയിരുന്ന പിതാവ് നെൽസനൊപ്പം സഹായിക്കാൻ പോയിരുന്നു. വൈദികനായപ്പോഴും പാചക ശീലം കൈവിടാത്ത ഫാ. ലിനു അതും ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഉപാധിയാക്കി. വിശേഷ ദിവസങ്ങളിലും മറ്റും പള്ളികളിൽ ‘കൊച്ചച്ചന്റെ തട്ടുകട’ എന്ന പേരിൽ സ്റ്റാൾ ഒരുക്കിയിരുന്നു. ഇതിൽ നിന്നുള്ള വരുമാനം നിർധനരെ സഹായിക്കാൻ ഉപയോഗിക്കും. 

ലോക്ഡൗൺ ആയതോടെ പള്ളിയിൽ ചടങ്ങുകൾ കുറഞ്ഞു. ഇതോടെ ‘കൊച്ചച്ചന്റെ തട്ടുകട’  യുട്യൂബിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. സേവനം അനുഷ്ടിച്ച എല്ലാ ദേവാലയങ്ങളിലും സ്വന്തമായി പാചകം ചെയ്താണ് ഫാ. ലിനു കഴിച്ചിരുന്നത്. കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള പള്ളിയാണ് മുട്ടിക്കൽ ദേവാലയം.

Tags:
  • Pachakam