Friday 14 August 2020 01:51 PM IST : By ബീന മാത്യു

രസികൻ രുചിയിൽ ഫിഷ് ബോൾ കറി

Fish-ball-curry ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പ്രദീപ് കെ. വർഗീസ്, മലയാള മനോരമ, കോട്ടയം.

1. മീൻ – 250 ഗ്രാം, കഷണങ്ങളാക്കിയത്

വിനാഗിരി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2. സവാള അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പച്ചമുളകു പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

റൊട്ടി കുതിർത്തു പിഴിഞ്ഞത് – കാൽ കപ്പ്

മുട്ടമഞ്ഞ – ഒരു മുട്ടയുടേത്

കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

3. ൈമദ – ഒരു വലിയ സ്പൂൺ

4. എണ്ണ – പാകത്തിന്

5. കടുക് – കാൽ ചെറിയ സ്പൂൺ

ഉലുവ – ഒരു നുള്ള്

6. സവാള അരിഞ്ഞത് – കാൽ കപ്പ്

പച്ചമുളക് – മൂന്ന്, അറ്റം പിളർന്നത്

ഇഞ്ചി കനം കുറച്ചരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി – അഞ്ച് അല്ലി, അരിഞ്ഞത്

7. തക്കാളി പൊടിയായി അരിഞ്ഞത് – അരക്കപ്പ്

8. മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

9. വെള്ളം – ഒരു കപ്പ്

വിനാഗിരി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

10. പാൽ – ഒരു കപ്പ്

മൈദ – ഒരു ചെറിയ സ്പൂൺ

വെണ്ണ – ഒരു ചെറിയ സ്പൂൺ

11. മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ അൽപം വെള്ളം ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം. വെന്ത മീന്‍ അടർത്തിെയടുത്തു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി വയ്ക്കണം.

∙ ഒരു വലിയ സ്പൂൺ മൈദ അൽപം വെള്ളത്തിൽ കലക്കിയതിൽ ഓരോ ഉരുളയും മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙ പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി, കടുകും ഉലുവയും മൂപ്പിച്ച ശേഷം ആറാമത്തെ ചേരുവ വഴറ്റുക.

∙ ഇതിലേക്കു തക്കാളി ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തു മൂപ്പിക്കണം.

∙ ഇതിലേക്ക് ഒൻപതാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ വച്ചു തിളയ്ക്കുമ്പോൾ ഫിഷ് ബോളുകൾ ഓരോന്നായി ചേർത്തു തിളപ്പിക്കുക.

∙ ഗ്രേവി കുറുകി വരുമ്പോൾ പത്താമത്തെ ചേരുവ യോജിപ്പിച്ചതു ചേർത്തിളക്കി വാങ്ങുക.

∙ മല്ലിയില കൊണ്ടലങ്കരിച്ചു ചൂടോടെ വിളമ്പാം.

Tags:
  • Pachakam